ബംഗളൂരു: കർണാടകയിൽ എബോള ഭീതിയില്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. എബോള വൈറസ് ബാധയെന്ന സംശയത്തിൽ നിരീക്ഷണത്തിലിരുന്ന ആഫ്രിക്കൻ യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടർന്നാണ് കർണാടക ആരോഗ്യവകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു പ്രസ്താവനയിറക്കിയത്.
ഉഗാണ്ടയിൽ നിന്നെത്തിയ 28 വയസുകാരിയുടെ രക്തസാന്പിൾ പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധിക്കുകയും നെഗറ്റീവ് ആണെന്നു സ്ഥിരീകരിക്കുയും ചെയ്തതായി മന്ത്രി അറിയിച്ചു. നിലവിൽ ഇന്ത്യയിൽ ഒരിടത്തും എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
എബോളബാധിത പ്രദേശത്തുനിന്നെത്തിയ യുവതിക്ക് നേരിയ ശരീരവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണു ബംഗളൂരുവിലെ സർക്കാർ ആശുപത്രിയിലെ ഐസൊലേഷനിലേക്ക് മാറ്റിയത്.
നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് മേയ് 17ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ, എബോള ബാധിത രാജ്യങ്ങളിൽനിന്ന് എത്തുന്നവർ 21 ദിവസം കർശന സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യകേന്ദ്രങ്ങളെ അറിയിക്കണമെന്നും കർണാടക ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.