മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ 96-ാമത് റീയൂണിയൻ ആഘോഷം
ബോൺ: ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ 96-ാമത് റീയൂണിയൻ ആഘോഷം ബോണിലെ ഹെയ്ലിഗ് ഗൈസ്റ്റ് ദേവാലയത്തിൽ വിപുലമായ പരിപാടികളോടെ ഭക്തിനിർഭരമായി നടന്നു. ജർമനിയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികളുടെ സജീവ സാന്നിധ്യം ഈ സംഗമത്തെ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും അവിസ്മരണീയ വേദിയാക്കി മാറ്റി.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിശുദ്ധ കുർബാനയ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ ബിഷപ്പ് എമിരിറ്റസ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യകാർമ്മികത്വം വഹിച്ചു. ജർമനിയിലെ മലങ്കര കത്തോലിക്കരുടെ കോ-ഓർഡിനേറ്റർ കോർ എപ്പിസ്കോപ്പ ഫാ. സന്തോഷ് തോമസ് കോയിക്കൽ, അസോസിയേറ്റ് കോ-ഓർഡിനേറ്ററും ബോൺ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവക വികാരിയുമായ റവ. ഡോ. ജോസഫ് ചേലമ്പറമ്പത്ത്, കമ്മ്യൂണിയോ ഇൻ ക്രിസ്തോ ജനറൽ സുപ്പീരിയർ ഫാ. ജെയ്സൺ താഴത്തേൽ, ഫാ. ജോബിൻ പുന്തലവിളയിൽ, ഫാ. സാമുവൽ പറവിലയിൽ, ഫാ. ബിനോയ് കൊച്ചുകരിക്കാത്തിൽ, ഫാ. സുബിൻ ചാലിൽ എന്നിവർ സഹകാർമ്മികരായി.
ഉപവി-നീതി വർഷത്തിന് തുടക്കം; ലോഗോ പ്രകാശനം ചെയ്തു
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശതാബ്ദി ആഘോഷങ്ങളുടെ മുന്നൊരുക്കമായി, 2026 സെപ്റ്റംബർ 20 മുതൽ 2027 സെപ്റ്റംബർ 19 വരെ പ്രഖ്യാപിച്ചിട്ടുള്ള ഉപവി-നീതി വർഷത്തിന്റെ (Year of Charity & Justice) റീജിയണൽ തല ഉദ്ഘാടനവും ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. 'നീയും പോയി അതുപോലെ ചെയ്യുക' (ലൂക്കാ 10:37) എന്ന ക്രിസ്തുവചനം ജീവിതത്തിൽ സാക്ഷാത്കരിച്ച്, കരുണയിലും നീതിയിലും അധിഷ്ഠിതമായ ഒരു സാക്ഷ്യ ജീവിതത്തിലേക്ക് വിശ്വാസികളെ നയിക്കുക എന്നതാണ് ഈ വർഷാചരണത്തിന്റെ മുഖ്യ ലക്ഷ്യം.
പുതിയ ചാപ്ലിൻ നിയമനങ്ങളും ആദരവും
വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ അഭി. ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കോർ എപ്പിസ്കോപ്പ ഫാ. സന്തോഷ് തോമസ്, റവ. ഡോ. ജോസഫ് ചേലമ്പറമ്പത്ത്, കൊളോൺ അതിരൂപതയിലെ ഇന്റർനാഷണൽ കാത്തലിക്സ് വിഭാഗം പ്രതിനിധി ഇങ്ബർട്ട് മ്യൂഹെ, ജർമനിയിലെ പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡന്റ് അരുൺ പാലത്തിങ്കൽ, വർഗീസ് കർണ്ണാശേരിൽ എന്നിവർ പ്രസംഗിച്ചു.
ജർമനിയിലെ മലങ്കര കത്തോലിക്കാ മിഷനുകളിലെ പുതിയ ചാപ്ലിൻ നിയമനങ്ങളും ചടങ്ങിൽ പ്രഖ്യാപിച്ചു. മൈൻസ് മിഷനിലേക്ക് ഫാ. എൽദോയെയും, ബർലിൻ മിഷനിലേക്ക് ഫാ. ജോബിൻ പുന്തലവിളയിലിനെയും പുതിയ ചാപ്ലിന്മാരായി നിയമിച്ചു. കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ഫാ. സന്തോഷ് തോമസ് കോയിക്കലിനെയും, അസോസിയേറ്റ് കോർഡിനേറ്ററായി നിയമിതനായ ഫാ. ജോസഫ് ചേലമ്പറമ്പത്തിനെയും വിശ്വാസി സമൂഹം അഭിനന്ദിച്ചു.
കലാപരിപാടികളും സമാപനവും
സൺഡേ സ്കൂൾ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണവും കുട്ടികളും കുടുംബങ്ങളും ചേർന്നൊരുക്കിയ വിവിധ കലാ-സാംസ്കാരിക പരിപാടികളും സംഗമത്തിന് മാറ്റ് കൂട്ടി. ബോൺ ഇടവക വികാരി റവ. ഡോ. ജോസഫ് ചേലമ്പറമ്പത്ത് അതിഥികളെ സ്വാഗതം ചെയ്യുകയും ട്രസ്റ്റി വർഗീസ് കർണ്ണാശേരിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മെർലിൻ റിറ്റ്സ് ജർമ്മൻ ഭാഷയിലും ജിറ്റി പാലത്തിങ്കൽ മലയാളത്തിലും പരിപാടികളുടെ അവതാരകരായി.
ബർലിൻ, മാഗ്ഡെബുർഗ്, ഫ്രാങ്ക്ഫർട്ട്, ഹൈഡൽബർഗ്, മ്യൂണിക്ക്, ക്രേഫെൽഡ്, ഡോർട്ട്മുണ്ട് തുടങ്ങി ജർമനിയുടെ നാനാഭാഗങ്ങളിൽ നിന്നുമെത്തിയ വൈദികരും സന്യസ്തരും അൽമായരും ഒത്തുചേർന്ന ഈ മഹാസംഗമം ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും സേവന സന്നദ്ധതയും ഊട്ടിയുറപ്പിക്കുന്ന വേദിയായി മാറി.
Tags : Deepika DeepikaNewspaper BreakingNews 96th Reunion celebration Malankara Catholic community