സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: കേരള നിയമസഭ ലോകമെങ്ങുമുള്ള നിയമനിര്‍മാണ സഭകള്‍ക്കു മാതൃകയാണെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടക്കുന്ന 69-ാമതു കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമനിര്‍മാണത്തിലും പാര്‍ലമെന്ററി നടപടിക്രമങ്ങളിലും ജനാധിപത്യ ക്രമങ്ങളിലും നവീനമായ ഒട്ടേറെ സംവിധാനങ്ങള്‍ ആദ്യമായി നടപ്പിലാക്കിയത് കേരള നിയമസഭയിലാണ്.
ഭരണപരവും നിയമപരവുമായ വിശദമായ പരിശോധന ഉറപ്പുവരുത്തുന്ന സബ്ജക്ട് കമ്മിറ്റി സംവിധാനം ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയതു കേരള നിയമസഭയിലാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ട സഭയായി കേരള നിയമസഭ മാറുകയാണ്.
ജനങ്ങളും നിയമനിര്‍മാണ സഭകളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുവേണ്ടിയുള്ള നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സ്പീക്കര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് നിയമസഭയില്‍ നേരിട്ട് ചോദ്യം ഉന്നയിക്കാന്‍ കഴിയുന്ന സംവിധാനം നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. 2016-ലെ ഭിന്നശേഷിക്കാരുടെ അവകാശനിയമത്തിന്റെ ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തി സമഗ്രമായ നിയമസംവിധാനങ്ങള്‍ കേരളം ഉറപ്പുവരുത്തിയിട്ടുണ്ട്.
ഈ നിയമത്തെ അടിസ്ഥാനപ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും തൊഴിലും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്ന നയം കേരളം ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, പ്രാതിനിധ്യ സ്വഭാവമുള്ള, സംവേദനക്ഷമതയുള്ള സംവിധാനങ്ങളാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
Tags : Speaker ThiruvanchoorRadhakrishnan Commonwealth Parliamentary Conference Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash