പ്രതീകാത്മക ചിത്രം
തിരുവനന്തപുരം നന്തന്‍കോട് കുന്നിന്മുകളില് എട്ടര പതിറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവുമുള്ള ബംഗ്ലാവ്. ഭരണസിരാകേന്ദ്രത്തില്നിന്നു മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക്. മഹാസംഭവങ്ങളും നയതീരുമാനങ്ങളും രാഷ്്ട്രീയ അടക്കംപറച്ചിലും വാഴ്ചയും വീഴ്ചയുമൊക്കെയായി ഈ മന്ദിരത്തിന്റെ ചുവരുകള്‍ എല്ലാറ്റിനും സാക്ഷിയാണ്.
തിരുവിതാംകൂര്‍ രാജഭരണം മുതല്‍ ഇന്നേവരെ ക്ലിഫ് ഹൗസ് ഒരു ഔദ്യോഗിക വസതി മാത്രമല്ല മറിച്ച്, ഭരണ രാഷ്ട്രീയ തലങ്ങളില്‍ ഏറെ നിര്‍ണായകമായ ഇടംകൂടിയാണ്. ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുതല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശന് വരെ മുഖ്യമന്ത്രിമാരുടെ ഔദ്യോഗികമന്ദിരമായി മാറിയ ക്ലിഫ് ഹൗസ് എക്കാലവും വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നു. 1939ല്‍ തുടങ്ങി 1942ല്‍ ക്ലിഫ് ഹൗസിന്റെ നിര്‍മാണം പൂര്‍ത്തിയായി.
തിരുവിതാംകൂര്‍ രാജഭരണകാലത്ത് ദിവാന് പേഷ്കാറിന്റെ ഔദ്യോഗിക വസതിയായാണ് ഈ മന്ദിരം നിര്‍മിക്കപ്പെട്ടത്. ദേവസ്വം ഭൂമികള്‍, ക്ഷേത്രവരുമാനങ്ങള്, ദാനസ്വത്തുക്കള് എന്നിവയുടെ ഭരണനിര്‍വഹണത്തിനുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഇത്. ഭരണസംവിധാനത്തില്‍ ദിവാന് പേഷ്കാര്‍ നേരിട്ട് ദിവാനോടും മഹാരാജാവിനോടും ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ടുതന്നെ ഭരണ സിരാകേന്ദ്രങ്ങളിലൊന്നായി രാജഭരണകാലത്തുതന്നെ ക്ലിഫ് ഹൗസ് മാറി.
സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാന പൊതുമരാമത്തു വകുപ്പ് ഈ മന്ദിരവും വളപ്പും ഏറ്റെടുത്ത് സംസ്ഥാന അതിഥി മന്ദിരമായി മാറ്റി. 1957ല്‍ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് ഈ ബംഗ്ലാവിന്റെ സൗകര്യങ്ങള്‍ മനസിലാക്കി തിരു-കൊച്ചി മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയായിരുന്ന റോസ് ഹൗസിനു പകരം ക്ലിഫ് ഹൗസ് തെരഞ്ഞെടുക്കുകയായിരുന്നു.
നിര്‍മിതിയിലെ വശ്യത
ഇരുനിലകളിലായി 15,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മന്ദിരം പരമ്പരാഗത കേരള വാസ്തുവിദ്യയും ബ്രിട്ടീഷ് കൊളോണിയല്‍ ശൈലിയും സമന്വയിപ്പിച്ച മനോഹര നിര്‍മിതിയാണ്. വിശാലമായ നാലു വരാന്തകള്‍, ഉയര്‍ന്ന മേല്‍ക്കൂരകള്‍, തേക്കുതടിയില്‍ അലങ്കാരപ്പണികള്‍, ആകര്‍ഷകമായ പടിക്കെട്ട് എന്നിവ ഏറെ മനോഹരമാണ്. ഏഴ് കിടപ്പുമുറികള്‍, മുഖ്യമന്ത്രിയുടെ ഓഫീസ്, സമ്മേളന ഹാള്‍, ജിംനേഷ്യം, വിശ്രമമുറികള്‍, നീന്തല്‍ക്കുളം തുടങ്ങി ഔദ്യോഗിക ജീവിതത്തിനും സ്വകാര്യ ജീവിതത്തിനും ഒരുപോലെ അനുയോജ്യമാണ് ക്ലിഫ് ഹൗസ്. 4.2 ഏക്കര്‍ സ്ഥലത്തെ സമുച്ചയത്തോടു ചേര്‍ന്നു വിശാലമായ പൂന്തോട്ടം, ജീവനക്കാര്‍ക്കുള്ള വസതികള്‍, പഴം പച്ചക്കറി തോട്ടം, പശുത്തൊഴുത്ത് എന്നിവയൊക്കെയുണ്ട്.
കെ. കരുണാകരന്റെ കാലത്ത് ഭാര്യ കല്യാണിക്കുട്ടിയാണ് അടുക്കളയിലേക്കുള്ള പച്ചക്കറികള്‍ക്കായി ഇവി ടെ തോട്ടം ആരംഭിച്ചത്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ താത്പര്യത്തില്‍ വലിയൊഴു വാഴത്തോട്ടമുണ്ടാക്കി. ക്ലിഫ് ഹൗസ് അപ്പാടെ പരിപാലിക്കുന്നത് ടൂറിസം വകുപ്പാണ്.
1992-ല്‍ കെ. കരുണാകരന് വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയുടെ ഭാഗമായി നീന്തല്‍ക്കുളം നിര്‍മിച്ചതും പിന്നീട് അതിന്റെ നവീകരണവും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. 2022-ല്‍ സോളാര്‍ കേസ് അന്വേഷണ ഭാഗമായി സിബിഐ. ക്ലിഫ് ഹൗസില്‍ പരിശോധന നടത്തിയതും ദേശീയ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കിയെങ്കിലും സംഭവം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തൊഴുത്ത്, ചാണകക്കുഴി നിര്‍മാണം ഉള്‍പ്പെടെ വിവിധ അറ്റകുറ്റപ്പണികള്‍ക്ക് 1.8 കോടി ചെലവഴിച്ചതും വാര്‍ത്തയും വിമര്‍ശനവുമായി. ഇന്നേവരെ നടത്തിയ മോടിയാക്കല് ചെലവുകളുടെ പട്ടിക നോക്കിയാല്‍ മറ്റൊരു മഹാസൗധം പണിയുന്നതിനേക്കാൾ ചെലവുണ്ടായിട്ടുണ്ട്. മരപ്പട്ടിശല്യം കാരണം ക്ലിഫ് ഹൗസിൽ ഉണ്ണാനും ഉറങ്ങാനും പറ്റുന്നില്ലെന്ന് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ തനിമയും പഴമയുമുള്ള മനോഹരസൗധം പൊളിച്ചു പണിയുന്നതിനോട് ഒരാള്‍ക്കും യോജിപ്പില്ല.
കനത്ത സുരക്ഷാ സംവിധാനം
24 മണിക്കൂറും സജ്ജമായ പോലീസ് കണ്ട്രോള് റൂം, ആധുനിക സുരക്ഷാ, നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയോടെ സംസ്ഥാനത്തെ ഏറ്റവും സുരക്ഷിത സര്‍ക്കാര്‍ വസതികളിലൊന്നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ. കരുണാകരന്, ഇ.കെ. നായനാര്‍, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, വി.എസ്. അച്യുതാനന്ദന്, പിണറായി വിജയന് ഉൾപ്പെടെ മുഖ്യമന്ത്രിമാരുടെ ഭരണത്തില്‍ ഔദ്യോഗിക വിലാസമായിരുന്നു ഈ സൗധം.
സെക്രട്ടേറിയറ്റാണ് ഭരണ സിരാകേന്ദ്രമെങ്കിലും സുപ്രധാന കൂടിക്കാഴ്ചകളും നയതന്ത്ര ചര്‍ച്ചകളും അനൗപചാരിക തീരുമാനങ്ങളും രൂപം കൊള്ളുക ഈ വസതിയിലാണ്. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും നയതന്ത്ര പ്രതിനിധികളും സന്ദര്‍ശിച്ചിട്ടുള്ള ക്ലിഫ് ഹൗസ് സർക്കാരിന്റെ മുഖമായി അറിയപ്പെടുന്നു. ക്ലിഫ് ഹൗസ് ഒരു സര്‍ക്കാര്‍ വസതി എന്നതിനപ്പുറം കേരളത്തിന്റെ ഭരണ രാഷ്ട്രീയ രംഗത്തിന്റെ പ്രതീകവുമാണ്.
രാഷ്ട്രീയത്തിലെ ശ്രദ്ധേയ വിലാസം
ഓരോ തെരഞ്ഞെടുപ്പിനുശേഷവും പുതിയ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസം മാറുമ്പോള്‍ അത് ഒരു വ്യക്തിയുടെ വിലാസം മാറ്റം മാത്രമല്ല കേരള ഭരണത്തിലെ മറ്റൊരു അധ്യായം തുറക്കപ്പെടല്‍ കൂടിയാണ്. ക്ലിഫ് ഹൗസ് തിരുവിതാംകൂറിന്റെ രാജപൈതൃകത്തെയും കേരളത്തിന്റെ ജനാധിപത്യ രാഷ്ട്രീയത്തെയും ബന്ധിപ്പിക്കുന്ന അപൂര്‍വ മന്ദിരമായി നിലകൊള്ളുന്നു. ഈ ബംഗ്ലാവ് കേരളം രാഷ്്ട്രീയ ചരിത്രം എഴുതപ്പെടുന്നിടത്തോളം കാലം ഏറ്റവും ശ്രദ്ധേയമായ വിലാസമായി തുടരും.
സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിയുടേത്. ഇക്കാരണത്താല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും പരിസരവും അതി സുരക്ഷാ മേഖലയാണ്. നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടു വഴിയും ദേവസ്വം ബോര്‍ഡ് ജംഗ്ഷന് വഴിയും മാത്രമേ ക്ലിഫ് ഹൗസിലേക്കു പ്രവേശനമുള്ളു. രണ്ടു വഴികളിലും സുരക്ഷാ വിഭാഗത്തിന്റെ രണ്ടു വീതം പോയിന്റുകളുണ്ട്. ക്ലിഫ് ഹൗസ് പരിസരത്തു താമസിക്കുന്നവര്‍ കടന്നു പോകുന്ന വഴികളും സദാ നിരീക്ഷണത്തിലാണ്.
കേരള പോലീസ് ആക്ട് 83(2) വകുപ്പു പ്രകാരം ഈ പ്രദേശത്തേക്ക് ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനും കര്‍ശന നിയന്ത്രണങ്ങളുണ്ട്. ക്ലിഫ് ഹൗസിന് നാലു ഗേറ്റുകളാണുള്ളത്. സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് സുരക്ഷാ ചുമതലയുടെ മേല്‍നോട്ടം. കേരള പോലീസ് റാപ്പിഡ് റസ്പോണ്‍സ് ആന്‍ഡ് റെസ്ക്യു ഫോഴ്സും ഇന്ത്യാ റിസര്‍വ് ബറ്റാലിയനുമാണ് ക്ലിഫ് ഹൗസ് പരിസരത്ത് സുരക്ഷയൊരുക്കുന്നത്.
നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് വഴിയുള്ള വൈഎംആര്‍ ഗേറ്റിലും ഇതേ സുരക്ഷയാണുള്ളത്. ഒരേ സമയം 60 പേരാണ് മെയിന്‍ ഗേറ്റിലും വൈഎംആര്‍ ഗേറ്റിലുമായി ഡ്യൂട്ടിയിലുള്ളത്. ഇതിനു പുറമേ മ്യൂസിയം സ്റ്റേഷന് ഹൗസ് ഓഫീസര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരും ഇവിടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടാകും.
കേരള ഭരണ ഗതിവിഗതികളിലെ ഏറ്റവും ശക്തമായ പവര്‍ഹൗസ് എന്ന് ക്ലിഫ് ഹൗസിനെ വിശേഷിപ്പിക്കാം.
Tags : Cliffhouse Political Powerhouse