ഡാളസ്: സാഹിത്യരംഗത്തും ആത്മീയ ശുശ്രൂഷാരംഗത്തും ഒരുപോലെ സജീവ സാന്നിധ്യമായിരുന്ന പരേതനായ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർഥം കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക - ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിപുലമായ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറിന് മൗണ്ട് സിനായ് ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിൽ വച്ചായിരുന്നു പ്രത്യേക യോഗം നടന്നത്. ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് ഷാജി മണിയാറ്റ് അധ്യക്ഷത വഹിച്ചു.
കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം (കെപിഡബ്ല്യുഎഫ്) ഡാളസ് ചാപ്റ്ററിന്റെ 2011-ൽ നടന്ന പ്രാരംഭ യോഗത്തിൽ അധ്യക്ഷൻ ഷാജി മണിയാറ്റ് ഡോ. ഏഴംകുളം സാംകുട്ടിയെ കുറിച്ചുള്ള സുപ്രധാന ഓർമകൾ തന്റെ ആമുഖ സന്ദേശത്തിൽ വൈകാരികമായി അനുസ്മരിച്ചു.
തുടർന്ന് ചാപ്റ്റർ സെക്രട്ടറി എസ്.പി. ജെയിംസ് യോഗത്തിൽ സ്വാഗതം ആശംസിച്ചു. ഡാളസിലെ വിവിധ ക്രൈസ്തവ സഭകളോടും ഇവിടുത്തെ എഴുത്തുകാരോടും ഡോ. സാംകുട്ടിക്കുണ്ടായിരുന്ന ആഴമേറിയതും ഹൃദ്യവുമായ ഇഴയടുപ്പത്തെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ഡോ. ഏഴംകുളം സാംകുട്ടിയുടെ മാതൃകാപരമായ വ്യക്തിജീവിതത്തെയും സാഹിത്യ - സുവിശേഷ മേഖലകളിൽ അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെയും കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമകളും ചിന്തകളും ചടങ്ങിൽ പങ്കെടുത്തവർ പങ്കുവച്ചു.

പാസ്റ്റർമാരായ ഡോ. തോമസ് ഇടിക്കുള, ബെൻസൺ ഏബ്രഹാം, ഡോ. തോമസ് മുല്ലക്കൽ, ജോൺസൺ സഖറിയ, ഏബ്രഹാം തോമസ് എന്നിവരും, മാധ്യമ പ്രവർത്തകരായ പി.പി. ചെറിയാൻ (ഡി - മലയാളി), സിജു വി. ജോർജ്ജ് (കേരള ലിറ്റററി സൊസൈറ്റി), വെസ്ളി മാത്യു (ഗുഡ്ന്യൂസ്) എന്നിവരും യോഗത്തിൽ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
മാധ്യമ പ്രതിനിധികളായ പ്രസാദ് തീയാടിക്കൽ, തോമസ് ചെള്ളേത്ത് (ഡാളസ് സിറ്റി വൈഡ് ട്രഷറർ), തുടങ്ങി സാമൂഹിക - സാംസ്കാരിക - മാധ്യമ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ച് പരേതന് ആദരവ് അർപ്പിച്ചു.
1983 ൽ പ്രസിദ്ധീകരിച്ച പാളം തെറ്റിയ തീവണ്ടി എന്ന ചരിത്ര നോവലിലൂടെ മലങ്കരയിലെ പെന്തക്കോസ്തു മുന്നേറ്റത്തിന്റെ കഥ പറഞ്ഞ് മലയാള സാഹിത്യത്തിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ അനുഗ്രഹീത സാഹിത്യകാരനും പ്രഭാഷകനും ആയിരിക്കുക വഴി നിരവധി എഴുത്തുകാർക്കും യുവജന പ്രവർത്തകർക്കും മാർഗദർശിയായി വർത്തിച്ച ഡോ. സാംകുട്ടിയെ പ്രഭാഷകർ അഭിമാനത്തോടെ അനുസ്മരിച്ചു
കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്കയുടെ ദേശീയ ഉപാധ്യക്ഷൻ സാം മാത്യു സമ്മേളനത്തിൽ പങ്കെടുത്തവർക്കും സഹകരിച്ചവർക്കും നന്ദി രേഖപ്പെടുത്തി. വർഗീസ് വർഗ്ഗീസ്, പാസ്റ്റർ ജോൺസൺ സഖറിയ എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകിയതോടെ അനുസ്മരണ സമ്മേളനം സമാപിച്ചു.
Tags : dr ezhamkulam samkutty memorial dallas usa