ന്യൂഡൽഹി: എട്ടാം ക്ലാസ് പാഠപുസ്തക വിവാദത്തിൽ എൻസിഇആർടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതൃപ്തി പ്രകടിപ്പിച്ചു സുപ്രീംകോടതി. പാഠഭാഗത്ത് ‘വിദഗ്ധർ ശരിയായ തിരുത്തലുകൾ’ നടത്തിയെന്നു ചൂണ്ടിക്കാട്ടി എൻസിആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരേയാണു ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചത്.
കോടതി ഉത്തരവിനുശേഷം ആരാണ് പുസ്തകം മാറ്റിയെഴുതിയതെന്നും അതിനു സ്വീകരിച്ച രീതി എന്തായിരുന്നുവെന്നും ബെഞ്ച് എൻസിഇആർടി ഡയറക്ടറോടു ചോദിച്ചു. എന്നാൽ തങ്ങളുടെ വിദഗ്ധർ ആവശ്യമായ തിരുത്തലുകൾ വരുത്തിയതായി സക്ലാനി വാമൊഴിയായി മറുപടി നൽകി. പാഠപുസ്തക വിവാദത്തിൽ എൻസിഇആർടി ക്ഷമാപണം നടത്തി പ്രസ്താവന പുറപ്പെടുവിച്ചതിനു പിന്നാലെയാണ് സത്യവാങ്മൂലത്തിനെതിരേ സുപ്രീംകോടതിയുടെ വിമർശനം.
തുടർന്ന് തിരുത്തൽ വരുത്തിയ പാഠഭാഗം വിദഗ്ധരുടെ കമ്മിറ്റി അംഗീകരിക്കുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഇതിനായി റിട്ട. ജഡ്ജി, അറിയപ്പെട്ട അക്കാദമിഷ്യൻ, നിയമവിദഗ്ധൻ എന്നിവരടങ്ങിയ സമിതി രൂപവത്കരിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എട്ടാം ക്ലാസിലെ നിയമപഠനത്തിന്റെ പാഠ്യപദ്ധതി മാത്രമല്ല, മറ്റു ക്ലാസുകളിലെയും പാഠ്യപദ്ധതി പരിശോധിക്കുന്നതിന് കമ്മിറ്റിക്ക് ദേശീയ ജുഡീഷൽ അക്കാദമിയുമായി സഹകരിക്കാമെന്ന് കോടതി വ്യക്തമാക്കി.
വിവാദ പാഠപുസ്തകം തയാറാക്കിയ പ്രഫ. മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ തുടങ്ങിയവരുമായി പൊതുഫണ്ട് സീകരിക്കുന്ന ഒരു സ്ഥാപനവും സഹകരിക്കരുതെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകി.
വിവാദ പാഠപുസ്തകം തയാറാക്കിയതിൽ ഇവർക്കു പങ്കുണ്ടെന്ന് എൻസിഇആർടി ഡയറക്ടർ കോടതിയിൽ പറഞ്ഞതിനെത്തുടർന്നാണു നടപടി. ഇതോടൊപ്പം വിവാദ പുസ്തകം നിരോധിച്ചുള്ള ഫെബ്രുവരി 26ലെ ഉത്തരവിനു പിന്നാലെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളെയും വ്യക്തികളെയും കണ്ടെത്താൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
കുറ്റക്കാർ രാജ്യത്തിനു പുറത്ത് ഒളിച്ചിരിക്കുകയാണെങ്കിൽപ്പോലും അവരെ വെറുതെ വിടില്ലെന്ന് കോടതി അറിയിച്ചു. ദേശീയ സിലബസ് ആൻഡ് ടീച്ചിംഗ് ലേണിംഗ് മെറ്റീരിയൽ കമ്മിറ്റിയുടെ (എൻഎസ്ടിസി) ഭരണഘടന സർക്കാർ പുനഃപരിശോധിക്കേണ്ട സമയമാണിതെന്ന് വാദത്തിനിടയിൽ കോടതി പറഞ്ഞു.
എൻസിഇആർടിയുടെ ‘എക്സ്പ്ലോറിംഗ് സൊസൈറ്റി, ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന സാമൂഹ്യശാസ്ത്ര പുസ്തകം പൂർണമായും നിരോധിച്ച സുപ്രീംകോടതി പുസ്തകത്തിന്റെ പ്രിന്റ് ചെയ്ത പകർപ്പുകൾ പിടിച്ചെടുക്കാനും ഡിജിറ്റൽ കോപ്പികൾ പ്രചരിക്കുന്നതു തടയാനും നേരത്തേ ഉത്തരവിട്ടിരുന്നു. ’സമൂഹത്തിൽ ജുഡീഷറിയുടെ പങ്ക്’ എന്ന നാലാം അധ്യായമാണ് വിവാദത്തിനു വഴിവച്ചത്.
Tags : Supreme Court dispute book dissatisfied NCERT