ബെർലിൻ: ജർമനിയിലെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ഉണർവ് നൽകുന്നതിനായി ചാൻസലർ ഫ്രെഡറിക് മെർസ് നേതൃത്വം നൽകുന്ന സർക്കാർ ബഹുബില്യൺ യൂറോയുടെ പരിഷ്കരണ പാക്കേജ് പ്രഖ്യാപിച്ചു.
ഭരണകക്ഷികളായ സിഡിയുവും എസ്പിഡിയും തമ്മിൽ മാസങ്ങളായി നീണ്ട ചർച്ചകൾക്കൊടുവിലാണ് "Program for Revival and Employment' എന്ന പേരിലുള്ള പദ്ധതി അവതരിപ്പിച്ചത്.
രാജ്യത്തെ തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും ആശ്വാസമാകുന്ന വിധത്തിൽ 10 ബില്യൺ യൂറോയുടെ നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു ശരാശരി കുടുംബത്തിന് പ്രതിവർഷം ഏകദേശം 600 യൂറോയുടെ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
അതേസമയം, ഈ ഇളവിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ഉയർന്ന വരുമാനമുള്ള വിഭാഗങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തുമെന്നും ധനമന്ത്രി ലാർസ് ക്ലിംഗ്ബെയ്ൽ അറിയിച്ചു. പെൻഷൻ സംവിധാനത്തിന്റെ ദീർഘകാല സ്ഥിരത ഉറപ്പാക്കുന്നതിനായി വിരമിക്കൽ പ്രായം ഘട്ടംഘട്ടമായി 67 വയസാക്കി ഉയർത്താനും സർക്കാർ തീരുമാനിച്ചു.
ജീവനക്കാരുടെ രോഗാവധി ദുരുപയോഗം തടയുന്നതിനായി ഫോൺ മുഖേന മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന സംവിധാനം അവസാനിപ്പിക്കുകയും ആദ്യ ദിവസം മുതൽ നേരിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്യും.
ബിസിനസ് മേഖലയിൽ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായി അനാവശ്യ റിപ്പോർട്ടിംഗും ഭരണനടപടികളും കുറച്ച് കമ്പനികൾക്ക് കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
സമീപകാല അഭിപ്രായ സർവേകളിൽ തീവ്രവലതുപക്ഷ പാർട്ടിയായ എഎഫ്ഡി മുന്നിലെത്തിയതും വരാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളും സർക്കാരിന്റെ പരിഷ്കരണ നീക്കങ്ങൾക്ക് പ്രധാന പ്രേരണയായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അമേരിക്കയുടെ പുതിയ വ്യാപാര-നികുതി നയങ്ങളും ചൈനയിൽ നിന്നുള്ള കടുത്ത മത്സരവും ജർമൻ സമ്പദ്വ്യവസ്ഥയെ സമ്മർദത്തിലാക്കിയ സാഹചര്യവും ഈ തീരുമാനങ്ങൾക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
പതിറ്റാണ്ടുകൾക്കുശേഷം ജർമനി പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണ പാക്കേജുകളിലൊന്നായാണ് ഇതിനെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ഇത് രാജ്യത്തിന്റെ വളർച്ചയ്ക്ക് പുതിയ ഊർജം പകരുമെന്നും വ്യവസായ-തൊഴിൽ മേഖലകൾക്ക് ഉണർവേകുമെന്നും പ്രതീക്ഷിക്കുന്നു.
Tags : FriedrichMerz GermanEconomy EconomicReforms TaxRelief