ബർലിൻ: ശ്രീനാരായണ ഗുരുദേവ വിശ്വമാനവിക സന്ദേശം യൂറോപ്യൻ മണ്ണിൽ കൂടുതൽ ശക്തിയോടെ പ്രചരിപ്പിക്കുന്നതിന് സാക്ഷ്യം വഹിച്ച ചരിത്രനിമിഷമാണ് ജർമനിയിലെ ബാഡ് മെയ്ൻബർഗിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ ആശ്രമമായ യോഗ വിദ്യ ആശ്രമത്തിൽ നടന്നത്.
ജർമനിയിൽ ഗുരുദർശനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഡോ. വരുൺ രാധാകൃഷ്ണൻ നടത്തുന്ന ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ മഹത്തായ ആത്മീയ മുഹൂർത്തം സാക്ഷാത്കരിക്കപ്പെട്ടത്.
യുകെയിലെ ശിവഗിരി ആശ്രമത്തിൽ നിന്ന് ഭക്തിപൂർവം കൊണ്ടുവന്ന ശ്രീനാരായണ ഗുരുദേവന്റെ ദിവ്യചിത്രവും അമൂല്യ ഗ്രന്ഥങ്ങളും താലപ്പൊലികളുടെയും മൂല മന്ത്ര ജപത്തോടുകൂടി ആശ്രമത്തിന് സമർപ്പിച്ചു.
ആത്മീയാന്വേഷകരുടെ സംഗമഭൂമിയായ യോഗ വിദ്യ ആശ്രമത്തിൽ ഗുരുദേവന്റെ ദിവ്യചിത്രം പ്രതിഷ്ഠിക്കപ്പെട്ട നിമിഷം പരിപാടിയിൽ പങ്കെടുത്ത 250ലധികം വിദേശികൾക്ക് ഹൃദയസ്പർശിയായ അനുഭവമായി.
യോഗ വിദ്യ ആശ്രമത്തിന്റെ സ്ഥാപകനും ആത്മീയ നേതാവുമായ സ്വാമി സുഖദേവ് ബ്രീഡ്സ് ഗുരുദേവന്റെ ദിവ്യചിത്രവും മഹദ് ഗ്രന്ഥങ്ങളും ആദരപൂർവ്വം സ്വീകരിച്ച് പൂജ നിർവഹിക്കുകയും ഗുരുദേവന്റെ സർവമാനവിക സന്ദേശത്തിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ശ്രീനാരായണ ഗുരു ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ്” എന്ന സംഘടനയുടെ ഔപചാരിക ഉദ്ഘാടനം ഡോ. വരുണ് രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സേവനം യുകെ ചെയർമാൻ ബൈജു പാലക്കൽ നിർവഹിച്ചു.
മനുഷ്യരാശിയുടെ ഐക്യത്തിനും സഹോദരത്വത്തിനും ഗുരുദേവന്റെ സന്ദേശങ്ങൾ ഇന്നത്തെ ലോകത്ത് കൂടുതൽ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാമി സുഖദേവ് ബ്രീഡ്സ് അനുഗ്രഹ പ്രഭാഷണം നടത്തി. സേവനം യുകെ വൈസ് ചെയർമാൻ സജീഷ് ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. ക്രിസ്റ്റഫർ ഹരത്, ഗണേഷ് ശിവൻ, കലാ ജയൻ, സുഭാഷ് സദാശിവൻ, രസികുമാർ രവീന്ദ്രൻ, വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ശ്രീനാരായണ ഗുരു ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് എന്ന സംഘടനയുടെ ലോഗോ പ്രകാശനം ശിവഗിരി ആശ്രമം യുകെ ട്രസ്റ്റി ബോർഡ് അംഗം സിബി കുമാർ നിർവഹിച്ചത് ചടങ്ങിൽ ശ്രദ്ധേയമായി.
പരിപാടിയുടെ ഭാഗമായി കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് കൂടുതൽ മിഴിവേകി. ആത്മീയതയും സംസ്കാരവും സഹോദരത്വവും സമന്വയിച്ച അപൂർവ സംഗമമായി പരിപാടിയായി.
ശ്രീനാരായണ ഗുരുദേവന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹാസന്ദേശം യൂറോപ്പിന്റെ ഹൃദയഭൂമിയിൽ കൂടുതൽ ശക്തമായി പ്രതിധ്വനിച്ച ഈ ദിവസം, ഗുരുദേവ സന്ദേശത്തിന്റെ ആഗോള പ്രചരണ ചരിത്രത്തിലെ ഒരു സുവർണ അധ്യായമായി രേഖപ്പെടുത്തപ്പെടും.
യോഗത്തിൽ രാജേഷ് രാമചന്ദ്രൻ സ്വാഗതവും ജയരാജ് ശങ്കരൻഉണ്ണി നന്ദിയും രേഖപ്പെടുത്തി.
Tags : Sree Narayana Guru's spreads across Europe