അംഗല മെർക്കൽ
ബർലിൻ: ജർമനിയുടെ മുൻ ചാൻസലർ അംഗല മെർക്കൽ ഔദ്യോഗിക ലോക പര്യടനങ്ങൾക്കായി ഉപയോഗിച്ചിരുന്ന വിഖ്യാതമായ സർക്കാർ വിമാനം വിപണിയിൽ വിൽപനയ്ക്ക് എത്തി. ജർമൻ വ്യോമസേനയുടെ (ലുഫ്റ്റ്വാഫെ) സർവീസിൽ നിന്നു വിരമിച്ച ‘തിയോഡോർ ഹൊയസ്’ (Theodor Heuss) എന്ന എയർബസ് എ340 (Airbus A340-300) വിമാനമാണ് യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വിമാന ഇടപാട് കമ്പനിയായ ‘ജെറ്റ്ക്രാഫ്റ്റ്’ (Jetcraft) മുഖേന ആഗോള തലത്തിൽ വിൽപനയ്ക്ക് വച്ചിരിക്കുന്നത്.
വർഷങ്ങളോളം ചാൻസലർമാരും പ്രസിഡന്റുമാരും ഔദ്യോഗിക രഹസ്യസ്വഭാവത്തോടെ ഉപയോഗിച്ചിരുന്ന ഈ വിമാനത്തിന്റെ ഉൾവശത്തെ ആഡംബര സൗകര്യങ്ങളുടെ ചിത്രങ്ങൾ വിൽപന ബ്രോഷറിലൂടെ ഇതാദ്യമായി പരസ്യമായി പുറത്തുവന്നു. 145 യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാൻ കഴിയുന്ന വിമാനത്തിൽ 'വിവിഐപി' (VVIP) നിലവാരത്തിലുള്ള അത്യാധുനിക ക്രമീകരണങ്ങളാണ് ഉള്ളത്.
ആഡംബര സ്യൂട്ട് & വാഷ് റൂം
സുഖപ്രദമായ കിടക്കകളാക്കി മാറ്റാവുന്ന വിശാലമായ സോഫകൾ അടങ്ങിയ വിശ്രമമുറികൾ, പഞ്ചനക്ഷത്ര ഹോട്ടലുകളെ അനുസ്മരിപ്പിക്കുന്ന വൃത്താകൃതിയിലുള്ള ഷവർ സൗകര്യമുള്ള ആഡംബര ബാത്ത് റൂം.
കോൺഫറൻസ് റൂം
ആകാശയാത്രയ്ക്കിടയിൽ നയതന്ത്ര ചർച്ചകൾക്കായി ബീജ് ലെതർ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുള്ള മീറ്റിംഗ് ഹാൾ. ബർലിൻ നഗരത്തിന്റെ മനോഹരമായ സ്കൈലൈൻ അടയാളപ്പെടുത്തിയ കൊത്തുപണികൾ ഈ മുറിയുടെ ചുവരുകളെ അലങ്കരിക്കുന്നു.
മറ്റ് സൗകര്യങ്ങൾ
വിമാനത്തിന്റെ മുൻഭാഗത്ത് ഭരണാധികാരികൾക്കായി വിവിഐപി ആഡംബരമൊരുക്കുമ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കുമായി പിൻഭാഗത്ത് സാധാരണ ഇക്കോണമി ക്ലാസ് ഇരിപ്പിടങ്ങളും പാചകപ്പുരയും ഒരുക്കിയിട്ടുണ്ട്. 2000-ൽ നിർമിക്കപ്പെട്ട ഈ എയർബസ് വിമാനം ലുഫ്താൻസയിൽ നിന്നാണ് ജർമൻ സർക്കാർ വാങ്ങിയത്.
50,710 ഫ്ലൈയിംഗ് മണിക്കൂറുകളും 8,768 ലാൻഡിംഗുകളും പൂർത്തിയാക്കിയ ശേഷമാണ് വ്യോമസേന ഈ വിമാനം ഡീ കമീഷൻ ചെയ്തത്. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി വിമാനത്തിലുണ്ടായിരുന്ന എല്ലാത്തരം രഹസ്യ സൈനിക-സുരക്ഷാ ഉപകരണങ്ങളും ജർമൻ പ്രതിരോധ മന്ത്രാലയം പൂർണമായും നീക്കം ചെയ്ത ശേഷമാണ് വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.
ജർമൻ സർക്കാരിന്റെയും വ്യോമസേനയുടെയും ചിഹ്നങ്ങൾ ഇതിനകം മായ്ച്ചു കളഞ്ഞിട്ടുണ്ടെങ്കിലും ജർമനിയുടെ ദേശീയ പതാകയുടെ കറുപ്പ്-ചുവപ്പ്-സ്വർണ നിറങ്ങൾ വിമാനത്തിന്റെ പുറംഭാഗത്ത് ഇപ്പോഴും കാണാം.
വാങ്ങുന്നയാളുടെ താൽപര്യ പ്രകാരം 'മാറ്റർഹോൺ വൈറ്റ്' പെയിന്റ് അടിച്ച് പുത്തൻ രൂപത്തിലാകും വിമാനം കൈമാറുക. വില പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും, ലോകത്തെ അതിസമ്പന്നർക്കും കോർപ്പറേറ്റ് തലവന്മാർക്കും ഒരു രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ 'പറക്കും കൊട്ടാരം' സ്വന്തമാക്കാൻ വലിയ അവസരമാണ് കൈവന്നിരിക്കുന്നത്.
Tags : Deepika DeepikaNewspaper BreakingNews Angela Merkel's official