കോട്ടയം: ഡല്‍ഹി കേന്ദ്രീകരിച്ച് പത്രപ്രവര്‍ത്തനം, അച്ചടി, പുസ്തക പ്രകാശന രംഗത്ത് പ്രവര്‍ത്തിച്ച കപ്പൂച്ചിന്‍ വൈദീകനര് ഫാ. സേവ്യര്‍ വടക്കേക്കര വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു.
സ്വന്തം കണ്ണില്‍ ഇരുള് മൂടുന്ന അപൂര്‍വ രോഗത്തിന് ഇരയായിട്ടും സമൂഹത്തിന് വെളിച്ചമായ മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു ഫാ. സേവ്യര്‍.
നല്ല കാഴ്ചശക്തി ഉള്ളവര്‍ കൈകാര്യം ചെയ്യേണ്ട പ്രസദ്ധീകരണം, പത്രപ്രവര്‍ത്തനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന രംഗം.
ഡല്‍ഹിക്ക് സമീപം നോയിഡയില്‍ അദ്ദേഹം സ്ഥാപിച്ച ജ്യോതി പ്രിന്റേഴ്സ് എന്ന അച്ചടിശാല, ഇന്ത്യന്‍ കറന്റ്സ് എന്ന ഇംഗ്ലീഷ് മാസിക എന്നിവ സേവ്യര്‍ അച്ചന്റെ ക്രാന്തി ദര്‍ശനത്തിന്റെ നിലനില്‍ക്കുന്ന അടയാളമായിരുന്നു.
സിബിസിഐയുടെ മുഖപത്രമായിരുന്ന ഇന്ത്യന്‍ കറന്റ്സ് എന്ന മാസിക അച്ചന് ഏറ്റെടുത്ത ശേഷമാണ് പൊളിറ്റിക്കല്‍ മാസികയായി മാറിയത്.
മരണശേഷം തന്റെ മൃതദേഹം ഡല്‍ഹിയിലെ ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിന് ദാനം ചെയ്യാന്‍ വില്പത്രം തയാറാക്കിയ അദ്ദേഹം മരണത്തിലും വ്യത്യസ്ഥനായി.
അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് മൃതദേഹം ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിന് കൈമാറി, മെഡിക്കല്‍ പഠനത്തിന് ശേഷം ഉത്തര്‍പ്രദേശിലെ ദാസ്ന മുസോറിയിലെ കപ്പൂച്ചിന്‍ ആശ്രമത്തിലെ സെമിത്തേരിയില്‍ അന്ത്യ വിശ്രമം ഒരുക്കി.

പാലാ നീലൂര്‍ സ്വദേശിയായ ഫാ. സേവ്യര്‍ വടക്കേക്കരയുടെ സഹോദരങ്ങള്‍ ഏഴ് പേരും വൈദികരും സന്ന്യാസിനിമാരുമാണ്. ജീവിതത്തില്‍ എക്കാലവും ലാളിത്യം പുലര്‍ത്തിയ വൈദികനായിരുന്നു ഫാ. സേവ്യര്‍.
കാഴ്ച പരിമിതിയുണ്ടെങ്കിലും ഡല്‍ഹി മെട്രോയിലും സൈക്കിള്‍ റിക്ഷയിലും സഞ്ചരിക്കും. തിരക്കേറിയ കിഴക്കന്‍ ഡല്‍ഹിയിലെ തെരുവുകളെല്ലാം അദ്ദേഹത്തിന് പരിചിതമായിരുന്നു.
ഫിലിപ്പൈന്‍സിലെ മനില യൂണിവേഴ്സിറ്റിയില്‍ നിന്നും പത്രപ്രവര്‍ത്തനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം അച്ചടിയുടെ എല്ലാ മേഖലകളിലും സ്വയം പ്രാവീണ്യം നേടിയിരുന്നു.
ഭരണങ്ങാനത്തെ അസിസി മാസികയുടെ എഡിറ്റര്‍ ആയിരിക്കെയാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് തന്റെ ദൗത്യം മാറ്റുന്നത്. ഡല്‍ഹി ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിന്റെ അനാട്ടമി വിഭാഗത്തില്‍ ഫാ. സേവ്യര്‍ വടക്കേക്കരയുടെ ചിത്രവും ചരിത്രവും എഴുതി സൂക്ഷിച്ചിട്ടുണ്ട്.
സണ്‍ഡേ ദീപിക പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ അഭിമുഖം ഫ്രെയിം ചെയ്താണ് ആശുപത്രി അധികൃതര്‍ രേഖയായി സൂക്ഷിച്ചിരിക്കുന്നത്.
അന്തരിച്ച സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ ജീവചരിത്രവും ഇത്തരത്തില്‍ ഡല്‍ഹി ഓള് ഇന്ത്യ മെഡിക്കല്‍ സയസില്‍ സൂക്ഷിച്ചിട്ടുണ്ട്.
അദ്ദേഹം ഉള്‍പ്പെടുന്ന കപ്പൂച്ചിന്‍ സഭയിലെ അംഗങ്ങള്‍ ഉത്തര്‍പ്രദേശിലെ ദാസ്ന മുനസോറിയില് അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി പ്രത്യേകം അനുസ്മരണ സമ്മേളനം നടത്തും.
സ്വന്തം പരിമിതികളെ മറന്ന് അന്യര്‍ക്ക് പ്രകാശമായി അക്ഷരങ്ങളെയും അച്ചൂകൂടങ്ങളെയും സ്നേഹിച്ച സേവ്യര്‍ അച്ചന് എക്കാലവും വിസ്മയമാണ്.
Tags : Fr. Xavier Vadakkekara Death Anniversary Delhi