സാൾട്ട് ലേക്ക് സിറ്റി: അമേരിക്കയിലെ യുട്ടാ സംസ്ഥാനത്ത് മീസെല്‍സ് രോഗം അതിവേഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ കണക്കനുസരിച്ച് കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ ഇതുവരെ 583 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വാക്സിന് എടുക്കാത്തവര്‍ക്കിടയിലാണ് രോഗം പ്രധാനമായും പടരുന്നത്. വാക്സിന് എടുക്കാത്തവരും ലക്ഷണങ്ങള്‍ ഉള്ളവരും 21 ദിവസം വീട്ടില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. രോഗബാധിതരില്‍ 83 ശതമാനം പേരും വാക്സിന് എടുക്കാത്തവരാണ്.
കുട്ടികളിലാണ് രോഗം കൂടുതല്‍ കാണപ്പെടുന്നത് (മുതിര്‍ന്നവരേക്കാള്‍ ഇരട്ടി). ദക്ഷിണ പശ്ചിമ യുട്ടായിലെ ചില മതവിഭാഗങ്ങള്‍ക്കിടയിലാണ് ആദ്യം രോഗം കണ്ടതെങ്കിലും ഇപ്പോള്‍ സംസ്ഥാനത്തെമ്പാടുമുള്ള വിവിധ കമ്യൂണിറ്റികളിലേക്ക് ഇത് വ്യാപിച്ചിട്ടുണ്ട്.
ഉയര്‍ന്ന പനി, ന്യൂമോണിയ, തലച്ചോറിലെ വീക്കം എന്നിവയ്ക്ക് ഈ രോഗം കാരണമാകാം. 2025-ല്‍ അമേരിക്കയില്‍ മൂന്ന് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാക്സിനേഷനെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളും അവിശ്വാസവുമാണ് രോഗം ഇത്രത്തോളം പടരാന്‍ കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൃത്യമായ വിവരങ്ങള്‍ക്കായി ഡോക്ടര്‍മാരുമായി സംസാരിക്കണമെന്നും മുന്‍കരുതല്‍ എടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Tags : Utah Measles Total rises