ബെർലിൻ: യൂറോപ്യൻ രാജ്യങ്ങളിൽ മേയ് മാസത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിക്കൊണ്ട് വൻ ഉഷ്ണതരംഗം തുടരുന്നു. പടിഞ്ഞാറൻ യൂറോപ്പിനെ വരിഞ്ഞുമുറുക്കിയ "ഹീറ്റ് ഡോം' പ്രമാണിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങൾക്ക് സമാനമായ അത്യുഷ്ണമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതമാണിതെന്നും ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗമാണ് ഇതിന് കാരണമെന്നും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ മേധാവി സൈമൺ സ്റ്റീൽ മുന്നറിയിപ്പ് നൽകി.
കടുത്ത ചൂടിനെത്തുടർന്ന് യൂറോപ്പിൽ പലയിടങ്ങളിലായി മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൂടിൽ നിന്ന് ആശ്വാസം തേടി ജലാശയങ്ങളിൽ ഇറങ്ങിയവർ മുങ്ങിമരിച്ച സംഭവങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ജർമനിയിലും മേയ് മാസത്തിൽ സാധാരണയിൽ കവിഞ്ഞ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 31 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ വാരാന്ത്യത്തിൽ കടന്നിരുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കടുത്ത ചൂട് മുന്നിൽക്കണ്ട് പ്രായമായവരും പൊതുജനങ്ങളും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മേയ് മാസത്തിലൂടെയാണ് ഫ്രാൻസ് കടന്നുപോകുന്നത്. തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ രാജ്യം റെക്കോർഡ് ചൂട് രേഖപ്പെടുത്തി. ചൂടുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ ഇതുവരെ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിൽ അഞ്ചും ചൂടിൽ നിന്ന് രക്ഷപ്പെടാൻ പുഴകളിലും തടാകങ്ങളിലും ഇറങ്ങിയപ്പോൾ സംഭവിച്ച മുങ്ങിമരണങ്ങളാണ്. ബ്രിട്ടൻ യുകെയിലും മേയ് മാസത്തിലെ സർവകാല റിക്കാർഡുകളും തകർത്താണ് ചൂട് മുന്നേറുന്നത്.
കടുത്ത ചൂടിൽ നിന്ന് രക്ഷതേടി വെള്ളത്തിലിറങ്ങിയ നാല് കൗമാരക്കാർ ഇംഗ്ലണ്ടിൽ മുങ്ങിമരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
അയർലൻഡ്: തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ട അയർലൻഡിലും മേയ് മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.
ഇറ്റലി, സ്പെയിൻ, ഓസ്ട്രീയ: ഈ രാജ്യങ്ങളിലും സാധാരണ മേയ് മാസങ്ങളിൽ അനുഭവപ്പെടാത്ത വിധം അത്യുഷ്ണമാണ് ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത് ജനജീവിതത്തെയും ബിസിനസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര എയർ ക്വാളിറ്റി മോണിറ്ററിംഗ് പ്ലാറ്റ്ഫോമായ എക്യുഐയുടെ കണക്കുകൾ പ്രകാരം, ബുധനാഴ്ച ഉച്ചയ്ക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ആദ്യത്തെ 45 നഗരങ്ങളും ഇന്ത്യയിലാണ്.
ഈ നഗരങ്ങളിലെല്ലാം താപനില 43 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. ഇന്ത്യയിൽ പലയിടങ്ങളിലും കാട്ടുതീ പടരുന്നതായും സൂര്യാഘാതം മൂലം മരണങ്ങൾ സംഭവിക്കുന്നതായും യുഎൻ കാലാവസ്ഥാ മേധാവി ചൂണ്ടിക്കാണിച്ചു.
"മനുഷ്യന്റെ ഇടപെടലുകൾ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഈ ഉഷ്ണതരംഗങ്ങളെ ഇത്രയും കഠിനമാക്കുന്നത്. മനുഷ്യജീവനുകളും സമ്പദ്വ്യവസ്ഥയും സംരക്ഷിക്കാൻ ഫോസിൽ ഇന്ധനങ്ങളോടുള്ള (കൽക്കരി, പെട്രോളിയം) അമിത പ്രിയം ലോകരാജ്യങ്ങൾ എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്' - യുഎൻ ക്ലെമറ്റ് ചീഫ് സൈമൺ സ്റ്റീൽ പറഞ്ഞു.