കാൻബറ: പുരസ്കാര നിറവിൽ ഡാർവിൻ പള്ളി വികാരി ഫാ.ഡോ. ജോൺ പുതുവയുടെ കന്നി ചിത്രമായ സംസ്കൃത സിനിമ "ഏകാകി'. ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡിൽ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയി ഏകാകി തെരഞ്ഞെടുത്തു.
നേരത്തെ, ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. പുതുവ ഫിലിംസിന്റെ ബാനറിൽ നിർമിച്ച ഏകാകിയുടെ സംവിധാനത്തിനൊപ്പം നിർമാണവും നിർവഹിച്ചതും ഫാ. ജോൺ പുതുവയാണ്.
കഥയും തിരക്കഥയും പ്രസാദ് പാറപ്പുറം തയാറാക്കി. സംസ്കൃതത്തിലേക്ക് മൊഴിമാറ്റിയത് അയ്യമ്പുഴ ഹരികുമാറാണ്. സംസ്കൃതത്തിന്റെ ഈറ്റില്ലമായ കാലടിയിൽ വച്ച് തന്നെയിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
സിനിമ ഒരു വിനോദമല്ല സമൂഹത്തിൽ നന്മനിറയുന്ന സന്ദേശങ്ങൾ പകരുകയാണ് ലക്ഷ്യമെന്ന് എറണാകുളം ചുള്ളി സ്വദേശിയും ഇപ്പോൾ ഓസ്ട്രേലിയയിലെ ഡാർവിൻ പള്ളി വികാരിയുമായ ഫാ. ജോൺ പുതുവ പറഞ്ഞു.

ഒരു കഥാപാത്രം മാത്രം അഭിനയിച്ച ഇന്ത്യയിലെ ആദ്യ സംസ്കൃത സിനിമയെന്ന പ്രത്യേകതയും ഏകാകിക്ക് ഉണ്ട്. നാടകത്തിനും ബാലേയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തിരുനാരായണപുരം വാസുദേവൻ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് സിനിമ പറയുന്നത്.
കലാകാരൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിജീവനത്തിന്റെ ആകുലതകളും സിനിമ ചർച്ച ചെയ്യുന്നു. 500ലേറെ എപ്പിസോഡ് ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത പുതുവയുടെ ആദ്യ സിനിമ തന്നെ ഏറെ ചർച്ച ചെയ്യപ്പെടുകയും നിരവധി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തു.
നിസ്വാർഥനായ ഒരു വൈദികന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്ന കഥ ഇതിവൃത്തമാക്കിയുള്ള പുതിയ സിനിമയുടെ പണിപ്പുരയിലാണ് ഫാ. ജോൺ പുതുവയും പ്രസാദ് പാറപ്പുറവും.
Tags : Ekaki Best Indian Feature Film Fr. John Puthuva Darwin Australia