അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ രണ്ടാം കിരീട നേട്ടത്തോടെ അവസാനിച്ചു. ആഘോഷത്തിന്റെയും നിരാശയുടെയും പ്രവചനാതീത പ്രകടനങ്ങളുടെയും സമാനതകളില്ലാത്ത സീസണ് കൂടിയായിരുന്നു 2026 സീസണ്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ബംഗളൂരു (ആർസിബി) കിരീടം നിലനിർത്തിയപ്പോൾ ചരിത്രത്തിൽ തുടർച്ചയായി രണ്ട് തവണ കിരീടം നേടുന്ന മൂന്നാമത്തെ ടീമായി ആർസിബി മാറി.
ടോപ് ഫോർ
സീസണിലെ മികച്ച ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നതിൽ സംശയമില്ല. 18 പോയിന്‍േറാടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായാണ് അവർ പ്ലേ ഓഫിലെത്തിയത്. പ്ലേ ഓഫിലും ഫൈനലിലും ഗുജറാത്ത് ടൈറ്റൻസിനെതിരേ നേടിയ വിജയങ്ങൾ ബംഗളൂരുവിന്റെ ആധിപത്യം വ്യക്തമാക്കുന്നു.
ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഗുജറാത്ത് ടൈറ്റൻസ് സീസണിലെ പോരാളികളിൽ മുന്നിലാണ്. പോയിന്റ് പട്ടികയിൽ ആർസിബിക്കൊപ്പംനിന്നു. ടോപ് ഫൈവിൽ ശുഭ്മൻ ഗിൽ (732 റണ്‍സ്), സായ് സുദർശൻ (722 റണ്‍സ്). ഇവർക്കൊപ്പം ജോസ് ബട്ലറും ചേർന്നപ്പോൾ ഭയപ്പെടുത്തുന്ന ബാറ്റിംഗ് നിര.
ഹെൻറിച്ച് ക്ലാസൻ, ഇഷാൻ കിഷൻ, അഭിഷേക് ശർമ എന്നിവരുടെ കരുത്തിൽ ഹൈദരാബാദും ആദ്യ നാലിൽ എത്തി. സീസണിലെ ശ്രദ്ധേയ താരമായ വൈഭവ് സൂര്യവംശിയുടെ കരുത്തിൽ രാജസ്ഥാൻ കിരീടപ്പോരാട്ടത്തിൽ സജീവമായി.
പർപ്പിൾ വേട്ട
ബാറ്റർമാരുടെ മാത്രം സീസണെന്ന് നിർവചിക്കപ്പെട്ട കിരീട പോരാട്ട യാത്രയിൽ ബൗളർമാരും കൈയൊപ്പ് ചാർത്തി. ഗുജറാത്ത് ടൈറ്റൻസിന്റെ കഗിസോ റബാഡ 29 വിക്കറ്റുകളോടെ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കി. ഒരു വിക്കറ്റ് വ്യത്യാസത്തിൽ ഇന്ത്യയുടെ ഭുവനേശ്വർ കുമാറിനെ (28 വിക്കറ്റ്) റബാഡ ഫൈനൽ മത്സരത്തിൽ മറികടക്കുകയായിരുന്നു. ജോഫ്ര ആർച്ചർ 25, റാഷിദ് ഖാൻ 21, മുഹമ്മദ് സിറാജ് 19, ജേസണ്‍ ഹോൾഡർ 17 എന്നിവരാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽനിന്ന മറ്റ് പ്രമുഖർ.
വമ്പൻ തകർച്ച
മധുരം നുണഞ്ഞ ഫ്രാഞ്ചൈസികളും നിരാശ പകർന്ന ഫ്രാഞ്ചൈസികളും സീസണിന്റെ കാഴ്ചയായിരുന്നു. ഡൽഹി ക്യാപിറ്റൽസ്, ലക്നോ സൂപ്പർ ജയന്റ്സ്, മുംബൈ ഇന്ത്യൻസ് എന്നിവർ വന്പൻ പരാജയമായി. ഇതുവരെ ഒരു ഐപിഎൽ കിരീടം പോലും നേടാനാകാത്ത ഡൽഹിക്ക് ഈ സീസണും ദുരന്തമായി മാറി.
വന്പൻ താരങ്ങളുമായി ലക്ഷണമൊത്ത ടീമായി ഇറങ്ങിയിട്ടും ലക്നോ സൂപ്പർ ജയന്റ്സിന് സീസണിൽ പ്രകന്പനം സൃഷ്ടിക്കാനായില്ല. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് ലക്നോ സീസണ് അവസാനിപ്പിച്ചത്.
രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, തിലക് വർമ, ജസ്പ്രീത് ബുംറ തുടങ്ങി വൻതാരനിര ഉണ്ടായിട്ടും അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ തകർച്ച സീസണിന് നിരാശ പകരുന്നതായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും ടൂർണമെന്റിന്റെ രണ്ടാം പകുതിയിൽ തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തകർപ്പൻ തുടക്കം ലഭിച്ച ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിന് രണ്ടാം പാതിയിൽ അടിപതറിയത് ആരാധകരെ ഞെട്ടിച്ചു.
സൂപ്പർ ഫ്ലോപ്പ്
27 കോടിക്ക് ലക്നോവിന് വേണ്ടി കളിച്ച ഋഷഭ് പന്തിന്റെ പ്രകടനം അദ്ദേഹത്തിന്റെ ക്യാപ്റ്റൻ സ്ഥാനത്തിനും ദേശീയ ടീമിലേക്കുള്ള വരവിനും തിരിച്ചടിയായി. 312 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. എം.എസ്. ധോണിയുടെ പകരക്കാരനായി ചെന്നൈയെ നയിച്ച ഋതുരാജ് ഗെയ്ക്വാദിന് ചെന്നൈയെ പ്ലേ ഓഫിലെത്തിക്കാൻ കഴിഞ്ഞില്ല. സഞ്ജു സാംസണ് വെടിക്കെട്ട് നടത്തിയെങ്കിലും ഋതുരാജിന്റെ മെല്ലെപ്പോക്ക് ചെന്നൈയ്ക്ക് പല മത്സരങ്ങളിലും തിരിച്ചടിയായി.
മുംബൈയുടെ ഹാർദിക് പാണ്ഡ്യയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. സൂര്യകുമാർ യാദവിന് മധ്യനിരയിൽ തിളങ്ങാനായില്ല. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് പോലും നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചില്ല.
ബംഗളൂരുവിന്റെ ബാക്ക് ടു ബാക്ക് കിരീട നേട്ടത്തിനൊപ്പം വൈഭവ് സൂര്യവംശി എന്ന 15കാരൻ പ്രതിഭാശാലിയുടെ ഉദയം കൂടിയാണ് ഈ സീസണ് അടയാളപ്പെടുത്തുക.
കാത്തിരിക്കാം, അടുത്ത പൂരം കൊടിയേറുന്നതിനായി...

ക്രിക്കറ്റ് ദൈവം എന്നാൽ സച്ചിൻ തെണ്ടുൽക്കറെന്നാണ് ഏക ഉത്തരം. എന്നാൽ ഈ ഐപിഎൽ സീസണിൽ മറ്റൊരു ക്രിക്കറ്റ് പ്രതിഭാസം ഉദയം കൊണ്ടു. ബാറ്റുകൊണ്ട് വിസ്മയം തീർത്ത 15കാരൻ വൈഭവ് സൂര്യവംശി എന്ന അത്ഭുത ബാലൻ.
രാജസ്ഥാൻ റോയൽസിന്റെ ഈ 15 വയസുകാരൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 16 മത്സരങ്ങളിൽ നിന്ന് 237.30 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ 776 റണ്‍സാണ് സൂര്യവംശി അടിച്ചുകൂട്ടിയത്.
പ്ലേ ഓഫിൽ മാത്രം രണ്ട് തവണ 90ലധികം റണ്‍സ് നേടിയ സൂര്യവംശിയാണ് രാജസ്ഥാന്റെ മുന്നേറ്റത്തിന് നട്ടെല്ലായത്. സീസണിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ഈ കൗമാരക്കാരൻ സ്വന്തമാക്കി. ടൂർണമെന്റിലെ ’മോസ്റ്റ് വാല്യുബിൾ പ്ലെയർ’, ’എമേർജിംഗ് പ്ലെയർ’ പുരസ്കാരങ്ങളും സൂര്യവംശി സ്വന്തമാക്കി. സമ്മർദഘട്ടങ്ങളെപ്പോലും അനായാസം നേരിട്ട ഈ അത്ഭുത ബാലൻ തന്നെയായിരുന്നു സീസണിന്റെ പ്രചാരകൻ.
ലോകത്തെ ഏറ്റവും മികച്ച ബൗളർമാരെ യാതൊരു ദയയുമില്ലാതെയാണ് ഇടം കൈയൻ ബാറ്റർ നേരിട്ടത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ മുതൽ അടിമേടിച്ചു. വൈഭവ് സൂര്യവംശിയുടെ അതിമാനുഷിക പ്രകടനം കാരണം മറ്റ് പല താരങ്ങളുടെയും പ്രകടനങ്ങൾ അർഹിച്ച പ്രശംസ നേടാതെ പോയെന്നതാണു മറ്റൊരു വസ്തുത.
Tags : IPL Pooram T20 Cricket