നിഷ്പക്ഷവും നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പുകളാണു ജനാധിപത്യത്തെ സുന്ദരവും കരുത്തുറ്റതുമാക്കുന്നത്. അതിനാൽതന്നെ വോട്ടർമാരുടെ വർധിച്ച ഉത്സാഹവും പങ്കാളിത്തവും ജനാധിപത്യ വിശ്വാസികളെയും രാഷ്ട്രീയ പാർട്ടികളെയും സന്തോഷിപ്പിക്കാറുണ്ട്. എന്നാൽ, വ്യാഴാഴ്ച നടന്ന പശ്ചിമബംഗാളിലെയും തമിഴ്നാട്ടിലെയും റിക്കാർഡ് പോളിംഗ് നിഷ്പക്ഷരായവരെപ്പോലും അന്പരപ്പിച്ചു.
രണ്ടു ഘട്ടമായി നടത്തുന്ന ബംഗാൾ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിൽ 92.89 ശതമാനം പേർ വോട്ടു ചെയ്തുവെന്നാണു ഔദ്യോഗിക കണക്ക്. 2021നെ അപേക്ഷിച്ച് 10.5 ശതമാനം പോളിംഗ് കൂടുതൽ. 2021ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 294 സീറ്റുകളിൽ മമത ബാനർജിയുടെ തൃണമൂൽ കോണ്ഗ്രസ് 213 സീറ്റുകളിലാണു ജയിച്ചത്.
അർഹരെയും പുറത്താക്കി
ലോകചരിത്രത്തിൽതന്നെ വോട്ടർമാർ കൂടുതലുള്ള തെരഞ്ഞെടുപ്പുകളിൽ കേട്ടുകേൾവിയില്ലാത്ത റിക്കാർഡാണ് 93 ശതമാനത്തോളം പോളിംഗ്. സാധാരണ ഗതിയിൽ ജനാധിപത്യത്തിന് അനുകൂലമായ സൂചനയാണ് ഉയർന്ന പോളിംഗ്. എന്നാൽ, വിവാദ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ അർഹരായവരും ഒഴിവാക്കപ്പെട്ടു. പ്രതിപക്ഷം പറയുന്നതിൽ കുറച്ചെങ്കിലും കഴന്പുണ്ടെന്നു കരുതുന്നവർ നിരവധിയാണ്.
തമിഴ്നാട്ടിലെ ആകെയുള്ള 234 മണ്ഡലങ്ങളിൽ 85.15 ശതമാനം പോളിംഗ് ഉണ്ടായി. ഇതും സാധാരണയിലും കൂടുതലാണ്. നേരത്തെ വോട്ടെടുപ്പു പൂർത്തിയായ കേരളം, ആസാം, പുതുച്ചേരി സംസ്ഥാനങ്ങളിലും പോളിംഗ് കൂടി. എന്നാൽ തമിഴ്നാട്ടിലും ബംഗാളിലും വളരെ കൂടി. വോട്ടെടുപ്പ് 28ന് പൂർത്തിയാകുമെങ്കിലും വോട്ടെണ്ണൽ മേയ് നാലു വരെ നീട്ടിയതിനും വ്യക്തമായ കാരണങ്ങളില്ല. വോട്ടെടുപ്പു പൂർത്തിയായാൽ രണ്ടു ദിവസം കഴിഞ്ഞ് വോട്ടെണ്ണൽ നടത്തുന്നതാണു കീഴ്വഴക്കം.
90.8 ലക്ഷം വോട്ട് നീക്കി
പശ്ചിമബംഗാളിൽ വോട്ടെടുപ്പു നടക്കുന്നതിനു ദിവസങ്ങൾക്കു മുന്പ് 90.8 ലക്ഷം വോട്ടർമാരെ വോട്ടർപട്ടികയിൽനിന്നു നീക്കംചെയ്തു. ശുദ്ധീകരണം എന്ന പേരിൽ നടപ്പാക്കിയ എസ്ഐആറിനു ശേഷം ബംഗാളിലെ മൊത്തം വോട്ടർമാരുടെ എണ്ണം 7.6 കോടിയിൽനിന്ന് 6.75 കോടിയായി കുറഞ്ഞു.
ഏകദേശം 12 ശതമാനം വോട്ടർമാരെയാണ് ഒഴിവാക്കിയത്. എസ്ഐആർ പരിശോധനയുടെ ആദ്യഘട്ടത്തിൽ 63 ലക്ഷം പേരുകൾ ഇല്ലാതാക്കിയിരുന്നു. മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ്, മാൾഡ, നാദിയ, സൗത്ത് 24 പർഗാനാസ് എന്നിവയുൾപ്പെടെയുള്ള ജില്ലകളിൽനിന്നാണു കൂടുതൽ ഇല്ലാതാക്കലുകൾ രേഖപ്പെടുത്തിയത്.
മുസ്ലിംകൾ വളരെയുള്ള കോൽക്കത്തയിലെ നിയോജകമണ്ഡലങ്ങളിലായി ഏഴു ലക്ഷം വോട്ടർമാരെ നീക്കം ചെയ്തു. തൃണമൂൽ കോണ്ഗ്രസിന്റെ വോട്ടർ അടിത്തറയിൽ ഗണ്യമായ കുറവുണ്ടായെന്നാണു വിമർശനം. തിടുക്കത്തിൽ നടപ്പാക്കിയ എസ്ഐആറിലൂടെ അർഹരായ നിരവധി വോട്ടർമാരെ ഒഴിവാക്കിയതായും പരാതികളുണ്ടായി. കോടതിയുടെ ഇടപെടലിനെ ത്തുടർന്ന്, ആദ്യം അയോഗ്യരായി പ്രഖ്യാപിച്ച 27 ലക്ഷം വോട്ടർമാരെകൂടി ഉൾപ്പെടുത്തി.
മരിച്ചുപോയവരെയും നിയമവിരുദ്ധമായി ഇടം നേടിയവരെയും നീക്കം ചെയ്യുന്നതിനെ ആരും എതിർക്കില്ല. എന്നാൽ, അർഹരായ അനേകർക്കു വോട്ടവകാശം നിഷേധിക്കപ്പെട്ടുവെന്നതു നിസാരമല്ല. കേരളത്തിലും അർഹരായ പലർക്കും വോട്ട് ചെയ്യാനായില്ല. എൻഡിഎ സ്ഥാനാർഥികളായി പ്രഖ്യാപിച്ചവരും ഇക്കൂട്ടത്തിലുണ്ട്. വോട്ടിനു തികച്ചും അർഹതയുള്ളവരെയാണു നീക്കിയത്!
നീതി നിഷേധിക്കരുത്
പ്രായപൂർത്തിയായ ഒരു പൗരന് ഒരു വോട്ട് എന്ന അടിസ്ഥാന തത്വത്തിൽ വെള്ളം ചേർക്കപ്പെട്ടു. ഒരോ പൗരനും വോട്ട് ഉറപ്പാക്കേണ്ട തെരഞ്ഞെടുപ്പു കമ്മീഷനാണ് അർഹരുടെ വോട്ടുകളും നിഷേധിച്ചത്. സുപ്രീംകോടതിയും ഒരു പരിധി വരെ കമ്മീഷന്റെ നടപടികളെ പിന്തുണച്ചതോടെ വിവാദ നടപടികൾ പൂർത്തിയാക്കാൻ കമ്മീഷനായി. വോട്ടർപട്ടികയിൽനിന്ന് അർഹരെക്കൂടി വെട്ടിനീക്കിയതിനു പരിഹാരമുണ്ടായില്ല. പതിനായിരക്കണക്കിനു പൗരന്മാർക്കു നീതി നിഷേധിക്കപ്പെട്ടു. ജനാധിപത്യത്തിന് ആപത്കരമാണിത്.
ലംഘിക്കാനല്ല പെരുമാറ്റച്ചട്ടം
131-ാം ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിനു പിന്നാലെ ഏപ്രിൽ 18ന് പ്രധാനമന്ത്രി മോദി നടത്തിയ ടെലിവിഷൻ പ്രസംഗത്തിനെതിരേ നിരവധി പരാതികളുണ്ടായി. എന്നാൽ, ഇതുവരെ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയൊന്നുമെടുത്തിട്ടില്ല. മോദിയുടെ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരേ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവും മുൻ എംപിയുമായ ടി.എൻ. പ്രതാപൻ സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകി.
ലോക്സഭയിൽ കെ.സി. വേണുഗോപാൽ മറ്റൊരു പരാതിയും നൽകി. തെരഞ്ഞെടുപ്പുനേട്ടത്തിനായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തെന്നാണു ഹർജി. കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെ പലതവണ പേരെടുത്ത് വിമർശിച്ചതു വിവാദമാതു സ്വാഭാവികം. രാഷ്ട്രീയ വിമർശനത്തിന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പ്രധാനമന്ത്രിക്കെതിരേ മുന്പും നടപടിയുണ്ടായില്ല.
നിയമനം മുതൽ ദുഷ്ടലാക്ക്
രണ്ടു പരാതികളാണ് കോണ്ഗ്രസിനുള്ളത്. ദൂരദർശനിലെ മോദിയുടെ രാഷ്ട്രീയപ്രസംഗം ഒന്ന്. വോട്ടർമാർക്ക് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ബിജെപിയുടെ എക്സ് ഹാൻഡിലിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പോസ്റ്റ് ആണു രണ്ടാമത്തേത്. സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ, തൊഴിലില്ലാത്ത യുവാക്കൾക്ക് 3,000 രൂപ, ഗർഭിണികൾക്ക് 21,000 രൂപ, സൗജന്യ സർക്കാർ ബസ് യാത്ര എന്നിവ വാഗ്ദാനം ചെയ്ത പോസ്റ്റാണിത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123 പ്രകാരമുള്ള കൈക്കൂലിയും പ്രതിഫലവും ഉൾപ്പെടുന്ന കേസാണിതെന്ന് കോണ്ഗ്രസ് വാദിക്കുന്നു.
നിയമന സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കി, പകരം മോദിയും ഷായും ചേർന്നു തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം നടത്താനായി പാർലമെന്റിൽ നിയമഭേദഗതി കൊണ്ടുവന്നതിന്റെ ലക്ഷ്യം ഇപ്പോൾ വ്യക്തമാകും. തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നടപടികൾക്കു കോടതികളിൽനിന്നു സംരക്ഷണം കൂടി ഏർപ്പെടുത്തിയതിന്റെ ലക്ഷ്യവും തെറ്റാണ്.
ഇലക്ഷൻ സ്വതന്ത്രമാകട്ടെ
സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത നഷ്ടമാകുന്നതു വലിയ ആപത്താണ്. ഭരണകക്ഷിയുടെ നടത്തിപ്പുകാരൻ ആകരുത് കമ്മീഷൻ. ടി.എൻ. ശേഷനെ മറക്കാതിരിക്കാം. ജനാധിപത്യം സംരക്ഷിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനെ സ്വതന്ത്രമാക്കിയേ മതിയാകൂ.
മോദിയുടെ ആദ്യ തോൽവി
പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കു മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യാനുള്ള ഭരണഘടനാ ഭേദഗതി 2023ൽ ഏതാണ്ട് ഏകകണ്ഠമായി ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയതാണ്.
ഉടനെ അതു നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, സെൻസസ് പൂർത്തിയാക്കണമെന്നും അതിനു ശേഷം മാത്രമേ മണ്ഡല പുനർനിർണയം (ഡീലിമിറ്റേഷൻ) നടത്തുകയുള്ളൂവെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ചു. പിന്നീട് മൂന്നു വർഷത്തോളം ഒന്നും ചെയ്യാതിരുന്ന കേന്ദ്രസർക്കാരാണ്, നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി സ്ത്രീസംവരണം ഉടൻ നടപ്പാക്കുമെന്നു പ്രഖ്യാപിച്ച് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചത്.
തെരഞ്ഞെടുപ്പിനു ശേഷം സർവകക്ഷി സമ്മേളനം വിളിച്ച് അഭിപ്രായം തേടിയ ശേഷം മാത്രമേ പുതിയ ഭരണഘടനാ ഭേദഗതി കൊണ്ടുവരാവൂ എന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ രേഖാമൂലം ആവശ്യപ്പെട്ടു. പക്ഷേ സർക്കാർ കേട്ടില്ല. ഒടുവിൽ പ്രതിപക്ഷം ഒറ്റക്കെട്ടായിനിന്നു ലോക്സഭാ സീറ്റുകളുടെ എണ്ണം 800നു മുകളിലേക്കു കൂട്ടാനുള്ള 2026 ലെ 131-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെടുത്തി. 12 വർഷത്തിനിടെ ആദ്യമായാണു മോദി സർക്കാരിന്റെ ബിൽ പരാജയപ്പെട്ടത്.
മോദി, ഖാർഗെ -രണ്ടു നീതി
മോദിക്കെതിരേ മൗനം പാലിച്ച തെരഞ്ഞെടുപ്പു കമ്മീഷൻ പക്ഷേ, കോണ്ഗ്രസ് അധ്യക്ഷൻ ഖാർഗെയ്ക്കെതിരേ ഉടൻ നോട്ടീസയച്ചു. ചെന്നൈയിൽ പത്രസമ്മേളനത്തിനിടെ പ്രധാനമന്ത്രി മോദിയെ തീവ്രവാദി എന്നു വിശേഷിപ്പിച്ചതിലൂടെ പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണു ബുധനാഴ്ച, ഖാർഗെയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മറുപടി നൽകാൻ 24 മണിക്കൂർ സമയം. ഒന്നല്ല, രണ്ടു നോട്ടീസ്. രണ്ടും 22-04-2026 എന്ന ഒരേ തീയതിയിലുള്ളതും രണ്ടു വ്യത്യസ്ത ഉദ്യോഗസ്ഥർ ഒപ്പിട്ടതുമാണ്.
കോണ്ഗ്രസ് പ്രസിഡന്റ് ഒന്നിലധികം പ്രചാരണങ്ങളുടെ നടുവിലായതിനാൽ മറുപടി നൽകാൻ 24 മണിക്കൂർ പര്യാപ്തമല്ലെന്നാണ് കമ്മീഷനു കോണ്ഗ്രസ് നൽകിയ മറുപടി. സ്വാഭാവിക നീതിയില്ലെന്നും പറയുന്നു. ടിഎംസിയിലെ ഡെറിക് ഒബ്രിയന്റേതാണ് ഒരു പരാതിയെങ്കിൽ രണ്ടാമത്തെ നോട്ടീസിൽ പരാതിക്കാരന്റെ പേര് ഒഴിവാക്കി.
ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ മറുപടി സമർപ്പിക്കാമെന്നും കോണ്ഗ്രസ് പ്രതിനിധിസംഘം അത് അവതരിപ്പിക്കാനുള്ള സമയം തേടുന്നുവെന്നും കത്തിലുണ്ട്. ബിജെപിക്കെതിരേ നോട്ടീസ്പോലും നൽകാത്തതിനെ കമ്മീഷനു നൽകിയ കത്തിൽ കോണ്ഗ്രസ് ചോദ്യം ചെയ്യുന്നു.
Tags : Election Commission under fire