Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ പണം കൈമാറിയെന്ന പരാതിയിൽ ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോര്‍ട്ട് കൈമാറി. പുറത്തുവന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പടെയാണ് റിപ്പോർട്ട് കൈമാറിയത്.
എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ കണ്ണാടി പഞ്ചായത്തിൽ പ്രചാരണത്തിന് എത്തിയപ്പോൾ ഇവരുടെ ഒപ്പമുണ്ടായിരുന്ന യുവതി വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് യുഡിഎഫ് നേതൃത്വം കളക്ടർക്ക് പരാതി നൽകുകയായിരുന്നു.
പണം കൈമാറിയത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതോടെ പണം നൽകിയത് കൂട്ടത്തിലുള്ള യുവതിയുടെ വല്യമ്മയ്ക്കാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. വിവാദമായതോടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ അറിയില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നീട് അത് തിരുത്തകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ ശോഭ സുരേന്ദ്രൻ തള്ളിക്കളഞ്ഞിരുന്നു. കോൺഗ്രസ് പറഞ്ഞുവിട്ട വനിതയാണ് പണം നൽകിയതെന്നായിരുന്നു ശോഭയുടെ വാദം.
National
ചെന്നൈ: ബസ് സർവീസുകൾ വെട്ടിക്കുറച്ചതിനാൽ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ടിവികെ അധ്യക്ഷൻ വിജയ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ബസുകൾ ഇല്ലാത്തതിനാൽ വോട്ടർമാർ പലരും വോട്ട് ചെയ്യാതെ മടങ്ങുകയാണ്.
അതിനാല്‍ പോളിംഗ് സമയം രണ്ട് മണിക്കൂർ നീട്ടണമെന്നാണ് വിജയ്യുടെ ആവശ്യം. വോട്ട് ചെയാനായി നാട്ടിലേക്ക് പോകാൻ കൂട്ടത്തോടെ യുവാക്കൾ വിവിധ ബസ് സ്റ്റാന്‍ഡുകളില്‍ രാവിലെ എത്തിയിരുന്നു. ആവശ്യത്തിന് ബസ് സർവീസ് ക്രമീകരിച്ചില്ലെന്ന് ഇവര്‍ പരാതി ഉന്നയിച്ചെന്നും വിജയ് പറഞ്ഞു.
സംഭവത്തിൽ വിശദീകരണവുമായി ഗതാഗത വകുപ്പ് രംഗത്തെത്തി. ബുധനാഴ്ച വൈകുന്നേരം മുതൽ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും ഇന്ന് ഉച്ചയ്ക്ക് ഒന്നുവരെ സർവീസ് തുടരുമെന്നും അധികൃതർ പറഞ്ഞു. എന്നാൽ ഇതിനെ വിമർശിച്ച് വിജയ് രംഗത്തെത്തി.
ബസുകൾ കുറച്ചത് ആസൂത്രിത നീക്കമാണ്. തോൽവി മുന്നിൽ കണ്ടാണ് സർക്കാർ മുന്നറിയിപ്പില്ലാതെ സർവീസുകൾ വെട്ടിക്കുറച്ചതെന്ന് വിജയ് പറഞ്ഞു.
Kerala
തിരുവനന്തപുരം: വോട്ടിംഗ് യന്ത്രങ്ങൾ അതീവ സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിൽ ഉദ്യോഗസ്ഥർ കടന്നു കയറിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് പേരാന്പ്ര നിയമസഭാ മണ്ഡലത്തിലെ സ്ട്രോംഗ് റൂമിൽ റിട്ടേണിംഗ് ഓഫീസർ കടന്നു കയറിയെന്ന പരാതിയിലാണ് ഗൗരവതരമായ അന്വേഷണം നടക്കുന്നതായി കമ്മീഷൻ വ്യക്തമാക്കിയത്.
സ്ട്രോംഗ് റൂമിലും സമീപത്തെ രേഖകൾ സൂക്ഷിച്ചിട്ടുള്ള അനുബന്ധ മുറികളിലും ഉദ്യോഗസ്ഥർ കടന്നു കയറിയത് ഗുരുതര പിഴവാണെന്നു ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണം നടക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂമുകളുടെ ചുമതല കേന്ദ്രസേനയ്ക്കാണ്. സുരക്ഷാ പാളിച്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഇവരോടും വിശദീകരണം തേടും. തെരഞ്ഞെടുപ്പ് ജോലികളിൽ ഗുരുതര പിഴവു വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ ഗുരുതര ചട്ടലംഘനം നടത്തിയതായി പരാതി ഉയരുന്നവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാത്തതാണ് സ്ട്രോംഗ് റൂമുകളിൽ അനധികൃതമായി പ്രവേശിക്കുന്നത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ തുടരാൻ ഇടയാക്കുന്നതെന്നാണ് വിമർശനം.
ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ ജില്ലാ കളക്്ടർക്കും ജില്ലാ പോലീസ് മേധാവിക്കും മാത്രം കയറാൻ അനുമതിയുള്ള പ്രദേശങ്ങളിൽ റിട്ടേണിംഗ് ഓഫീസർമാരടക്കം കടന്നു കയറുന്നതായി വ്യാപക പരാതികളാണ് പലയിടങ്ങളിൽനിന്ന് ഉയരുന്നത്. ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കുകയോ സ്ട്രോംഗ് റൂകുകൾ തുറക്കുകയോ ചെയ്യരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പല തവണ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, നിർദേശം മുഖവിലയ്ക്കെടുക്കാതെ പലയിടങ്ങളിലും കയറാൻ ശ്രമം നടന്നതായാണ് പരാതികൾ ഉയരുന്നത്. ഇതു തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാകും.പേരാന്പ്രയ്ക്കു പിന്നാലെ ഒട്ടേറെ സ്ഥലങ്ങളിൽ സ്ട്രോംഗ് റൂമുകൾ തുറക്കാൻ ശ്രമം നടന്നതായി പരാതികൾ ഉയർന്നിരുന്നു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'തീവ്രവാദി' എന്ന് വിളിച്ചെന്ന ആരോപണത്തെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശമാണ് വിവാദമായത്.
ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെ വിമർശിക്കവെയാണ് ഖാർഗെ വിവാദ പ്രസ്താവന നടത്തിയത്.
"അവർക്ക് എങ്ങനെ മോദിയുമായി ചേരാനാകും? അദ്ദേഹം ഒരു തീവ്രവാദിയാണ്. അദ്ദേഹത്തിന്റെ പാർട്ടി സമത്വത്തിലും നീതിയിലും വിശ്വസിക്കുന്നില്ല," എന്നായിരുന്നു ഖർഗെയുടെ വാക്കുകൾ.
National
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. രാഹുൽ കാറിൽ കയറിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററിൽ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി കൂടാതെ റാണിപ്പെട്ടിലും ഫ്ലയിംഗ് സ്ക്വാഡ് പരിശോധന നടത്തി.
തെരഞ്ഞെടുപ്പ് പ്രചാരണാർഥമാണ് രാഹുൽ ഗാന്ധി തമിഴ്നാട്ടിലെത്തിയത്. അതേസമയം, സ്റ്റാലിൻ സഹോദരനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്റ്റാലിനെ പുകഴ്ത്തിക്കൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. സ്റ്റാലിനെ മോദിക്ക് നിയന്ത്രിക്കാൻ കഴിയില്ല, അത് മോദിക്ക് നന്നായി അറിയാമെന്നും അതുകൊണ്ട് എഐഎഡിഎംകെ മുഖ്യമന്ത്രിയെ നിയമിക്കാൻ ശ്രമിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തമിഴ്നാട്ടിലെ രണ്ടാമത്തെ റാലിയിലാണ് സ്റ്റാലിന്റെ പേര് രാഹുൽ പരാമർശിച്ചത്. മോദിക്ക് എന്ത് സ്വപ്നവും കാണാം. പക്ഷെ വോട്ടെണ്ണുമ്പോൾ യാഥാർഥ്യം തിരിച്ചറിയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഡിഎംകെ കോൺഗ്രസ് സഖ്യം തമിഴ്നാട് തൂത്തുവാരും. തമിഴ് ജനതയുടെ കരുത്ത് മോദിയും അമിത് ഷായും മനസിലാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
National
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെത്തിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി. തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ പരിശോധിച്ചത്.
രാഹുൽ ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി കാറിൽ കയറിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററിൽ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി കൂടാതെ റാണിപ്പെട്ടിലും ഫ്ലയിംഗ് സ്ക്വാഡ് പരിശോധന നടത്തി.
തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അധികൃതർ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിൽ പോളിംഗ് കണക്ക് വൈകുന്നതിൽ അസ്വഭാവികതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കണക്കുകൾ മനപൂർവം വൈകിപ്പിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
വരണാധികാരികൾ കണക്കുകൾ ക്രോഡീകരിച്ച് പൂർത്തിയാക്കിയ ഉടൻ വിവരങ്ങൾ പുറത്തുവിടുമെന്നും ഓരോ ബൂത്തിലെയും കണക്ക് രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്ക് നൽകിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
അതേസമയം, വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടാത്തതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ് വിവരങ്ങളും പോസ്റ്റൽ വോട്ടിംഗ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്കും കത്തയച്ചു.
Kerala
തിരുവനന്തപുരം: വോട്ടെടുപ്പു കഴിഞ്ഞു ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷിനുകളുടെ സുരക്ഷ സംബന്ധിച്ച് വ്യാപക ആശങ്ക ഉയരുന്പോഴും സംസ്ഥാനത്ത് രേഖപ്പെടുത്തിയ വോട്ടുകളുടെ കൃത്യമായ എണ്ണം പുറത്തു വിടാതെ തെരഞ്ഞെടുപ്പു കമ്മീഷൻ.
വോട്ടെടുപ്പു കഴിഞ്ഞു മൂന്നു ദിവസം പിന്നിടുന്പോഴും സംസ്ഥാനത്ത് ഇലക്ട്രോണിക് സ് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം തയാറായിട്ടില്ല.
ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകൾ സ്ട്രോംങ് റൂമുകളിലേക്ക് സീൽ ചെയ്തു മാറ്റുന്പോൾ ഇതിൽ രേഖപ്പെടുത്തിയ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. പിന്നീട് വോട്ട് എണ്ണുന്നതിനായി ഇവിഎമ്മുകൾ തുറക്കുന്പോൾ നേരത്തെ പറഞ്ഞിരുന്ന വോട്ടാണോ ഇതിലുള്ളതെന്നും വ്യക്തമാക്കേണ്ടതുണ്ട്.
എന്നാൽ, സംസ്ഥാനത്ത് എത്ര വോട്ടുകൾ രേഖപ്പെടുത്തിയെന്ന മാധ്യമ പ്രവർത്തകരുടെ നിരന്തരമായ ചോദ്യത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം ഇനിയും മറുപടി നൽകിയിട്ടില്ല. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനാണ് ഇതുസംബന്ധിച്ച കണക്കുകൾ അറിയിക്കേണ്ടതെന്നാണ് വിശദീകരണം.
മുൻകാലങ്ങളിൽ വോട്ടെടുപ്പു പൂർത്തിയാകുന്ന അന്നു രാത്രി തന്നെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം മാധ്യമങ്ങൾ വഴി ജനങ്ങളെ കൃത്യമായി അറിയിക്കാറുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പിനു പിന്നാലെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് പരിഷ്കരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം തെരഞ്ഞെടുപ്പു കമ്മീഷൻ തടഞ്ഞു.
വിവാദ ഫയലുകൾ നീക്കാനായാണ് സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് പരിഷ്കരിക്കാൻ വോട്ടെടുപ്പിനു തൊട്ടുപിന്നാലെ നടപടി സ്വീകരിച്ചതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഐഎഎസ് അസോസിയേഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു നൽകിയ പരാതിയിലാണ് നടപടി. ഇ ഓഫീസ് സോഫ്റ്റ്വേർ പരിഷ്കരണം സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനോടു വിശദീകരണം തേടിയതിനു തൊട്ടുപിന്നാലെയായിരുന്നു തത്കാലം നിർത്തിവയ്ക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചത്.
ഇ ഓഫീസ് പരിഷ്കരണം ഇന്നലെ രാത്രി 10 മുതൽ 15നു രാവിലെ 10 മണിവരെ നടത്താൻ നിർദേശിച്ചാണ് സർക്കുലർ ഇറങ്ങിയത്. ഇന്നലെ രാവിലെയാണ് ഇ ഓഫീസ് സോഫ്റ്റ്വേർ വെർഷൻ പരിഷ്കരിക്കുന്നതിനായി ഓഫീസ് അടച്ചിടുന്ന കാര്യം വകുപ്പു മേധാവികളെ അറിയിച്ചത്. എന്നാൽ, ഇതിൽ മാർച്ച് 31ലെ തീയതിയാണ് രേഖപ്പെടുത്തിയിരുന്നത്.
സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് വെർഷൻ പരിഷ്കരണത്തിന്റെ ഭാഗമായാണ് ഇ ഓഫീസ് പ്രവർത്തനം നിർത്തിവയ്ക്കുന്നതെന്നാണ് ഇതുസംബന്ധിച്ച് വകുപ്പു മേധാവികൾക്കുള്ള സർക്കുലറിൽ പറയുന്നത്.
ഐടി വകുപ്പിന്റെ നിർദേശാനുസരണം കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിനെയാണ് ഇ ഓഫീസ് വെർഷൻ പരിഷ്കരിക്കാനായി ചുമതലപ്പെടുത്തിയത്. രണ്ടാം ശനി, ഞായർ, വിഷു, അംബേദ്കർ ജയന്തി തുടങ്ങിയ അവധികൾ തുടർച്ചയായി വരുന്ന സാഹചര്യത്തിലാണ് ഇ ഓഫീസ് പരിഷ്കരിക്കാൻ തീരുമാനിച്ചതെന്നാണ് സർക്കാർ വിശദീകരണം.
എന്നാൽ, നിയമസഭാ വോട്ടെടുപ്പിൽ പോളിംഗ് കുത്തനെ ഉയർന്നതിനു പിന്നാലെ സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് സംവിധാനം അറ്റകുറ്റപ്പണി നടത്തുന്നത് വിവാദ ഫയലുകൾ നിർവീര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് നിർത്തിവയ്ക്കാനുള്ള തീരുമാനം ദുരൂഹമാണെന്നും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ ഇ ഓഫീസ് അറ്റകുറ്റപ്പണി നടത്തുന്നതു തടയണമെന്നും ആവശ്യപ്പെട്ടു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തു നൽകി.
ഇ ഓഫീസ് പരിഷ്കരണത്തിന്റെ ഭാഗമായി ഇ ഓഫീസ് പ്രവർത്തനം 15 വരെ നിലയ്ക്കുമെന്നാണ് ഐടി വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. ജനങ്ങൾക്കും ഇത് ഒട്ടേറെ ബുദ്ധിമുട്ടുണ്ടാക്കും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ സുപ്രധാന ഫയലുകൾ നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഐടി വകുപ്പിന്റെ ധൃതിപിടിച്ചുള്ള നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നുമാണ് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടത്.
Kerala
ആലപ്പുഴ: സമയം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തതിനെ തുടർന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിശബ്ദ പ്രചാരണ ദിവസവും പലയിടത്തും പരാതികളും വിവാദങ്ങളും തുടരുകയാണ്. വോട്ടിന് പണം നൽകിയെന്നും അപകീർത്തികരമായ പ്രചാരണം നടത്തുന്നെന്നുമാണ് വിവിധയിടങ്ങളിൽ നിന്ന് ഉയർന്ന പരാതികൾ.
നിശബ്ദപ്രചാരണ ദിവസം എൽഡിഎഫും എൻഡിഎയും ചട്ടം ലംഘിച്ച് പ്രചാരണം നടത്തുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. നേമത്ത് മദ്യം ഒഴുക്കി വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് എൽഡിഎഫ് ആരോപിച്ചു.
Kerala
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് അതിന്റെ ഓരോ പൗരന്റെയും കൈയിലുള്ള വോട്ടവകാശമാണ്. ഈ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത് കേവലം ഒരു അവകാശമല്ല, മറിച്ച് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിലുള്ള നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കാന്‍ “സമ്മതിദായക കേന്ദ്രീകൃതമായ” വിപുലമായ തയാറെടുപ്പുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം കേരളത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാളെ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍, സമ്മതിദായകര്‍ക്ക് ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായും വോട്ട് രേഖപ്പെടുത്താനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കഴിഞ്ഞു.
» പുതുമകള്‍: സുതാര്യതയുടെ 30 സംരംഭങ്ങള്‍ «
തെരഞ്ഞെടുപ്പ് പ്രക്രിയയെ ആധുനികവത്കരിക്കാനും കൂടുതല്‍ ജനകീയമാക്കാനും മുപ്പതോളം പുതിയ പദ്ധതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തവണ നടപ്പിലാക്കുന്നത്. വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമായി നാൽപ്പതിലധികം ആപ്പുകളെയും വെബ്സൈറ്റുകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഏകജാലക ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു. പോളിംഗ് സുതാര്യമാക്കാന്‍ 100 ശതമാനം വെബ് കാസ്റ്റിംഗ് സംവിധാനവും വോട്ടര്‍മാരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു ബൂത്തില്‍ പരമാവധി 1,200 വോട്ടര്‍മാര്‍ എന്ന ക്രമീകരണവും ഇത്തവണത്തെ പ്രത്യേകതയാണ്.
» പരിശീലനവും സാങ്കേതികവിദ്യയും «
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേരളം, "eVidya'എന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി പരിശീലനം നല്കിവരുന്നു. ഉദ്യോഗസ്ഥര്‍ക്ക് എവിടെയിരുന്നും ലളിതമായി പരിശീലന മൊഡ്യൂളുകള്‍ ഇതിലൂടെ ലഭ്യമാകും. നിലവിലെ പരിശീലനങ്ങള്‍ക്ക് പുറമേയാണിത്. വോട്ടിംഗ് ശതമാനം 85ന് മുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കുടിവെള്ളം, തണല്‍, ഇരിപ്പിടങ്ങള്‍, റാമ്പുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും പ്രാദേശിക കലാരൂപങ്ങളും പൈതൃകവും വിളിച്ചോതുന്ന "മോഡല്‍ പോളിംഗ് സ്റ്റേഷനുകളും' സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന ആയിരത്തിലധികം "പിങ്ക് ബൂത്തുകളും' സജ്ജമാണ്. തെരഞ്ഞെടുപ്പ് ജനാധിപത്യ ഉത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ബൂത്തും സജ്ജമാക്കിയിട്ടുളളത്.
» കന്നിവോട്ടര്‍മാര്‍ക്ക് മധുരമേറിയ സ്വീകരണം «
യുവജനപങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ ബോധവത്കരണ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. കേരളത്തിലെ 2.71 കോടി വോട്ടര്‍മാരില്‍ 4.6 ലക്ഷം പേര് കന്നിവോട്ടര്‍മാരാണ്. ഇവരെ ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍ ഓരോ ജില്ലയിലെയും നിശ്ചിത ബൂത്തുകളില്‍ ആദ്യമെത്തുന്ന 200 കന്നിവോട്ടര്‍മാര്‍ക്ക് ഹല്‍വ വിതരണം ചെയ്യും. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഊബറുമായി സഹകരിച്ച് സൗജന്യയാത്രയും.
» സുരക്ഷയും പരാതി പരിഹാരവും «
സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ അതിര്‍ത്തികളില്‍ ചെക്ക് പോസ്റ്റുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും സജീവമാണ്. പ്രശ്നബാധിതബൂത്തുകളില്‍ കേന്ദ്ര സായുധ സേനയെ വിന്യസിക്കും. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരേ സി-വിജില്‍ ആപ്പിലൂടെ പരാതി നല്കിയാല് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും. സംശയനിവാരണത്തിനായി 1950 എന്നടോള് ഫ്രീ നമ്പറില്‍ 24 മണിക്കൂറും കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകള്‍ തടയാന്‍ പ്രത്യേക സൈബര്‍ സെല്ലുകളും ജാഗ്രതയിലാണ്.
» കരുതലോടെയുള്ള ഹോം വോട്ടിംഗ് «
ജനാധിപത്യം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം. ഇതിന്റെ ഭാഗമായി 85 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കുമായി ഹോം വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തി. ഏകദേശം രണ്ട് ലക്ഷത്തിലധികം പേര് ഈ സൗകര്യം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കും അവശ്യസേവന വിഭാഗങ്ങള്‍ക്കും പോസ്റ്റല്‍ ബാലറ്റ് വഴിയുള്ള വോട്ടിംഗിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.
» പ്രകൃതിയോടിണങ്ങി «
നൂറു ശതമാനം പ്രകൃതിസൗഹൃദമായ രീതിയില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പരിസ്ഥിതി സംരക്ഷണത്തില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ കേരളം ലക്ഷ്യമിടുന്നു. പ്ലാസ്റ്റിക് ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെട്ട 2,71,06,059 വോട്ടര്‍മാരാണ് നിലവില്‍ പട്ടികയിലുള്ളത്. ഈ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജില്ലാ കളക്ടര്‍മാര്‍, ബിഎല്‍ഒമാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനം സ്തുത്യര്‍ഹമാണ്. നാളെ നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഓരോ വോട്ടറെയും ഞാന്‍ ഹൃദയപൂര്‍വം ക്ഷണിക്കുന്നു.
നമുക്ക് വോട്ട് ചെയ്യാം, ജനാധിപത്യം കരുത്തുറ്റതാക്കാം.
Kerala
കൊച്ചി: എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ടി.കെ. ഗോവിന്ദന് നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉറപ്പ് പരിഗണിച്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
ഹര്ജിക്കാരന് ഇതിനോടകം പോലീസ് സംരക്ഷണം നല്കിയതും കോടതി കണക്കിലെടുത്തു. സേനാവിന്യാസവും വെബ് കാമറകളടക്കം വിന്യസിച്ച കാര്യവും തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു.
സിപിഎം വിട്ടുവന്ന തനിക്കും അനുകൂലിക്കുന്ന വോട്ടര്‍മാര്‍ക്കും എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍നിന്നു ഭീഷണിയുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം.
National
ന്യൂഡൽഹി: കേരളത്തിലുൾപ്പെടെ നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എക്സിറ്റ് പോളുകൾക്ക് വിലക്കേർപ്പെടുത്തി.
നാളെ രാവിലെ ഏഴു മുതൽ ഈ മാസം 29ന് വൈകുന്നേരം 6.30 വരെയാണു എക്സിറ്റ് പോളുകൾ നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കേർപ്പെടുത്തിയത്.
കമ്മീഷൻ നിർദേശിച്ചിരിക്കുന്ന സമയപരിധിയിൽ എക്സിറ്റ് പോളുകൾ സംഘടിപ്പിക്കുന്നതോ വാർത്താമാധ്യമങ്ങളിലൂടെയോ മറ്റോ അവ സംപ്രേഷണം ചെയ്യുന്നതോ കുറ്റകരമായിരിക്കും.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(എ) യുടെ ലംഘനമായി കരുതുന്ന കുറ്റകൃത്യത്തിന് രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
കേരളത്തിനുപുറമെ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലും നാളെയാണു വോട്ടെടുപ്പ്. തമിഴ്നാട്ടിൽ 23നും പശ്ചിമ ബംഗാളിൽ 23, 29 തീയതികളിലുമാണ് വോട്ടെടുപ്പ്. മേയ് നാലിനാണ് അഞ്ചിടത്തും ഫലം പ്രഖ്യാപിക്കുക.
Kerala
തിരുവനന്തപുരം: കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റർഹെഡിൽ വ്യാജവാർത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി.
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്നും വ്യാജവാർത്ത നീക്കം ചെയ്യുകയും നിരോധിക്കുകയും ചെയ്യണമെന്നും സണ്ണി ജോസഫ് പരാതിയിൽ ആവശ്യപ്പെട്ടു.
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ടി.ഒ. മോഹനനെ പിന്തുണച്ചും കെ. സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തുനൽകി എന്നതാണ് വ്യാജമായി പ്രചരിപ്പിക്കുന്ന കത്തിലെ ഉള്ളടക്കം.
ഈ വ്യാജവാർത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സാധാരണ വോട്ടർമാരുടെ മനസിൽ സംശയം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചതാണ്. കെ. സുധാകരന്റെ സ്ഥാനാർഥിത്വത്തെ താൻ എതിർത്തുവെന്ന തരത്തിൽ തെറ്റായ ധാരണ ഉണ്ടാക്കുകയാണ് ഇത്തരമൊരു വ്യാജ കത്തിന്റെ ലക്ഷ്യം.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിൽ ഒരു കത്തും താൻ തയാറാക്കുകയോ എഐസിസി അധ്യക്ഷന്‍ നൽകുകയോ ചെയ്തിട്ടില്ല. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചാണ് ഈ വ്യാജ കത്ത് തയാറാക്കിയിരിക്കുന്നതെന്നും പരാതിയിൽ സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമ പ്രചാരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക മാർഗനിർദേശങ്ങൾ നിലനിൽക്കെയാണ് തന്റെ പേരിൽ ഇത്തരത്തിൽ ഒരു വ്യാജ പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
കോഴിക്കോട്: കുന്നമംഗലം നിയോജകമണ്ഡലത്തില്‍ തന്റെ പേരില്‍ വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.ടി.എ. റഹീം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി.
ബക്കറ്റാണ് റഹീമിന്റെ ചിഹ്നം. എന്നാല്‍, ചുറ്റിക അരിവാള്‍ നക്ഷത്രം ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് നിരവധി ആളുകളുടെ ഫോണുകളിലേക്കു സന്ദേശങ്ങള്‍ എത്തുന്നതായാണ് റഹീമിന്റ പരാതി.
ചുറ്റിക അരിവാള്‍ നക്ഷത്രം ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നാവശ്യപ്പെടുന്ന സന്ദേശങ്ങള്‍ താനോ തന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയോ അയച്ചിട്ടില്ലെന്ന് പി.ടി.എ. റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. 8037847590 എന്ന നമ്പറില്‍നിന്നാണ് വ്യാജ സന്ദേശം വന്നത്. ഇതിന്റെ ഉറവിടം കണ്ടെത്തി ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും റഹീം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഘടകകക്ഷി നേതാക്കളെ പാര്‍ട്ടി ഫണ്ട് വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Kerala
കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ എൽഡിഎഫ് സ്ഥാനാർഥി ടി.പി.രാമകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി. വിവാദത്തിൽ പാർട്ടിക്ക് ബന്ധമില്ല. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധ ഉണ്ടാക്കുന്ന അനൗൺസ്മെന്റ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ വോട്ടുകൾ നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്ന അനൗൺസ്മെന്റാണ് വിവാദമായത്. തുടർന്ന് യുഡിഎഫ് നേതാക്കൾ ജില്ലാ കളക്ടർക്ക് പരാതി നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ സിപിഎം വിശദീകരണവുമായി രംഗത്തുവന്നിരുന്നു.
ഫാത്തിമ തഹ്ലിയ മതംപറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എൽഡിഎഫിനില്ലെന്നും വിവാദ സംഭവത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞിരുന്നു. മതം പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്നും വർഗീയ വിഭജനം ലക്ഷ്യമിട്ട് എൽഡിഎഫ് നടത്തുന്ന പ്രചാരണ വേലയാണിതെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും നടക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ കർശന പരിശോധനയിൽ ഇതുവരെ 650 കോടിയിലധികം രൂപയുടെ അനധികൃത പണവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 15 മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്നാണ് പരിശോധനകൾ ഊർജിതമാക്കിയത്. വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികൾ നടത്തിയ റെയ്ഡുകളിൽ ഇതുവരെ ആകെ 651.51 കോടി രൂപയുടെ വസ്തുവകകളാണ് കണ്ടെടുത്തത്.
പശ്ചിമ ബംഗാളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ തുക പിടിച്ചെടുത്തത് (319 കോടി രൂപ), തമിഴ്നാട്ടിൽ നിന്നും 170 കോടി രൂപ, ആസാമിൽ നിന്നും 97 കോടി രൂപ, കേരളത്തിൽ നിന്നും പിടിച്ചെടുത്തത് 58 കോടി രൂപയാണ്. പുതുച്ചേരിയിൽ നിന്നും ഏഴ് കോടി രൂപ, കേരളത്തിൽ നിന്ന് പിടിച്ചെടുത്ത 58 കോടി രൂപയുടെ വസ്തുക്കളിൽ എട്ട് കോടി രൂപ കറൻസിയായും, രണ്ട് കോടി രൂപയുടെ മദ്യവും (68,432 ലിറ്റർ), 41 കോടി രൂപയുടെ മയക്കുമരുന്നും ഉൾപ്പെടുന്നു. കൂടാതെ ഒരു കോടി രൂപയുടെ സ്വർണ്ണവും അഞ്ച് കോടി രൂപ വിലമതിക്കുന്ന സൗജന്യ വിതരണത്തിനുള്ള സാധനങ്ങളും പിടികൂടിയിട്ടുണ്ട്.
Kerala
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വിവാദമായ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. പെരുമാറ്റച്ചട്ട ലംഘനം നടന്നോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ പേരാമ്പ്രയിൽ എൽഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പ്രതികരിച്ചത്.
വിഷയത്തിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചതോടെ അദ്ദേഹം ക്ഷുഭിതനായി. "ഞങ്ങളുടെ മേൽ കുറ്റം ചാർത്താൻ എന്തിനാണ് ഇത്ര ധൃതി?" എന്നാണ് അദ്ദേഹം ചോദിച്ചത്. വിവാദമായ അനൗൺസ്മെന്റ് എൽഡിഎഫ് നടത്തിയിട്ടില്ലെന്നും, ആരോപണം ഉന്നയിക്കുന്നവർ അതിന് തെളിവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ വാഹനങ്ങളിൽ ഉപയോഗിക്കുന്ന അനൗൺസ്മെന്റുകളുടെ റെക്കോർഡുകൾ അടങ്ങിയ പെൻഡ്രൈവ് പരിശോധനയ്ക്കായി നൽകാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പേരാമ്പ്രയിൽ അത് തകർക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവമായ ശ്രമങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെ എന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയുടെ മതം പറഞ്ഞ് വോട്ട് പിടിക്കാൻ എൽഡിഎഫ് ശ്രമിച്ചു എന്നാരോപിച്ച് യുഡിഎഫ് നൽകിയ പരാതിയിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്നാൽ ഇത്തരമൊരു അനൗൺസ്മെന്റുമായി എൽഡിഎഫിന് ബന്ധമില്ലെന്നാണ് മുന്നണിയുടെ ഔദ്യോഗിക വിശദീകരണം. ഈ വിഷയത്തിൽ ഫാത്തിമ തഹ്ലിയയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട് പോലീസ് മേധാവിയെ മാറ്റി ഇലക്ഷൻ കമ്മീഷൻ. ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഡിജിപി ജി. വെങ്കിട്ടരാമനെ ആണ് മാറ്റിയത്. ഇതിനുപകരമായി സന്ദീപ് റായ് റാത്തോറിനെ ഡിജിപിയായി നിയമിച്ച് ഉത്തരവിട്ടു.
1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സന്ദീപ് റായ് റാത്തോർ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് നടപടികളുടെ മേൽനോട്ട ചുമതല സന്ദീപ് റായ് റാത്തോറിനായിരിക്കും. ഇലക്ഷൻ കമ്മീഷൻ സെക്രട്ടറി ലത ത്രിപാഠിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനുപുറമേ തമിഴ്നാട്ടിലെ മറ്റ് പോലീസ് തസ്തികകളിലും ഇലക്ഷൻ കമ്മീഷൻ മാറ്റം വരുത്തിയിട്ടുണ്ട്. താംബരം സിറ്റി പോലീസ് കമ്മിഷണറായിരുന്ന എ. അമൽരാജിന് പകരം സഞ്ജയ് കുമാറിനെ നിയമിച്ചു.
ആർ.വി. രമ്യ ഭാരതിയെ കോയമ്പത്തൂർ വെസ്റ്റ് സോൺ ഐജിയായി നിയമിച്ചു. മധുര സിറ്റി പോലീസ് കമ്മീഷണായി അഭിഷേക് ദീക്ഷിതിനെ നിയമിച്ചു.
Kerala
കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.എ.മുഹമ്മദ് റിയാസ്. അൻവർ വ്യക്തിഹത്യ നടത്തുകയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
മരുമോനിസം, പിണറായിസം എന്ന് പറഞ്ഞ് തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും അൻവർ അപമാനിക്കുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നുമാണ് മുഹമ്മദ് റിയാസിന്റെ ആവശ്യം. ഇന്നുതന്നെ കമ്മീഷന് പരാതി നൽകുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.
നിലമ്പൂരിൽ എൽഡിഎഫ് ടിക്കറ്റിൽ വിജയിച്ച അൻവർ പിന്നീട് മുഖ്യമന്ത്രിയുമായി പിണങ്ങി യുഡിഎഫുമായി സഹകരിക്കുകയായിരുന്നു. പിണറായിസത്തിനും മരമോനിസത്തിനും എതിരായിട്ടാണ് താൻ മത്സരിക്കുന്നതെന്ന് അൻവർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ ഒൻപതിന് തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ ഊബർ ഓട്ടോയിലും ടാക്സിയിലും സൗജന്യ യാത്ര ഒരുക്കി തെരഞ്ഞെടുപ്പു കമ്മീഷൻ.
സമ്മതിദായകർക്ക് അവരുടെ പോളിംഗ് ബൂത്തുകളിലേക്ക് യാത്ര ചെയ്യാനായി ഊബർ ആപ്പിലൂടെ കാർ, ഓട്ടോ, ബൈക്ക് വിഭാഗത്തിൽ സൗജന്യ യാത്രാസേവനം നൽകുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ അറിയിച്ചു.
വോട്ടർമാരെ കയറ്റുന്ന സ്ഥലത്തു നിന്നു രണ്ടു കിലോമീറ്റർ വരെയുള്ള യാത്രകളാണ് സൗജന്യം. രണ്ടു കിലോമീറ്ററിനു ശേഷമുള്ള നിരക്ക് വോട്ടർ അടയ്ക്കണം. എല്ലാ പോളിംഗ് ബൂത്തുകളുടെയും ലൊക്കേഷൻ ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു. തിങ്കളാഴ്ച രാത്രി എട്ട് വരെ 10,922 പേര് ഹോം വോട്ടിംഗ് നടത്തിയതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ആകെ 2,07,757 പേരാണ് ഹോം വോട്ടിംഗിനായി അപേക്ഷിച്ചിട്ടുള്ളത്.
പ്രായമായവർക്കും അവശരായവർക്കും വേണ്ടിയാണ് ഹോം വോട്ടിംഗ് ക്രമീകരിച്ചിരിക്കുന്നത്. 85 വയസ് പിന്നിട്ടവർക്കും, 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമായാണ് ഹോം വോട്ടിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 85 വയസിന് മുകളിലുള്ള 7,561 പേരും ശാരീരിക പരിമിതിയുള്ള 3,361 പേരും വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ എന്നിവടരടങ്ങുന്ന സംഘമാണ് ഹോം വോട്ടിംഗിന് മേൽനോട്ടം വഹിക്കുന്നത്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ കണ്ടെത്തിയ സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിലുണ്ടായിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ അടക്കം രണ്ടു പേർക്കെതിരേകൂടി നടപടി.
ഡെപ്യൂട്ടി സിഇഒയായ മിഷൽ സാഗർ ഭരത്, സെക്ഷൻ ഓഫീസർ എന്നിവർക്കെതിരേയാണ് നടപടി. ഇരുവരെയും ഉത്തരവാദിത്വങ്ങളിൽ നിന്ന് വിടുതൽ ചെയ്ത് ജോലി ചെയ്തിരുന്ന മാതൃ ഓഫീസുകളിലേക്കു മടക്കി അയയ്ക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉത്തരവിട്ടു.
ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്യുന്നതിൽ ഇരുവർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു നേരത്തെ ഒരു അസിസ്റ്റന്റ് സെക്ഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തിരുന്നു.
രാഷ്ട്രീയപാർട്ടികൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നയച്ച കത്തിൽ ബിജെപിയുടെ സീൽ കണ്ടെത്തിയ സംഭവത്തിലാണ് കൂടുതൽ നടപടി .
സംഭവത്തിൽ 48 മണിക്കൂറിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ സിഇഒ പി.ബി.നൂഹിനെ ചുമതലപ്പെടുത്തിയിരുന്നു. നൂഹ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് ഡെപ്യൂട്ടി സിഇഒ, സെക്ഷൻ ഓഫീസർ എന്നിവരെ മടക്കി അയച്ചത്.
Kerala
കൊച്ചി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണനെതിരേയുള്ള പരാതി പരിഗണിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്കി. രണ്ടു മാസത്തിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചത്.
തൃശൂരിലെ കെഎസ്യു നേതാവ് ഗോകുല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു നടപടി. മറ്റു പാര്‍ട്ടികള്‍ മണ്ഡലത്തില്‍ ഹൈന്ദവസ്ഥാനാര്ഥികളെ നിര്‍ത്തുന്നില്ലെന്ന് ആരോപിച്ച് ഗോപാലകൃഷ്ണന് സമൂഹമാധ്യമത്തിൽ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടെന്നും ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ ഗോപാലകൃഷ്ണനെതിരേ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 192, 1988 ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 125 എന്നിവപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹര്ജിക്കാരന് അറിയിച്ചു.
തെരഞ്ഞെടുപ്പുനടപടികള്‍ ആരംഭിച്ചുകഴിഞ്ഞതിനാല്‍, തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒരു നിരീക്ഷണവും നടത്തുന്നത് ഉചിതമല്ലെന്നും എന്നിരുന്നാലും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി പരിഗണിക്കാനുമാണ് കോടതി നിര്‍ദേശിച്ചത്.
വിദ്വേഷ പരാമര്ശങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ എന്തു നടപടിയാണ് സ്വീകരിക്കാനാകുകയെന്നും കോടതി ചോദിച്ചു.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ബോധ്യമായാല്‍ സ്ഥാനാര്‍ഥിയെ വിലക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കാനാകുമെന്ന് കമ്മീഷന് വിശദീകരിച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട വേറെയും കേസുകള്‍ ഈ ദിവസങ്ങളില്‍ എടുത്തിട്ടുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി.
ലംഘനങ്ങളുണ്ടായാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാമെന്നും തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയതിനാല്‍ വിഷയത്തില്‍ നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
മാതൃകാ പെരുമാറ്റച്ചട്ടം ഭരണസ്തംഭനത്തിനു കാരണമാകുന്നതായാണ് തോന്നിയിട്ടുള്ളതെന്നും പലപ്പോഴും കോടതിവിധികള്‍ നടപ്പിലാക്കാതിരിക്കാന്‍ പോലും പെരുമാറ്റച്ചട്ടം ഒരു കാരണമായി അധികൃതര്‍ പറയാറുണ്ടെന്നും വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഭരണനിശ്ചലാവസ്ഥയ്ക്കു കാരണമില്ലെന്നും ഇക്കാര്യത്തിലൊക്കെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്നും കമ്മീഷന് വിശദീകരിച്ചു.
Kerala
ആലപ്പുഴ: കായംകുളം എംഎല്‍എ യു. പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ അടിയന്തര നടപടി എടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിർദേശം നല്കി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇന്ന് ഒരു മണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം.
കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ. ഇര്‍ഷാദാണ് പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധപരാമർശം നടത്തിയത്. ശരീര അഴകും വാക്ചാരുതയും വില്പനച്ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നായിരുന്നു പരാമര്‍ശം.
തനിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് യു. പ്രതിഭ അറിയിച്ചിരുന്നു. വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞായിരുന്നു യു. പ്രതിഭയുടെ പ്രതികരണം.
ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ് നേതാവ് പറഞ്ഞതെന്ന് പ്രതിഭ പറഞ്ഞു. ആ വാക്കുകൾ ഞെട്ടൽ ഉണ്ടാക്കി. തന്റെ ശരീരഭാഷ പോലും മോശമാക്കിയാണ് പറഞ്ഞത്. ഡിസിസി പ്രസിഡന്റ് അടക്കം അത് കേട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും സ്ത്രീകളോട് ഇത്തരത്തിലാണ് സമീപനം.
സ്ത്രീകളെ മൊത്തത്തിൽ അപമാനിക്കുന്ന പരാമർശമാണ് യുഡിഎഫ് നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു സ്ത്രീയുടെ ശരീരമോ മുഖമോ അല്ല തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. പോലീസിനും ജില്ലാ കളക്ടർക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകുമെന്നും പ്രതിഭ പറഞ്ഞു. പരാമർശം വലിയ വേദനയുണ്ടാക്കിയതായും കുറ്റം ചെയ്തിട്ട് ഖേദം പ്രകടിപ്പിച്ചാൽ അംഗീകരിക്കില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
പരാമര്‍ശം വിവാദമായതിന് പിന്നാലെ എ. ഇര്‍ഷാദിനെതിരെ മുസ്ലിം ലീഗ് നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫ് കായംകുളം നിയോജക മണ്ഡലം ചെയര്മാന് സ്ഥാനത്ത് നിന്നും ഇര്‍ഷാദിനെ നീക്കി. അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
എന്നാല്‍ തന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും വേദനിപ്പിച്ചെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു വിവാദത്തിന് പിന്നാലെ ഇര്‍ഷാദ് പ്രതികരിച്ചത്.
National
കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റിട്ടേണിംഗ് ഓഫീസറെ മാറ്റണമെന്നാവശ്യവുമായി തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
ഭബാനിപുരിലെ റിട്ടേണിംഗ് ഓഫീസർ സുരാജിത് റോയിയെ മാറ്റണെന്നാണ് ടിഎംസിയുടെ ആവശ്യം. ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി സൂരാജിത് റോയിക്ക് അടുത്തബന്ധമുണ്ടെന്നാണ് ടിഎംസിയുടെ ആരോപണം.
സുരാജിത് റോയിയുടെ നിലവിലെ നിയമനത്തെയും കത്തിൽ ചോദ്യം ചെയ്യുന്നുണ്ട്.
സീനിയോറിറ്റി മറികടന്നാണ് റോയിയെ അഡീഷണൽ ഡയറക്ടർ ഓഫ് ലാൻഡ് റെക്കോർഡ്സായി നിയമിച്ചതെന്നും ജോയിന്റ് സെക്രട്ടറി തലത്തിലുള്ളവരാണ് സാധാരണ ഈ ചുമതല വഹിച്ചുവരുന്നതെന്നും ടിഎംസി ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം ഡെറക് ഒബ്രയൻ തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ പറയുന്നു.
National
കോൽക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷൻ സപ്ലിമെന്ററി പട്ടികയിൽനിന്ന് എട്ടു ലക്ഷം വോട്ടർമാരെ നീക്കം ചെയ്തതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
27 ലക്ഷം പേരുടെ സപ്ലിമെന്ററി പട്ടികയിൽനിന്നാണ് എട്ട് ലക്ഷം പേരെ വെട്ടിയതെന്ന് അവർ പറഞ്ഞു.
ജുഡീഷൽ പരിശോധനയ്ക്കു വിധേയരായ 60 ലക്ഷം പേരുടെ ആദ്യ സപ്ലിമെന്ററി പട്ടിക തിങ്കളാഴ്ച രാത്രി വൈകി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു.
എന്നാൽ ഈ പട്ടികയിൽ ഉൾപ്പെടുത്തിയവരുടെയോ പുറത്താക്കിയവരുടെയോ കണക്ക് കമ്മീഷൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ദുരുദ്ദേശ്യപരമായ എസ്ഐആർ നടപ്പാക്കി ബിജെപി ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് അവർ പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതിയുടെ സീൽ പതിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത് രാഷ്ട്രീയപാർട്ടികൾക്ക് അയച്ചതിനെക്കുറിച്ചു വിശദ അന്വേഷണ റിപ്പോർട്ട് ഇന്നു സമർപ്പിക്കും.
തെരഞ്ഞെടുപ്പ് അഡീഷണൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും സ്പെഷൽ സെക്രട്ടറിയുമായ പി.ബി. നൂഹ് ഇതുസംബന്ധിച്ചു വിശദ അന്വേഷണം നടത്തുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പും പൂർത്തിയാക്കി.
അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരേ നടപടിയുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഇതുസംബന്ധിച്ച് വിശദ അന്വേഷണം പ്രഖ്യാപിച്ചത്. 48 മണിക്കൂറിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ നിർദേശിച്ചത്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ കത്തിനെതിരേ രാഷ്ട്രീയപ്പാർട്ടികൾ രംഗത്തെത്തിയതോടെ ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് തെരഞ്ഞെടുപ്പു ലക്ഷ്യം വച്ച് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിന് പിന്നാലെ സംസ്ഥാന വൈദ്യുതി ബോർഡും സർക്കാരിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെന്നു പരാതി.
വൈദ്യുതി ബോർഡിന്റെ ഉപയോക്താക്കൾക്ക് ഈ മാസം നൽകുന്ന വൈദ്യുതി ബില്ലിൽ അടയ്ക്കേണ്ട തുകയ്ക്ക് തൊട്ടു താഴെയായി ’പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ’ എന്ന വാചകമാണ് ബില്ലിൽ ചേർത്തിട്ടുള്ളത്.
ആദ്യമായാണ് വൈദ്യുതി ബോർഡ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി വൈദ്യുതി ബില്ലിനെ തെരഞ്ഞെടുപ്പ് പ്രചാരണ ഉപാധിയാക്കുന്നത്.
വൈദ്യുതി ബോർഡിന്റെ പുതിയ ബില്ല് അടിയന്തരമായി പിൻവലിക്കണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച വൈദ്യുതി ബോർഡ് അധികൃതർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി പരാതി നൽകി.
Kerala
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ എംഎൽഎയ്ക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രതിഭയ്ക്കെതിരായ പരാമർശം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
ഇർഷാദിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങളും പി.കെ. ശ്രീമതി തെളിവായി കമ്മീഷന് നൽകി. ഇയാളെ പ്രചാരണത്തിൽനിന്നു വിലക്കണമെന്നാണ് ആവശ്യം. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ നിർദേശം നൽകണമെന്നും ശ്രീമതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രതിഭയ്ക്കെതിരായ അധിക്ഷേപ പ്രസ്താവനയിൽ ഇർഷാദിനെതിരെ യുഡിഎഫും മുസ്ലിം ലീഗും സംഘടനാ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇർഷാദിനെ കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് യുഡിഎഫ് നീക്കിയപ്പോൾ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് മുസ്ലിം ലീഗ് സസ്പെൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നോട്ടീസയച്ച് കേരള പോലീസ്. തിരുവനന്തപുരം സൈബർ പോലീസാണ് നോട്ടീസ് നൽകിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തകർക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
പോലീസിന്റെ നോട്ടീസ് ലഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ച മഹുവ മൊയ്ത്ര, നടപടിയെ രൂക്ഷമായി പരിഹസിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നെറ്റിയിൽ ബിജെപി ചിഹ്നം പതിച്ച ചിത്രം പങ്കുവെച്ച മഹുവ, കമ്മീഷണറെ 'വാനിഷ് കുമാർ'എന്നും വിശേഷിപ്പിച്ചു. തന്റെ ഈ പോസ്റ്റാണ് സാമുദായിക ഐക്യം ഒന്നുകൂടി തകർക്കുന്നതെന്നും അവർ പരിഹാസരൂപേണ പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച സർക്കുലറിൽ സാങ്കേതിക പിഴവ് മൂലം ബിജെപിയുടെ സീൽ പതിഞ്ഞിരുന്നു. ഈ കത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മഹുവ മൊയ്ത്ര നടത്തിയ പരാമർശങ്ങളാണ് നടപടിക്ക് കാരണമായത്. മഹുവയുടെ പോസ്റ്റ് തെരഞ്ഞെടുപ്പ് പ്രക്രിയയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും നോട്ടീസിൽ പറയുന്നു. വിവാദ പോസ്റ്റ് നീക്കം ചെയ്തില്ലെങ്കിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
ബിജെപി സീൽ വന്നത് ഒരു ക്ലറിക്കൽ പിഴവ് മാത്രമാണെന്നും, പിഴവ് ശ്രദ്ധയിൽപ്പെട്ടയുടൻ തിരുത്തൽ വരുത്തിയതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വ്യക്തമാക്കിയിരുന്നു. ഇതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തിരുന്നു.
National
കോൽക്കത്ത: കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കമ്മ്യൂണിക്കേഷനിൽ ബിജെപി ചിഹ്നം പതിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. "പൂച്ച പുറത്തുചാടിയിരിക്കുന്നു" എന്ന് പറഞ്ഞ മമത, ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടംപാലകരായി മാറിയെന്ന് ആരോപിച്ചു.
ബംഗാളിലെ ചില നിയമസഭാ മണ്ഡലങ്ങളിൽ വിതരണം ചെയ്ത വോട്ടർ പട്ടികയുടെ കവറുകളിലും രേഖകളിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ചിഹ്നം കണ്ടെത്തിയതാണ് വിവാദത്തിന് കാരണമായത്. സർക്കാർ സംവിധാനങ്ങളെയും സ്വതന്ത്ര സ്ഥാപനങ്ങളെയും ബിജെപി കാവിവത്കരിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി.
നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചരണ വിഭാഗമായി മാറിയത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അവർ പറഞ്ഞു.
Kerala
പറവൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നാമനിർദേശ പത്രിക വരണാധികാരി അംഗീകരിച്ചു. പത്രികയിൽ വരുമാനം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചുവെന്ന് ആരോപിച്ച് എൽഡിഎഫും എൻഡിഎയും നൽകിയ പരാതികൾ തള്ളിക്കൊണ്ടാണ് നടപടി.
സൂക്ഷ്മപരിശോധന വേളയിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്ററും എൻഡിഎ പ്രതിനിധികളും സതീശന്റെ പത്രികയ്ക്കെതിരെ രംഗത്തുവന്നത്. അഭിഭാഷകൻ എന്ന നിലയിലുള്ള കൃത്യമായ വരുമാനം പത്രികയിൽ രേഖപ്പെടുത്തിയില്ല, അദ്ദേഹം ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് മേലുള്ള ട്രാഫിക് പിഴകളുടെ വിവരങ്ങളും കുടിശികയും പത്രികയിൽ ഉൾപ്പെടുത്തിയില്ല, കൈവശമുള്ള സ്വർണ്ണത്തിന്റെ നിലവിലെ വിപണി മൂല്യം സംബന്ധിച്ച വിവരങ്ങളിൽ വ്യക്തതയില്ല എന്നിങ്ങനെയാണ് പരാതിയിലെ ഉള്ളടക്കങ്ങൾ.
പരാതികളെ തുടർന്ന് വരണാധികാരി സതീശന്റെ പക്കൽ നിന്ന് വിശദീകരണം തേടിയിരുന്നു. വൈകിട്ട് മൂന്ന് മണിയോടെ നടന്ന വിശദമായ പരിശോധനയിൽ സതീശന്റെ അഭിഭാഷകർ കൃത്യമായ രേഖകളും വിശദീകരണവും ഹാജരാക്കി. ഈ വിശദീകരണം തൃപ്തികരമാണെന്ന് കണ്ട വരണാധികാരി, ഉന്നയിക്കപ്പെട്ട പരാതികളിൽ കഴമ്പില്ലെന്ന് വിലയിരുത്തി പത്രിക സാധുവാണെന്ന് പ്രഖ്യാപിച്ചു.
Kerala
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നടപടിയെടുത്തു. ഗുരുതരമായ വീഴ്ച വരുത്തിയ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സംഭവത്തിൽ 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.
സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട 2019-ലെ മാർഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബിജെപി അടുത്തിടെ കമ്മീഷനെ സമീപിച്ചിരുന്നു. അപേക്ഷയോടൊപ്പം ബിജെപി നൽകിയ പഴയ രേഖയുടെ ഫോട്ടോകോപ്പിയിൽ പാർട്ടിയുടെ സീൽ ഉണ്ടായിരുന്നു. ഈ രേഖ പരിശോധിക്കാതെ ഉദ്യോഗസ്ഥർ ഫയലിൽ ഉൾപ്പെടുത്തുകയും മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ഇമെയിൽ വഴി അയച്ചുകൊടുക്കുകയുമായിരുന്നു.
ഇതൊരു ക്ലറിക്കൽ പിഴവാണെന്നും ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കത്ത് പിൻവലിച്ചതായും കമ്മീഷൻ വിശദീകരിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി ഓഫീസിൽ നിന്നാണോ പ്രവർത്തിക്കുന്നതെന്നാണ് കോൺഗ്രസ് ചോദിച്ചത്. ബിജെപിയും കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നതെന്ന് സിപിഎമ്മും പരിഹസിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
National
ചെന്നൈ: തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായുള്ള അവസാനചിത്രം ജനനായകന് റിലീസ് വീണ്ടും അനിശ്ചിതത്വത്തില്‍. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തര്‍ക്കമാണ് റിലീസ് വൈകാന്‍ കാരണം.
ചിത്രത്തിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി പുനഃപരിശോധനയ്ക്കായി സിനിമ തെരഞ്ഞെടുപ്പ് കമ്മീഷനു വിട്ടതായി സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, സിനിമയുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഇതോടെ റിലീസുമായി ബന്ധപ്പെട്ടു വലിയ ആശയക്കുഴപ്പമാണു ഉടലെടുത്തിരിക്കുന്നത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മാര്‍ച്ച് 15 മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാണു ചിത്രത്തിനു തിരിച്ചടിയായത്. ഏപ്രില്‍ 23ന് ആണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പച്ചക്കൊടി ലഭിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് സെന്‍സര്‍ ബോര്‍ഡ്.
ഇതിനിടെ, റിലീസ് വൈകുന്നതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണെന്ന് വിജയ് പരോക്ഷമായി ആരോപിച്ചു.
ജനുവരി ഒമ്പതിനു നിശ്ചയിച്ചിരുന്ന റിലീസ് പലതവണ മാറ്റിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഏപ്രില്‍ 30ന് മുന്‍പ് ചിത്രം തിയറ്ററുകളില്‍ എത്താന്‍ സാധ്യതയില്ലെന്ന് വിദേശ വിതരണക്കാരായ യോര്‍ക്ക് സിനിമ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ അസാധുവാക്കിയതായും അവര്‍ വ്യക്തമാക്കി.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പ്രകാശ് രാജ്, പൂജ ഹെഗ്ഡെ, മമിത ബൈജു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മേയ് നാലിനാണ് വോട്ടെണ്ണല്‍. അതിനുശേഷമായിരിക്കും റിലീസ് എന്നാണ് റിപ്പോര്‍ട്ട്.
National
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പശ്ചിമബംഗാളിലെ 50-ലധികം മുതിർന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്ത നടപടിയിൽ രൂക്ഷവിമർശനവുമായി പശ്ചിമാബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്.
ഏറ്റവും ഉന്നതതലങ്ങളിൽ നിന്നുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിന് പിന്നിലെന്ന് മമത കുറ്റപ്പെടുത്തി.
ഭരണഘടനാ സ്ഥാപനങ്ങളുടെ വ്യവസ്ഥാപിത രാഷ് ട്രീയവത്കരണത്തിന്റെ ഉത്തമദൃഷ്ടാന്തമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെന്നും ഇത് ഭരണഘടനയ്ക്കെതിരേയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും മമത കുറ്റപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പശ്ചിമബംഗാളിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി അടക്കമുള്ള 50-ഓളം ഉന്നത ഐഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയത്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയത്.
സംഭവത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് വിശേഷിപ്പിച്ച മമത, ബംഗാൾ ഒരിക്കലും ഭീഷണിക്ക് വഴങ്ങിയിട്ടില്ല, ഒരിക്കലും വഴങ്ങുകയുമില്ലെന്നും കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഡ്രൈ ഡേ പ്രഖ്യാപിച്ചു. വോട്ടെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് 48 മണിക്കൂർ മദ്യവിൽപനയുണ്ടാവില്ല. ഏപ്രിൽ 7 വൈകിട്ട് 7 മുതൽ ഏപ്രിൽ 9 വരെ സംസ്ഥാനത്ത് മദ്യവിൽപന നിരോധിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് ദിനത്തിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാണ് നടപടി. സംസ്ഥാനത്തെ വോട്ടെണ്ണൽ ദിനമായ മെയ് 4നും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിന് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
Kerala
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം. നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാംഗ്മൂലത്തിലാണ് നിക്ഷേപം സംബന്ധിച്ച വിവരമുള്ളത്.
പിണറായി വിജയന് 43.35 ലക്ഷത്തിന്റെ നിക്ഷേപവും ഭാര്യ കമലയ്ക്ക് 60.58 ലക്ഷത്തിന്റെ നിക്ഷേപവുമാണുള്ളത്. പിണറായിക്ക് 78 സെന്റ് ഭൂമിയും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് ഭൂമിയും സ്വന്തമായുണ്ട്. ഇതുകൂടാതെ കമലയ്ക്ക് 10 പവൻ സ്വർണാഭരണമുണ്ട്.
ഇരുവർക്കും ബാധ്യതകൾ ഒന്നുമില്ലെന്നും പിണറായി സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് തലശേരി സബ് രജിസ്ട്രാർ ഓഫീസിലെത്തി റിട്ടേണിംഗ് ഓഫീസർ സച്ചിൻ കൃഷ്ണയ്ക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഉൾപ്പെടെ സർക്കാർ പദ്ധതികളുടെ പരസ്യങ്ങൾ നീക്കം ചെയ്യാൻ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നൽകി.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച് ഇങ്ങനെ പരസ്യം ചെയ്തതിന് ഉത്തരവാദികളായവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും വിവിധ പദ്ധതികളും വിശദീകരിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും മറ്റും ഇപ്പോഴും നിലനിർത്തിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം ഇതു തുടരുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: വോട്ടർപട്ടികയിൽ ചിതറിക്കിടക്കുന്ന കുടുംബാംഗങ്ങളെ ഒന്നിപ്പിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പു കമ്മീഷൻ തത്കാലം ഉപേക്ഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിത്.
വോട്ടർപട്ടികയിൽ പലയിടത്തായി കിടന്ന കുടുംബ വോട്ടർമാരെ ഒരിടത്താക്കാൻ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കു ശേഷം തെരഞ്ഞെടുപ്പു കമ്മീഷൻ നീക്കം തുടങ്ങിയിരുന്നു. എന്നാൽ, ഇതു വിജയിച്ചില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കുടുംബാംഗങ്ങളെ ക്രമപ്പെടുത്താൻ ശ്രമിച്ചാൽ വോട്ടർപട്ടികയിൽനിന്ന് ആരെങ്കിലും പുറത്തുപോകുമോ എന്ന ആശങ്കയുമുണ്ടായി.
എന്നാൽ, പല ബൂത്തുകളിലായി കിടക്കുന്ന കുടുംബ വോട്ടർമാർക്ക് ഒരു ബൂത്തിൽ എത്താൻ ഫോം എട്ട് പ്രകാരം അപേക്ഷ നൽകാനാകും. അപേക്ഷ നൽകിയാൽ ഇവരെ ഒരിടത്താക്കാൻ നടപടി സ്വീകരിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
National
ന്യൂഡൽഹി: വിശുദ്ധവാരത്തിനു പിന്നാലെ ഏപ്രിൽ ഒന്‍പതിന് വോട്ടെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ സമീപനം ദുരൂഹമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
വിശുദ്ധ വാരം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണെന്നും ദുഃഖവെള്ളി പോലുള്ള ദിവസങ്ങളിൽ പ്രത്യേകിച്ചു ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ അന്നേദിവസങ്ങളിൽ തെരഞ്ഞെടുപ്പു പ്രവർത്തനം സാധ്യമല്ലെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
മേയ് നാലിനു മാത്രമാണ് ഫലപ്രഖ്യാപനം എന്നിരിക്കെ ഇത്ര തിടുക്കപ്പെട്ട് വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും വേണുഗോപാൽ പറഞ്ഞു.
പരസ്യപ്രചാരണത്തിനുള്ള ദിനങ്ങളിൽ വിശുദ്ധവാരം കടന്നുവരുന്നതുകൊണ്ടുതന്നെ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിക്കുശേഷം സ്ഥാനാർഥികൾക്ക് പൂർണമായിട്ടുള്ള പ്രചാരണത്തിന് കഷ്ടിച്ച് പത്തു ദിവസം പോലും ലഭിക്കില്ല.
കോണ്‍ഗ്രസ് നിർണായക ശക്തികളായ ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണു ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുകയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
National
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമ ബംഗാളിൽ നിർണായക നടപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയെയും ആഭ്യന്തര സെക്രട്ടറി ജഗദീഷ് പ്രസാദ് മീനയെയും കമ്മീഷൻ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു.
993 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ദുഷ്യന്ത് നരിയലയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. സംഘമിത്ര ഘോഷാണ് പുതിയ ആഭ്യന്തര സെക്രട്ടറി. സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരു ചുമതലകളിലും നിയോഗിക്കരുതെന്ന് കമ്മീഷൻ നിർദേശിച്ചു.
വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വൈകിയതും, ഭരണകക്ഷിയുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളുമാണ് കമ്മീഷന്റെ ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ടം ഏപ്രിൽ 23നും രണ്ടാം ഘട്ടം ഏപ്രിൽ 29നും നടക്കും. വോട്ടെണ്ണൽ മേയ് നാലിന് നടക്കും.
Kerala
തിരുവനന്തപുരം : സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ചയോ തിങ്കളാഴ്ചയോ വന്നേക്കും. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം ഒരുമിച്ചു വരാനാണ് സാധ്യത.
കേരളത്തിൽ ഒറ്റ ഘട്ടമായിത്തന്നെ ഇലക്ഷൻ നടക്കും. ഞായറാഴ്ചകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. ദത്തൻ യു. ഖേൽക്കർ കളക്ടർമാരോടും മറ്റു ഉദ്യോഗസ്ഥന്മാരോടും നിർദേശിച്ചിട്ടുണ്ട്.
ചർച്ചകൾ പൂർത്തിയായി
കമ്മീഷനുമായി ഉള്ള വിവിധ സംസ്ഥാനത്തെ ഉദ്യോഗസ്ഥതല ചർച്ചകൾ പൂർത്തിയായി. ബംഗാളുമായി ബന്ധപ്പെട്ട കാര്യത്തിൽ മാത്രമേ ഇനി ആശയക്കുഴപ്പമുള്ളൂ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൊച്ചിയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ചർച്ചയിൽ ഏപ്രിൽ 14 നുള്ള വിഷുവും ഏപ്രിൽ 25നുള്ള തൃശൂർപൂരവും ഒഴിവാക്കി കേരളത്തിലെ തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല മുസ്ലിം നോമ്പ്, ഈസ്റ്റർ ആഘോഷങ്ങൾ എന്നിവ കഴിഞ്ഞുള്ള ദിവസം രാഷ്ട്രീയ പാർട്ടികൾ കൂടുതൽ സ്വാഗതം ചെയ്യുകയും ചെയ്തു. ഇങ്ങനെ വിലയിരുത്തിയാൽ ഏപ്രിൽ 17,18 തീയതികളിൽ കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയുണ്ട്. പ്രഖ്യാപനം വന്നു രണ്ടു ദിവസത്തിനുള്ളിൽ അതിനുള്ള വിജ്ഞാപനവും വരും. വിജ്ഞാപനം വന്ന് 28 ദിവസം കഴിഞ്ഞാൽ ഏതു ദിവസവും തെരഞ്ഞെടുപ്പ് നടത്താം. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള തെരഞ്ഞെടുപ്പ് സമയമാണ് 28 ദിവസം.
എന്നാൽ, പശ്ചിമബംഗാൾ തമിഴ്നാട് ആസാം എന്നിവിടങ്ങളിൽ ഒറ്റത്തവണയായി തെരഞ്ഞെടുപ്പിനുള്ള സാധ്യതയില്ല. പശ്ചിമബംഗാളിൽ ക്രമസമാധാന പ്രശ്നം ഉള്ള സ്ഥലങ്ങളിൽ പല ഘട്ടങ്ങളിലാകും എന്നു നേരത്തെതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ രാഷ്ട്രീയ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ അതീവ സുരക്ഷയ്ക്കുള്ള പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്ദേശിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: ഏപ്രിൽ 17നും 23നും ഇടയിലുള്ള തീയതിയിലൊന്നാകും കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാൻ സാധ്യതയെന്നു ജില്ലാ കളക്ടർമാരുടെ യോഗത്തിൽ സൂചന നൽകി തെരഞ്ഞെടുപ്പു കമ്മീഷൻ.
തെരഞ്ഞെടുപ്പു പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ തന്നെയുണ്ടാകുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയതായാണ് വിവരം.
തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു തൊട്ടു മുൻപായാണ് ജില്ലാ കളക്ടർമാരുടെ അവസാനഘട്ട പരിശീലനം ഇന്നലെ നടത്തിയത്.
Kerala
കൊച്ചി: നിയമവിധേയമായി നിഷ്പക്ഷവും സ്വതന്ത്രവും സുതാര്യവുമായ രീതിയിലായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് കൊച്ചിയിലെത്തിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) ഗ്യാനേഷ് കുമാര്‍ രാഷ്ട്രീയ പാർട്ടികൾക്ക് ഉറപ്പുനൽകി.
എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷന് അഭിനന്ദിച്ചു. രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടര്‍ പട്ടിക പുതുക്കല്‍ തികച്ചും സുതാര്യമായാണ് നടത്തിയതെന്ന് അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തിയ കേരളത്തിൽ സ്ഥാനാർഥി നിർണയവുമായ ചർച്ചകളാണ് നിലവിൽ നടക്കുന്നത്. പിണറായി വിജയനെ മുന്നിൽ നിർത്തി മൂന്നാം സർക്കാരിനെ പ്രതീക്ഷിച്ചുകൊണ്ടാണ് ഇടതുമുന്നണിയുടെ നീക്കങ്ങൾ. എന്നാൽ ശക്തമായ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് കോൺഗ്രസ് ക്യാമ്പിലെ പ്രതീക്ഷ.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവായ 70 ലക്ഷം പേരിൽ രേഖകൾ ഹാജരാക്കാൻ തയാറായവരുടെയെല്ലാം പരിശോധനയ്ക്ക് ഉത്തരവിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് പശ്ചിമ ബംഗാൾ എസ്ഐആറിൽ സുപ്രീംകോടതിയുടെ ഇടപെടൽ. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നത തുടരുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ എല്ലാ ജില്ലകളിലും പരിശോധനയ്ക്ക് നിയോഗിച്ചു.
മൂന്ന് വർഷമെങ്കിലും പരിചയമുള്ള സിവിൽ ജഡ്ജിമാരെയും ഇതിനായി നിയോഗിക്കാൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി അനുവാദം നൽകിയിട്ടുണ്ട്. ജാർഖണ്ഡ്, ഒഡീഷ, ബീഹാർ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ ജഡ്ജിമാരുടെയും സേവനം ആവശ്യമെങ്കിൽ തേടാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ഇന്നും നാളെയുമായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് വിവിധ തലങ്ങളില്‍ പരിശോധിക്കുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്യുമെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു.
പ്രതിനിധി സംഘത്തിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും സംസ്ഥാനം സന്ദര്‍ശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയെ സംബന്ധിച്ച് പരാതികൾ വ്യാപകമായതോടെ വിശദ പരിശോധനയ്ക്കൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ.
അന്തിമ പട്ടികയിലും ചിലയിടങ്ങളിൽ ഒരേ കുടുംബത്തിലുള്ളവർ പല ബൂത്തുകളിലാണെന്ന സ്ഥിതിയുണ്ട്. അതേസമയം, അർഹരായ വോട്ടർമാർ ഒഴിവായിട്ടുണ്ടോയെന്നത് ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കും.
അർഹതയില്ലാത്തവർ പട്ടികയിൽ കടന്നുകൂടിയെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വെള്ളിയാഴ്ച വിളിച്ച യോഗത്തിൽ സിപിഎം ഉന്നയിച്ചിരുന്നു.
അതേസമയം, ഹിയറിംഗ് നടപടികൾക്ക് ശേഷവും പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും നിയമപരമായ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനിടയിൽ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് അപ്പീൽ സമർപ്പിക്കാം.
അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ പേരുകൾ ചേർക്കാനുള്ള സൗകര്യം നിലവിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യക്തമാക്കി.
വോട്ടർപട്ടിക പരിശോധിക്കാം
തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാരുടെയോ എഇആർഒമാരുടെയോ ഓഫീസുകളിൽ വോട്ടർപട്ടിക പ്രദർശിപ്പിക്കും.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും ceo.kerala.gov.in കൂടാതെ മറ്റൊരു വെബ്സൈറ്റായ electoralsearch.eci.gov.in ലും വോട്ടർ പട്ടിക പരിശോധിക്കാം.
18-19 പ്രായപരിധിയിലുള്ള ആദ്യമായി വോട്ട് ചേർക്കുന്നവർക്കും താമസം മാറുകയും തിരുത്തലുകൾക്കായി അപേക്ഷിക്കുകയും ചെയ്ത നിലവിലുള്ള വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് നൽകും.
എസ്ഐആർ തുടങ്ങിയശേഷം ഫോം 6 വഴി 13,51,151 പേരും ഫോം ആറ് എ വഴി (പ്രവാസികൾ)1,59,111 പേരും തിരുത്തലിന് 3,93,333 പേരും അപേക്ഷിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. 9,06,211 പേർ വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായി.
ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. എസ്ഐആർ ഹിയറിംഗ് ഉൾപ്പെടെ പൂർത്തിയായി ഇന്ന് പുറത്തുവിട്ട അന്തിമ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളുമാണുള്ളത്.
ട്രാൻസ്ജെൻഡർ -277, പ്രവാസി വോട്ടർമാർ-2,23,558, സർവീസ് വോട്ടർമാർ 54,110 എന്നിങ്ങനെയാണ്. 18-19 പ്രായപരിധിയിലുള്ള 4,24,518 വോട്ടർമാരാണുള്ളത്. 85 വയസിൽ അധികമുള്ള 2,04,608 വോട്ടർമാരുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, ജനന തീയതി, വയസ് ഉപയോഗിച്ചോ പേര് പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രത്യേക തീവ്ര പുതുക്കൽ 2026ന്റെ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്.
അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോർട്ടൽ വഴിയോ പരിശോധിക്കാം.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു സംസ്ഥാനത്തെ ക്രമീകരണങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേന്ദ്രസംഘം നാളെ മുതൽ കേരളത്തിൽ എത്തും.
നാളെയും മറ്റന്നാളും രണ്ട് സീനിയർ ഡെപ്യൂട്ടി കമ്മീഷണർമാർ കേരളത്തിലുണ്ടാകും. തിരുവനന്തപുരത്ത് കളക്ടർമാർ, പോലീസ് നോഡൽ ഓഫീസർമാർ, ജില്ലാ പോലീസ് മേധാവികൾ, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗം നടക്കും.
ഇതിനുശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും ഉദ്യോഗസ്ഥരും കേരളത്തിലെത്തും. എന്യുമറേഷൻ ഫോറം നൽകിയവരിൽ 2002 ലെ എസ്ഐആർ പട്ടികയിലെ വിവരങ്ങളുമായി ചേരാത്തതും വിശദാംശങ്ങളിൽ പൊരുത്തക്കേടുള്ളതുമായി കണ്ടെത്തിയ 36,88,948 പേരുടെ ഹിയറിംഗിനുശേഷം ഒഴിവാക്കിയത് 53,229 പേരെ മാത്രമാണ്.
36 ലക്ഷം പേർക്കും നോട്ടീസ് നൽകി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. 14നായിരുന്നു ഹിയറിംഗിന്റെ അവസാനദിവസം. നോമാപ്പിംഗ് വിഭാഗത്തിൽ 19,32,688 പേർക്കും മറ്റു തരത്തിൽ പൊരുത്തക്കേടുള്ള 17,56,260 പേർക്കുമായിരുന്നു ഹിയറിംഗ് നടത്തിയത്. ഇവരുടെ അപ്പീൽ നടപടികൾ തുടരും. എന്നാൽ, ഇനി പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മാത്രമേ കഴിയുകയുള്ളൂ.
National
ന്യൂഡൽഹി: ശേഷിക്കുന്ന സംസ്ഥാനങ്ങളിലും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിനുള്ള (എസ്ഐആർ) ആദ്യഘട്ട നടപടികൾ ആരംഭിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശം.
എസ്ഐആറുമായി ബന്ധപ്പെട്ട തയാറെടുപ്പ് എത്രയും വേഗം ആരംഭിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കു നൽകിയ കത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതിനോടകം എസ്ഐആർ നടപടികൾ ആരംഭിച്ചിരുന്നു.
ഈ സംസ്ഥാനങ്ങളിലെല്ലാം അന്തിമ വോട്ടർപട്ടിക വൈകാതെ പ്രസിദ്ധീകരിക്കാനിരിക്കെയാണു കമ്മീഷന്റെ പുതിയ നീക്കം.
22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ ഇനി നടക്കാനുള്ളത്. നടക്കാനിരിക്കുന്ന സെൻസസിനു മുന്നോടിയായി ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ആദ്യഘട്ടമായി നടക്കുന്ന ഹൗസ് ലിസ്റ്റിംഗ് ആൻഡ് ഹൗസ് സെൻസസിന് ഒപ്പമായിരിക്കും ബാക്കി സംസ്ഥാനങ്ങളിലെ എസ്ഐആർ നടപടികൾ ആരംഭിക്കുക. എന്നാൽ ഇവ തമ്മിൽ കൂടിക്കുഴയ്ക്കില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
National
ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏപ്രിലില്‍. വോട്ടെടുപ്പിന്റെ കൃത്യ തീയതികളും ഘട്ടങ്ങളും മാര്‍ച്ച് മധ്യത്തില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ ഉന്നതര്‍ പറഞ്ഞു. കേരളം, തമിഴ്നാട്, ബംഗാള്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനു (എസ്ഐആര്‍) ശേഷമുള്ള തെരഞ്ഞെടുപ്പാകും നടക്കുക.
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഒരു ദിവസം വോട്ടെടുപ്പു പൂര്‍ത്തിയാക്കുന്ന പതിവിനു വിരുദ്ധമായി ഇത്തവണ രണ്ടു ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍, പഴയതുപോലെ ഒറ്റ ദിവസം വോട്ടെടുപ്പു മതിയെന്നാണു കേരളത്തില്‍നിന്നുള്ള ശിപാര്‍ശ. പശ്ചിമബംഗാളില്‍ ഏഴോ, എട്ടോ ഘട്ടങ്ങളായും ആസാമില്‍ രണ്ടോ മൂന്നോ ഘട്ടങ്ങളായും വോട്ടെടുപ്പു നടത്താനാണ് ആലോചന.
കഴിഞ്ഞ തവണ കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റ ദിവസം വോട്ടെടുപ്പു പൂര്‍ത്തിയാക്കിയിരുന്നു. പശ്ചിമ ബംഗാളില്‍ ചരിത്രത്തിലാദ്യമായി എട്ടു ഘട്ടങ്ങളിലായാണു വോട്ടെടുപ്പു നടത്തിയത്. ആസാമില്‍ രണ്ടു ഘട്ടങ്ങളായാണു തെരഞ്ഞെടുപ്പു നടന്നത്.
തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരും ഉദ്യോഗസ്ഥരും അഞ്ചു സംസ്ഥാനങ്ങളും ഉടന്‍ സന്ദര്‍ശിക്കും. സംഘം ഇന്നലെ ആസാമില്‍ എത്തിയിട്ടുണ്ട്. എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടിക കേരളത്തില്‍ ശനിയാഴ്ചയും തമിഴ്നാട്ടില്‍ 24നും പശ്ചിമ ബംഗാളില്‍ 28നും പ്രസിദ്ധീകരിക്കും. പുതുച്ചേരിയില്‍ കഴിഞ്ഞ 14നു വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. എസ്ഐആര്‍ നടപ്പാക്കാതിരുന്ന ആസാമില്‍ പ്രത്യേക പുനരവലോകനത്തിനു ശേഷമുള്ള അന്തിമ പട്ടിക കഴിഞ്ഞ പത്താം തീയതി പ്രസിദ്ധീകരിച്ചു.
കേരളം, തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിനു വോട്ടര്‍മാരുടെ കുറവാണ് അന്തിമ വോട്ടര്‍പട്ടികയിലുള്ളത്. പട്ടികയില്നിന്നൊഴിവാക്കിയവരില് ഭൂരിപക്ഷവും ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങളാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ മരിച്ചുപോയവരെയും അര്ഹരല്ലാത്തവരെയുമാണു ഒഴിവാക്കിയതെന്നു തെരഞ്ഞെടുപ്പു കമ്മീഷന് പറയുന്നു. ആസാമിലും ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ചു പട്ടികയില്‍ നിന്നൊഴിവാക്കിയതായി കോണ്‍ഗ്രസ് ആരോപിച്ചു.
National
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ (എസ്ഐആർ) ത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയ വോട്ട് ചെയ്യാനുള്ള സാധാരണക്കാരുടെ മൗലികാവകാശത്തിനു ഭീഷണിയാണെന്നും വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കുന്നതാണെന്നും ബേബി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മുന്‍പ് തിരക്കിട്ടു നടത്തുന്ന എസ്ഐആർ നടപടി തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യംചെയ്യുന്നു. ഇതോടൊപ്പം ബൂത്ത് ലെവൽ ഓഫീസർമാർ നേരിടുന്ന സമ്മർദവും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽനിന്ന് സ്ഥലംമാറ്റാൻ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
തുടർച്ചയായി ഒരു പോസ്റ്റിൽ മൂന്ന് വർഷം തികച്ചവരെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർ, എഡിഎമ്മുമാർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, തഹസിൽദാർമാർ, ബിഡിഒ എന്നിവർക്കും റേഞ്ച് എഡിജിപി മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കും ഈ നിർദേശം ബാധകമാണ്.
കേരളം കൂടാതെ അസം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. സംസ്ഥാനത്ത് മോയ് 23 വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധി.
Kerala
തിരുവനന്തപുരം: 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആന്റോ ആന്റണി രണ്ടു കോടി വാങ്ങിയെന്ന നെടുംപറന്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവിന്റെ വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി സിപിഎം.
വാങ്ങിയത് കള്ളപ്പണമാണോ എന്ന് ആന്റോ ആന്റണി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. അക്കൗണ്ടിലൂടെയാണോ പണം വാങ്ങിയത്. കള്ളപ്പണമാണോ എന്ന് വ്യക്തമാക്കേണ്ടത് ആന്റോ ആന്റണിയാണെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം ആന്റോ ആന്റണിക്കെതിരെയും എൻ.എം. രാജുവിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ വിജിലൻസിനു പരാതി നൽകി.
പണമിടപാടിൽ വ്യക്തത വരാനുണ്ടെന്നും കണക്കിൽ പെടാത്ത പണമാണ് ഇതിനായി ഉപയോഗിച്ചതെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇ മെയിൽ മുഖേനയാണ് പരാതി നൽകിയിരിക്കുന്നത്.
നിക്ഷേപകരുടെ തുകയാണ് യാതൊരു രേഖകളുമില്ലാതെ വിശ്വാസത്തിന്റെ പേരിൽ ആന്റോയ്ക്കു നൽകിയതെന്നായിരുന്നു രാജുവിന്റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിലാണ് പലിശ വ്യവസ്ഥയിൽ പണം വാങ്ങിയത്.
ഏഴ് വർഷം കഴിയുമ്പോഴും നാളിതുവരെ 20 ലക്ഷം രൂപ മാത്രമാണ് തിരിച്ചു നൽകിയത്. സ്ഥാപനം പ്രതിസന്ധിയിലായ സമയത്ത് തന്റെ മകൾ നേരിട്ട് പോയി അപേക്ഷിച്ചിട്ടും ആന്റോ പണം തിരികെ തന്നില്ല. അക്കാലത്ത് താൻ യുഡിഎഫിന്റെ ഭാഗമായിരുന്നുവെന്നും രാജു പറഞ്ഞു.
രണ്ടു കോടി രൂപ വാങ്ങിയെന്നും 20 ലക്ഷം രൂപ മാത്രമേ മടക്കി നൽകിയുള്ളൂവെന്നുമുള്ള രാജുവിന്റെ ആരോപണം ആന്റോ ആന്റണി തള്ളിയിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് സഹായമെന്ന നിലയിൽ പണം വാങ്ങിയിരുന്നതായി ആന്റോ ആന്റണി പറഞ്ഞു. അദ്ദേഹം അന്ന് യുഡിഎഫിന്റെഭാഗമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം തുക തിരികെ നൽകുകയും ചെയ്തു.
പലരും അന്ന് സഹായിച്ചിട്ടുണ്ട്. തന്നെ മാത്രമല്ല സിപിഎമ്മിനെയും മറ്റു പാർട്ടികളെയും രാജു സഹായിച്ചിട്ടുണ്ട്. ഇടത് മുന്നണിയുടെ സമ്മർദത്തെ തുടർന്നാണ് രാജു ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും ആന്റോ ആന്റണി കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: കര്‍ഷക താത്പര്യങ്ങള്‍ സംരക്ഷിക്കാനായി രൂപീകരിച്ച നാഷ്ണല്‍ ഫാര്‍മേഴ്സ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി പ്രസിഡന്റ് ജോര്‍ജ് ജെ. മാത്യു പൊട്ടംകുളം.
നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു സ്വാധീനമുള്ള മേഖലയില്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഭാരവാഹികളായി ജോമോന് കെ. ചാക്കോ (ജനറല്‍ സെക്രട്ടറി), ജോസഫ് മൈക്കിള്‍ (ട്രഷറര്‍), എം.വി. മാണി, കെ.ഡി. ലൂയിസ് (വൈസ്പ്രസിഡന്റ്), പി. ജോണിക്കുട്ടി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് നിരീക്ഷകർക്കായുള്ള പരിശീലനം ഡൽഹിയിൽ ആരംഭിച്ചു.
സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടു. ആകെ 1444 ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയോഗിച്ചത്.
714 പൊതു നിരീക്ഷകരെയും 233 പോലീസ് നിരീക്ഷകരെയും 497 തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരും സംസ്ഥാനങ്ങളിലേക്ക് പോകും. എസ്ഐആർ അടക്കമുള്ള വിഷയങ്ങൾ നിരീക്ഷകരോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' നടപടികൾക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിനെ മാത്രം ലക്ഷ്യം വയ്ക്കുകയാണെന്നും നീതിക്കായി താൻ കോടതിയെ സമീപിക്കുകയാണെന്നും മമത പറഞ്ഞു.
ഒരു സിറ്റിംഗ് മുഖ്യമന്ത്രി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിക്കുന്നത് അത്യപൂർവ്വമായ നടപടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ഒരു 'വാട്സാപ്പ് കമ്മീഷനായി' മാറിയിരിക്കുകയാണെന്ന് മമത പരിഹസിച്ചു. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ വാട്സാപ്പിലൂടെ നിർദ്ദേശങ്ങൾ നൽകുന്നുവെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മൈക്രോ ഒബ്സർവർമാരെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടാൻ കമ്മീഷൻ ഉപയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു.
വോട്ടർ പട്ടികയിൽ പുതിയ പേരുകൾ ചേർക്കുന്നതിനേക്കാൾ ഉള്ളവ ഒഴിവാക്കാനാണ് കമ്മീഷൻ താത്പര്യപ്പെടുന്നത്. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലേക്ക് മാറുന്ന സ്ത്രീകളുടെ പേരുകൾ പോലും പട്ടികയിൽ നിന്ന് അകാരണമായി നീക്കം ചെയ്യപ്പെടുകയാണെന്ന് മമത ചൂണ്ടിക്കാട്ടി. ബംഗാളിൽ മാത്രം ഏകദേശം 58 ലക്ഷം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതായി അവർ കോടതിയിൽ പറഞ്ഞു.
അസം പോലുള്ള മറ്റ് അയൽ സംസ്ഥാനങ്ങളിൽ ഇല്ലാത്ത വിധം ബംഗാളിൽ മാത്രം എന്തിനാണ് ഇത്ര ധൃതിയിൽ വോട്ടർ പട്ടിക പുതുക്കുന്നതെന്ന് മമത ചോദിച്ചു. സാധാരണ രണ്ട് വർഷം എടുക്കുന്ന നടപടികൾ വെറും രണ്ട് മാസം കൊണ്ട് തീർക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണെന്നും അവർ ആരോപിച്ചു.
മമതയുടെ വാദങ്ങൾ കേട്ട ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. വോട്ടർ പട്ടിക പുതുക്കുമ്പോൾ കമ്മീഷൻ ഉദ്യോഗസ്ഥർ കൂടുതൽ 'സെൻസിറ്റീവ്' ആയി പെരുമാറണമെന്ന് കോടതി നിർദ്ദേശിച്ചു. പേരുകളിലെ അക്ഷരപ്പിശകുകൾ മാത്രം നോക്കി വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കരുതെന്നും കോടതി വ്യക്തമാക്കി.
ഈ കേസിൽ അടുത്ത വാദം ഫെബ്രുവരി ഒൻപതിന് നടക്കും.
Kerala
തിരുവനന്തപുരം: എസ്ഐആർ തുടങ്ങിയത് മുതൽ സംസ്ഥാനത്തൊട്ടാകെ 44,46,107 ഫോമുകൾ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. 25 ഒക്ടോബർ 27 മുതൽ 2026 ജനുവരി 30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്തൊട്ടാകെ 12,462 പേർ കരട്പട്ടികയിൽനിന്നു പുറത്തായിട്ടുണ്ട്.
മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, താമസം മാറിയവർ തുടങ്ങിയ കാരണങ്ങളാൽ, ഹിയറിംഗ് വേളയിൽ കരടു പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിത്. ഹിയറിംഗ് തുടരുന്നതിനാൽ ഈ കണക്കിൽ വ്യത്യാസം വരുമെന്നും ഹിയറിംഗ് വേളയിൽ അനർഹരായി കണ്ടെത്തുന്നവർ ഇനിയും കരട് പട്ടികയിൽനിന്നു പുറത്താവുമെന്നും അദ്ദേഹം അറിയിച്ചു.
Kerala
തിരുവനന്തപുരം: വിദേശത്തു ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനായി പുതിയ സംവിധാനം തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.
വോട്ടർപട്ടിക പുതുക്കുന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഇറോനെറ്റ്, ബിഎൽഒ ആപ്പ് എന്നിവയിൽ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളുടെ പേര് രേഖപ്പെടുത്താനുള്ള സൗകര്യം ലഭ്യമാക്കി.
ജനനസ്ഥലം വിദേശത്തുള്ള പ്രവാസികൾക്ക് നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ ഓഫ്ലൈനായി ബിഎൽഒ, ഇആർഒ എന്നിവർ വഴി വോട്ടർപട്ടികയിൽ പേര് ചേർക്കാനായി അപേക്ഷിക്കാം. ബിഎൽഒ ആപ്പ് വഴി അപേക്ഷകൾ സ്വീകരിക്കാനും രേഖകൾ പരിശോധിക്കാനും ബിഎൽഒമാർക്ക് സാധിക്കും. അപേക്ഷാഫോറത്തിൽ ‘ഇന്ത്യക്കു പുറത്ത് ’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും ഇനി രേഖപ്പെടുത്താം.
നിലവിലെ ഫോം ആറിലോ ഫോം 6 എയിലോ അപേക്ഷിക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. ജനനസ്ഥലം ഇന്ത്യക്കു പുറത്താണെന്നു രേഖപ്പെടുത്താൻ നിലവിൽ ഓപ്ഷനുകൾ ഇല്ലാത്തതായിരുന്നു കാരണം. വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കഴിയാത്ത പ്രശ്നം ചൂണ്ടിക്കാട്ടി ‘ദീപിക’ നേരത്തേ വാർത്ത നൽകിയിരുന്നു.
പുതുക്കിയ പാസ്പോർട്ട് പ്രകാരമുള്ള രണ്ടക്ഷരം (ഡബിൾ ആൽഫബറ്റ്) ഉൾക്കൊള്ളുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എറോനെറ്റ് സൈറ്റ് നേരത്തേ സജ്ജമായിരുന്നു. ഇതുവരെ ഫോം 6 എ വഴി 1,37,162 പ്രവാസികൾ വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.