x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ൻ​സി​ൽ വി​ദ്യാ​ർ​ഥി സ​മ​രം; 400ല​ധി​കം സ്കൂ​ളു​ക​ൾ പൂ​ട്ടി, 2,000 പേ​ർ അ​റ​സ്റ്റി​ൽ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: October 2, 2026 05:00 PM IST | Updated: October 2, 2026 05:00 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

 

പാ​രീ​സ്: സ്കൂ​ളു​ക​ളി​ലെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കും അ​ധ്യാ​പ​ക​രു​ടെ കു​റ​വി​നു​മെ​തി​രേ ഫ്രാ​ൻ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ തെ​രു​വി​ൽ. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ രാ​ജ്യ​ത്തു​ട​നീ​ളം 400-ല​ധി​കം സ്കൂ​ളു​ക​ളാ​ണ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ച്ച പൊ​ലി​സും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ ശ​ക്ത​മാ​യ ഏ​റ്റു​മു​ട്ട​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തു​വ​രെ ഏ​ക​ദേ​ശം 2,000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം പാ​രീസ് മേ​ഖ​ല​യി​ലെ ഹൈ​സ്കൂ​ളു​ക​ളി​ൽ തു​ട​ങ്ങി ചെ​റി​യ രീ​തി​യി​ൽ ആ​ളി​ക്ക​ത്തി​യ പ്ര​ക്ഷോ​ഭ​മാ​ണ് ഇ​പ്പോ​ൾ ഫ്രാ​ൻ​സ് മു​ഴു​വ​ൻ പ​ട​ർ​ന്നു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

40 ഹൈ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾമാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​റ്റ റീ​ജി​യ​ണി​ൽ മാ​ത്രം 25 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ നാ​ശ​ന​ഷ്ടം ഉണ്ടായിട്ടുണ്ട്.

സ​മ​ര​ത്തി​ന് പി​ന്നി​ൽ?

അ​ധ്യാ​പ​ക​രു​ടെ കു​റ​വ്, ശോ​ച്യാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ, പ​ഠ​ന സാ​മ​ഗ്രി​ക​ളു​ടെ അ​പ​ര്യാ​പ്ത​ത എ​ന്നി​വ​യ്‌​ക്കെ​തി​രേ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം ത​ങ്ങ​ളെ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന പ​രാ​തി.

എ​ന്നാ​ൽ, പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് അ​ക്ര​മ​കാ​രി​ക​ൾ നു​ഴ​ഞ്ഞു​ക​യ​റി സ​മ​രം ഹൈ​ജാ​ക്ക് ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് ഫ്ര​ഞ്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ഡ്വേ​ർ​ഡ് ഗെ​ഫ്രെ​യു​ടെ പ്ര​തി​ക​ര​ണം.

വി​ദ്യാ​ർ​ഥി​ക​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്നും ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ തെ​രു​വി​ൽ ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

രാ​ഷ്ട്രീ​യ പോ​ർ​ക്ക​ള​മാ​യി വി​ദ്യാ​ർ​ഥി സ​മ​രം

സ​മ​ര​ത്തി​ന് പി​ന്നി​ൽ ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ "ല ​ഫ്രാ​ൻ​സ് ഇ​ൻ​സു​മി​സ്' ആ​ണെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി സെ​ബാ​സ്റ്റ്യ​ൻ ലെ​കോ​ർ​നു ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ൾ ത​ള്ളി.

എ​ങ്കി​ലും എ​ൽഎ​ഫ്ഐ നേ​താ​വും 2027-ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥിയു​മാ​യ ജീ​ൻ-​ലൂ​ക്ക് മെ​ലെ​ഞ്ചോ​ൺ വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പൊ​ലി​സ് കാ​മ്പ​സു​ക​ളി​ൽ നി​ന്ന് പി​ൻ​വാ​ങ്ങു​ക, സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ മു​ദ്രാ​വ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി ഒ​ക്ടോ​ബ​ർ ആറിന് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ് വി​ദ്യാ​ർ​ഥി യൂ​ണി​യ​നു​ക​ൾ.

Tags : StudentProtest France SchoolsClosed Arrest

Recent News

Corehub Up