x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ടീ​​മി​​ലെ സ​​ഞ്ജു​​വി​​ന്‍റെ ജീ​​വി​​ത​​വും കോ​​ല്‍​ക്ക​​ത്ത​​ന്‍ ഇ​​ന്നിം​​ഗ്‌​​സും

അനീഷ് ആലക്കോട്
Published: March 3, 2026 12:32 AM IST | Updated: March 3, 2026 12:32 AM IST

പി​​ആ​​ര്‍ ഇ​​ല്ലാ​​തെ ആ​​രാ​​ധ​​ക​​രെ സൃ​​ഷ്ടി​​ക്കാ​​നൊ​​ക്കു​​മോ..? അ​​തും ഒ​​ര​​ക്ഷ​​രം​​പോ​​ലും ഉ​​രി​​യാ​​ടാ​​തെ..! ത​​ള്ളി​​പ്പ​​റ​​ഞ്ഞ ക്യാ​​പ്റ്റ​​നെക്കൊ​​ണ്ട് ഹാ​​റ്റ്‌​​സ് ഓ​​ഫ് വ​​ണ​​ക്കം സ്വ​​ന്ത​​മാ​​ക്കാ​​നൊ​​ക്കു​​മോ..? അ​​തും ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ല്‍ ഗ്രൗ​​ണ്ടി​​നു ന​​ടു​​വി​​ല്‍​വ​​ച്ച്..! കൂ​​റ്റ​​ന്‍ സ്‌​​കോ​​ര്‍ പി​​ന്തു​​ട​​രു​​മ്പോ​​ഴും ഐ​​സ്‌​​കൂ​​ളാ​​യി നി​​ല്‍​ക്കാ​​നൊ​​ക്കു​​മോ..? അ​​തും ത​​ന്നി​​ല്‍ വി​​ശ്വാ​​സ​​മി​​ല്ലാ​​ത്തൊ​​രു മാ​​നേ​​ജ്‌​​മെ​​ന്‍റി​​നു മു​​ന്നി​​ല്‍..! പ​​റ്റും, ര​​വി ശാ​​സ്ത്രി സ​​ഞ്ജു സ്‌​​പെ​​ഷ​​ല്‍ സാം​​സ​​ണ്‍ എ​​ന്നു ക​​മ​​ന്‍റ​​റി​​യി​​ലൂ​​ടെ വി​​ശേ​​ഷി​​പ്പി​​ച്ച, മ​​ല​​യാ​​ളി​​ക​​ളു​​ടെ സ്വ​​ന്തം സ​​ഞ്ജു വി. ​​സാം​​സ​​ണി​​നു പ​​റ്റും... ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സൂ​​പ്പ​​ര്‍ എ​​ട്ട് ഗ്രൂ​​പ്പ് ഒ​​ന്നി​​ലെ നി​​ര്‍​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ല്‍ 97 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന സ​​ഞ്ജു അ​​തു തെ​​ളി​​യി​​ച്ചു. സ​​ഞ്ജു​​വി​​ന്‍റെ ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ലെ ആ ​​ഇ​​ന്നിം​​ഗ്‌​​സ് ആ​​ഘോ​​ഷി​​ച്ച് മ​​തി​​വ​​രാ​​തി​​രി​​ക്കു​​ക​​യാ​​ണ് ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ര്‍... മ​​ല​​യാ​​ളി​​ക​​ളു​​ടെ ചേ​​ട്ടാ വി​​ളി ലോ​​ക ക്രി​​ക്ക​​റ്റി​​ലേ​​ക്കെ​​ത്തി​​ച്ച, സ​​ഞ്ജു ചേ​​ട്ടാ ലൗ ​​യൂ...

► ഉ​​യ​​ര്‍​ച്ചതാ​​ഴ്ച​​ക​​ള്‍

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ റി​​ക്കാ​​ര്‍​ഡ് ചേ​​സിം​​ഗ് (199/5) ആ​​യി​​രു​​ന്നു കോ​​ല്‍​ക്ക​​ത്ത ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ സ​​ഞ്ജു​​വി​​ന്‍റെ ഇ​​ന്നിം​​ഗ്‌​​സി​​ലൂ​​ടെ ക്രി​​ക്ക​​റ്റ് ലോ​​കം ക​​ണ്ട​​ത്. വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് മു​​ന്നോ​​ട്ടു​​വ​​ച്ച​​ത് 196 റ​​ണ്‍​സി​​ന്‍റെ വി​​ജ​​യല​​ക്ഷ്യം. 50 പ​​ന്തി​​ല്‍ നാ​​ല് സി​​ക്‌​​സും 12 ഫോ​​റും അ​​ട​​ക്കം 97 റ​​ണ്‍​സു​​മാ​​യി ത​​ല​​യു​​യ​​ര്‍​ത്തി നി​​ന്ന് സ​​ഞ്ജു പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ചാ​​യി. ഇ​​ന്ത്യ​​ന്‍ ഇ​​ന്നിം​​ഗ്‌​​സി​​ലെ ര​​ണ്ടാ​​മ​​ത്തെ ഉ​​യ​​ര്‍​ന്ന സ്‌​​കോ​​റു​​കാ​​ര​​ന്‍ തി​​ല​​ക് വ​​ര്‍​മ​​യാ​​യി​​രു​​ന്നു, 15 പ​​ന്തി​​ല്‍ 27 റ​​ണ്‍​സ്! സ​​ഞ്ജു​​വി​​ലേ​​ക്കു​​ള്ള അ​​ന്ത​​രം 70 റ​​ണ്‍​സ്.

മ​​ത്സ​​ര​​ശേ​​ഷം സ​​ഞ്ജു പ​​റ​​ഞ്ഞ​​ത് ഇ​​ങ്ങ​​നെ: “ക​​രി​​യ​​റി​​ല്‍ ഉ​​യ​​ര്‍​ച്ചതാ​​ഴ്ച​​ക​​ള്‍ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. അ​​പ്പോ​​ഴെ​​ല്ലാം എ​​ങ്ങ​​നെ ശ​​രി​​യാ​​ക്കാം എ​​ന്ന​​താ​​യി​​രു​​ന്നു കൂ​​ടു​​ത​​ല്‍ അ​​ല​​ട്ടി​​യ​​ത്. 50ല്‍ ​​അ​​ധി​​കം മ​​ത്സ​​ര​​ങ്ങ​​ള്‍ ഇ​​ന്ത്യ​​ക്കാ​​യി ക​​ളി​​ച്ചു. 100ല്‍ ​​അ​​ധി​​കം മ​​ത്സ​​ര​​ങ്ങ​​ള്‍ ഡ​​ഗ്ഗൗ​​ട്ടി​​ല്‍ ഇ​​രു​​ന്നു ക​​ണ്ടു. വി​​രാ​​ട് കോ​​ഹ്‌​ലി​​യും രോ​​ഹി​​ത് ശ​​ര്‍​മ​​യും എം.​​എ​​സ്. ധോ​​ണി​​യും ഇ​​ന്നിം​​ഗ്‌​​സ് കെ​​ട്ടി​​പ്പ​​ടു​​ക്കു​​ന്ന​​തു ക​​ണ്ടാ​​ണ് പ​​ഠി​​ച്ച​​ത്. ക്രി​​ക്ക​​റ്റ് ക​​ളി​​ച്ചു തു​​ട​​ങ്ങി​​യ​​പ്പോ​​ള്‍ മു​​ത​​ല്‍ ഇ​​ത്ത​​ര​​മൊ​​രു ഇ​​ന്നിം​​ഗ്‌​​സ് സ്വ​​പ്‌​​നം ക​​ണ്ടി​​രു​​ന്നു’’.

അ​​തെ, ലോ​​ക​​ക​​പ്പി​​ല്‍ സാ​​ക്ഷാ​​ല്‍ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ 82 നോ​​ട്ടൗ​​ട്ട് എ​​ന്ന ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന ചേ​​സിം​​ഗ് സ്‌​​കോ​​റും സ​​ഞ്ജു പി​​ന്ത​​ള്ളി. രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20​​യി​​ല്‍ മൂ​​ന്ന് സെ​​ഞ്ചു​​റി​​യു​​ള്ള സ​​ഞ്ജു​​വി​​നെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നു പു​​റ​​ത്തി​​രു​​ത്തി​​യാ​​ണ് 2026 ലോ​​ക​​ക​​പ്പി​​ന് ഇ​​ന്ത്യ​​ന്‍ ടീം ​​മാ​​നേ​​ജ്‌​​മെ​​ന്‍റ് തു​​ട​​ക്ക​​മി​​ട്ട​​ത്. ലീ​​ഗ് റൗ​​ണ്ടി​​ല്‍ അ​​ഭി​​ഷേ​​ക് ശ​​ര്‍​മ​​യും തി​​ല​​ക് വ​​ര്‍​മ​​യു​​മെ​​ല്ലാം തി​​ക​​ച്ചും ഫോം ​​ഔ​​ട്ടാ​​യ​​പ്പോ​​ഴും സ​​ഞ്ജു പു​​റ​​ത്തു​​ത​​ന്നെ ഇ​​രു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രാ​​യ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ സൂ​​പ്പ​​ര്‍ എ​​ട്ട് മ​​ത്സ​​ര​​ത്തി​​നു മു​​മ്പ് മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ സ​​ഞ്ജു​​വി​​നെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്ത​​രു​​തോ എ​​ന്ന് ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​നോ​​ട് ചോ​​ദി​​ച്ചു. അ​​ഭി​​ഷേ​​കി​​നെ​​യാ​​ണോ തി​​ല​​കി​​നെ​​യാ​​ണോ പു​​റ​​ത്തി​​രു​​ത്തേ​​ണ്ട​​ത് എ​​ന്ന ചോ​​ദ്യ​​ത്തോ​​ടെ, പ​രി​ഹാ​സ​ച്ചിരി​​യാ​​യി​​രു​​ന്നു സൂ​​ര്യ​​യു​​ടെ പ്ര​​തി​​ക​​ര​​ണം.

പി​​താ​​വി​​ന്‍റെ ആ​​രോ​​ഗ്യപ്ര​​ശ്‌​​നത്തെയും മരണത്തെയും ​​തു​​ട​​ര്‍​ന്ന് റി​​ങ്കു സിം​​ഗ് വീട്ടിലേക്കു മ​​ട​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ് സ​​ഞ്ജു പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ എ​​ത്തി​​യ​​ത്. സിം​​ബാ​​ബ്‌​വെ​​യ്ക്ക് എ​​തി​​രാ​​യ സൂ​​പ്പ​​ര്‍ എ​​ട്ട് മ​​ത്സ​​ര​​ത്തി​​ല്‍ 15 പ​​ന്തി​​ല്‍ 24 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത് ഇ​​ന്ത്യ​​ക്ക് മി​​ക​​ച്ച തു​​ട​​ക്കം ന​​ല്‍​കി. തു​​ട​​ര്‍​ന്ന് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നെ​​തി​​രേ ഇ​ന്ത്യ​യെ ജ​യ​ത്തി​ലെ​ത്തി​ച്ച 97 നോ​​ട്ടൗ​​ട്ട്, സ​ഞ്ജു​വി​ന്‍റെ ക്രി​ക്ക​റ്റ് ജീ​വി​ത​ത്തി​ല്‍ എ​ന്നും ഓ​ര്‍​മി​ക്ക​പ്പെ​ടു​ന്ന ഇ​ന്നിം​ഗ്‌​സ്... ഇ​ന്ത്യ സെ​മി​യി​ൽ, സൂ​ര്യ​കു​മാ​ർ ഗ്രൗ​ണ്ടി​ലെ​ത്തി വ​ണ​ങ്ങി...

► 100 % ക​​ണ്‍​ട്രോ​​ള്‍

സ​​ഞ്ജു​​വി​​ന്‍റെ ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ഇ​​ന്നിം​​ഗ്‌​​സാ​​യി​​രു​​ന്നു കോ​​ല്‍​ക്ക​​ത്ത​​യി​​ലേ​​ത്. കാ​​ര​​ണം, ഷോ​​ട്ട് സെ​​ല​​ക്‌​ഷ​​നും ബാ​​റ്റിം​​ഗ് ക​​ണ്‍​ട്രോ​​ളും ക്രീ​​സി​​ലെ ശാ​​ന്ത​​ത​​യും. അ​​ഭി​​ഷേ​​ക് ശ​​ര്‍​മ​​യും (10) ഇ​​ഷാ​​ന്‍ കി​​ഷ​​നും (10) സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വും (18) തി​​ല​​ക് വ​​ര്‍​മ​​യും (27) ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യും (17) കൂ​​റ്റ​​ന​​ടി​​ക്ക് ശ്ര​​മി​​ച്ച​​പ്പോ​​ള്‍ സ​​ഞ്ജു ഐ​​സ്‌​​കൂ​​ളാ​​യി​​രു​​ന്നു. മ​​റ്റു​​ള്ള​​വ​​ര്‍ സി​​ക്‌​​സ​​ര്‍ പ​​റ​​ത്താ​​ന്‍ ശ്ര​​മി​​ച്ച് പു​​റ​​ത്താ​​യ​​പ്പോ​​ള്‍ ഏ​​തു പ​​ന്ത് വേ​​ലി​​ക്കെ​​ട്ടി​​നു പു​​റ​​ത്തേ​​ക്കു പ​​റ​​പ്പി​​ക്ക​​ണ​​മെ​​ന്നും ഏ​​തു പ​​ന്തി​​നെ ബ​​ഹു​​മാ​​നി​​ക്ക​​ണ​​മെ​​ന്നും ഉ​​റ​​പ്പി​​ച്ചാ​​യി​​രു​​ന്നു സ​​ഞ്ജു ക്രീ​​സി​​ല്‍ ന​​ങ്കൂ​​ര​​മി​​ട്ട​​ത്. ഓ​​വ​​റി​​ല്‍ 10 ശ​​രാ​​ശ​​രി​​ റ​​ണ്‍​സ് ഇ​​ന്ത്യ​​ക്കു വേ​​ണ്ടി​​യ​​പ്പോ​​ള്‍​പോ​​ലും സ​​മ്മ​​ര്‍​ദ​​ത്തി​​നു കീ​​ഴ്‌​​പ്പെ​​ടാ​​ന്‍ സ​​ഞ്ജു കൂ​​ട്ടാ​​ക്കി​​യി​​ല്ല. അ​​തേ​​സ​​മ​​യം, മി​​ക​​ച്ച പ​​ന്തു​​ക​​ളി​​ല്‍ സിം​​ഗി​​ള്‍ എ​​ടു​​ത്ത്, മോ​​ശം പ​​ന്തി​​നാ​​യി സ​​ഞ്ജു കാ​​ത്തി​​രു​​ന്നു. ഇ​​ന്നിം​​ഗ്‌​​സി​​ന്‍റെ ഏ​​തു​​സ​​മ​​യ​​ത്തും ബൗ​​ണ്ട​​റി പാ​​യി​​ക്കാ​​ന്‍ ത​​നി​​ക്കു സാ​​ധി​​ക്കു​​മെ​​ന്ന ആത്മവി​​ശ്വാ​​സ​​മാ​​യി​​രു​​ന്നു സ​​ഞ്ജു​​വി​​ല്‍ ക​​ണ്ട​​ത്. ബൗ​​ള​​ര്‍​മാ​​ര്‍ എ​​ന്താ​​ണ് ചെ​​യ്യാ​​ന്‍ പോ​​കു​​ന്ന​​തെ​​ന്നു മ​​ന​​സി​​ലാ​​ക്കി​​യു​​ള്ള മൈ​​ന്‍​ഡ് ഗെ​​യിം. കോ​​ണ്‍​ഫി​​ഡ​​ന്‍​സ് ആ​​ന്‍​ഡ് ക​​ണ്‍​ട്രോ​​ള്‍, ക്രി​​ക്ക​​റ്റ് ലോ​​കം ക​​ണ്ട ഏ​​റ്റ​​വും മി​​ക​​ച്ച മാ​​സ്റ്റ​​ര്‍ ക്ലാ​​സ് ചേ​​സിം​​ഗുക​​ളി​​ല്‍ ഒ​​ന്നാ​​യി​​രു​​ന്നു ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​നി​​ല്‍ സ​​ഞ്ജു കാ​​ഴ്ച​​വ​​ച്ച​​ത്.

► ഷോ​​ട്ട് സെ​​ല​​ക്‌​ഷ​​ന്‍

ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ല്‍ ബാ​​ക്ക് ഫു​​ട്ടി​​ലേ​​ക്കു വ​​ലി​​ഞ്ഞ്, വി​​ക്ക​​റ്റ് തു​​റ​​ന്നുകാ​​ണി​​ച്ചു​​ള്ള ബാ​​റ്റിം​​ഗി​​ലൂ​​ടെ സ​​ഞ്ജു ഏ​​വ​​രെ​​യും നി​​രാ​​ശ​​പ്പെ​​ടു​​ത്തി. 10, 6, 0, 24, 6 എ​​ന്ന​​താ​​യി​​രു​​ന്നു ന്യൂ​​സി​​ല​​ന്‍​ഡ് പ​​ര​​മ്പ​​ര​​യി​​ല്‍ സ​​ഞ്ജു​​വി​​ന്‍റെ പ്ര​​ക​​ട​​നം. ബാ​​ക്ക് ഫു​​ട്ടി​​ലേ​​ക്കു വ​​ലി​​ഞ്ഞു​​ള്ള ക്രോ​​സ് ബാ​​റ്റിം​​ഗ് പി​​ന്നി​​ലു​​പേ​​ക്ഷി​​ച്ചാ​​യി​​രു​​ന്നു സ​​ഞ്ജു കോ​​ല്‍​ക്ക​​ത്ത വാ​​ണ​​ത്. വി​​മ​​ര്‍​ശ​​ന​​മേ​​റ്റു​​വാ​​ങ്ങി​​യ, ബാ​​ക്ക് ഫു​​ട്ടി​​ലേ​​ക്കു വ​​ലി​​ഞ്ഞ് പ​​ന്തി​​ന്‍റെ പേ​​സ് ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള സ്‌​​ക്വ​​യ​​ര്‍ ഷോ​​ട്ടു​​ക​​ള്‍​ക്കു പ​​ക​​രം, അ​​ഡ്വാ​​ന്‍​സ് ചെ​​യ്തു​​ള്ള സ്‌​​ട്രെ​​യ്റ്റ് ബാ​​റ്റിം​​ഗാ​​യി​​രു​​ന്നു സ​​ഞ്ജു കാ​​ഴ്ച​​വ​​ച്ച​​ത്. വി​​ന്‍​ഡീ​​സ് നി​​ര​​യി​​ലെ ഏ​​റ്റ​​വും വേ​​ഗ​​ക്കാ​​ര​​നാ​​യ ഷ​​മാ​​ര്‍ ജോ​​സ​​ഫി​​നെ പ​​വ​​ര്‍ പ്ലേ​​യി​​ല്‍ സ്‌​​ട്രെ​​യ്റ്റ് ഡ്രൈ​​വി​​ലൂ​​ടെ ബൗ​​ണ്ട​​റി ക​​ട​​ത്തി. റൊ​​മാ​​രി​​യോ ഷെ​​പ്പേ​​ര്‍​ഡി​​നെ ബൗ​​ണ്ട​​റി ക​​ട​​ത്തി​​യു​​ള്ള വി​​ജ​​യ റ​​ണ്‍ കു​​റി​​ച്ച​​തും സ്‌​​ട്രെ​​യ്റ്റ് ബാ​​റ്റ് രീ​​തി​​യി​​ലൂ​​ടെ. വി​​ന്‍​ഡീ​​സി​​നെ​​തി​​രേ സ്‌​​ട്രെ​​യ്റ്റ് ബാ​​റ്റിം​​ഗ് ശൈ​​ലി​​യാ​​യി​​രു​​ന്നു സ​ഞ്ജു ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഉ​​പ​​യോ​​ഗി​​ച്ച​​ത്. ക്രോ​സ് ബാ​റ്റിം​ഗ് രീ​തി​യി​ലു​ള്ള ക​​ട്ട് ഷോ​​ട്ട് ക​​ളി​​ച്ചി​​ല്ലെ​​ന്ന​​ല്ല. ക​​ട്ട് ഷോ​​ട്ടു​​ക​​ള്‍ ഗ്രൗ​​ണ്ടി​​നു​​ള്ളി​​ല്‍ ഹി​​റ്റ് ചെ​​യ്യി​​ച്ചാ​​യി​​രു​​ന്നു എ​​ന്നു മാ​​ത്രം. റി​​സ്‌​​ക് ഫാ​​ക്ട​​ര്‍ പൂ​​ര്‍​ണ​​മാ​​യി ഒ​​ഴി​​വാ​​ക്കി​​യു​​ള്ള ബാറ്റിംഗ്.

► ക​​ണ്ണീ​​ര്‍മ​​ഴ​​യ​​ത്ത്

ക​​ണ്ണീ​​ര്‍മ​​ഴ​​യ​​ത്ത് ചി​​രി​​യു​​ടെ കു​​ട ചൂ​​ടു​​ന്നൊ​​രാ​​ള്‍ ക്രി​​ക്ക​​റ്റി​​ല്‍ ഉ​​ണ്ടെ​​ങ്കി​​ല്‍ അ​​ത് സ​​ഞ്ജു​​വാ​​ണ്. വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ സ്ഥാ​​ന​​ത്ത് ഋ​​ഷ​​ഭ് പ​​ന്തി​​നേ​​ക്കാ​​ള്‍ ഉ​​യ​​ര്‍​ന്ന സ്‌​​ട്രൈ​​ക്ക് റേ​​റ്റ് ഉ​​ണ്ടാ​​യി​​രു​​ന്നി​​ട്ടും ഒ​​രു കാ​​ല​​ത്ത് പ​​ടി​​ക്കു പു​​റ​​ത്താ​​യി​​രു​​ന്നു. 2015 ജൂ​​ലൈ​​യി​​ല്‍ സിം​​ബാ​​ബ്‌വെ​​യ്ക്ക് എ​​തി​​രേ ട്വ​​ന്‍റി-20 അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ സ​​ഞ്ജു​​വി​​ന് ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​നാ​​യി 2020 ജ​​നു​​വ​​രി വ​​രെ കാ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​ന്നെ​​ന്ന​​തു ച​​രി​​ത്രം. പി​​ന്നീ​​ട് ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​നും 2026 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ഷാ​​ന്‍ കി​​ഷ​​നു​​മെ​​ല്ലാ​​മാ​​യി മാ​​റി​​നി​​ല്‍​ക്കേ​​ണ്ടി​​വ​​ന്നു. എ​​ങ്കി​​ലും ടീം ​​മാ​​നേ​​ജ്‌​​മെ​​ന്‍റി​​നെ​​തി​​രേ ഒ​​രു വാ​​ക്കു​​പോ​​ലും ശ​​ബ്ദി​​ച്ചി​​ല്ല. ത​​ഴ​​യ​​പ്പെ​​ടു​​മ്പോ​​ള്‍ വി​​കാ​​രം​​കൊ​​ള്ളു​​ന്ന പ​​ല താ​​ര​​ങ്ങ​​ളെ​​യും ക്രി​​ക്ക​​റ്റ് ലോ​​കം ക​​ണ്ടി​​ട്ടു​​ണ്ട്. സ​​ഞ്ജു അ​​വ​​രി​​ല്‍​നി​​ന്നു വ്യ​​ത്യ​​സ്ത​​നാ​​യി. വി​​യ​​ര്‍​പ്പി​​നാ​​ല്‍ തു​​ന്നി​​യ കു​​പ്പാ​​യ​​മാ​​ണ് ത​​ന്‍റേ​​തെ​​ന്നും നി​റം മ​ങ്ങി​ല്ലെ​ന്നും സ​​ഞ്ജു​​വി​​ന് അ​​റി​​യാം.

ദേ​​ശീ​​യ ക്രി​​ക്ക​​റ്റ് ജീ​​വി​​ത​​ത്തി​​ല്‍ പ​​ല​​ര്‍​ക്കു​​ംവേ​​ണ്ടി സ​​ഞ്ജു ത​​ഴ​​യ​​പ്പെ​​ടു​​ന്ന​​ത് പ​​തി​​വാ​​യ​​തോ​​ടെ​​യാ​​ണ് പി​​ആ​​ര്‍ ഇ​​ല്ലാ​​തെ ആ​​രാ​​ധ​​ക​​ര്‍ അ​​ദ്ദേ​​ഹ​​ത്തി​​നു പി​​ന്നി​​ല്‍ അ​​ണി​​നി​​ര​​ന്ന​​ത്. ഇ​​ന്ന​​ത്തെ ദേ​​ശീ​​യ ടീം ​​കോ​​ച്ച് ഗൗ​​തം ഗം​​ഭീ​​ര്‍ മു​​ത​​ല്‍ സു​​നി​​ല്‍ ഗാ​​വ​​സ്‌​​ക​​ര്‍വ​​രെ ആ ​​പ​​ട്ടി​​ക​​യി​​ലു​​ള്‍​പ്പെ​​ട്ടു. ഇ​​ന്നി​​പ്പോ​​ള്‍ ഒ​​രു പി​​ആ​​റി​​നും നേ​​ടാ​​വു​​ന്ന​​തി​​ലും മു​​ക​​ളി​​ലാ​​ണ്സ​​ഞ്ജു​​വി​​ന്‍റെ ഫാ​​ന്‍ ബേ​​സ്. ഐ​​പി​​എ​​ല്ലി​​ൽ ഏ​​റ്റ​​വും ആ​​രാ​​ധ​​ക​​രു​​ള്ള ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന്‍റെ സ്വ​​ന്തം താ​​രം. ഈ ​​ഫാ​​ന്‍ ബേ​​സാ​​ണ് ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ന്‍റെ ഇ​​ന്ത്യ​​യി​​ലെ ബ്രാ​​ന്‍​ഡ് അം​​ബാ​​സ​​ഡ​​റാ​​യി സഞ്ജുവിനെ നി​​യ​​മി​​ക്കാ​​നു​​ള്ള കാ​​ര​​ണം. ഇ​തെ​ല്ലാം​കൊ​ണ്ടു​ത​ന്നെ, സ​ഞ്ജു ചേ​ട്ട​നാ​യി വി​സി​ല്‍ പോ​ടാം..

Tags : Kolkata innings Sanju's life Indian cricket team Sanju Kolkata innings

Recent News

Corehub Up