Kerala
കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ച വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികള്‍ക്കും ഏര്‍പ്പെടുത്തിയ ജാമ്യ വ്യവസ്ഥ ഹരീഷ് കുമാറിനും ബാധകമാക്കി.
ജാമ്യം നല്‍കരുതെന്ന പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി വാദിച്ചതാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത് എന്നായിരുന്നു എസ്ഐടി ഉയര്‍ത്തിയ ആരോപണം. തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആദ്യം ജാമ്യം ലഭിച്ച പ്രതിയാണ് ഹരീഷ് കുമാര്‍.
Kerala
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം. ഇതിന്റെ ഭാഗമായി നേതാക്കൾക്ക് നോട്ടീസ് അയച്ചു തുടങ്ങി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എംപി, വി. ജോയി, ബിനീഷ് കോടിയേരി അടക്കമുള്ള പ്രമുഖരെയാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം, കേസിൽ ആറ് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഐ.പി. ബിനു, രേവന്ത്, ഉണ്ണികൃഷ്ണൻ, ദിനകർ, ദിലീപ് നായർ, ഡി.എസ്. ഉണ്ണി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
ബുധനാഴ്ച ഷഹിൻ, നിതിൻ രാജ് എന്നിവർക്കും കോടതി ജാമ്യം നൽകിയിരുന്നു. സർക്കാരിന്റെയും ഇഡിയുടെയും ശക്തമായ എതിർപ്പുകൾ തള്ളിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
ഇതോടെ ഈ കേസിൽ ആകെ 21 പ്രതികൾക്ക് ജാമ്യം ലഭിച്ചു. പ്രതികൾ 68 ദിവസത്തിലധികമായി ജയിലിൽ കഴിയുന്നുണ്ടെന്നതും കേസിന്റെ നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിക്കാൻ തയ്യാറായത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം. ബിനീഷ് കോടിയേരിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ബിനീഷിന്റെ ഫോൺ രേഖകൾ അന്വേഷണസംഘം ശേഖരിച്ചതായാണ് വിവരം. ആക്രമണം നടന്ന ദിവസം പ്രതികളായ 25 പേരുമായി ബിനീഷ് ആശയവിനിമിയം നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25 പ്രതികളാണുള്ളത്. ആക്രമണത്തിൽ ഇവരുടെ പങ്കും തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോഴുള്ളത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട ദിവസം ബിനീഷ് കോടിയേരി സംഭവസ്ഥലത്ത് എത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബിനീഷിന്റെ ഫോൺ രേഖകൾ പരിശോധിക്കുന്നത്.
Kerala
കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ ശ്രീജിത്, ജീവന്, പി.എസ്. കിരണ്‍, അനില്‍കുമാര്‍ എന്നിവരുടെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
മറ്റുചില പ്രതികളുടെ ജാമ്യത്തോടൊപ്പം ഇവയും പരിഗണിക്കാനാണു ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജികള്‍ മാറ്റിയത്.
Kerala
കൊച്ചി: പ്രതിപക്ഷനേതാവിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഏഴു പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്കി.
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് പ്രതികളായ ശ്രീജിത്, ജീവന്, അനില്‍കുമാര്‍, പി.എസ്. കിരണ്‍, ഷെഫീക്, എസ്. സിദ്ധാർഥ്, നിഷാദ് എന്നിവരാണു ഹൈക്കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി.
തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് ഐഡി നഷ്ടം പരിഹാരം നൽകിയത്. നേരത്തെ സിപിഎം ജില്ലാ നേതൃത്വം നഷ്ട പരിഹാരം നൽകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിൻവാങ്ങിയിരുന്നു.
ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരം നൽകിയത്. കൊച്ചി ഓഫീസിൽ വിളിച്ചു വരുത്തിയാണ് നഷ്ട പരിഹാരം നൽകിയത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു വാഹനം ആക്രമിക്കുകയും ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള ശ്രമം ഉണ്ടാവുകയും ചെയ്തത്.
Kerala
കൊച്ചി: അവയവക്കച്ചവട റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യല്‍ ഇഡി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കമ്മിറ്റിയിലെ അംഗങ്ങളായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇഡി ചോദ്യം ചെയ്യുന്നത്.
ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യലിന് പിന്നാലെ ആശുപത്രി ഉടമകളെയും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. മുഖ്യപ്രതി നജീബിന്റെ കല്ലട്ര ടൂറിസം കമ്പനി മുഖേനെ നടത്തിയ ശസ്ത്രക്രിയകളില്‍ നിരവധി ക്രമക്കേടുകള്‍ നടന്നതായും വ്യാജരേഖകള്‍ ചമച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകള്‍ ആശുപത്രി അധികൃതര്‍ക്ക് എന്തുകൊണ്ട് തിരിച്ചറിയാന്‍ സാധിച്ചില്ല എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ശ്രമിക്കുന്നത്.
നേരത്തെ പുറത്തുവന്ന കരാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ആശുപത്രി ഉടമകള്‍ അറിഞ്ഞു കൊണ്ടു തന്നെയാണ് ഇടപാടുകള്‍ നടന്നതെന്നാണ് ഇഡിയുടെ നിഗമനം. അതിന്റെ ഭാഗമായാണ് ആശുപത്രി ഉടമകളെ ചോദ്യം ചെയ്യുക. ശസ്ത്രക്രിയ നടത്തിയവര്‍, അവയവം നല്കിയവര്, അവയവം സ്വീകരിച്ചവര്‍ എന്നിവരെ കണ്ടെത്തി അവരുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മൂന്നു പ്രമുഖ ആശുപത്രികളിലെ ഡോക്ടര്‍മാരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. ആശുപത്രികളും അവയവക്കച്ചവട റാക്കറ്റുമായി വര്‍ഷങ്ങള്‍ നീണ്ട സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ദാതാവിനെയും സ്വീകര്‍ത്താവിനെയും എത്തിക്കുന്നതിനും അവരുടെ ചികിത്സയ്ക്കും കമ്മീഷന് നല്കിയ വിവരങ്ങളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: വ്യാജ രേഖ ചമച്ചുള്ള അവയവക്കടത്ത് കേസില്‍ കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ഇഡിക്ക് മുന്നില്‍. ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് മറിയ വര്‍ഗീസ് ഇഡിക്ക് മുന്നില്‍ ഹാജരായി. കഴിഞ്ഞയാഴ്ച ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും സാവകാശം തേടുകയായിരുന്നു.
കൊച്ചിയിലെ മൂന്നു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ടു പ്രമുഖ സ്വകാര്യ ആശുപത്രികളിലെ എംഡിയെയും ഡോക്ടര്‍മാരെയും ചോദ്യം ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്ക് അവയവക്കച്ചവട റാക്കറ്റില്‍ നിന്നും പണം ലഭിച്ചിരുന്നോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.
ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ക്ക് കമ്മീഷന് ലഭിച്ചിരുന്നുവെന്നാണ് ഇഡിയുടെ സംശയം. ഡോക്ടര്‍മാരുടെ സ്വത്തുക്കളും ബാങ്ക് രേഖകളും ഇഡി പരിശോധിച്ചിരുന്നു. നേരത്തെ മുഖ്യപ്രതി നജീബിന്റെയും ഭാര്യയുടെയും മൊഴികള്‍ ഇഡി രേഖപ്പെടുത്തിയിരുന്നു.
നജീബും ഒരു സ്വകാര്യ ആശുപത്രി മാനേജ്മെന്റും തമ്മിലുള്ള കരാറിന്റെ നിര്‍ണായക രേഖകള്‍ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. നജീബിന്റെ കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയുമായി സ്വകാര്യ ആശുപത്രി ഒപ്പു വച്ച കരാര്‍ ആയിരുന്നു പുറത്തു വന്നത്.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.
സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പടെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതി പരിഗണിക്കുക. ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. 25 സിപിഎം പ്രവർത്തകരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസ് ഉടൻ കുറ്റപത്രം നൽകില്ല. ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പെടെയുള്ള പ്രധാന രേഖകൾ ലഭിക്കാൻ വൈകുന്ന സാഹചര്യത്തിലാണ് നടപടി നീട്ടിവെക്കുന്നത്.
സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രം കുറ്റപത്രം നൽകിയാൽ മതിയെന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പോലീസിന്റെ തീരുമാനം. ഇതിനൊപ്പം, പോലീസിനെ ആക്രമിച്ച കേസും ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിനൊപ്പം ചേർത്ത് ഒറ്റ കുറ്റപത്രമായി നൽകാനാണ് ഇപ്പോൾ പോലീസിന്റെ നീക്കം.
അതേസമയം, തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ജാമ്യം ലഭിച്ച ഒൻപതാം പ്രതി ഹരീഷ് കുമാറിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Kerala
കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്ത വീണ്ടും ഇഡിക്കു മുന്നില്‍. കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിലെത്തിയ ശരണിനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.
ഇതു രണ്ടാം വട്ടമാണ് ശരണ്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ടു ഇഡിക്കു മുന്നിലെത്തുന്നത്. കേസില്‍ നേരത്തെ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.
സിഎംആര്‍എല്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്തയുടെ ഭാര്യ ജയ എസ്. കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ്കുമാര്‍, ഷിബി എസ്. കര്‍ത്ത, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന് എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടി.യുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിർണായക ഹർജികൾ ഇന്ന് പരിഗണിക്കും.
ഹൈക്കോടതിയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുമാണ് ഹർജികൾ പരിഗണിക്കുക. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ച ഉത്തരവിനെതിരെയാണ് പോലീസും ഇഡിയും വിവിധ കോടതികളെ സമീപിച്ചിരിക്കുന്നത്.
ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ച സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പോലീസും ഇഡിയും നൽകിയ അപ്പീലുകളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. സെഷൻസ് കോടതിയിൽ പ്രതിക്ക് അനുകൂലമായി നിലപാട് എടുത്ത പ്രോസിക്യൂട്ടർ ഗീന കുമാരിയെയും എതിർകക്ഷിയാക്കിയിട്ടുണ്ട്.
പ്രതിക്ക് ജാമ്യം അനുവദിച്ച നടപടി ചോദ്യം ചെയ്ത് ഇഡി സമർപ്പിച്ച ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. ഈ ഹർജിയിൽ പോലീസിന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടറാണ് കോടതിയിൽ ഹാജരാകുക.
Kerala
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അസാധാരണ നീക്കവുമായി ഇഡി. കേസിലെ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇഡി ഹൈക്കോടതിയെ സമീപിച്ചു.
പ്രതിയ്ക്ക് ജാമ്യം നൽകുന്നതിൽ പോലീസിന്റെ നിർദേശത്തിന് വിരുദ്ധമായിട്ടുള്ള സമീപനമാണ് പ്രോസിക്യൂട്ടർ സ്വീകരിച്ചത്. ജാമ്യം നൽകുന്നതിന് എതിർക്കാതിരുന്ന പ്രോസിക്യൂട്ടറുടെ നിലപാട് സംശയാസ്പദമാണെന്നും ഇഡി ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയ പ്രതിയ്ക്ക് കീഴ്ക്കോടതി നൽകിയ ജാമ്യം പൊതുതാൽപര്യത്തിന് എതിരാണെന്നും, പ്രതിക്ക് ജാമ്യം ലഭിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. അതേസമയം പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരേ പോലീസ് നൽകിയ കേസിൽ കക്ഷി ചേരാൻ ഇഡി ഇന്നലെ തിരുവനന്തപുരത്തെ കീഴിക്കോടതിയിലും ഇഡി അപേക്ഷ നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിലെ ടി.വീണയുടെ മൊഴികളില്‍ വൈരുധ്യമുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണയെ അടുത്താഴ്ച വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം ഇഡി വീണയെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടിനാണ് അവസാനിച്ചത്.
വീണയുടെ എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറും ഇഡി പരിശോധിച്ചിരുന്നു. അതേസമയം മാസപ്പടി കേസിൽ ഇഡി അന്വേഷണം പിണറായി സർക്കാരിലേക്കും നീളും. വീണാ ടിക്ക് സിഎംആർഎൽ കരാർ എങ്ങനെ ലഭിച്ചു എന്നതിൽ അന്വേഷണമുണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
വീണയ്ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളെന്ന നിഗമനത്തിലൂന്നിയാണ് അന്വേഷണം. കരാറിൽ ആസ്വഭാവികത ഉണ്ടെന്നാണ് ഇഡി വിലയിരുത്തൽ. കരാറിലെ അഴിമതി കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഒന്നാം പിണറായി സർക്കാരും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളിലാണ് അന്വേഷണം നടക്കുക. വീണയുടെ മൊഴിയിൽ അവ്യക്തത തുടരുകയാണ്. കരാർ ലഭിച്ചതിൽ ആസ്വഭാവികതയില്ലെന്നാണ് വീണ വ്യക്തമാക്കുന്നത്. എന്നാൽ, ഇഡി വീണയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.
Kerala
കൊച്ചി: മാസപ്പടി കേസില്‍ ഇഡി നിര്‍ണായക നടപടികളിലേക്ക്. വീണാ വിജയനെ രണ്ടുതവണ ചോദ്യം ചെയ്തിട്ടും സിഎംആര്‍എല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വ്യക്തത ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നടപടികളിലേക്കു കടക്കുന്നത്.
വീണയ്ക്കു പണം ലഭിച്ച കാലയളവില്‍ സിഎംആര്‍എല്‍ കമ്പനിക്ക് കഴിഞ്ഞ സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും വഴിവിട്ട സഹായം ലഭിച്ചോയെന്നതുള്‍പ്പെടെ പരിശോധിക്കാനാണു നീക്കം.
എക്സാലോജിക്കിന് സിഎംആര്‍എലില്‍നിന്നു പണം ലഭിച്ചിരുന്ന കാലത്ത് പിണറായി വിജയന് മുഖ്യമന്ത്രിയായ സര്‍ക്കാരാണ് ഭരിച്ചിരുന്നത്. ഇക്കാലത്ത് സിഎംആര്‍എലിന് എന്തെങ്കിലും ഇളവുകളോ ആനുകൂല്യങ്ങളോ വഴിവിട്ട രീതിയില്‍ ലഭിച്ചിട്ടുണ്ടോയെന്ന് ഇഡി പരിശോധിക്കുന്നതായാണു സൂചന. അതേസമയം, വീണ നല്കിയ മൊഴിയില്‍ അവ്യക്തതയുണ്ടെന്നാണ് ഇഡി പറയുന്നത്.
സിഎംആര്‍എലില്‍നിന്ന് 2.78 കോടി രൂപ വീണയുടെ എക്സാലോജിക് സൊലൂഷന്‍സ് കൈപ്പറ്റിയതിന് നല്കിയ സേവനം വ്യക്തമല്ലെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു വീണയെ കഴിഞ്ഞദിവസം രണ്ടാമതും ചോദ്യം ചെയ്തത്.
എസ്എഫ്ഐഒയ്ക്കു നല്കിയ മൊഴിയും കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ വീണ നല്കിയ മൊഴിയും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. സിഎംആര്‍എലും എക്സാലോജിക്കും തമ്മില്‍ എങ്ങനെ കരാറിലെത്തി എന്നതാണ് ഇഡി മുന്നോട്ടുവയ്ക്കുന്ന പ്രധാന ചോദ്യം.
എന്നാല്‍, ഇതിനു വ്യക്തമായ മറുപടി നല്കാന് വീണയ്ക്കു കഴിഞ്ഞിട്ടില്ല. മാത്രമല്ല, സിഎംആര്‍എലില്‍നിന്നു ലഭിച്ച 2.78 കോടിരൂപ എങ്ങനെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചും വീണയ്ക്കു വ്യക്തമായ മറുപടിയില്ല. ഈ സാഹചര്യത്തില്‍ വീണയെ ഇഡി അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും.
Kerala
കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം പിണറായി സർക്കാരിലേക്കും നീളും. വീണാ ടിക്ക് സിഎംആർഎൽ കരാർ എങ്ങനെ ലഭിച്ചു എന്നതിൽ അന്വേഷണമുണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
വീണയ്ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളെന്ന നിഗമനത്തിലൂന്നിയാണ് അന്വേഷണം. കരാറിൽ ആസ്വഭാവികത ഉണ്ടെന്നാണ് ഇഡി വിലയിരുത്തൽ. കരാറിലെ അഴിമതി കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഒന്നാം പിണറായി സർക്കാരും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളിലാണ് അന്വേഷണം നടക്കുക. വീണയുടെ മൊഴിയിൽ അവ്യക്തത തുടരുകയാണ്. കരാർ ലഭിച്ചതിൽ ആസ്വഭാവികതയില്ലെന്നാണ് വീണ വ്യക്തമാക്കുന്നത്. എന്നാൽ, ഇഡി വീണയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. വീണ ടിയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടനെയുണ്ടാകും. വ്യാഴാഴ്ച 10 മണിക്കൂറാണ് വീണയുടെ ചോദ്യം ചെയ്യൽ നീണ്ടുനിന്നത്.
ഈ മാസം 29നായിരുന്നു രണ്ടാമതും ചോദ്യം ചെയ്യലിനായി തീരുമാനിച്ചിരുന്നതെങ്കിലും എസ്എഫ്ഐഒ അനുബന്ധ രേഖകൾ കിട്ടിയതോടെ വെള്ളിയാഴ്ച ഹാജരാകാൻ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് വീണയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് രാവിലെ ഒന്‍പതരയോടെയാണ് ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം വീണ എത്തിയത്.
Kerala
കൊച്ചി: മാസപ്പടി കേസില്‍ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. ഇത് രണ്ടാം തവണയാണ് വീണയെ ഇഡി ചോദ്യം ചെയ്ത് വിട്ടയയ്ക്കുന്നത്.
ഒൻപത് മണിക്കൂർ നീണ്ടുനിന്ന ശേഷമാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ നിന്ന് വീണ പുറത്തിറങ്ങിയത്. മാസപ്പടി കേസിൽ എസ്എഫ്ഐഒയിൽ നിന്ന് നിർണായക രേഖകൾ ലഭിച്ചതിന് പിന്നാലെ ആയിരുന്നു വീണയെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിപ്പിച്ചത്.
വീണയെ വീണ്ടും ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നൽകി വിളിപ്പിച്ചേക്കും. കേസിൽ ജൂൺ 29ന് ഹാജരാകാൻ വീണയ്ക്ക് നിർദേശമുണ്ടായിരുന്നു. എന്നാൽ എസ്എഫ്ഐഒയിൽ നിന്ന് നിർണായക രേഖകൾ ലഭിച്ചതിനെ തുടർന്ന് ഇഡി ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുകയായിരുന്നു.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് ജാമ്യം.
കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിനാണ് ജാമ്യം ലഭിച്ചത്. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഹരീഷ് കുമാർ. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷനും പോലീസും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം.
അതേസമയം മാസപ്പടി കേസില്‍ നിർണായക രേഖകൾ ഇഡിക്ക് ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകളാണ് ലഭിച്ചത്. മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണയെ ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും.
കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖകൾ സംബന്ധിച്ച് നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ രേഖകൾ ലഭിക്കാൻ വൈകിയിരുന്നു. ജൂൺ 29ന് ആണ് വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യുക.
Kerala
കൊച്ചി: മാസപ്പടി കേസില്‍ നിർണായക രേഖകൾ ഇഡിക്ക്. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകളാണ് ലഭിച്ചത്. മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണയെ ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും.
കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖകൾ സംബന്ധിച്ച് നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ രേഖകൾ ലഭിക്കാൻ വൈകിയിരുന്നു. ജൂൺ 29ന് ആണ് വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യുക.
ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ എക്സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്ക് നൽകിയ സേവനങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ നൽകാനാണ് ഇഡി നിർദേശം. ജൂൺ 17ന് നടത്തിയ ചോദ്യം ചെയ്യലിന്റെ തുടർച്ചയാണ് 29ലെ ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ പല രേഖകളും ഹാജരാക്കാൻ കൂടുതൽ സാവകാശം വേണമെന്നാണ് വീണ ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് ജൂൺ 29ലെ ചോദ്യം ചെയ്യൽ. നേരത്തെ ഹാജരായപ്പോൾ വീണ നൽകിയ അക്കൗണ്ട് വിശദാംശങ്ങലും കരാർ രേഖകളും ഇഡി പരിശോധിച്ചിരുന്നു.
ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ലോക്കർ അടക്കം തുറന്ന പരിശോധന നടത്തിയിരുന്നു. കരിമണൽ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിന്റെ സുപ്രധാന വിവരങ്ങളുള്ള തെളിവുകളെല്ലാം വച്ചുള്ള ചോദ്യം ചെയ്യൽ വീണയ്ക്ക് നിർണായകമാണ്.
Kerala
കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്ക് ഏതൊക്കെ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്, തങ്ങളുടെ കമ്പനിക്ക് എന്തൊക്കെ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന സുരേഷ് കുമാര്‍ നേരത്തെ എസ്എഫ്ഐഒയ്ക്ക് മൊഴി നല്‍കിയിരുന്നു.
സിഎംആര്‍എല്‍ കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥരെയും അടുത്ത ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്യും. സിഎംആര്‍എല്‍ ഉടമ ശശിധരന് കര്‍ത്തയെയും ഭാര്യ ജയ എസ്. കര്‍ത്തയെയും മകള്‍ ഷിബി എസ്. കര്‍ത്തയെയും മകന് ശരണ്‍ എസ്. കര്‍ത്തയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
ടി. വീണയെ ഇഡി വീണ്ടും ചോദ്യംചെയ്യും. ഈ മാസം 29ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 17ന് കൊച്ചിയിലെ ഓഫീസില്‍ വീണയെ എട്ടുമണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.
സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ നല്കിയ ഉത്തരങ്ങളും വീണയുടെ മൊഴികളും തമ്മില്‍ എന്തെങ്കിലും വൈരുധ്യമുണ്ടോ എന്ന് ഇഡി പരിശോധിച്ചു വരികയാണ്. ഇഡി നല്കിയ ആദ്യ നോട്ടീസിന് ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് വീണ അറിയിച്ചിരുന്നെങ്കിലും, രണ്ടാമത്തെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ബുധനാഴ്ച അവര്‍ ഹാജരായത്.
Kerala
കൊച്ചി: വ്യാജരേഖകള്‍ ചമച്ച് അവയവ വില്പന നടത്തിയതിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ചു നടത്തിയ പരിശോധനയില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
അവയവമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും വിവരങ്ങള്‍, ജില്ലാതല അംഗീകാര സമിതിക്കു സമര്‍പ്പിച്ച രേഖകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളാണു പിടിച്ചെടുത്തത്. കൂടാതെ പ്രതികളുടെ സ്വത്തുവിവരങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്.
പോലീസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, ജനപ്രതിനിധികളുടെ ശിപാര്‍ശക്കത്തുകള്‍, ആധാര്‍ കാര്‍ഡുകള്‍, റേഷന്‍ കാര്‍ഡുകള്‍ തുടങ്ങി നിരവധി രേഖകള്‍ പ്രതികള്‍ വ്യാജമായി നിര്‍മിച്ചിരുന്നതായും കണ്ടെത്തി. ഇവ പള്ളിക്കരയിലെ ഒരു ടിഡിപി സെന്ററിലും ഡിജിറ്റല്‍ സ്റ്റുഡിയോയിലുമായിരുന്നു നിര്‍മിച്ചിരുന്നതെന്ന് ഇഡി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി.വീണയുടെ ബാങ്ക് ലോക്കറിൽ ഇഡി സംഘത്തിന്റെ പരിശോധന. തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടക്കുന്നത്.
കേസിൽ വീണ അടക്കമുള്ളവരെ കഴിഞ്ഞ ദിവസം ഇഡി കൊച്ചിയിൽ ചോദ്യം ചെയ്തിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കമുള്ളവ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഭാഗികമായ രേഖകൾ മാത്രമാണ് ഇഡിക്ക് മുന്നിൽ ഹാജരാക്കിയത്.
ലോക്കറിന്റെ വിശദാംശങ്ങൾ ഹാജരാകാത്ത സാഹചര്യത്തിലാണ് ഇത് തുറന്ന് പരിശോധിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കിലെ അടക്കം വീണയുടെ മൂന്ന് അക്കൗണ്ടുകളും നേരത്തേ ഇഡി മരവിപ്പിച്ചിരുന്നു.
അതേസമയം കേസിൽ എസ്എഫ്ഐഒ കോടതിയിൽ ഹാജരാക്കിയ രേഖകൾ ഇഡിക്ക് ഇന്ന് ലഭിക്കും. ടി.വീണയും സിഎംആർഎല്ലും തമ്മിലുള്ള കരാർ, വീണയുടെ ആദായ നികുതി റിട്ടേണുകളടക്കമുള്ള 134 സുപ്രധാന രേഖകളാണ് പിഎംഎൽഎ കോടതി വഴി ഇഡിക്ക് ലഭിക്കുക.
Kerala
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഉടൻ തന്നെ വീണയ്ക്ക് സമൻസ് നൽകുമെന്നാണ് സൂചന.
കൊച്ചിയിലെ ഇഡി ഓഫീസിൽ കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെടുന്നത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ലഭിച്ച മറുപടികളിൽ പലതും തൃപ്തികരമല്ലെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
സിഎംആർഎല്ലിന് ഏതെങ്കിലും തരത്തിലുള്ള സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.
Kerala
കൊച്ചി: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ ടി. വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ ഇഡി ഓഫീസിൽ ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു.
ചോദ്യം ചെയ്യലിന് ശേഷം പുറത്തിറക്കിയ വീണ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. കൂടുതൽ ചോദ്യം ചെയ്യലിനായി വീണയെ വീണ്ടും വിളിപ്പിച്ചേക്കും. ഇതിനായി വീണ്ടും സമൻസ് നൽകിയിട്ടില്ല. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
ഇന്ന് രാവിലെ 10.30 ഓടെയാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. ഭര്‍ത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎല്‍എയ്ക്കൊപ്പമാണ് വീണ ഇഡി ഓഫീസില്‍ എത്തിയത്. കഴിഞ്ഞ 12ന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഹാജരാകാത്ത സാഹചര്യത്തില്‍ 17ന് എത്താന്‍ ഇഡി വീണ്ടും സമന്‍സ് അയയ്ക്കുകയായിരുന്നു.
നല്‍കാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്സലോജിക്കിന് 2.78 കോടി രൂപ നല്കി എന്തിനാണ് എന്നതാണ് ഇഡി അന്വേഷിക്കുന്നത്. മേയ് 27ന് നടത്തിയ റെയ്ഡില്‍ വീണയുടെ ബാങ്ക് അക്കൗണ്ട് രേഖകളും മൊബൈല്‍ ഫോണും ഇഡി കസ്റ്റഡിയില്‍ എടുത്തിരുന്നു.
Kerala
കൊച്ചി: സിഎംആര്‍എല്‍ -എക്സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്ന് രാവിലെ 10.30 ഓടെയാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. ഇഡിയുടെ ചോദ്യം ചെയ്യല്‍ അഞ്ചു മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്.
ഭര്‍ത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎല്‍എക്കൊപ്പമാണ് വീണ ഇഡി ഓഫീസില്‍ എത്തിയത്. കനത്ത സുരക്ഷയാണ് ഇഡി ഓഫീസിന് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 12ന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഹാജരാകാത്ത സാഹചര്യത്തില്‍ 17ന് എത്താന്‍ ഇഡി വീണ്ടും സമന്‍സ് അയക്കുകയായിരുന്നു.
നല്‍കാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്സലോജിക്കിന് 2.78 കോടി രൂപ നല്കി എന്തിനാണ് എന്നതാണ് ഇഡി അന്വേഷിക്കുന്നത്. മേയ് 27ന് നടത്തിയ റെയ്ഡില്‍ വീണയുടെ ബാങ്ക് അക്കൗണ്ട് രേഖകളും മൊബൈല്‍ ഫോണും ഇഡി കസ്റ്റഡിയില്‍ എടുത്തിരുന്നു.
ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്, എസ്എഫ്ഐഒ അന്വേഷണ റിപ്പോര്‍ട്ട് എന്നിവയെ അടിസ്ഥാനമാക്കിയാണ് വീണയോടുള്ള ചോദ്യങ്ങള്‍. അതേസമയം, സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ മകന് ശരണ്‍ എസ്കര്‍ത്ത, ഭാര്യയും ജയ എസ്. കര്‍ത്ത, മകള്‍ ഷിബി എസ്. കര്‍ത്ത എന്നിവരെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
Kerala
കൊച്ചി: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ ടി. വീണ ഉടൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുമ്പാകെ ഹാജരായി. ഭർത്താവും എംഎൽഎയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. ശക്തമായ സുരക്ഷയാണ് ഇഡി കൊച്ചി ഓഫീസിൽ ഒരുക്കിയിരിക്കുന്നത്.
ഈമാസം 12ന് കൊച്ചി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടിസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും.
കേസിൽ ചൊവ്വാഴ്ച ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും, മകൻ ശരൺ എസ്. കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
Kerala
കൊച്ചി: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ.ടി. ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകും. നേരത്തെ വീണയോട് വെള്ളിയാഴ്ച ഹാജരാകൻ ഇഡി നിർദേശിച്ചിരുന്നു.
എന്നാൽ ആരോഗ്യസംബന്ധമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു. ഇതേ തുടർന്നാണ് ബുധനാഴ്ച ഹാജരാകാൻ നിർദേശം നൽകിയത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും.
കേസിൽ ചൊവ്വാഴ്ച ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും, മകൻ ശരൺ എസ്. കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
Kerala
കൊച്ചി: മാസപ്പടി കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ ഭാര്യ ജയ എസ്. കര്‍ത്തയും മകന് ശരണ്‍ എസ്. കര്‍ത്തയും. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇരുവരുടെയും ചോദ്യംചെയ്യല്‍ തുടരുകയാണ്. സിഎംആര്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് ജയ എസ്. കര്‍ത്തയും ശരണ്‍ എസ്. കര്‍ത്തയും.
സിഎംആര്‍എല്ലുമായി ബന്ധമുള്ള നിപുണ ഇന്റര്‍നാഷണല്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് ശരണ്‍. ശശിധരന് കര്‍ത്തയുടെ മകള്‍ ഷിബി എസ്. കര്‍ത്തയെ ഇഡി തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്‍ ഡയറക്ടറാണ് ഷിബി എസ്. കര്‍ത്ത. നിപുണ ഇന്റര്‍നാഷണല്‍സിന്റെ പ്രധാന ചുമതല വഹിക്കുന്നത് ഷിബി എസ്. കര്‍ത്തയാണ്.
നേരത്തെ നിപുണയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. സിഎംആര്‍എല്ലിന്റെ ചരക്ക് ഗതാഗതത്തിനായി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയിരുന്നത് നിപുണ ഇന്റര്‍നാഷണല്‍സ് ആണ്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി പട്ടികയില്‍ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റര്‍നാഷണല്‍സ്.
കഴിഞ്ഞ വെള്ളിയാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ വീണ ടിയ്ക്ക് സമന്‍സ് അയച്ചിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മറ്റൊരു ദിവസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ബുധനാഴ്ച ഹാജരാകാന്‍ വീണ്ടും സമന്‍സ് അയച്ചിരുന്നു. ബുധനാഴ്ച വീണയെ ഇഡി ചോദ്യം ചെയ്യും.
Kerala
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൾ ഷിബി.എസ്.കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ.
എക്സാലോജിക്കിനും സിഎംആർഎല്ലിനും ഇടയിൽ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി തേടുന്നത്.സിഎംആർഎലിന്റെ ഡയറക്ടർ ആണ് ഷി.ബി.എസ്.കർത്ത. സിഎംആർഎല്ലുമായി ബന്ധമുള്ള സ്ഥാപനമായ നിപുണ ഇന്റർനാഷണൽസിന്റെ പ്രധാന ചുമതല കൂടി ഷിബി.എസ്.കർത്ത വഹിക്കുന്നുണ്ട്.
നേരത്തെ ഇഡി നിപുണയിലും റെയ്ഡ് നടത്തിയിരുന്നു.സിഎംആർഎലിന്റെ ചരക്ക് ഗതാഗതത്തിനായി വാഹനങ്ങൾ വാടകയ്ക്ക് നൽകിയിരുന്നത് നിപുണ ഇന്റർനാഷണൽസാണ്. ഇഡി രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പട്ടികയിൽ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റർനാഷണൽസ്.
അതേസമയം ശശിധരന് കര്‍ത്തയുടെ മകന് ശരണ്‍.എസ്.കർത്തയ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. എന്നാൽ ശരൺ ചോദ്യം ചെയ്യലിന് ഹാജരായില്ല.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായി ടി. വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും സമൻസ് നൽകും. ഇഡി ഓഫീസിൽ ഹാജരാകുന്നതിൽ വീണ അവധി ആവശ്യപ്പെട്ട പശ്ചാത്തലിത്താണ് നടപടി.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീണ അവധി ആവശ്യപ്പെട്ടത്. എന്നാൽ കേസിൽ ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. ഇതിന് ഇഡി മറുപടി നൽകിയിട്ടില്ല.
Kerala
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ.ടി വെള്ളിയാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ആരോഗ്യകാരണങ്ങൾ കൊണ്ട് നാളെ ഹാജരാവാനാവില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണണെന്നും വീണ ഇഡിയെ ഇമെയിൽ വഴി അറിയിച്ചു.
ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വെള്ളിയാഴ്ച ഹാജരാവാണ് വീണയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നത്. അവധി അപേക്ഷയിൽ ഇഡിയുടെ തീരുമാനം ഇന്ന് വീണയെ അറിയിക്കും. ഒരു ദിവസം അവധി അനുവദിച്ചാലും മറ്റൊരു ദിവസം നേരിട്ട് ഹാജരാവണമെന്നാണ് വ്യവസ്ഥ.
സിഎംആർഎല്ലിൽനിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് വീണ ഇഡിക്ക് നൽകിയ നിർദേശം. ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി വീണയെ ചോദ്യം ചെയ്യാൻ വിളിച്ചത്. കമ്പനിയിൽ നിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം.
Kerala
കൊച്ചി: മാസപ്പടി കേസിൽ കൊച്ചിയിലെ ഇഡി ഓഫീസിൽ വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനുള്ള സമൻസിൽ അവധി ചോദിച്ച് എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ ടി. വീണ.
ബുധനാഴ്ച രാവിലെയാണ് വീണ അവധി ആവശ്യപ്പെട്ടുള്ള കത്ത് ഇമെയിലായി ഇഡി ഓഫീസിൽ ലഭിച്ചത്. വീണയുടെ അവധി അപേക്ഷയിൽ ഇഡിയുടെ നിലപാട് ഇന്ന് അറിയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വീണ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവധിക്ക് അപേക്ഷിച്ചത്.
ആവശ്യമായ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും കത്തിൽ പറയുന്നു. എന്നാൽ ഇഡി അവധി നൽകിയാലും ചോദ്യം ചെയ്യലിനുള്ള അടുത്ത തീയതിയിൽ വീണ നേരിട്ട് ഹാജരാകേണ്ടി വരും.
പിണറായി വിജയന്റെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും മാസപ്പടി കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ നടപടികൾ. സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്തയും ജീവനക്കാർക്കുമടക്കം ഒൻപത് പേർക്കാണ് ആദ്യ ഘട്ട നോട്ടീസ്.
കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാക്കാനാണ് വീണയ്ക്ക് ഇഡി നല്കിയ നിർദേശം. 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് ചോദ്യം ചെയ്യൽ.
Kerala
കൊച്ചി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ വിജയനെ വെള്ളിയാഴ്ച ചോദ്യം ചെയ്യാൻ ഇഡി. സിഎംആര്‍എല്ലിലെ ജീവനക്കാര്‍ ഇന്ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ഹാജരായേക്കും.
പിണറായി വിജയന്റെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും മാസപ്പടി കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ നടപടികൾ. സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്തയും ജീവനക്കാർക്കുമടക്കം ഒൻപത് പേർക്കാണ് ആദ്യ ഘട്ട നോട്ടീസ്.
കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാക്കാനാണ് വീണയ്ക്ക് ഇഡി നല്കിയ നിർദേശം. 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് ചോദ്യം ചെയ്യൽ.
കമ്പനിയിൽ നിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം. വെള്ളിയാഴ്ച കൊച്ചി സോണൽ ഓഫീസിലാണ് വീണ രേഖകൾ സഹിതം ഹാജരാകേണ്ടത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് ശാസന. കമ്മീഷണർ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ശാസന.
എന്തുകൊണ്ട് പ്രതിഷേധക്കാർക്കെതിരെ ലാത്തി ചാർജ് ചെയ്തില്ലെന്ന് കമ്മീഷണർ കാർത്തിക് ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥരൊന്നും നിർദേശം നൽകിയില്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി. അപ്രതീക്ഷിത ആക്രമണമായിരുന്നുവെന്നും കന്റോമെന്റ് എസി കമ്മീഷണറെ അറിയിച്ചു.
റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയിൽ മെയ് 27ന് ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എട്ട് മണിക്കൂറോളം നീണ്ട പരിശോധന നടത്തിയത്.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലായ പ്രതികളുമായി പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിലെത്തിച്ചാണ് പോലീസ് ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കേസിലെ ആറാം പ്രതി കിരൺ, ഏഴാം പ്രതി അനിൽ കുമാർ, എട്ടാം പ്രതി ഷഫീഖ്, ഒൻപതാം പ്രതി ഹരീഷ് കുമാർ, പത്താം പ്രതി ദിനീത് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്. ആദ്യത്തെ അഞ്ച് പ്രതികളെ നേരത്തെ കസ്റ്റഡിയിൽ വാങ്ങി ഇതേ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വീട്ടിൽ പരിശോധനയ്ക്കായി കൊച്ചിയിൽ നിന്നെത്തിയ ഇഡി ഉദ്യോഗസ്ഥരെയും അവർ സഞ്ചരിച്ച വാഹനങ്ങളെയുമാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് വാഹനങ്ങൾ അണികൾ പൂർണമായി തകർത്തിരുന്നു. 'കൊല്ലടാ' എന്ന് ആക്രോഷിച്ചുകൊണ്ട് കല്ലും ആയുധങ്ങളും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
സംഭവത്തിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ 26 പേർ അറസ്റ്റിലായെങ്കിലും 46 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിപിഎം ഏരിയ കമ്മിറ്റി വരെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും പുറമേ മറ്റ് മുതിർന്ന നേതാക്കൾക്ക് ഈ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയോ പ്രേരണയോ ഉണ്ടോ എന്നാണ് പ്രത്യേക അന്വേഷണസംഘം ഇപ്പോൾ പരിശോധിക്കുന്നത്.
അന്വേഷണത്തിൽ സംസ്ഥാന ഇന്റലിജൻസിനും ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ച പറ്റിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ അതീവ ഗൗരവത്തോടെയാണ് സംസ്ഥാന പോലീസ് കേസ് അന്വേഷിക്കുന്നതും വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നതും.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആറ് മുതൽ 10 വരെയുള്ള പ്രതികളെയാണ് ബുധനാഴ്ച വൈകുന്നേരം അഞ്ച് വരെ പോലീസ് കസ്റ്റഡിൽ വിട്ടത്.
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്
മേയ് 27-നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. വീണ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്.
മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങൾ വളഞ്ഞ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ (കുരവടികൾ) എന്നിവ ഉപയോഗിച്ച് കാറുകൾ ആക്രമിക്കുകയായിരുന്നു.
Kerala
ന്യൂഡൽഹി: മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് ഇഡി സമൻസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. വീണയുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ബ്രിട്ടാസ് പ്രതികരിച്ചു.
എസ്എഫ്ഐഒയോട് അടക്കം വിവരങ്ങൾ വീണ ധരിപ്പിച്ചതാണ്. സിഎംആർഎൽ നൽകിയ രാഷ്ട്രീയ സംഭാവനങ്ങളിലും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ മന്ത്രിസഭയിൽ രണ്ട് പേർ സിഎംആർഎല്ലിൽനിന്ന് പണം കൈപ്പറ്റി എന്ന് സമ്മതിച്ചതാണ്. അതുവച്ച് നോക്കുമ്പോൾ വീണ വാങ്ങിയെന്ന് പറയുന്നത് എത്രയോ ചെറിയ തുകയാണ്. സിഎംആർഎല്ലിൽനിന്ന് പണം കൈപ്പറ്റിയവർ ഇത് രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് ഇഡി സമൻസ് അയയ്ക്കും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ.എസ്.കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്.സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ തുടങ്ങി ഒമ്പത് പേർക്കാണ് സമൻസ് അയയ്ക്കുക.
എക്സാലോജിക്-സിഎംആർഎൽ ഇടപാടിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള പ്രധാന രേഖകൾ എല്ലാം എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന് വിട്ടു കൊടുക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇഡി നൽകിയ അപേക്ഷയിൽ കൊച്ചിയിലെ പിഎംഎൽഎ കോടതിയുടേതായിരുന്നു വിധി. രേഖകൾ 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാനാണ് എസ്എഫ്ഐഒയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.
54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിർണായ രേഖകളാണ് ഇഡിക്ക് കൈമാറേണ്ടി വരിക. എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വീണയുടെ ഐടി റിട്ടേൺസ് എന്നിവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടും.
Kerala
കൊച്ചി: വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ ഇടപാടുകളെക്കുറിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) സമര്‍പ്പിച്ച രേഖകള്‍ ആവശ്യപ്പെട്ട് ഇഡി അപേക്ഷ സമര്‍പ്പിച്ചു.
സിഎംആര്‍എലില്‍നിന്ന് മാസപ്പടി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ രേഖകളാണ് തേടുന്നത്.
വീണാ വിജയന് നല്കിയ മൊഴി, സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍, എക്സാലോജിക്കും സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍, സാമ്പത്തിക ഇടപാടുകള്‍, കരാറുകള്‍ തുടങ്ങിയവയുള്‍പ്പെടെ 54 വാല്യങ്ങളിലായി എസ്എഫ്ഐഒ സമര്‍പ്പിച്ച 134 രേഖകളുടെ പകര്‍പ്പാണ് ആവശ്യപ്പെട്ടത്.
കഴിഞ്ഞദിവസം ഇഡി ഡയറക്ടര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് അപേക്ഷ സമര്‍പ്പിച്ചത്. പിഎല്എല്എ കോടതി അപേക്ഷ ഇന്നു പരിഗണിച്ചേക്കും. കൃത്യവും വ്യക്തവും വിശദവുമായ തെളിവുകള്‍ മുന്നില്‍വച്ച് വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണു രേഖകള്‍ക്കായി കോടതിയെ സമീപിച്ചതെന്നാണ് ഇഡി അധികൃതര്‍ നല്കുന്ന സൂചന.
Kerala
കൊച്ചി: മാസപ്പടിക്കേസില്‍ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടും മരവിപ്പിച്ചവയില്‍ പെടും.
1.50 ലക്ഷം രൂപയാണ് ഈ അക്കൗണ്ടിലുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ച 242 അക്കൗണ്ടുകളിലായുള്ള 18.36 കോടി രൂപ കണ്ടുകെട്ടുന്നതിനായി അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിക്ക് ഇഡി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.
അതേസമയം വീണയടക്കമുള്ളവരെ സമന്‍സ് നല്കി വിളിപ്പിക്കാനും ഇഡി നീക്കം നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ തുടര്‍നടപടികളിലേക്ക് കടക്കും.
വിവിധയിടങ്ങളില്‍ നടന്ന പരിശോധനകളില്‍ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് രേഖകളും ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചുവരികയാണ്. വീണയുടെ ബാങ്ക് ലോക്കറും പരിശോധിക്കും.
നേരത്തേ നടത്തിയ റെയ്ഡുകളില് വീണയുടെ ഫോണ്‍, നിക്ഷേപ രസീതുകള്‍, സിഎംആര്‍എലുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഈ രേഖകള്‍ തുടര്‍നടപടികള്‍ക്കായി സ്ഥിരമായി കൈവശം വയ്ക്കുന്നതിനും അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിയുടെ അനുമതി ആവശ്യമാണ്.ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി ലോക്കര്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് ഇഡി ലക്ഷ്യമിടുന്നത്.
Kerala
കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട സിഎംആര്‍എല്‍ - എക്സാലോജിക് മാസപ്പടി കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). സമന്‍സ് നല്കി വീണ തൈക്കണ്ടിയേയും സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്‍ത്തിയാക്കും.
ആദ്യം കേസന്വേഷിച്ച കോര്‍പ്പറേറ്റ് തട്ടിപ്പുകള്‍ അന്വേഷിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റിന്റെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്എഫ്ഐഒയില്‍ നിന്നും മാസപ്പടി കേസിലെ തെളിവ് ശേഖരിക്കും. ചോദ്യം ചെയ്യാനോ അറസ്റ്റ് നടപടികള്‍ക്കോ തടസമില്ലെങ്കിലും തെളിവുകള്‍ ഉറപ്പാക്കിയ ശേഷം നീങ്ങാനാണ് ഇഡിയുടെ നിലവിലെ തീരുമാനം. ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ള കേസില്‍ ഏതെങ്കിലും രീതിയില്‍ പാളിച്ചയുണ്ടാകാതിരിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നാണ് സൂചന.
മാസപ്പടി കേസിലെ അന്വേഷണത്തിന് ഇഡിക്ക് ഹൈക്കോടതിയില്‍ നിന്നും ഇന്നലെ പച്ചക്കൊടി ലഭിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത അടക്കമുള്ളവര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ചും തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ തടയണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. അന്വേഷണത്തിന് തടസങ്ങളൊന്നുമില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഇഡിക്ക് ഇനി അതിവേഗം സമന്‍സ് നല്കി വിളിപ്പിക്കാം, ചോദ്യം ചെയ്യാം, തുടര്നടപടികളുമാകാം.
പിണറായി വിജയന് മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍, 2016 മുതല്‍ 2020, 2021 വരെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനി, സിഎംആര് എല്ലില്‍ നിന്ന് സേവനമൊന്നുമില്ലാതെ, രണ്ട് കോടി എഴുപത്തിഎട്ട് ലക്ഷം രൂപ വാങ്ങിയതിലെ അനധികൃത ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെപ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
നിധിന്‍രാജ്, മനോജ്, ജീവന്, ഷാഹില്‍, ശ്രീജിത്ത് എന്നീ അഞ്ച് പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. നാളെ വൈകീട്ട് നാല് വരെയാണ് കസ്റ്റഡി. പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
മെയ് 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാസപ്പടി കേസിലെ അന്വേഷണത്തിന്റെ
ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഇഡി സംഘം പരിശോധിച്ചിരുന്നു. റെയ്ഡിന് ശേഷം മടങ്ങുകയായിരുന്ന കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്ക് നേരെയാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം.
കന്റോൺമെന്റ് എസി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മ്യൂസിയം എസ്എച്ച്ഒ ആർ. പ്രശാന്ത് ആണ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ. അഞ്ച് സിഐമാരും ഏഴ് എസ്ഐമാരും ഉൾപ്പെടെ 30 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
മ്യൂസിയം പോലീസ് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
Kerala
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിനും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനും ഇന്ന് നിർണായകം. കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് പരിഗണിക്കും.
സിഎംആർഎൽ ആണ് ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ റെയ്ഡിലൂടെ കണ്ടെത്തിയ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിച്ച് സിഎംആർഎല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇഡി നീക്കം.
ജസ്റ്റിസ് രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന് മുന്നില്‍ ഇന്ന് നടക്കുന്ന വാദങ്ങളാകും മാസപ്പടി കേസിന്റെ ഭാവി നിര്‍ണയിക്കുക. റെയ്ഡിൽ കണ്ടെത്തിയ തെളിവുകൾ മുദ്രവച്ച കവറിൽ ഇഡി കോടതിയിൽ സമർപ്പിക്കും.
അഡീഷണൽ സോളിസിറ്റർ ജനറലായിരിക്കും ഇഡിക്ക് വേണ്ടി കോടതിയിൽ ഹാജരാകുക. റെയ്ഡിനിടെയുണ്ടായ അനിഷ്ട സംഭവവും കോടതിയെ ധരിപ്പിക്കും.
Kerala
തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതിയായ മാസപ്പടിക്കേസിൽ ഷോൺ ജോർജ് ഇഡിക്ക് കത്ത് നൽകി. പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയെന്ന് സൂചിപ്പിച്ചാണ് ബിജെപി നേതാവായ ഷോൺ ജോർജ് കത്ത് നൽകിയത്.
വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്നും കത്തിൽ പറയുന്നു. യുഎഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിലെ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ട്.
ഇതിൽ അന്വേഷണം വേണമെന്നാണ് ഷോണിന്റെ ആവശ്യം. വീണ തയ്ക്കണ്ടി, എം.സുനീഷ് എന്നിവരാണ് ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.
Kerala
കൊച്ചി: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
കേസിൽ പരമാവധി തെളിവുകൾ എത്രയും വേഗം ശേഖരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇഡി മരവിപ്പിച്ച സ്വകാര്യ ബാങ്കിലെ അക്കൗണ്ടിന്റെ ഭാഗമായുള്ള ലോക്കറാണ് പരിശോധിക്കുന്നത്. മരവിപ്പിച്ച അക്കൗണ്ടിൽ ഒന്നര ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇതിൽ ലോക്കർ സൗകര്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. അതേസമയം വീണയ്ക്കെതിരായ അന്വേഷണത്തിന്റെ തുടർനടപടിയുടെ ഭാഗമായി അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വീകരിക്കുന്ന നടപടിയാണിത്.
വീണയുടെ ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളുമാണ് ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യുന്നതിനു വൈകാതെ വീണയ്ക്കു സമൻസ് നൽകുമെന്നാണു വിവരം.
ഇതിനു പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങുക. തിങ്കളാഴ്ച ഹൈക്കോടതി കേസിൽ അപ്പീൽ പരിഗണിക്കാനിരിക്കെയാണ് ഇഡി നടപടികൾ വേഗത്തിലാക്കുന്നത്.
Kerala
തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ വെളുപ്പിച്ചു പാർട്ടി മാറ്റിക്കാനുള്ള ഒരു വാഷിംഗ് മെഷീനായി എൻഫോഴ്സ് ഡിപ്പാർട്ട്മെന്റിനെ കേന്ദ്ര സർക്കാരും ബിജെപിയും ചേർന്നു മാറ്റിയെടുത്തുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.
വാഷിംഗ് മെഷീന്റെ ഉത്പാദനവും നടത്തിപ്പും ബിജെപിയാണ് ചെയ്യുന്നത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് എതിരാളികളെ പാർട്ടി മാറ്റിപ്പിച്ച് അലക്കി വെളുപ്പിച്ച് ബിജെപിയിലേക്ക് എടുക്കും. ഇത്തരം ആഭാസത്തിനു തലവച്ചു കൊടുക്കാൻ എൽഡിഎഫോ കമ്യൂണിസ്റ്റ് പാർട്ടികളോ തയാറല്ലെന്നു ബിനോയ് വിശ്വം പറഞ്ഞു.
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിനുള്ള ഗവർണറുടെ നയപ്രഖ്യാപനവും അതിനെ തുടർന്നുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും യാതൊരു രാഷ്ട്രീയ നയവും വ്യക്തതയും ഉള്ളതല്ല. നാടിനു ഗുണകരമായ എന്തെങ്കിലുമുണ്ടെങ്കിൽ പിന്താങ്ങാൻ തയാറായിരുന്നു. എന്നാൽ വെറും ഗിമ്മിക്ക് മാത്രമാണു നയപ്രഖ്യാപനമെന്നു ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
Kerala
കൊച്ചി: മാസപ്പടി കേസില്‍ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി സിഎംആര്‍എല്‍. സിഎംആര്‍എല്‍ കമ്പനിയുടെ സീനിയര്‍ മാനേജര്‍ എന്‍.സി ചന്ദ്രശേഖരന്, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുര്യന്, കമ്പനി എംഡി ശശിധരന് കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ. സുരേഷ് കുമാര്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ഇഡിക്ക് അന്വേഷണം തുടരാമെന്ന വിധി വന്ന ദിവസം തന്നെ അപ്പീല്‍ നല്കുന്നതു വരെ അന്വേഷണം മരവിപ്പിക്കണം രണ്ടാഴ്ച സാവകാശം നല്‍കണമെന്ന് സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചിരുന്നില്ല. തങ്ങളുടെ വാദം കേള്‍ക്കുന്നതു വരെ ഇഡിയുടെ അന്വേഷണം തടയണമെന്നാണ് അപ്പീലിലെ ആവശ്യം.
ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം, എസ്എഫ്ഐഒയുടെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇഡിയുടെ അന്വേഷണം ആവശ്യമില്ല, അന്വേഷണത്തിന്റെ പേരില്‍ അനാവശ്യ റെയ്ഡ് നടത്തുന്നു തുടങ്ങി നേരത്തെ സിംഗിള്‍ ബെഞ്ചിന് മുന്നില്‍ വച്ച അതേ ആവശ്യങ്ങളാണ് ഡിവിഷന് ബെഞ്ചിന് സമര്‍പ്പിച്ച അപ്പീലിലുമുള്ളത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി ഡിജിപി റവാഡ ചന്ദ്രശേഖര്‍.
സിപിഎം കലാപശ്രമം നടത്തിയെന്നും കലാപം ഒഴിവാക്കാനായത് പോലീസ് സംയമനം പാലിച്ചതോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് പാര്‍ട്ടി ഓഫീസില്‍ കയറാതിരുന്നത് കലാപം ഒഴിവാക്കാനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തില്‍ ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകിയിരുന്നു. ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാരും ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡിലും തുടർന്നുള്ള സംഭവങ്ങളിലും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലും കേരളത്തിലും മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചിട്ടും വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
ബക്രീദ് ആശംസിക്കാനായി പാണക്കാട്ടെത്തിയ ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മലബാറിൽ എത്തുന്നതെന്നും വിശേഷ ദിവസത്തിലാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
നേരത്തെ, ഡൽഹിയിൽ മാധ്യമപ്രവർത്തകർ നാലുതവണയായി വിഷയത്തെക്കുറിച്ച് ചോദിച്ചെങ്കിലും മറുപടി നല്‍കിയിരുന്നില്ല.
റെയ്ഡിന് പിന്നിൽ ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടാണെന്നും വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
Kerala
ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് സജി ചെറിയാൻ എംഎൽഎ. കോണ്‍ഗ്രസിനെ ബിജെപി തൊഴുത്തില്‍ കെട്ടുകയാണെന്നും അതിന്റെ തുടക്കമാണ് ഈ റെയ്ഡ് എന്നും സജി ചെറിയാന് പറഞ്ഞു.
തങ്ങൾ വലിയ പരാജയം നേരിട്ട സമയമാണിത്. അധികാരത്തിന് പുറത്ത് പോയി. പരാജയം അംഗീകരിച്ചു. ക്രിയത്മക പ്രതിപക്ഷമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. അതിനിടെയാണ് തെരുവില്‍ ഇറങ്ങേണ്ടി വന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തങ്ങള്‍ ഇറങ്ങിയതല്ല, തങ്ങളെ ഇറക്കിയതാണ്. ഇത് കോൺഗ്രസ്-ബിജെപി ഡീല്‍ ആണ്. അതിന്റെ തുടക്കമാണ് ഈ റെയ്ഡ്. ഈ ഡീലില്‍ കേരളത്തിലെ എൽഡിഎഫിനെ ചതിച്ച് തോല്‍പ്പിച്ചുവെന്നും സജി ചെറിയാൻ ആരോപിച്ചു.
റെയ്ഡ് ചെയ്തിട്ട് എന്ത് കിട്ടിയെന്ന് ചോദിച്ച സജി ചെറിയാൻ പിണറായി വിജയന് ഈ കേസുമായി എന്താണ് ബന്ധമെന്നും ആരാഞ്ഞു. ഇഡി വേട്ടയാടുകയാണ്. മാധ്യമവേട്ടയ്ക്ക് പിണറായി വിജയനെ ഇട്ടുകൊടുത്തെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ സിപിഎം ആക്രമണത്തിൽ പോലീസിനോട് വിശദീകരണം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിയോട് ആണ് ഗവർണർ വിശദീകരണം തേടിയത്.
ഫോണിലൂടെ വിഷയത്തിൽ ഡിജിപി വിശദീകരണം നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഗവർണർ വിശദാംശം തേടിയത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് പിണറായി വിജയന്റെ വീട്ടിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്കു നേരെ ആണ് സിപിഎം ആക്രമണം ഉണ്ടായത്. പ്രവർത്തകർ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം അടിച്ചുതകർത്തിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
റെയ്ഡിനെ കുറിച്ച് പോലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പോലീസ് ഇടപെട്ടു. പോലീസിൽ കുറ്റമില്ലെന്നും പോലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല അറിയിച്ചു. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പ്രതിരോധിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകടനം നടത്തുന്നതിന് എതിരല്ലെന്ന് പറഞ്ഞ ചെന്നിത്തല നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിനെതിരെ തലസ്ഥാനത്തുണ്ടായ പ്രതിഷേധത്തിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പോലീസ്.
10 പ്രതികളുടെ ചിത്രങ്ങളാണ് പോലീസ് സിപിഎം നേതാക്കൾക്ക് കൈമാറിയത്. മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 10 പ്രതികളെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരിൽ പലരും പാർട്ടി ഓഫീസിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സിപിഎം നിലപാട്. പാര്‍ട്ടി ഓഫീസിനുള്ളിൽ പോലീസ് കയറാൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
സംഘർഷ സാധ്യത ഒഴിവാക്കാൻ സിപിഎം നേതാക്കള്‍ പോലീസുമായി ചര്‍ച്ച നടത്തുകയാണ്. പ്രതികളെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നാണ് നേതാക്കള്‍ പറയുന്നത്. പോലീസ് പിൻമാറണമെന്നും സിപിഎം ആവശ്യപ്പെടുന്നു.
National
ന്യൂഡൽഹി: ഡൽഹിയിൽ തുടരുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം അഞ്ചരയോടെയാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സതീശൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷ സാഹചര്യം വ്യക്തമാക്കിയേക്കും. വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രിയുമായുള്ള 20 മിനിറ്റ് കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി.ഡി. സതീശന്റെ ആദ്യ കൂടിക്കാഴ്ചയായിരുന്നു. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി മടങ്ങും.
National
കോൽക്കത്ത: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ ഇഡി നടത്തിയ റെയ്ഡിൽ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര. സർക്കാരിന്റെ സൈന്യമല്ലെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണമെന്നും മഹുവ മൊയിത്ര പറഞ്ഞു.
ഇഡിയുടെ നടപടി പ്രതിപക്ഷ നേതാക്കൾക്ക് എതിരെ മാത്രമാണ്. ഇഡി ഇപ്പോൾ പിണറായി വിജയന് നേരെ തിരിഞ്ഞിരിക്കുന്നത് നാണക്കേടാണ്. എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ മാത്രം എല്ലാ റെയ്ഡുകൾക്കും അന്വേഷണങ്ങൾക്കും വിധേയരാകുന്നതെന്നും മഹുവ മൊയിത്ര ചോദിച്ചു.
ഇഡി തങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. നിങ്ങൾ സർക്കാരിന്റെ സ്വകാര്യ സൈന്യമല്ലെന്ന് ദയവായി ഓർക്കണമെന്നും മഹുവ മൊയിത്ര കൂട്ടിച്ചേർത്തു. അതേസമയം ഇഡി നടപടിക്കെതിരെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സിപിഎം സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
ബൃന്ദ കാരാട്ട് അടക്കം മറ്റ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ഏകാധിപത്യം അനുവദിക്കില്ലെന്ന് നേതാക്കൾ മുദ്രാവാക്യം മുഴക്കി.
പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനെ വലിച്ചിഴച്ചാണ് പോലീസ് നീക്കിയത്. മുഴുവൻ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.
Kerala
കണ്ണൂർ: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെയും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തിൽ വ്യാപക പ്രതിഷേധവുമായി സിപിഎം.
പരിശോധന നടക്കുന്ന പിണറായിയുടെ കണ്ണൂരിലെ വീടിനു മുന്നിലും തിരുവനന്തപുരത്തെ വാടകവീടിനു മുന്നിലും തടിച്ചുകൂടിയ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചു. കോഴിക്കോട് കോട്ടുളിയിലെ മുഹമ്മദ് റിയാസിന്റെ വീടിനു മുന്നിലും പ്രതിഷേധം നടന്നു.
കണ്ണൂരിലെ പിണറായിയുടെ വീടിനു മുന്നിൽ നടന്ന പ്രതിഷേധത്തിന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുതിർന്ന നേതാവ് പി. ജയരാജനും നേതൃത്വം നല്കി. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനു പിറ്റേന്നു തന്നെ ഇഡി പരിശോധന നടക്കുന്നതിനു പിന്നിൽ കോൺഗ്രസ്- ബിജെപി ഡീൽ ആണെന്ന് കെ.കെ. രാഗേഷ് പ്രതികരിച്ചു.
National
ന്യൂഡൽഹി: അധോലോക കുറ്റവാളി ഇഖ്ബാൽ മിർച്ചിയുമായി ബന്ധമുള്ള 700.27 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
മിർച്ചിക്കും കുടുംബാംഗങ്ങൾക്കും എതിരേയുള്ള കേസുമായി ബന്ധപ്പെട്ടാണു സ്വത്ത് കണ്ടുകെട്ടിയത്.
മുംബൈ വർളിയിലെ റാബിയ മാൻഷൻ, മറിയം ലോഡ്ജ്, സീ വ്യൂ എന്നിവയും ദുബായിലെ സ്വത്തുക്കളുമാണു കണ്ടുകെട്ടിയത്. മുംബൈയിലെ സ്വത്തുക്കൾക്ക് 497 കോടി രൂപയുടെ മൂല്യമുണ്ട്.
Kerala
ചണ്ഡീഗഡ്: പഞ്ചാബ് വൈദ്യുത മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം അറോറയുമായ് ബന്ധപ്പെട്ട നാല് സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇദ്ദേഹം അറസ്റ്റിലായത്.
ചണ്ഡീഗഡിലും ഡൽഹി-എൻസിആർ മേഖലയിലുമാണ് റെയ്ഡുകൾ നടത്തിയത്. ചണ്ഡീഗഡിലെ സെക്ടർ 2 ലെ ഔദ്യോഗിക വസതിയിൽ നിന്നാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. ഈ വർഷം ഇത് മൂന്നാം തവണയാണ് അറോറയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നത്.
62 കാരനായ സഞ്ജീവ് അറോറ, ലുധിയാന വെസ്റ്റിൽ നിന്നും ആം ആദ്മി പാർട്ടി പാർട്ടി ടിക്കറ്റിലാണ് നിയമസഭയിലെത്തിയത്. സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത നടപടിയെ എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ ശക്തമായി അപലപിച്ചു.