സാർബ്രൂക്കൻ: ജർമനിയിലെ സാർലാൻഡ് സംസ്ഥാന മുഖ്യമന്ത്രി അങ്കെ റെലിംഗർ (Anke Rehlinger) സഞ്ചരിച്ച വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പകുതിവഴിയിൽ നിന്നും അടിയന്തിരമായി തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെ സാർബ്രൂക്കൻ വിമാനത്താവളത്തിൽ നിന്നും രാജ്യതലസ്ഥാനമായ ബർലിനിലേക്ക് പുറപ്പെട്ട വിമാനമാണ് ആകാശത്ത് വച്ച് അടിയന്തിരമായി തിരിച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 6.30-ന് സാർബ്രൂക്കൻ (SCN) വിമാനത്താവളത്തിൽ നിന്നും ഡാനിഷ് വിമാനക്കമ്പനിയായ ഡിഎടി യുടെ 'ATR 42-500' ഇരട്ട എഞ്ചിൻ പ്രൊപ്പല്ലർ വിമാനത്തിലാണ് മുഖ്യമന്ത്രിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘവും ബർലിനിലേക്ക് പുറപ്പെട്ടത്.
വിമാനം ആകാശത്തുയർന്ന് ഏകദേശം 7.06 ഓടെ ബവേറിയയിലെ മിൽട്ടൻബെർഗിന് മുകളിൽ എത്തിയപ്പോഴാണ് പൈലറ്റുമാർ വിമാനത്തിന് സാങ്കേതിക തകരാർ (Technical Problems) കണ്ടെത്തിയത്. തുടർന്ന് ഒട്ടും സമയം കളയാതെ യാത്രക്കാരെ വിവരമറിയിച്ചുകൊണ്ട് പൈലറ്റുമാർ വിമാനം സാർബ്രൂക്കനിലേക്ക് തന്നെ തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.
തിരിച്ച് പറന്ന വിമാനം രാവിലെ 7.36 ഓടെ, അതായത് ഒരു മണിക്കൂറിനുള്ളിൽ സാർബ്രൂക്കൻ റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഒരു അടിയന്തിര ലാൻഡിംഗ് അല്ലായിരുന്നുവെന്നും മുൻകരുതലിന്റെ ഭാഗമായുള്ള തിരിച്ചിറക്കൽ മാത്രമായിരുന്നുവെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. വിമാനക്കമ്പനിയായ DAT-ക്ക് സാർബ്രൂക്കനിൽ സ്വന്തമായി സാങ്കേതിക വിദഗ്ദ്ധർ ഉള്ളതിനാലാണ് വിമാനം ബർലിനിലേക്ക് പോകാതെ ഇങ്ങോട്ട് തന്നെ തിരിച്ചത്.
അതേസമയം, വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പുതിയ യാത്രാ സമയത്തിനായുള്ള വിവരങ്ങൾക്കായി ടെർമിനലിൽ കാത്തുനിൽക്കുകയാണ്. ഇവരുടെ ലഗേജുകൾ സുരക്ഷ മുൻനിർത്തി താൽക്കാലികമായി വിമാനത്തിനുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
Tags : Technical failure German Saarland Ange Relinger