അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയെ തകർത്ത് കേരളം. ഇന്ന് നടന്ന മത്സരത്തിൽ 145 റൺസിനാണ് കേരളം വിജയിച്ചത്.
കേരളം ഉയർത്തിയ 349 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ത്രിപുര 36.5 ഓവറിൽ 203 റൺസിൽ ഓൾഔട്ടായി. 67 റൺസെടുത്ത ശ്രീധം പോളും 40 റൺസെടുത്ത തേജസ്വി ജയ്സ്വാളും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഉഡിയൻ ബോസ് 29 റൺസെടുത്തു.
കേരളത്തിന് വേണ്ടി ബാബാ അപരാജിത് അഞ്ച് വിക്കറ്റ് വീഴ്ത്തി. അങ്കിത്ത് ശർമ രണ്ട് വിക്കറ്റും എം. ഡി. നിതീഷ്, കെ.എം. ആസിഫ്, വിഘ്നേഷ് പുതൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 348 റണ്‍സെടുത്തത്. വിഷ്ണു വിനോദിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ രോഹന് കുന്നുമ്മല്‍, ബാബാ അപരാജിത് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് കേരളം മികച്ച സ്കോർ സ്വന്തമാക്കിയത്.
62 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. രോഹന് കുന്നുമ്മല്‍ 94 റണ്‍സെടുത്തപ്പോള്‍ ബാബാ അപരാജിത് 64 റണ്‍സെടുത്തു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിച്ചെത്തിയ സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല.
ത്രിപുരയ്ക്കു വേണ്ടി മണിശങ്കർ മുറാസിംഗ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ അഭിജിത് സർക്കാർ, വിജയ് ശങ്കർ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
Tags : vijay hazare trophy cricket kerala beats tripura