ജനീവ: സ്വിറ്റ്സർലൻഡിലെ ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് ഒക്ടോബർ 28 മുതൽ 31 വരെ നടന്ന ഗ്ലോബൽ മോഡൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ സമ്മേളനത്തിൽ കളമശേരി രാജഗിരി പബ്ലിക് സ്കൂൾ "ബെസ്റ്റ് സ്മോൾ ഹൈ സ്കൂൾ ഡെലിഗേഷൻ അവാർഡ്' നേടി.
ലോകാരോഗ്യ സംഘടനയും ലോക ഐക്യരാഷ്ട്ര സംഘടനാ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച ഈ ഗ്ലോബൽ സമ്മേളനത്തിൽ 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള 400-ത്തിലധികം യുവ നേതാക്കൾ പങ്കെടുത്തു.
ലോകാരോഗ്യ പ്രശ്നങ്ങൾക്കുള്ള നവീന പരിഹാരങ്ങൾ കണ്ടെത്താനും ഡബ്ല്യുഎച്ച്ഒ വിദഗ്ധരുമായി സംവദിക്കാനുമുള്ള വേദിയായി പരിപാടി മാറി. ഫാക്കൽറ്റി അംഗവും കോഓർഡിനേറ്ററുമായ ബിന്നി വർഗീസ് നയിച്ച രാജഗിരി സംഘമാണ് ഈ നേട്ടത്തിന് പിന്നിൽ.

സംഘത്തിലെ മരിയ ബിനു മൂലൻ, എബ്രാഹം സുനിൽ, ആശാൻ ആണ്ടി അസിഫ്, കെ. ശിവന്യ എന്നിവർ "ഡിപ്ലോമസി അവാർഡ്' നേടി ശ്രദ്ധേയരായി. അവരുടെ നയതന്ത്ര മികവും ആഴമുള്ള തയാറെടുപ്പും രാജഗിരിയുടെ മോഡൽ യുഎൻ പ്രോഗ്രാമിന്റെ നിലവാരവും പ്രതിബദ്ധതയും ഏറെ ചർച്ചയായി.
അതേസമയം മുഹമ്മദ് ആഹിൽ കെ അംഗരാജ്യങ്ങൾ ചർച്ച ചെയ്യാനിരിക്കുന്ന ഒരു പ്രഖ്യാപനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ഭാഗമായതും ശ്രദ്ധേയമായി. 15 വർഷം മുമ്പ് ആരംഭിച്ച രാജഗിരിയുടെ മോഡൽ യുഎൻ. യാത്രയിൽ ഇത് ജിഎംഡബ്ല്യുഎച്ച്ഒ വേദിയിലെ രണ്ടാമത്തെ വൻവിജയം കൂടിയാണ്.

ഇതിലൂടെ ഗ്ലോബൽ എംയുഎൻ സമൂഹത്തിൽ രാജഗിരി സ്കൂളും കുട്ടികളും അന്തരാഷ്ട്ര വിഷയങ്ങളിലും തങ്ങളുടെ സാന്നിധ്യം തെളിയിച്ചു. യാഥാർഥ ആരോഗ്യ നയതന്ത്ര പഠനത്തിനും ലോകാരോഗ്യ വിഷയങ്ങളിലെ അവബോധത്തിനും ഈ സമ്മേളനം വലിയ വേദിയായെന്നും ഭാവിയിലെ നേതാക്കളെ ആഗോള വേദിയിൽ വളർത്തിയെടുക്കാനുള്ള രാജഗിരിയുടെ ദൗത്യത്തിനു ഈ നേട്ടം പുതിയം ഊർജം നൽകിയെന്ന് സ്കൂൾ ഭാരവാഹികൾ അറിയിച്ചു.
സമ്മേളനത്തിൽ പങ്കെടുത്ത വിദ്യാർഥികൾ: ജിയാന ബ്രിഡ്ജറ്റ് ജോ, മിയ ചാക്കോ, മരിയ ബിനു മൂലൻ, എബ്രാഹം സുനിൽ, അമൽ സൂര്യ റോജി, ആശാൻ ആണ്ടി അസിഫ്, ഹൃദ്യ പദ്മനാഭ ഷെണോയ്, ജോഹാൻ എസ്. ജോസഫ്, മിന്ന ആച്ചമ്മ കോശി, മുഹമ്മദ് ആഹിൽ, കെ. ശിവന്യ, തെവിൻ ജിസ്.