ബർലിൻ : അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധനത്തിന്റെ (Kerosin) വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ആഗോള വ്യോമയാന മേഖലയിൽ വലിയൊരു പ്രതിസന്ധി പുകയുന്നതായി അന്താരാഷ്ട്ര വ്യോമയാന സംഘടനയായ 'അയാട്ട' (IATA) മുന്നറിയിപ്പ് നൽകി.
ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ധനവില നിയന്ത്രണാതീതമായി ഉയർന്നത് ചെലവ് കുറഞ്ഞ സർവീസുകൾ നടത്തുന്ന ലോകത്തിലെ പല പ്രമുഖ ബജറ്റ് വിമാനക്കമ്പനികളുടെയും (Cheap-Airlines) നിലനിൽപ്പിനെത്തുന്നെ അപകടത്തിലാക്കിയിരിക്കുകയാണ്.
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന അയാട്ടയുടെ വാർഷിക പൊതുയോഗത്തിനിടെ ചീഫ് എക്സിക്യൂട്ടീവ് വില്ലി വാൽഷ് ആണ് വ്യോമയാന രംഗത്തെ ഈ കടുത്ത 'പൂട്ടൽ ഭീഷണി'യെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.
ഇന്ധനവിലയും എയർ റൂട്ടുകളിലെ മാറ്റവും: ഇറാൻ സംഘർഷം ആരംഭിച്ചതുമുതൽ ക്രൂഡ് ഓയിൽ വിലയും വിമാന ഇന്ധന നിരക്കും കുത്തനെ ഉയർന്നു. ഇതിനൊപ്പം മിഡിൽ ഈസ്റ്റിലെ സുപ്രധാനമായ പല ആകാശപാതകളും (Air routes) അടയ്ക്കപ്പെട്ടതോടെ വിമാനങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്ന നീണ്ട 'ഉപരോധ പാതകൾ' വഴി സർവീസ് നടത്തേണ്ടി വരുന്നു.
ബജറ്റ് വിമാനക്കമ്പനികൾക്ക് കനത്ത തിരിച്ചടി: ബിസിനസ് ക്ലാസ് ടിക്കറ്റുകളോ വിപുലമായ പ്രീമിയം പാക്കേജുകളോ ഇല്ലാത്ത ചെലവ് കുറഞ്ഞ ബജറ്റ് എയർലൈനുകളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
ഉയർന്ന ചെലവ് താങ്ങാൻ കഴിയാതെ അമേരിക്കൻ ബജറ്റ് വിമാനക്കമ്പനിയായ 'സ്പിരിറ്റ് എയർലൈൻസ്' (Spirit Airlines) ഇതിനകം തന്നെ പാപ്പരത്തം (Insolvent) പ്രഖ്യാപിച്ച് സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചു കഴിഞ്ഞു.
യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള മലയാളി പ്രവാസികളുടെ പ്രധാന യാത്രാ ഹബ്ബുകളായ ദുബായ്, ദോഹ, അബുദാബി എന്നിവടങ്ങളിലൂടെയുള്ള വിമാന സർവീസുകളെയും നിലവിലെ രാഷ്ട്രീയ സാഹചര്യം കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്.
എമിറേറ്റ്സ്, ഖത്തർ എയർവേയ്സ്, എത്തിഹാദ് തുടങ്ങിയ വമ്പൻ കമ്പനികൾ റൂട്ട് മാറ്റങ്ങളുമായി വലിയ രീതിയിൽ പോരാടുകയാണ്. എങ്കിലും മിഡിൽ ഈസ്റ്റിന്റെ വ്യോമയാന പദവിക്ക് ഇത് ദീർഘകാല തകർച്ച ഉണ്ടാക്കില്ലെന്നാണ് അയാട്ടയുടെ വിലയിരുത്തൽ.
യൂറോപ്പിൽ റയാൻ എയർ (Ryanair) പോലുള്ള വലിയ ബജറ്റ് കമ്പനികൾ ഇപ്പോഴും പിടിച്ചു നിൽക്കുന്നുണ്ടെങ്കിലും, വിപണിയിലെ ചെറിയ കമ്പനികളെ വൻകിട ഗ്രൂപ്പുകൾ വിഴുങ്ങാനോ അല്ലെങ്കിൽ അവർക്ക് സർവീസുകൾ നിർത്തേണ്ടി വരാനോ ഉള്ള സാധ്യത വളരെ കൂടുതലാണ്.
Tags : Air ticket prices will continue