ലക്നോ: ബുർഖ ധരിക്കാതെ പുറത്തിറങ്ങിയതിന് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി യുവാവ്.
ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. പ്രതിയായ ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 10ന് കാൻധല പോലീസ് സ്റ്റേഷൻ പരിധിയിലെ ഘാരി ദൗലത്ത് ഗ്രാമത്തിലാണ് സംഭവം. എന്നാൽ, ഒരാഴ്ച കഴിഞ്ഞാണ് പോലീസിന് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്.
കുടുംബ തർക്കത്തെ തുടർന്ന് ഫാറൂഖിന്റെ ഭാര്യ താഹിറ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് ബുർഖയോ നിഖാബോ അവർ ധരിച്ചിരുന്നില്ല. ഇത് ഭർത്താവിനെ ചൊടിപ്പിച്ചതായാണ് ആരോപണം.
താഹിറ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഫാറൂഖ് ഇതിനെച്ചൊല്ലി കലഹമുണ്ടാക്കിയതായി പോലീസ് പറയുന്നു. തുടർന്നായിരുന്നു കൂട്ടക്കൊലപാതകം.
താഹിറയെയും മക്കളായ ആഫ്രീനെയും സെഹ്റിനെയും അഞ്ച് ദിവസമായി കാണാനില്ലായിരുന്നു. ഫറൂഖിന്റെ പിതാവ് പോലീസിൽ പരാതി നൽകി. പോലീസ് ഫാറൂഖിനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ഇയാൾ എല്ലാ നിഷേധിക്കുകയും പോലീസനെ കബളിപ്പിക്കാനുമാണു ശ്രമിച്ചത്.
നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിൽ ഫാറൂഖ് കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. ഭാര്യ താഹിറയെയും മൂത്ത മകൾ ആഫ്രീനെയും വെടിവച്ച് കൊന്നതായും ഇളയ മകൾ സെഹ്റിനെ കഴുത്ത് ഞെരിച്ച് കൊന്നതായും ഇയാൾ വെളിപ്പെടുത്തി. മൂന്ന് പേരുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ടതായും ഇയാൾ പറഞ്ഞു.
കുറ്റസമ്മതത്തെ തുടർന്ന് ഫാറൂഖിനെ പോലീസ് വീട്ടിലെത്തിക്കുകയും മുറ്റത്ത് കുഴിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. താഹിറയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹങ്ങൾ കുഴിയിൽനിന്ന് കണ്ടെടുത്തു.
Tags : murder utherpradesh Burqa police case