ഡാളസ്: അമേരിക്കയിൽ വധശിക്ഷ നടപ്പിലാക്കുന്നതിൽ മുൻപന്തിയിലുള്ള ടെക്സസ് തങ്ങളുടെ ചരിത്രത്തിലെ 600-ാമത്തെ വധശിക്ഷ പൂർത്തിയാക്കി.
2005-ൽ 77 വയസുകാരിയായ റിട്ട. പ്രഫസറെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ എഡ്വേർഡ് ബസ്ബിയുടെ (50) ശിക്ഷയാണ് വ്യാഴാഴ്ച രാത്രി നടപ്പിലാക്കിയത്.
ഹണ്ട്സ്വില്ലിലെ സ്റ്റേറ്റ് ജയിലിലെ ശിക്ഷാ മുറിയിൽ വച്ച് രാത്രി എട്ടോടെ വിഷമിശ്രിതം കുത്തിവച്ചായിരുന്നു പ്രതിയുടെ മരണം സ്ഥിരീകരിച്ചത്. 2005-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ടിസിയു റിട്ട. പ്രഫസറെ തട്ടിക്കൊണ്ടുപോയി അവരുടെ മുഖം താടി മുതൽ പുരികം വരെ 14 പാളികളായി ഡക്ട് ടേപ്പ് ഉപയോഗിച്ച് ചുറ്റുകയും തുടർന്ന് കാറിന്റെ ഡിക്കിക്കുള്ളിലിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് ബസ്ബിക്കെതിരേയുള്ള കേസ്.
ബസ്ബിക്ക് മാനസിക വെല്ലുവിളികൾ (ഐക്യു 75) ഉണ്ടെന്ന വാദത്തെത്തുടർന്ന് കഴിഞ്ഞാഴ്ച ഫെഡറൽ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. മാനസിക വൈകല്യമുള്ളവർക്ക് വധശിക്ഷ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന വാദമാണ് പ്രതിഭാഗം ഉയർത്തിയത്.
എന്നാൽ, വ്യാഴാഴ്ച ഉച്ചയോടെ യുഎസ് സുപ്രീംകോടതി ഈ സ്റ്റേ നീക്കിയതോടെ ശിക്ഷാ നടപടികൾക്ക് വഴിതെളിയുകയായിരുന്നു. കോടതിയിലെ ലിബറൽ ജഡ്ജിമാർ ഈ തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി.
വധശിക്ഷയ്ക്കെതിരേ "ഹ്യൂമൻ റൈറ്റ്സ് ഡാളസ് ഡിഗ്നിറ്റി', "ഫെയ്ത്ത് കോമൺസ്' തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ജയിലിന് പുറത്ത് പ്രതിഷേധങ്ങൾ നടന്നു.
"ഒരു മനുഷ്യൻ ചെയ്ത ഏറ്റവും മോശമായ പ്രവർത്തിയുടെ പേരിൽ മാത്രം അയാളെ വിലയിരുത്തരുത് എന്ന് പ്രതിഷേധക്കാർ പറഞ്ഞു.
Tags : 600th person Executed Texas USA