ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി പട്ടിക പുറത്തിറക്കി തമിഴക വെട്രി കഴകം. ഏപ്രിലിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് ഔദ്യോഗികമായി അറിയിച്ചു. സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം വിജയ് തന്നെ മത്സരിക്കുന്ന മണ്ഡലങ്ങളാണ്. ചെന്നൈയിലെ പെരമ്പൂർ, മധ്യ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ ഡിഎംകെയുടെ പ്രമുഖ നേതാക്കൾക്കെതിരെ കരുത്തുറ്റ സ്ഥാനാർത്ഥികളെയാണ് ടിവികെ അണിനിരത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ കൊളത്തൂരിൽ വി.എസ്. ബാബുവും, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ചേപ്പോക്കിൽ ഡി. സെൽവവും മത്സരിക്കും. കൂടാതെ, പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദ് ടി. നഗറിൽ നിന്നും, മുൻ എഐഎഡിഎംകെ മന്ത്രി കെ.എ. സെൻഗോട്ടയ്യൻ തന്റെ തട്ടകമായ ഗോപിചെട്ടിപാളയത്ത് നിന്നും ടിവികെ ടിക്കറ്റിൽ മത്സരിക്കും. മേയ് നാലിനാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. സിനിമയിലെന്നപോലെ രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ വിജയിന് കഴിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Tags : TVK Vijay Tamil Nadu Candidates Latest News