ചെന്നൈ: ഇന്നറിയാം, ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നം സഫലമാകാന്‍ സാധ്യതയുണ്ടോ എന്നും ഒന്നാം തീയതി (മാര്‍ച്ച് ഒന്ന്) എങ്ങനെയാകുമെന്നും... ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളിലായി പോരാട്ടം ആരംഭിച്ചെങ്കിലും സൂപ്പര്‍ എട്ടിലെ ആദ്യമത്സരത്തോടെ സെമി സാധ്യതാ കണക്കുകള്‍ കൂട്ടിയും കിഴിച്ചുമിരിക്കേണ്ട അവസ്ഥയിലേക്കു പതിച്ചിരിക്കുകയാണ് ടീം ഇന്ത്യ.
ഗൗതം ഗംഭീറിന്റെ കോച്ചിംഗും സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയും അഹമ്മദാബാദിലെ തലതിരിഞ്ഞ പിച്ചും ചേര്‍ന്നപ്പോള്‍ സ്വന്തം മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രം പോരാ, മറ്റുള്ള ടീമുകളുടെ മത്സരഫലങ്ങളും ആശ്രയിച്ചു മാത്രമേ ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നം സഫലമാകൂ എന്നതാണ് അവസ്ഥ. സപ്പർ എട്ടിൽ ജീവൻ നിലനിർത്താനുള്ള ടോണിക്കിനായാണ് സൂര്യകുമാർ യാദവും സംഘവും ഇറങ്ങുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക x വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം നടക്കും. ഈ പോരാട്ടത്തിന്റെ ഫലമനുസരിച്ചായിരിക്കും സിംബാബ്വെയെ കീഴടക്കിയാലും ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത എങ്ങനെയെന്നു വ്യക്തമാകൂ. മാര്‍ച്ച് ഒന്നിന് വെസ്റ്റ് ഇന്‍ഡീസിന് എതിരേയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ അവസാന മത്സരം.
ദക്ഷിണാഫ്രിക്ക x വിന്‍ഡീസ്
സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ ആദ്യമത്സരങ്ങളില്‍ ജയിച്ച ടീമുകളാണ് വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും. എന്നാല്‍, നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്. വിന്‍ഡീസിന്റെ നെറ്റ് റണ്‍ റേറ്റ് 5.350, ദക്ഷിണാഫ്രിക്കയുടേത് 3.800.
ഇന്ന് ദക്ഷിണാഫ്രിക്ക ജയിക്കുന്നത് ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാക്കും. കാരണം, ഇന്നു പരാജയപ്പെട്ടാല്‍ വിന്‍ഡീസ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങുകയും അവരുടെ നെറ്റ് റണ്‍ റേറ്റില്‍ ഇടിവുണ്ടാകുകയും ചെയ്യും. ഇന്നു സിംബാബ്വെയെ 100 റണ്‍സ് വ്യത്യാസത്തില്‍ പരാജയപ്പെടുത്താന്‍ സാധിച്ചാല്‍ (വിന്‍ഡീസ് 107 റണ്‍സിനാണ് സിംബാബ്വെയെ കീഴടക്കിയത്) ഇന്ത്യക്ക് നെറ്റ് റണ്‍ റേറ്റില്‍ കുതിക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ മാര്‍ച്ച് ഒന്നിന് വെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരത്തില്‍ ജയിച്ച് ഇന്ത്യക്ക് സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാം.
അതേസമയം, ഇന്നു വിന്‍ഡീസ് ആണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ ബുദ്ധിമുട്ടാകും. കാരണം, മാര്‍ച്ച് ഒന്നിന് ഇന്ത്യ വിന്‍ഡീസിനെ കീഴടക്കിയാല്‍ അതോടെ ഇന്ത്യക്കും വിന്‍ഡീസിനും നാല് പോയിന്റ് വീതമാകും. മാര്‍ച്ച് ഒന്നിനു നടക്കുന്ന ദക്ഷിണാഫ്രിക്ക x സിംബാബ്വെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയിക്കാനാണ് സാധ്യത. അതോടെ ദക്ഷിണാഫ്രിക്കയ്ക്കും നാലു പോയിന്റാകും. അതോടെ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരെ നിശ്ചയിക്കുന്നതും സെമി ഫൈനല്‍ ടിക്കറ്റ് നല്‍കുന്നതും.
ദക്ഷിണാഫ്രിക്ക x വിന്‍ഡീസ് മത്സരം ഫലം വരുന്നതിനു പിന്നാലെ ആയിരിക്കും ഇന്ത്യ x സിംബാബ്വെ പോരാട്ടം ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ അരങ്ങേറുക. ദക്ഷിണാഫ്രിക്കയെ വിന്‍ഡീസ് തോല്‍പ്പിച്ചാല്‍ ഇന്ത്യയുടെ ലക്ഷ്യം സിംബാബ്വെയ്ക്ക് എതിരായ കൂറ്റന്‍ ജയമായി മാറും. അല്ലെങ്കില്‍ നെറ്റ് റണ്‍ റേറ്റില്‍ ഇന്ത്യക്കു പിടിച്ചുനില്ക്കാന് സാധിക്കില്ല. അതേസമയം, ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകളെ ഗ്രൂപ്പ് ഘട്ടത്തില്‍ അട്ടിമറിച്ചവരാണ് സിക്കന്ദര്‍ റാസ നയിക്കുന്ന സിംബാബ്വെ എന്നു വിസ്മരിക്കരുത്. അതുകൊണ്ട് കൂറ്റന്‍ ജയമെന്ന ഇന്ത്യന്‍ മോഹം എത്രമാത്രം സഫലമാകുമെന്നതും കണ്ടറിയണം.
റിങ്കു സിംഗ് കുടുംബാവശ്യത്തെ തുടര്‍ന്ന് സ്വദേശത്തേക്കു മടങ്ങിയതും ടോപ് ഓര്‍ഡറിന്റെ മോശം ഫോമും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണിന് ഇന്നു പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ വഴിയൊരുക്കുമെന്നാണ് സൂചന. ഇന്ത്യന്‍ ടീമിന്റെ നെറ്റ്സ് പരിശീലനത്തില്‍ സഞ്ജു ഏറെനേരം ബാറ്റും കീപ്പും ചെയ്തിരുന്നു. അര്‍ഷദീപ് സിംഗ്, മുഹമ്മദ് സിറാജ്, അക്സര്‍ പട്ടേല്‍ തുടങ്ങിയവരെല്ലാം സഞ്ജുവിനായി നെറ്റ്സില്‍ പന്തെറിഞ്ഞു.
അര്ഷദീപിന്റെയും സിറാജിന്റെയും ഷോര്‍ട്ട് പന്തുകളെ നിലംതൊടാതെ സഞ്ജു ഗാലറിയിലേക്കു പറത്തി. എന്നാല്‍, അര്‍ഷദീപിന്റെ ഗുഡ് ലെംഗ്ത് പന്തില്‍ സഞ്ജുവിന്റെ ബാക്ക് ഫുട്ട് ഡ്രൈവ് ഫലം കണ്ടില്ല, പന്ത് കണക്ട് ചെയ്യാന്‍ സഞ്ജുവിനു സാധിച്ചില്ല. ന്യൂസിലന്‍ഡിന് എതിരായ ട്വന്റി-20 പരമ്പരയില്‍ ജേക്കബ് ഡഫിയും മാറ്റ് ഹെന്റിയും സഞ്ജുവിനെ ഗുഡ് ലെംഗ്തിലൂടെ അതിവേഗത്തില്‍ പുറത്താക്കിയിരുന്നു. അതോടെയാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍നിന്ന് സഞ്ജു തെറിച്ചത്.
2026 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സഞ്ജു. രാജസ്ഥാന് റോയല്സുമായുണ്ടായിരുന്ന സുദീര്‍ഘ കരാര്‍ അവസാനിപ്പിച്ചാണ് സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തിയത്. സിഎസ്കെയ്ക്കായി അരങ്ങേറ്റം നടത്തുന്നതിനു മുമ്പുതന്നെ, അവരുടെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ കളിക്കാനുള്ള അവസരമാണ് സഞ്ജുവിനു വന്നുചേര്‍ന്നിരിക്കുന്നത്. ടീം ഇന്ത്യയുടെ പരിശീലനത്തിനിടെ സഞ്ജുവിനായി ഗാലറിയില്‍ ആരാധകര്‍ ജയ് വിളിച്ചിരുന്നു.
അക്സര്‍ പട്ടേല്‍ തിരിച്ചെത്തും
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക് അക്സര്‍ പട്ടേലും ഇന്നു തിരിച്ചെത്തിയേക്കും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഹമ്മദാബാദ് പോരാട്ടത്തില്‍ അക്സര്‍ പട്ടേലിനെ പുറത്തിരുത്തിയത് വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.
ബ്ലാക്ക് സോയില്‍ പിച്ചാണ് എം.എ. ചിദംബരം സ്റ്റേഡിയത്തിലേത്. സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിച്ചേക്കില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ അരങ്ങേറിയ അഫ്ഗാനിസ്ഥാന് x ന്യൂസിലന്‍ഡ് മത്സരത്തില്‍ സ്പിന്നര്‍മാരായ മിച്ചല്‍ സാന്റ്നര്‍, റഷീദ് ഖാന്, മുജീബ് ഉര് റഹ്മാന് എന്നിവര്‍ക്കു കാര്യമായ ചലനം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാന് മുന്നോട്ടുവച്ച 183 റണ്‍സ് എന്ന ലക്ഷ്യം ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നിരുന്നു.
സിക്കന്തർ റാസ x ഇടംകൈയന്മാര്
ഇന്ത്യയുടെ വെടിക്കെട്ട് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായ അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരെ ഈ ലോകകപ്പില്‍ ഇതുവരെ കാര്യമായ ചലനം സൃഷ്ടിച്ചില്ല. തിലകും അഭിഷേകും ഇഷാന് കിഷനും ഓഫ് സ്പിന്നര്‍മാര്‍ക്കു മുന്നില്‍ വീഴുന്ന കാഴ്ചയും അരങ്ങേറി. പാക്കിസ്ഥാന്റെ സല്മാന് അലി ആഘ, നെതര്‍ലന്‍ഡ്സിന്റെ ആര്യന് ദത്ത്, ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ അഭിഷേകിനെയും ഇഷാന് കിഷനെയും തുടക്കത്തിലേ വീഴ്ത്തി ഇന്ത്യയെ സമ്മര്‍ദത്തിലാക്കുന്നതില്‍ വിജയിച്ചിരുന്നു.
അഭിഷേക്, ഇഷാന്, തിലക് എന്നിവര്‍ ഓഫ് സ്പിന്നര്‍മാരായ വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ നെറ്റ്സില്‍ കൂടുതല്‍ സമയം നേരിട്ടു. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് ഇന്ത്യയുടെ ഇടംകൈ ടോപ് ഓര്ഡറിനെതിരേ സിംബാബ്വെയുടെ ആയുധം.
Tags : India Zimbabwe Chennai ICC Mens Twenty20 Worldcup Cricket