റിയാദ്: കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നും മൈലാഞ്ചി രാവും വിപുലമായി സംഘടിപ്പിച്ചു. റംസാനിലെ 29-ാം ദിനത്തിൽ നടന്ന പരിപാടിയിൽ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു.
മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സൗഹൃദത്തിന്റെയും കുടുംബസംഗമത്തിന്റെയും മനോഹരമായ ഒത്തുചേരലായി മാറി. ഇഫ്താർ വിരുന്നിന് ശേഷം നടന്ന മൈലാഞ്ചി രാവാണ് പരിപാടിയുടെ മുഖ്യ ആകർഷണമായത്.
കോഓർഡിനേറ്റർ വിജില ബിജുവിന്റെ നേതൃത്വത്തിൽ ക്രമീകരിച്ച പരിപാടികൾ പങ്കെടുത്തവർക്കെല്ലാം പുതുമയാർന്ന അനുഭവമായി. മൈലാഞ്ചി അലങ്കാരങ്ങളും പരമ്പരാഗത ഗാനങ്ങളും പരിപാടികൾക്ക് കൂടുതൽ നിറവും കൊഴുപ്പും നൽകി.
സഫതർ ഹുസൈന്റെ നേതൃത്വത്തിൽ ഗാനാലാപനവും സംഗീതവിരുന്നും അരങ്ങേറി. കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ വിവിധ മത്സരങ്ങൾ ഏറെ ആവേശകരമായി. പ്രത്യേകിച്ച് ബെസ്റ്റ് കപ്പിൾസ് മത്സരം വലിയ ശ്രദ്ധ നേടി.
ഈ മത്സരത്തിൽ അദീബ് - ഷബ്ന ദമ്പതികൾ ഒന്നാം സ്ഥാനവും, സമീർ - അൻസിയ ദമ്പതികൾ രണ്ടാം സ്ഥാനവും നേടി. സെക്രട്ടറി ഷഹീബ, പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറർ സീനാ സെബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, അംഗങ്ങളായ സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായ്, സെബിൻ ഇഖ്ബാൽ, വർഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമാങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രവാസി ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ കുടുംബങ്ങൾ ഒരുമിച്ച് സന്തോഷ നിമിഷങ്ങൾ പങ്കിടാൻ ഇത്തരം പരിപാടികൾ വലിയ വേദിയാകുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിലും ഇത്തരം സംഗമങ്ങൾ നിർണായക പങ്ക് വഹിക്കുന്നുവെന്ന് സംഘാടകർ വ്യക്തമാക്കി.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വർണ ബിനുരാജ്, എൻ.കെ. സോവിന, ഗീത ജയരാജ്, സമീർ എന്നിവർ വിവിധ പരിപാടികളുടെ ചുമതലകൾ നിർവഹിച്ചു. കുടുംബവേദി സെക്രട്ടറി സ്വാഗതവും പ്രസിഡന്റ് നന്ദിയും രേഖപ്പെടുത്തി.
Tags : mylanchi ravu keli nri news