ബെർലിൻ: കടലിലെ ആഡംബര യാത്രയിൽ ഹാന്റാവൈറസ് ബാധയെ തുടർന്ന് ക്രൂസ് കപ്പലിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. കപ്പലിലെ നിരവധി യാത്രക്കാർക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കപ്പൽ കർശന നിരീക്ഷണത്തിലാണ്.
ആഗോളതലത്തിൽ വൈറസ് ഭീതി പടരുന്ന സാഹചര്യത്തിൽ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. എലികൾ, ചുണ്ടെലികൾ തുടങ്ങിയവയിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.
വായുവിലൂടെയും വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. പനി, പേശിവേദന, കടുത്ത ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാവൈറസ് പൾമണറി സിൻഡ്രോം (എച്ച്പിഎസ്) മരണകാരണമായേക്കാം. ഹാന്റാവൈറസ് പടർന്ന് മൂന്ന് പേർ മരിച്ച "എം.വി ഹോണ്ടിയസ്' എന്ന ക്രൂസ് കപ്പലിൽ നിന്നുള്ള ഒരു യാത്രക്കാരനെ വിദഗ്ധ നിരീക്ഷണത്തിനായി ജർമനിയിലെത്തിച്ചിട്ടുണ്ട്.
നെതർലാൻഡിൽ വിമാനമിറങ്ങിയ ഇയാളെ ഡ്യൂസൽഡോർഫിൽ നിന്നുള്ള പ്രത്യേക ഫയർ സർവീസ് സംഘം ആംബുലൻസിൽ ഏറ്റുവാങ്ങി ഡ്യൂസൽഡോർഫ് സർവകലാശാല ആശുപത്രിയിൽ എത്തിച്ചു.
കപ്പലിൽ രോഗം ബാധിച്ച വ്യക്തിയുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നെങ്കിലും നിലവിൽ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഇയാളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
നേരത്തെ കപ്പലിൽ നിന്ന് രണ്ട് ജീവനക്കാരെയും രോഗബാധ സംശയിക്കുന്ന ഒരാളെയും നെതർലാൻഡിലേക്ക് മാറ്റിയിരുന്നു. കേപ് വെർഡിക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പലിൽ മൂന്ന് യാത്രക്കാർ മരണപ്പെട്ടതോടെയാണ് ലോകാരോഗ്യ സംഘടന രാജ്യാന്തര തലത്തിൽ ആരോഗ്യ ജാഗ്രത പ്രഖ്യാപിച്ചത്.
എലികളുടെ വിസർജ്യങ്ങളിലൂടെയും മറ്റും പടരുന്ന ഹാൻറ്റാ വൈറസിനെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഡ്യൂസൽഡോർഫ് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇയാളുടെ ദേശീയതയോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
വീടുകളിലും പരിസരങ്ങളിലും എലികളുടെ ശല്യം ഒഴിവാക്കണമെന്നും, പഴയ സ്റ്റോർ റൂമുകളോ ബേസ്മെന്റുകളോ വൃത്തിയാക്കുമ്പോൾ മാസ്ക് ധരിക്കണമെന്നും ജർമൻ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് നിർദേശിച്ചു.
വൈറസ് ബാധയ്ക്ക് നിലവിൽ പ്രത്യേക വാക്സീനുകളോ ചികിത്സയോ ലഭ്യമല്ലാത്തതിനാൽ പ്രതിരോധം മാത്രമാണ് ഏക പോംവഴി. യാത്രക്കാർ വിദേശയാത്രകൾക്ക് ശേഷം പനിയോ മറ്റ് അസ്വസ്ഥതകളോ കണ്ടാൽ ഉടൻ ഡോക്ടറെ കാണണമെന്നും അധികൃതർ അറിയിച്ചു.
Tags : Hantavirus Cruise Ship NRI News