പ്രതീകാത്മക ചിത്രം
ചെന്നൈ: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ 96-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾക്കു ചെന്നൈ മൊഗപ്പയറിലെ മാർ ഗ്രിഗോറിയോസ് കോളജ് കാമ്പസിൽ തുടക്കമായി.
പുനരൈക്യ സംഗമത്തിന് സെന്റ് എഫ്രേം ഘഡ്കി–പൂന രൂപതയാണ് ആതിഥേയത്വം വഹിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിന് മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകി.
അയ്യപ്പാക്കത്തുനിന്ന് കൊണ്ടുവന്ന, ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ ഛായാചിത്രവും വണ്ടലൂരിൽനിന്ന് കൊണ്ടുവന്ന ആർച്ച്ബിഷപ് മാർ തെയോഫിലോസിന്റെ ഛായാചിത്രവും പാടി സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയിൽനിന്നുള്ള കാതോലിക്കേറ്റ് പതാകയും ചടങ്ങിൽ ഏറ്റുവാങ്ങി. തുടർന്ന് വചനപ്രഭാഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിച്ച ബൈബിൾ കൺവൻഷൻ ആരംഭിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു മലങ്കര കാത്തലിക് അസോസിയേഷൻ, മലങ്കര കാത്തലിക് മദേഴ്സ് ഫോറം , മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് , മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് എന്നിവയുടെ സമ്മേളനങ്ങൾ വിവിധ വേദികളിലായി നടക്കും.
നാളെ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർ ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരിക്കും. മദ്രാസ്–മൈലാപ്പുർ അതിരൂപതാധ്യക്ഷൻ ജോർജ് ആന്റണിസാമി വചനസന്ദേശം നൽകും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. സ്പീക്കർ ജെ.സി.ഡി. പ്രഭാകർ മുഖ്യാതിഥിയായിരിക്കും. സഭയ്ക്കും സമൂഹത്തിനും നൽകിയ സമർപ്പിതസേവനങ്ങളെ മാനിച്ച് ഘഡ്കി–പുന രൂപതയിലെ അല്മായരെ ആദരിക്കും.
അഞ്ച് കുടുംബങ്ങൾക്കായി നിർമിച്ച അഞ്ച് വീടുകളുടെ താക്കോൽദാനവും ചടങ്ങിൽ നടക്കും. കാതോലിക്കാ ബാവ കാരുണ്യവർഷം ഉദ്ഘാടനം ചെയ്യും.
അടുത്ത വർഷത്തെ പുനരൈക്യ വാർഷികാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ബത്തേരി രൂപതയ്ക്ക് കാതോലിക്കേറ്റ് പതാക ഔദ്യോഗികമായി കൈമാറുന്നതോടെ മൂന്ന് ദിവസത്തെ ആഘോഷങ്ങൾക്ക് സമാപനമാകും.
Tags : MalankaraCatholicChurch Reunion Anniversary Celebrations Chennai Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash