ബ്രിക്സ് ഉച്ചകോടിയിൽ നരേന്ദ്രമോദിക്കൊപ്പം പങ്കെടുത്ത ലോക നേതാക്കൾ (ഫയൽ ചിത്രം)
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തു മടങ്ങിയ പ്രമുഖ ലോകനേതാക്കൾക്ക് ആരോഗ്യപ്രശ്നങ്ങളും രോഗബാധയുമുണ്ടായെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേന്ദ്ര വിദേശകാര്യമന്ത്രാലയം.
ഇത്തരം പ്രചാരണങ്ങൾ പൂർണമായും അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ ഉച്ചകോടി കഴിഞ്ഞ് മാതൃരാജ്യത്തു തിരിച്ചെത്തിയതിനു പിന്നാലെ അദ്ദേഹത്തിനു ഡോക്ടർമാർ വിശ്രമം നിർദേശിച്ചതായി വാർത്ത പുറത്തുവന്നിരുന്നു.
ഇതിനുപിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഉച്ചകോടിയിൽ പങ്കെടുത്ത ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അടക്കമുള്ള നേതാക്കൾക്ക് ഇന്ത്യയിൽവച്ച് ശാരീരികാസ്വസ്ഥതകൾ ഉണ്ടായെന്നും അടിയന്തര ചികിത്സ തേടിയെന്നുമുള്ള രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുകയായിരുന്നു.
ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാ വിദേശ നേതാക്കളുടെയും പ്രതിനിധികളുടെയും സുരക്ഷയും ആരോഗ്യപരമായ മുൻകരുതലുകളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെയാണ് ഉറപ്പാക്കിയിരുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
വസ്തുതാവിരുദ്ധമായ ഇത്തരത്തിലുള്ള സന്ദേശങ്ങൾ പങ്കുവയ്ക്കരുതെന്നും വിശ്വസനീയമായ ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Tags : BRICSSummit India Dismisses False Propaganda illness WorldLeaders Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash