സിഡ്നി: രാജ്യത്തേക്കു മടങ്ങിയാൽ പീഡനത്തിനും ശിക്ഷയ്ക്കും വിധേയരാകാമെന്ന ഭയത്തെത്തുടർന്ന് ഇറാന്റെ ദേശീയ വനിതാ ഫുട്ബോൾ ടീമിലെ രണ്ടു താരങ്ങൾക്കൂടി ഓസ്ട്രേലിയയിൽ അഭയം തേടി.
ടീമിലെ താരം സോൽഫി, സപ്പോർട്ടിംഗ് സ്റ്റാഫംഗം സാറ സൊൽതാൻ മെഷ്ഖെ കാർ എന്നിവരാണ് അഭയം തേടിയത്.
ഇതോടെ ഓസ്ട്രേലിയയിൽ അഭയം തേടിയ ഇറാൻ വനിതാതാരങ്ങളുടെ എണ്ണം ഏഴായി. ഇവർക്ക് മാനുഷിക വീസ നൽകിയ സർക്കാർ അതീവസുരക്ഷയിൽ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി.
രാജ്യത്ത് അഭയം തേടിയ ആറു താരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫംഗവും ഹിജാബ് ഒഴിവാക്കി ഷോർട്സുകൾ ധരിച്ച് നിൽക്കുന്ന ഫോട്ടോ ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രി ടോണി ബർക്ക് പുറത്തുവിട്ടിട്ടുണ്ട്.
ഏഴുപേർ ഒഴികെയുള്ള ഇറാൻ ടീമംഗങ്ങൾ ഇന്നലെ സ്വന്തം രാജ്യത്തേക്കു മടങ്ങി. ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിലെത്തിയ ഇറാൻ ടീം ഫിലിപ്പീൻസിനോട് 2–0ന് തോറ്റതോടെ പുറത്തായിരുന്നു.
അതേസമയം, മലേഷ്യൻ വിമാനത്തിൽ മടങ്ങിയ മറ്റു താരങ്ങൾ ഇറാനിലേക്കാണോ പോകുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Tags : Australia Iranian female footballers asylum