ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
കൊളോൺ: കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ 44-ാമത് തിരുനാളിനും വി. തോമാശ്ലീഹായുടെ തിരുനാളിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ഈ മാസം 11, 12 (ശനി, ഞായർ) തീയതികളിൽ കൊളോൺ മ്യൂൾഹൈമിലെ ലീബ് ഫ്രാവൻ ദേവാലയത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
തിരുനാളിന്റെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റി കൺവീനർമാരുടെ യോഗം ജൂലൈ അഞ്ചിന് കമ്മ്യൂണിറ്റി ചാപ്ലെയ്ൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ അധ്യക്ഷതയിൽ കൂടി.
കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തുകയും തിരുനാൾ ദിനങ്ങളിൽ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനമെടുക്കുകയും ചെയ്തു.
യോഗത്തിൽ വിവിധ കമ്മിറ്റി കൺവീനർമാരായ സുനിൽ ബേബി, ഡോണി ചെറിയാൻ, ജോസ് പുതുശേരി, എൽസി വടക്കുംചേരി, സ്മിത സഖറിയ, ജെൻസ് കുമ്പിളുവെളിൽ, സെനി പുത്തൻപുര, അൻസ പോൾ, ചെറി ജോസി, ജോസ്ന വെമ്പേനിയ്ക്കൽ, റിൻസി ജോസഫ്, ഹാനോ തോമസ് മൂർ, അമൽ തോമസ്, നോയൽ ജോസഫ്, ഇഷാനി ചിറയത്ത്, ആന്റണി സഖറിയ (കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ), സൗമ്യ ചെറി ജോസി, ആദിൻ ജോസഫ് എന്നിവരും നടപ്പുവർഷത്തെ പ്രസുദേന്തിയായ തൃശൂർ സ്വദേശി സാബു, ജോർലി ചിറ്റിലപ്പിള്ളി കുടുംബവും പങ്കെടുത്തു.
ജർമനിയിലെ കൊളോൺ അതിരൂപതയിലെയും എസൻ, ആഹൻ എന്നീ രൂപതകളിലെയും സീറോമലബാർ വിശ്വാസികളുടെ കൂട്ടായ്മ കൊളോൺ കാർഡിനാൽ റൈനർ മരിയ വോൾക്കിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. കൂട്ടായ്മയുടെ ചാപ്ലെയ്നായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 25 വർഷമായി സേവനം അനുഷ്ഠിച്ചുവരുന്നു.