ഗോഹട്ടി: ഒരു കാര്യം ഏകദേശം ഉറപ്പ്, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഗോഹട്ടി ടെസ്റ്റില് ക്യാപ്റ്റന് ശുഭ്മാന് ഗില് കളിച്ചേക്കില്ല. തിടുക്കത്തില് കളത്തിലേക്കു തിരിച്ചെത്തിയാല് വീണ്ടും പരിക്കേല്ക്കാനുള്ള സാധ്യതയുള്ളതിനാല് ഗില്ലിനു പകരം ഋഷഭ് പന്തായിരിക്കും ഗോഹട്ടിയില് ഇന്ത്യയെ നയിക്കുക എന്നാണ് സൂചന. അതോടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില് മാറ്റം വരും.
വലംകൈ ബാറ്ററായ ശുഭ്മാന് ഗില്ലിനു പകരം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില് ഇടം ലഭിക്കുക ആര്ക്കായിരിക്കും..? നാളെയാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്. ആദ്യ ടെസ്റ്റില് 30 റണ്സിനു പരാജയപ്പെട്ട ഇന്ത്യക്ക്, ഗോഹട്ടിയില് ജയിച്ചില്ലെങ്കില് രണ്ടു മത്സര പരമ്പര നഷ്ടപ്പെടും. 2000നുശേഷം ഇന്ത്യയില് പരമ്പര സ്വന്തമാക്കാന് ദക്ഷിണാഫ്രിക്കയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
നറുക്ക് ആര്ക്ക്..?
ശുഭ്മാന് ഗില്ലിനു പകരം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില് ഉള്പ്പെടാന് സാധ്യതയുള്ളത് സായ് സുദര്ശന്, ദേവ്ദത്ത് പടിക്കല് എന്നിവരില് ഒരാള്ക്കാണ്. കാരണം, ഗില് സ്പെഷലിസ്റ്റ് ബാറ്ററാണ്. അദ്ദേഹത്തിന്റെ ജോലി ഏറ്റെടുക്കണമെങ്കില് സായ് സുദര്ശനോ ദേവ്ദത്ത് പടിക്കലോ പ്ലേയിംഗ് ഇലവനില് എത്തണം.
പേസ് ഓള്റൗണ്ടര് നിതീഷ് കുമാര് റെഡ്ഡിക്കും സാധ്യതയുണ്ട്. എന്നാല്, നിതീഷിന്റെ ബൗളിംഗ് ഇന്ത്യക്ക് ഇതുവരെ ഉപകാരപ്രദമായിട്ടില്ലെന്ന വാസ്തവം മുന്നിലുള്ളതിനാല് ആ നീക്കം ഉണ്ടായേക്കില്ല.
കോല്ക്കത്തയിലെ ആദ്യ ടെസ്റ്റില് സായ് സുദര്ശന് പ്ലേയിംഗ് ഇലവനില് ഇല്ലായിരുന്നു. എക്സ്ട്രാ സ്പിന് ഓള് റൗണ്ടറായി അക്സര് പട്ടേല് ഉള്പ്പെട്ടതോടെയായിരുന്നു അത്. അതോടെ വാഷിംഗ്ടണ് സുന്ദര് മൂന്നാം നമ്പര് ബാറ്ററായി. കോല്ക്കത്ത ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലുമായി ഇരുടീമിലുംവച്ച് ഏറ്റവും കൂടുതല് പന്ത് നേരിട്ട ബാറ്ററാണ് വാഷിംഗ്ടണ് സുന്ദര്, 174.
ഇടംകൈയ്യന്മാരുടെ ടീം
കോല്ക്കത്ത ടെസ്റ്റില് ഇന്ത്യന് പ്ലേയിംഗ് ഇലവനിലെ 11 പേരില് ആറു പേരും ഇടംകൈ ബാറ്റര്മാരായിരുന്നു. ഇതില് ആദ്യ എട്ടുപേരില് മൂന്നു ബാറ്റര്മാര് മാത്രമാണ് വലംകൈയ്യന്മാര്. അതില് ഒരാള് ശുഭ്മാന് ഗില്ലായിരുന്നു. ഗില്ലിന്റെ അഭാവത്തില് ഏറ്റവും സാധ്യത കല്പ്പിക്കപ്പെടുന്ന സായ് സുദര്ശനും ദേവ്ദത്ത് പടിക്കലും ഇടംകൈ ബാറ്റര്മാരാണ്. ഇവരില് ആരെത്തിയാലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ ഇടതു വലിവ് കൂടും.
കോല്ക്കത്തയില് ഇറങ്ങിയതില് യശസ്വി ജയ്സ്വാള്, വാഷിംഗ്ടണ് സുന്ദര്, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്സര് പട്ടേല്, കുല്ദീപ് യാദവ് എന്നിവര് ഇടംകൈ ബാറ്റര്മാര്. കെ.എല്. രാഹുല്, ഗില്, ധ്രുവ് ജുറെല് എന്നിവര്ക്കൊപ്പം മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയുമാണ് വലംകൈ ബാറ്റര്മാര്.
കോല്ക്കത്തയില് ദക്ഷിണാഫ്രിക്കന് ഓഫ് സ്പിന്നറായ സൈമണ് ഹാമര് ഇന്ത്യന് ഇടംകൈ ബാറ്റര്മാരെ വട്ടംകറക്കിയിരുന്നു. മത്സരത്തില് എട്ട് വിക്കറ്റ് വീഴ്ത്തി പ്ലെയര് ഓഫ് ദ മാച്ച് ആയത് ഹാമര്. ഹാമര് വീഴ്ത്തിയ എട്ടില് ആറ് വിക്കറ്റും ഇന്ത്യന് ഇടംകൈ ബാറ്റര്മാരുടേതായിരുന്നു.
നോര്ത്ത് ഈസ്റ്റ് ആദ്യം
ഗോഹട്ടി: നാളെ ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് ഗോഹട്ടിയിലെ ബര്സാപര സ്റ്റേഡിയത്തില് നടക്കുമ്പോള് അതൊരു ചരിത്രമാകും. നോര്ത്ത് - ഈസ്റ്റ് ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരമാകും അത്.
ആസാം സ്വദേശിയായ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുടെ ശ്രമഫലമാണ് നോര്ത്ത് ഈസ്റ്റിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് എത്തിക്കുന്നത്. ആസാം ക്രിക്കറ്റ് അസോസിയേഷന് (എസിഎ) മുന് സെക്രട്ടറിയുമായിരുന്നു സൈകിയ.
Tags : Rishabh Pant captain Guwahati Test