കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ഈ വർഷത്തെ സ്കോളർഷിപ്പ് പദ്ധതിയുടെ വിതരണോദ്ഘാടനം മേയ് 31ന് സൂം മുഖേന ഭംഗിയായി നടന്നു.
കേരളത്തിലും അമേരിക്കയിലുമുള്ള നൂറുകണക്കിന് വിദ്യാർഥികളും ദാതാക്കളും പരിപാടിയിൽ പങ്കെടുത്തു. സ്കോളർഷിപ്പ് സമിതി സഹാധ്യക്ഷ ഡോ. തങ്കം അരവിന്ദിന്റെ ആമുഖ പ്രഭാഷണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.
തുടർന്ന് ദിവ്യ ശർമ അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങൾ ആലപിച്ചു. ഡയറക്ടർ ബോർഡ് അംഗം അനഘ വാര്യർ അവതാരകയായി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ആര്യ വൃന്ദ തുപ്പണ്ണിയുടെ സോപാന സംഗീത ശൈലിയിലുള്ള ഈശ്വരപ്രാർഥന ചടങ്ങിന് ഭക്തിനിറഞ്ഞ തുടക്കമായി. സ്വാഗത പ്രസംഗം നടത്തിയ കെഎച്ച്എൻഎ ട്രസ്റ്റി ബോർഡ് അധ്യക്ഷ വനജ നായർ, ഈ വർഷത്തെ സ്കോളർഷിപ്പ് വിതരണം കെഎച്ച്എൻഎയുടെ കാൽനൂറ്റാണ്ടിലേറെ നീളുന്ന സേവനയാത്രയിൽ ഏറെ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞു.
അർഹരായ വിദ്യാർഥികൾക്ക് 25,000 രൂപ മുതൽ 40,000 രൂപ വരെ ധനസഹായം നൽകാൻ സമിതി തീരുമാനിച്ചതായി അവർ അറിയിച്ചു. അടുത്ത വർഷം കൂടുതൽ അർഹരായ വിദ്യാർഥികളെ കണ്ടെത്തി സാമ്പത്തിക സഹായവും മാർഗനിർദേശവും നൽകാൻ കെഎച്ച്എൻഎ ഒരുക്കമാണെന്നും അവർ കൂട്ടിച്ചേർത്തു.
അധ്യക്ഷ പ്രസംഗം നടത്തിയ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ഈ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി മിനസോട്ടയിലെ Kerala Hindus of Minnesotaയും ടെക്സസിലെ ആനന്ദാശ്രമം ചാരിറ്റി ഫൗണ്ടേഷനും സഹകരിക്കാൻ തയാറായതായി അറിയിച്ചു.
പദ്ധതിയുടെ സുതാര്യതയും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളും മനസിലാക്കി മറ്റു ചില സംഘടനകളും കെഎച്ച്എൻഎ വഴി വിദ്യാഭ്യാസ സഹായം നൽകാൻ മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സഹായത്തിനു പുറമേ, നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ട് പുതിയ സഹായനിധി രൂപീകരിക്കാനുള്ള നടപടികളും ആരംഭിക്കുമെന്ന് ടി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
കേരളത്തിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന കേരള കൺവെൻഷനിൽ വച്ച് ഈ സഹായധനം വിതരണം ചെയ്യാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
അനുഗ്രഹ പ്രഭാഷണം നടത്തിയ സ്വാമി ചിദാനന്ദ പുരി, കെഎച്ച്എൻഎയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയെ പ്രശംസിക്കുകയും സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളെ അഭിനന്ദിക്കുകയും ചെയ്തു.
മുഖ്യാതിഥിയായി പങ്കെടുത്ത ന്യൂയോർക്ക് സ്റ്റേറ്റ് ആക്ടിംഗ് ജസ്റ്റിസ് രാജു രാജേശ്വരി, കഠിനാധ്വാനവും വലിയ സ്വപ്നങ്ങളും ജീവിതവിജയത്തിലേക്കുള്ള വഴിയാണെന്ന് വിദ്യാർഥികളെ ഓർമിപ്പിച്ചു. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്ന് കുടിയേറ്റക്കാരിയായി അമേരിക്കയിലെത്തി, കഠിനാധ്വാനത്തിലൂടെയാണ് താൻ ഈ സ്ഥാനത്തെത്തിയതെന്നും അവർ പറഞ്ഞു.
തുടർന്ന് കേരള സർവകലാശാല ബയോഇൻഫർമാറ്റിക്സ് വിഭാഗം മുൻ മേധാവി പ്രഫ. ഡോ. അച്യുത് ശങ്കർ വിദ്യാർഥികൾക്കായി തൊഴിൽ മാർഗനിർദേശ പ്രഭാഷണം നടത്തി. വരാനിരിക്കുന്ന കാലഘട്ടം നിർമിതബുദ്ധിയുടെ എഐയുടെ യുഗമാണെന്നും അതിനായി വിദ്യാർഥികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
എൻജിനിയറിംഗിലും സംഗീതത്തിലും ഗവേഷണ ബിരുദമുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി.ഗുരുവായൂരപ്പൻ കോളേജ് സംസ്കൃത വിഭാഗം മുൻ മേധാവി ഡോ. ലക്ഷ്മി ശങ്കർ, ആനന്ദാശ്രമം ചാരിറ്റി ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ജയ് കെ. രാമൻ, കെഎച്ച്എംഎൻ പ്രസിഡന്റ് നാരായണൻ നായർ, മുഖ്യമന്ത്രിയുടെയും കേരള ഗവർണറുടെയും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി പി. സുരേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.
സ്കോളർഷിപ്പ് സമിതി അധ്യക്ഷൻ രാഘവൻ നായർ വിതരണ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ തുടർന്നുള്ള സെമസ്റ്റർ പരീക്ഷാഫലങ്ങൾ ധനസഹായം നൽകിയവർക്ക് അയച്ചുകൊടുക്കണമെന്നും അദ്ദേഹം അറിയിച്ചു.
ആര്യ വൃന്ദയുടെ മനോഹരമായ കഥകളിപ്പദ ആലാപനവും സ്കോളർഷിപ്പ് സമിതി അംഗം ഡോ. ബിജു പിള്ളയുടെ കൃതജ്ഞതാ പ്രകടനവും പരിപാടിക്ക് സമാപനം കുറിച്ചു. ഏകദേശം രണ്ടു മണിക്കൂർ നീണ്ട ചടങ്ങ് പങ്കെടുത്തവരുടെ പ്രശംസ നേടി.
Tags : KHNA Scholarship StudentSupport