ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ അവിടെ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹകരിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന 'മൻ കി ബാത്തിന്റെ' 132-ാം പതിപ്പിലൂടെയാണ് അദ്ദേഹം തന്റെ നന്ദിയറിയിച്ചത്. ഒരുകോടിയിലധികം വരുന്ന പ്രവാസികൾക്ക് എല്ലാവിധ സൗകര്യങ്ങളും സംരക്ഷണവും നൽകുന്നതിൽ ഗൾഫ് ഭരണകൂടങ്ങൾ കാണിക്കുന്ന താത്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ആഗോളതലത്തിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്ന ഈ ഘട്ടത്തിൽ ഇന്ത്യയുടെ ശക്തമായ നയതന്ത്രബന്ധങ്ങൾ പ്രതിസന്ധികളെ നേരിടാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെയും പ്രധാനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ താത്പര്യങ്ങൾക്കും പൗരന്മാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകേണ്ട ഈ സമയത്ത് സ്വാർത്ഥ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴിയും മറ്റും വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും, ഇത്തരം കുപ്രചരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സർക്കാരിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Tags : Modi Prime Minister Gulf Opposition Latest News