ബാബു കുര്യൻ
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിലെ മുതിർന്ന പ്രവർത്തകനും ദീർഘകാല അംഗവുമായ ബാബു കുര്യനെ ഫോമ ഗ്രേറ്റ് ലേക്സ് റീജിയണിന്റെ വൈസ് പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്തു. ഈ നേട്ടത്തിൽ ഡിട്രോയിറ്റ് കേരള ക്ലബ് ഭാരവാഹികളും അംഗങ്ങളും അദ്ദേഹത്തെ അഭിനന്ദിച്ചു.
1987 മുതൽ ഡിട്രോയിറ്റ് കേരള ക്ലബിലെ അംഗമായ ബാബു കുര്യൻ നാല് പതിറ്റാണ്ടിലേറെയായി മിഷിഗണിൽ താമസിച്ചുവരികയാണ്. ക്ലബിന്റെ പ്രവർത്തനങ്ങളിൽ തുടർച്ചയായി സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ എന്നിവ ഉൾപ്പെടെ വിവിധ നേതൃത്വ ചുമതലകൾ വിജയകരമായി നിർവഹിച്ചിട്ടുണ്ട്.
2025-ൽ ഡിട്രോയിറ്റ് കേരള ക്ലബിന്റെ സുവർണ ജൂബിലി ആഘോഷമായ പരമ്പരയുടെ ജനറൽ കൺവീനറായി പ്രവർത്തിച്ച അദ്ദേഹം, പരിപാടിയുടെ വിജയകരമായ നടത്തിപ്പിലൂടെ സംഘാടന മികവ് തെളിയിച്ചു. ക്ലബിന്റെ 50 വർഷത്തെ ചരിത്രത്തെ അനുസ്മരിച്ച ആഘോഷം ശ്രദ്ധേയമായ ജനപങ്കാളിത്തവും മികച്ച സംവിധാനവും കൊണ്ട് ശ്രദ്ധ നേടിയിരുന്നു.
കേരള ക്ലബിന് പുറമെ ഫൊകാനയുടെ വിവിധ കൺവെൻഷനുകളിലും ബാബു കുര്യൻ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ, സ്പോർട്സ്, സമയക്രമീകരണം തുടങ്ങിയ കമ്മിറ്റികളിൽ പ്രവർത്തിച്ച അദ്ദേഹം, ഷിക്കാഗോ ഫൊകാന കൺവൻഷന്റെ കോചെയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആത്മീയ-സാമൂഹിക രംഗങ്ങളിലും അദ്ദേഹത്തിന്റെ സംഭാവന ശ്രദ്ധേയമാണ്. സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ ട്രഷറർ, സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, മിലൻ, ഡിട്രോയിറ്റ് ഈഗിൾസ് എന്നീ സംഘടനകളുടെ ആദ്യകാല പ്രവർത്തകരിലൊരാളും മോടൗൺ മേളത്തിന്റെ സ്ഥാപക അംഗവുമാണ്.
കൂടാതെ, വർഷങ്ങളായി നടക്കുന്ന 56 ഇന്റർനാഷണൽ ചീട്ടുകളി കൂട്ടായ്മയിലെ സജീവ അംഗവുമാണ്. ഫോമാ ഗ്രേറ്റ് ലേക്സ് റീജിയണൽ വൈസ് പ്രസിഡന്റെന്ന പുതിയ ചുമതല അദ്ദേഹത്തിന്റെ ദീർഘകാല സാമൂഹിക-സംഘടനാ സേവനത്തിനുള്ള അംഗീകാരമാണെന്ന് ഡിട്രോയിറ്റ് കേരള ക്ലബ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പുതിയ ഉത്തരവാദിത്തത്തിൽ എല്ലാ വിജയാശംസകളും അവർ അറിയിച്ചു.