ഗോഹട്ടി: ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളർ. യുവനിരയിൽ അവിശ്വസനീയ പ്രകടനം നടത്തുന്ന ബാറ്റർ. പരിചയസന്പത്തും യുവത്വവും ഏറ്റുമുട്ടിയാൽ എന്ത് സംഭവിക്കും? ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റിൽ മഴമുടക്കിയ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിലെ ശ്രദ്ധേയ നിമിഷം അതായിരുന്നു.
ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും ന്യൂജൻ സ്റ്റാർ ബാറ്റർ 15കാരൻ വൈഭവ് സൂര്യവംശിയും ആദ്യമായി കളിക്കളത്തിൽ നേർക്കുനേർ ഏറ്റുമുട്ടി.
പേരെടുത്ത ലോകോത്തര ബാറ്റർമാർ നേരിടാൻ ബുദ്ധിമുട്ടുന്ന ബുംറയെ നേരിട്ട ആദ്യ പന്തിൽ തന്നെ ഗാലറിയിലെത്തിച്ച് വൈഭവ് തന്റെ വൈഭവം തെളിയിച്ചു. ബുംറയെ നേരിട്ട ആദ്യ ഓവറിൽ രണ്ട് തവണയാണ് യുവതാരം സിക്സ് പറത്തിയത്. അരങ്ങേറ്റ സീസണിൽ നേരിട്ട ആദ്യ പന്ത് സിക്സ് അടിച്ച് തുടങ്ങിയ സൂര്യവംശി ആ ശൈലി തുടരുകയാണ്.
സിക്സ്- ഫോർ
ക്രീസിലെത്തിയാൽ ഗാലറിയിൽ പന്ത് എത്തിക്കുക മാത്രമാണ് വൈഭവിന്റെ ലക്ഷ്യം. പ്രായത്തിൽ കുഞ്ഞനെങ്കിലും വന്പനടിയിൽ മുന്പൻ. അതാണ് വൈഭവിന്റെ ട്രേഡ് മാർക്ക്. കഴിഞ്ഞ ദിവസം മുംബൈയെ നേരിടുന്നതുവരെയുള്ള ട്വന്റി മത്സരം എടുത്താൽ 378 പന്ത് നേരിട്ട വൈഭവ് 68 സിക്സ് നേടിയിരുന്നു. യുവതാരം നേരിടുന്ന ഓരോ 5.6 പന്തിലും ഒരു പന്ത് ഗാലറിയിലെത്തിയിരിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. ഐപിഎല്ലിൽ ഇതുവരെ ആകെ 10 മത്സരങ്ങൾ സൂര്യവംശി കളിച്ചു. 2025ലെ അരങ്ങേറ്റ സീസണിൽ ഏഴും ഇത്തവണ മൂന്നും. രണ്ട് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും അടക്കം 374 റൺസ് സ്വന്തമാക്കി. 218.71 ആണ് സ്ട്രൈക്ക്റേറ്റ്.
ബൂം... ബൂം... സിക്സ്
32 വയസ് 122 ദിവസമുള്ള ബുംറ, 15 വയസ് പതിനൊന്ന് ദിവസമുള്ള വൈഭവ്. എന്നാൽ, ഇരുവരും ക്രീസിൽ കണ്ടുമുട്ടിയപ്പോൾ പ്രായം കണക്കിൽ ഒതുങ്ങി. സൂര്യവംശിക്ക് നേരേ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തടക്കം മൂന്ന് പന്തിൽ രണ്ട് എണ്ണം നിലംതൊടാതെ അതിർത്തി കടക്കുന്ന കാഴ്ച കാണേണ്ടി വന്നു ഇന്ത്യയുടെ സ്റ്റാർ പേസർക്ക്.
2013ൽ മുംബൈക്കൊപ്പം ഐപിഎൽ സീസണ് ആരംഭിച്ച ബുംറ ഇതുവരെ 148 മത്സരത്തിൽനിന്ന് 183 വിക്കറ്റ് സ്വന്തമാക്കി. അഞ്ച് തവണ ടീം കിരീടം ഉയർത്തിയപ്പോൾ നിർണായക പ്രകടനം നടത്തി. 2025 സീസണിൽ മുംബൈയുടെ വിക്കറ്റ് വേട്ടക്കാരിൽ മുന്പൻ കൂടിയായിരുന്നു താരം.
Tags : IPL T20 Cricket vibhav suryavanshi