മൂന്നു ഭൂഖണ്ഡങ്ങളും രണ്ടു മഹാസമുദ്രങ്ങളും കടന്ന്, ഒരു രാവും പകലും കൊണ്ട് രാജ്യാന്തര ദിനരേഖ മുറിച്ചുള്ള പറക്കലില്‍ രണ്ടു സൂര്യോദയങ്ങളും രണ്ടു സൂര്യാസ്തമനങ്ങളും കണ്ടു ചരിത്രം കുറിച്ച വിമാനയാത്രയ്ക്ക് ലോകം സാക്ഷ്യം വഹിച്ചത് ഇക്കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരുന്നു.
ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍നിന്ന് ഫ്രാന്‍സിലെ തുളൂസിലേക്കു നിര്‍ത്താതെ പറന്ന എയര്‍ബസ് എ350-1000 യുഎല്‍ആര്‍ വിമാനം, പ്രോജക്ട് സണ്‍റൈസ് എന്ന പേരിട്ട പരീക്ഷണപ്പറക്കല്‍ നടത്തിയത് ഓസ്ട്രേലിയയിലെ ഖാന്റാസ് എയര്‍ലൈന്‍ രാജ്യത്തിന്റെ കിഴക്കന്‍ നഗരങ്ങളില്‍നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമെല്ലാം ആരംഭിക്കുന്ന നേരിട്ടുള്ള സര്‍വീസുകള്‍ക്ക് മുന്നോടിയായിട്ടായിരുന്നു.
സമയവും ദൂരവും തീര്‍ക്കുന്ന അതിര്‍ത്തിവേലികള്‍ ലംഘിച്ചു മുന്നേറുന്ന മാനവയാത്രാചരിതത്തിലെ പുതിയൊരു ഏടായ പ്രോജക്ട് സണ്‍റൈസിന്റെ വിശദാംശങ്ങള്‍ ഏറെ കൗതുകകരമാണ്. പറക്കലിന് ഉപയോഗിച്ച വിമാനത്തെപ്പോലെതന്നെ. ലണ്ടനിലേക്കും ന്യൂയോര്ക്കിലേക്കുമെല്ലാം നേരിട്ടു പറക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ഖാന്റാസ്, വിമാന നിര്‍മാതാക്കളായ എയര്‍ബസുമായി ചേര്‍ന്ന് ആരംഭിച്ചത് 2017ല്‍ ആയിരുന്നു. നിലവിലുള്ള എയര്‍ബസ് എ350 വിമാനം അടിസ്ഥാനമാക്കി നിര്‍മിക്കുന്ന എ350-1000യുഎല്‍ആര്‍ (അള്‍ട്രാ ലോംഗ് റേഞ്ച്) എന്ന 12 വിമാനങ്ങള്‍ക്ക് ഖാന്റാസ് എയര്‍ബസിന് ഓര്‍ഡര്‍ കൊടുക്കുന്നത് 2022ല്‍.
വീഗ എന്നു പേരിട്ട ആദ്യവിമാനം 2027 ഏപ്രിലില്‍ ഖാന്റാസ് പറത്തിത്തുടങ്ങും മുമ്പേ, യാത്രാവിമാനങ്ങള്‍ ഇതേവരെ പറന്നിട്ടില്ലാത്തത്രയും ദൂരം നിര്‍ത്താതെ പറക്കുന്നതിനുള്ള എ350-1000യുഎല്‍ആര്‍ പരീക്ഷണപ്പറക്കലാണ്, കഴിഞ്ഞ തിങ്കളും ചൊവ്വയുമായി നടത്തിയത്. ഫ്രാന്‍സില്‍ എയര്‍ബസ് ആസ്ഥാനമായ തുളൂസിലെ ബ്ലാന്യാക്ക് വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നുയര്‍ന്നത് ജൂലൈ 23ന് ആയിരുന്നു. പ്രാദേശികസമയം രാവിലെ 7.30നു ടേക്കോഫ് ചെയ്ത വിമാനം 19 മണിക്കൂര്‍, 13 മിനിറ്റുകൊണ്ട്, 17,000 കിലോമീറ്റര്‍ താണ്ടി ജൂലൈ 24ന് രാവിലെ 10.45ന് മെല്‍ബണില്‍ ഇറങ്ങി.
തിരിച്ചുള്ള പറക്കലിന് മെല്‍ബണില്‍നിന്ന് ടേക്കോഫ് ചെയ്തത് ജൂലൈ 27ന് വൈകുന്നേരം 5.27ന്. 24 മണിക്കൂറും 25 മിനിറ്റും കഴിഞ്ഞ് 23,075 കിലോമീറ്റര്‍ പറന്ന് ഫ്രാന്‍സിലെ തുളൂസിൽ ഇറങ്ങിയത് 28ന് രാവിലെ 9.52ന്. ഇങ്ങോട്ടു വന്നതുപോലെ, മെല്‍ബണില്‍നിന്ന് പടിഞ്ഞാറോട്ടു പറന്ന് ശ്രീലങ്കയും ഇന്ത്യയും ഒമാനും സൗദിയും ഈജിപ്തും ഇറ്റലിയും കടന്ന് 17,000 കിലോമീറ്റര്‍ താണ്ടിയാല്‍ ഫ്രാന്‍സില്‍ എത്താമായിരുന്നു എന്നിരിക്കേ, കിഴക്കോട്ടു പറന്ന് യുഎസ്, കാനഡ, ഗ്രീന്‍ലാന്‍ഡ്, യുകെ രാജ്യങ്ങള്‍ക്കു മീതേകൂടി 23,075 പറന്നത്, ദൂരം കൂട്ടാനും പറക്കല്‍സമയം 24 മണിക്കൂറിന് അപ്പുറമെത്തിക്കാനും വേണ്ടിത്തന്നെ.
പറന്നെത്തിയ ദൂരത്തിന് ആനുപാതികമാണ്, വിമാനത്തില്‍ നിറച്ചതും യാത്രയില്‍ എരിച്ചു തീര്‍ത്തതുമായ ഇന്ധനത്തിന്റെ അളവ്. പരമാവധി 1,68,300 ലിറ്റര്‍ ഇന്ധനം നിറയ്ക്കാവുന്ന വിമാനത്തില്‍, ഈ യാത്രയ്ക്കായി 20,900 ലിറ്റര്‍ കൊള്ളുന്ന ഒരു ഇന്ധനടാങ്കുകൂടി പിടിപ്പിച്ചിരുന്നു. അങ്ങനെ മൊത്തം 1,89,000 ലിറ്റര്‍ നിറയ്ക്കാന്‍ ശേഷിയുണ്ടായിരുന്ന വിമാനത്തില്‍ ശരിക്കും എത്ര ഇന്ധനമാണ്, മെല്‍ബണില്‍നിന്ന് പറന്നുയര്‍ന്നപ്പോള്‍ ഉണ്ടായിരുന്നതെന്ന് എയര്‍ബസ് വ്യക്തമാക്കിയിട്ടില്ല. ഫുള്‍ ടാങ്ക് ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാല്‍, 152 ടണ്ണായിരുന്നു പറന്നുയര്‍ന്ന വേളയില്‍ ഇന്ധനം എന്നു കണക്കാക്കാം. ഇതനുസരിച്ച്, വിമാനത്തിന്റെ മൊത്തം ഭാരം 319 ടണ്‍.
ഇന്ധനത്തിന്റെ മാത്രം ഭാരമായിരുന്ന 152 ടണ്‍ എത്രയെന്നു ധാരണ കിട്ടാന്‍, പെട്ടെന്ന് മനസിലാകുന്ന ഒരു ഉദാഹരണമുണ്ട്. കേരളത്തില്‍നിന്ന് ഗള്‍ഫിലേക്ക് പല എയര്‍ലൈനുകളും ഉപയോഗിക്കുന്ന വിമാനമാണ് ബോയിംഗ് 737-800. വിമാനത്തിന്റെയും അതില്‍ കയറ്റാവുന്ന 189 യാത്രക്കാരുടെയും ലഗേജിന്റെയും നിറയ്ക്കുന്ന ഇന്ധനത്തിന്റെയും മൊത്തം ഭാരം പരമാവധി 75 ടണ്ണായിരിക്കും.
രണ്ട് ബോയിംഗ് 737-800 വിമാനങ്ങളുടെ മൊത്തം ഭാരത്തേക്കാള്‍ രണ്ടു ടണ്‍ കൂടുതലായ 152 ടണ്‍ ഇന്ധനവുമായി ടേക്കോഫ് ചെയ്ത വിമാനം 24 മണിക്കൂറും 25 മിനിറ്റുംകൊണ്ട് 23,075 കിലോമീറ്റര്‍ താണ്ടി തുളൂസില്‍ ഇറങ്ങിയപ്പോള്‍ ശേഷിച്ചത് രണ്ടു ടണ്‍ ഇന്ധനമായിരുന്നിരിക്കാം. കത്തിച്ചുതീര്‍ത്തത് 150 ടണ്‍. ഒരു രാവും ഒരു പകലും നിര്‍ത്താതെയുള്ള പറക്കലിന്റെ ഓരോ സെക്കന്‍ഡിലും ഏകദേശം ഒരു ലിറ്റര്‍ വീതം ഇന്ധനമാണ്, രണ്ടു എന്‍ജിനുകള്‍ ഓരോന്നും കത്തിച്ചുകൊണ്ടിരുന്നത് എന്നര്‍ഥം.
24 മണിക്കൂര്‍ ഭൂഖണ്ഡാന്തര യാത്രയ്ക്കായി പ്രത്യേകം കരുതലോടെ ക്രമീകരിച്ചതാണ്, വിമാനത്തിനുള്ളിലെ സൗകര്യങ്ങളും. സിഡ്നി യൂണിവേഴ്സിറ്റിയിലെ ചാള്‍സ് പെര്‍ക്കിന്‍സ് സെന്റർ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപകല്പന ചെയ്ത പാസഞ്ചര്‍ കാബിനുകള്‍, യാത്രക്കാരുടെ സ്വാഭാവികമായ ഉറക്കത്തിനും ഉണര്‍വിനും അനുകൂലമായ അന്തരീക്ഷമുണ്ടാക്കുന്നതാണ്.
സാധാരണ 300 യാത്രക്കാരെ കയറ്റാവുന്ന എ350 വിമാനങ്ങളില്‍നിന്ന് വ്യത്യസ്തമായി 238 പേര്‍ക്കു മാത്രമായി വിന്യസിച്ചിരിക്കുന്ന സീറ്റുകള്‍ക്കിടയില്‍ നടക്കാനും കാലുകള്‍ നീട്ടിവയ്ക്കാനും കൂടുതല്‍ സൗകര്യമുണ്ട്. ആറ് ഫസ്റ്റ് ക്ലാസ് സ്വീറ്റുകളും 52 ബിസിനസ് സ്വീറ്റുകളും 40 പ്രീമിയം ഇക്കോണമി സീറ്റുകളും 140 ഇക്കോണമി സീറ്റുകളുമാണ് വിമാനത്തിലുള്ളത്. ഇരുന്നു മടുക്കുമ്പോള്‍ എഴുന്നേറ്റുനടന്ന്് എന്തെങ്കിലും എടുത്ത് കഴിക്കാനും കുടിക്കാനും ചെറുവ്യായാമങ്ങള്‍ ചെയ്യാനും സൗകര്യമുള്ള ‘വെല്ബീയറിംഗ് സോണ്‍’ എല്ലാ യാത്രക്കാര്‍ക്കും വേണ്ടിയുള്ളതാണ്.
യാത്ര നീളുംതോറും മാറിക്കൊണ്ടിരിക്കുന്ന തരത്തില്‍, രാപകലുകളിലെ വെളിച്ചവുമായി പൊരുത്തപ്പെടുംവിധം ഏര്‍പ്പെടുത്തിയിരിക്കുന്ന വെളിച്ച വിന്യാസം ദീര്‍ഘയാത്രയുടെ അസ്വസ്ഥതകള്‍ കുറയ്ക്കും. ഉറങ്ങാത്തവര്‍ക്കും ഉറക്കം വരാത്തവര്‍ക്കും മൊബൈല്‍ നോക്കാന്‍ ഇടമുറിയാത്ത വൈഫൈ കണക്ഷനുമുണ്ട്.
പരീക്ഷണ പറക്കലില്‍ അഞ്ചു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. എയര്‍ബസിന്റെ മൂന്ന് ടെസ്റ്റ് പൈലറ്റുമാരും ഖാന്റാസിന്റെ രണ്ടു പേരും. കൂടാതെ അഞ്ച് ഫ്ളൈറ്റ് ടെസ്റ്റ് എന്‍ജിനീയര്‍മാരും പറക്കലിനുണ്ടായിരുന്നു. ഇനി സാധാരണ യാത്രാ സര്‍വീസ് ആരംഭിക്കുമ്പോള്‍ ഉണ്ടാവുക നാലു പൈലറ്റുമാര്‍ ആയിരിക്കും. ഒരു ക്യാപ്റ്റനും ഒരു ഫസ്റ്റ് ഓഫീസറും കൂടാതെ രണ്ട് റിലീഫ് പൈലറ്റുമാരും. ഫ്ളൈറ്റ് അറ്റന്‍ഡന്റുമാര്‍ 12 പേരായിരിക്കും ഉണ്ടാവുക.
Tags : transcontinental historic flight Sunday Deepika