കോല്‍ക്കത്ത/ന്യൂഡല്‍ഹി/ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2025-26 സീസണിന് ഇന്നു സൂപ്പര്‍ ക്ലൈമാക്സ്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ടൂര്‍ണമെന്റ് പ്രതിസന്ധിയിലാകുകയും 13 റൗണ്ടിലേക്കു ലീഗ് ചുരുക്കുകയും ചെയ്തെങ്കിലും ഏറ്റവും ആവേശ ക്ലൈമാക്സിലേക്കാണ് എത്തിനില്‍ക്കുന്നത്.
2025-26 സീസണ് ലീഗ് കിരീടത്തിനായി അഞ്ച് ടീമുകളാണ് പോരാട്ടരംഗത്തുള്ളതെന്നതും ശ്രദ്ധേയം. ഈ അഞ്ച് ടീമും ഇന്നു നടക്കുന്ന അവസാന റൗണ്ട് പോരാട്ടത്തിനായി കളത്തില്‍ ഇറങ്ങും.
ഈസ്റ്റ്, മോഹന്‍ ബഗാന്
12 റൗണ്ട് പൂര്‍ത്തിയാക്കി ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും 23 പോയിന്റുമായി യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്. ഗോള്‍ വ്യത്യാസത്തില്‍ മുന്‍തൂക്കമുള്ള ഈസ്റ്റ് ബംഗാളാണ് ലീഗിന്റെ തലപ്പത്ത്. കോല്‍ക്കത്തയിലെ കിഷോര്‍ ഭാരതി സ്റ്റേഡിയത്തില്‍ ഇന്റര്‍ കാശിക്ക് എതിരേയാണ് ഈസ്റ്റ് ബംഗാളിന്റെ ഇന്നത്തെ പോരാട്ടം. മോഹന്‍ ബഗാന് ഹോം ഗ്രൗണ്ടായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സ്പോര്‍ട്ടിംഗ് ക്ലബ് ഡല്‍ഹിയെ നേരിടും. ജയിച്ചാല്‍ ഈസ്റ്റ് ബംഗാള്‍ ചാമ്പ്യന്മാരാകും. ഈസ്റ്റ് ബംഗാള്‍ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍, ഡല്‍ഹിയെ കീഴടക്കി മോഹന്‍ ബഗാന് കപ്പുയര്‍ത്താം.
ബാക്കി മൂന്നു ടീം
ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന് ടീമുകള്‍ അവസാന റൗണ്ടില്‍ പരാജയപ്പെടുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ പഞ്ചാബ് എഫ്സി, മുംബൈ സിറ്റി എഫ്സി ടീമുകള്‍ക്കു കിരീട സാധ്യത തെളിയും. 22 പോയിന്റ് വീതമുള്ള പഞ്ചാബിനും മുംബൈക്കും അവസാന റൗണ്ടില്‍ ജയിച്ചാല്‍ 25 പോയിന്റില്‍ എത്താം.
പഞ്ചാബ് എഫ്സിയും മുംബൈ സിറ്റിയും തമ്മിലാണ് ഇന്നത്തെ പോരാട്ടങ്ങളിലൊന്ന് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന് ടീമുകള്‍ പരാജയപ്പെടുതയും പഞ്ചാബ് x മുംബൈ സിറ്റി പോരാട്ടം സമനിലയില്‍ കലാശിക്കുകയും ചെയ്താല്‍ ജയത്തോടെ കിരീടം സ്വന്തമാക്കാം എന്നതാണ് ജംഷഡ്പുര്‍ എഫ്സിയുടെ പ്രതീക്ഷ. 21 പോയിന്റുള്ള ജംഷഡ്പുരിന്റെ ഇന്നത്തെ എതിരാളി ഒഡീഷ എഫ്സിയാണ്.
Tags : ISL Football Super Climax