സുഖ്ബീർ സിംഗ് ബാദൽ
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഭാര്യ ഗുർപ്രീത് കൗറിനെതിരെ കടുത്ത അഴിമതി ആരോപണവുമായി ശിരോമണി അകാലിദൾ (എസ്എഡി) അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ. മോഗ ജില്ലയിലെ നിഹാൽ സിംഗ് വാലയിൽ നടന്ന 'പഞ്ചാബ് ബച്ചാവോ' റാലിയിൽ സംസാരിക്കവെ, കേസുകൾ ഒതുക്കിത്തീർക്കാൻ മുഖ്യമന്ത്രിയുടെ ഭാര്യ പണം കൈപ്പറ്റുന്നുവെന്ന് ആരോപിച്ച ബാദൽ, ഗൂഗിൾ പേയുടെ പേരിനെ അടിസ്ഥാനമാക്കി എഎപിയുടെ ഭരണം "ഗുർപ്രീത്-പേ"എന്നാണ് പ്രവർത്തിക്കുന്നതെന്ന് പരിഹസിച്ചു.
സംസ്ഥാനത്തെ വിവിധ കോളേജുകൾ, സർവകലാശാലകൾ, മാർക്കറ്റുകൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഇതിനോടകം ക്യുആർ കോഡ് പതിച്ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ബാദൽ ആരോപിച്ചു. പോസ്റ്ററുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ പീഡനക്കേസിലെ പ്രതിക്ക് ആശ്വാസം നൽകുന്നതിനായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഗുർപ്രീത് കൗറിന്റെ ബന്ധു നടത്തിയതായി പറയപ്പെടുന്ന 32 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ സംഭാഷണം കേൾക്കാമെന്ന് അകാലിദൾ വക്താക്കൾ അവകാശപ്പെടുന്നു.
ലഹരിമരുന്ന് മാഫിയകൾക്കും കുറ്റവാളികൾക്കും പണം നൽകിയാൽ എഎപി ഭരണത്തിൽ ഇളവുകൾ ലഭിക്കുകയാണെന്നും അമൃത്സർ ജയിലിൽ കഴിയുന്ന പ്രതിയെ പട്യാല ജയിലിലേക്ക് മാറ്റി അവിടെ സൗകര്യങ്ങൾ ഒരുക്കാൻ ശ്രമം നടന്നുവെന്നും ബാദൽ കുറ്റപ്പെടുത്തി. എന്നാൽ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് തങ്ങളെ അപമാനിക്കുകയാണെന്നും മുഖ്യമന്ത്രി ഭഗവന്ത് മാനും ഭാര്യയും പ്രതികരിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എഎപിയും അകാലിദളും തമ്മിലുള്ള രാഷ്ട്രീയ പോര് ഇതോടെ കൂടുതൽ കടുത്തിരിക്കുകയാണ്.
Tags : SukhbirBadal AAP LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash