ബാങ്കോക്ക്: റൈസിംഗ് സ്റ്റാർസ് വിമൻസ് ഏഷ്യ കപ്പ് കിരീടം നിലനിർത്തി ഇന്ത്യ എ. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ എ കിരീടം നേടുന്നത്. ഇന്ന് നടന്ന ഫൈനലിൽ ബംഗ്ലാദേശ് എയെ 46 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ എ കിരീടം സ്വന്തമാക്കിയത്.
ഇന്ത്യ എ ഉയർത്തിയ 135 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് 88 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 20 റൺസെടുത്ത ഷമീമ സുൽത്താനയ്ക്കും 18 റൺസെടുത്ത ഷർമിൻ സുൽത്താനയ്ക്കും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ചുനിൽക്കാനായത്.
ഇന്ത്യ എയ്ക്ക് വേണ്ടി പ്രേമാ റാവത്ത് മൂന്ന് വിക്കറ്റെടുത്തു. സോണിയ മെംദിയയും തനുജ കൺവറും രണ്ട് വിക്കറ്റ് വീതവും സൈയ്മ താക്കോറും മിന്നു മണിയും രാധാ യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 134 റൺസെടുത്തത്. തേജൽ ഹസബ്നിസിന്റെ അർധ സെഞ്ചുറിയുടെയും ക്യാപ്റ്റൻ രാധാ യാദവിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇന്ത്യ എ ഭേദപ്പെട്ട സ്കോറിലെത്തിയത്. തേജൽ 51 റൺസാണെടുത്തത്. 34 പന്തിൽ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു തേജലിന്റെ ഇന്നിംഗ്സ്.
രാധാ യാദവ് 36 റൺസാണ് സ്കോർ ചെയ്തത്. വൃന്ദാ ദിനേഷ് 19 റൺസെടുത്തു. ബംഗ്ലാദേശ് എയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഫഹിമ ഖതുൻ നാല് വിക്കറ്റെടുത്തു. ഫർജാന ഈസ്മിനും ഫതെമ ജാഹൻ സോണിയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : india a won rising stars womens asia cup title