Agriculture
സ്വന്തം പരീക്ഷണങ്ങളും ശാസ്ത്രീയ പരിപാലനവുംകൊണ്ടു മൂന്നര ഏക്കറിലെ കുരുമുളക് കൃഷിയിൽനിന്ന് നേട്ടം കൊയ്തു താരമാകയുമാണ് ജോണിച്ചേട്ടൻ. കോട്ടയം നീഴൂർ വിലങ്ങുപാറയിൽ വി.ഡി. ജോണി ഏഴു വർഷത്തോളമായി കുരുമുളക് കൃഷിയിൽ സജീവമാണ്.
ആദ്യം റബർ കൃഷിയാണ് ചെയ്തിരുന്നതെങ്കിലും റബറിനു വില കുറഞ്ഞത് തിരിച്ചടിയായി. പരിപാലന ചെലവിനനുസരിച്ച് ലാഭം കിട്ടാതെ വന്നതും കുരുമുളകിനു വിലയുള്ളതും കുരുമുളകു കൃഷിയിലേക്കു തിരിയാൻ കാരണമായി.
അങ്ങനെ റബർ വെട്ടിമാറ്റി പുരയിടത്തിനോടു ചേർന്നുള്ള അഞ്ചേക്കറിൽ മൂന്നര ഏക്കർ സ്ഥലത്തു കുരുമുളക് കൃഷിയും ഒന്നര ഏക്കറിൽ തെങ്ങു കൃഷിയും വ്യാപിപ്പിച്ചു.
കുറഞ്ഞ ചെലവിലൂടെയും നൂതന ആശയങ്ങളിലൂടെയും കുരുമുളകിനെ ലാഭമാക്കി മാറ്റിയ ജോണിച്ചേട്ടന്റെ കൃഷിവിദ്യ പുതിയ കർഷകർക്ക് ഒരു മാതൃകയാണ്.
മികച്ചത് കുതിരവാലി
മൂന്നര ഏക്കറിൽ കുതിരവാലി, കരിമുണ്ട, കാണിക്കാടൻ എന്നിവയാണ് പരിപാലിച്ചുവരുന്നത്. പുതിയ ഇനങ്ങളിൽ പന്നിയൂർ-5, മഞ്ഞമുണ്ടി, ചോലമുണ്ടി എന്നിവയും നട്ടിട്ടുണ്ട്. ഏറ്റവും ഉത്പാദന ക്ഷമതയുള്ളതും നല്ലതും കുതിരവാലിയാണ്. കോട്ടയത്തെ കാലാവസ്ഥക്ക് ഇവ വളരെ അനുയോജ്യമാണ്.
വളർച്ചയുള്ള തിരികളാണ് കുതിരവാലിയുടേത്. പറിക്കാനും എളുപ്പമാണ്. മറ്റൊന്ന് കാണിക്കാടൻ ആണ്. നല്ല കൊടിയാണെങ്കിലും എല്ലാ സമയവും വേണ്ടപോലെ കായിക്കാറില്ല. കരിമുണ്ടയെക്കുറിച്ച് പറഞ്ഞാൽ എല്ലാ സീസണിലും ഉണ്ടാകും, പക്ഷെ അതൊരു പോരായ്മയാണ്.
ഗുണമേ·യില്ലാത്ത കായ്കളാണ് പലപ്പോഴും കിട്ടുന്നത്. അതുകൊണ്ട് പ്രയോജനമില്ല. പറിക്കാൻ ചെന്നാലും തിരിയിൽ കായ്കൾ നിറച്ചു കാണണമെന്നില്ല.
ഏതൊരു വിളയ്ക്കും നടീൽകാലം പ്രധാനമാണ്. കുരുമുളകിനെ സംബന്ധിച്ചു വർഷത്തിൽ ഏതു സമയവും അനുയോജ്യമാണ്. എങ്കിലും മഴ കൂടുതൽ ലഭ്യമാകുന്ന ജൂണ്, ജൂലൈ മാസങ്ങളിലാണ് തൈകൾ നടാറുള്ളത്.
മണ്ണിൽ ഈർപ്പമുള്ള സമയമായതിനാൽ തൈകൾ കൂടുതൽ കാര്യക്ഷമതയോടെ വളരും. ജലസേചനവും എളുപ്പമാണ്. പുതിയ തൈകൾ നടുന്പോൾ കുഴിയിലെ മണ്ണിൽ ചാണകപ്പൊടിയോ, വേപ്പിൻപിണ്ണാക്കോ നന്നായി മിക്സ് ചെയ്തിട്ടുവേണം തൈകൾ നടാൻ.
മണ്ണിലെ അമ്ലത്വം നിയന്ത്രിക്കാൻ കുമ്മായമോ ഡോളോമൈറ്റോ ഇടയ്ക്കിടക്ക് ഇട്ടുകൊടുക്കണം. ചൂടു കൂടിയ സമയങ്ങളിൽ തൈകൾ നട്ടാൽ വളർത്തിയെടുക്കാൻ അല്പം പ്രയാസമാണ്.
താങ്ങു മഹാഗണിയും പയ്യാനിയും
താങ്ങുകളുടെ തെരഞ്ഞെടുപ്പ് പ്രധാനമാണ്. മഹാഗണിയും പയ്യാനിയുമാണ് കുരുമുളക് വള്ളികളുടെ വളർച്ചക്ക് നല്ലത്. മഹാഗണിയുടെ തടിക്ക് കേടുവരാറില്ല. കുരുമുളകിന് അതിവേഗം പിടിച്ചു വളരാൻ എളുപ്പം മഹാഗണിയാണ്.
കുരുമുളക് നടുന്നതിനു മുൻപ് തന്നെ മഹാഗണി നട്ടു പാകമാക്കി എടുക്കാറുണ്ട്. എല്ലാ ജൂണ് മാസത്തിനും മുന്നോടിയായി ഇവയുടെ കന്പിറക്കാറുണ്ട്. മഹാഗണി കഴിഞ്ഞാൽ പിന്നെ പയ്യാനിയാണ് താങ്ങായി ഉപയോഗിക്കുന്നത്.
കേടുവന്നാലും ഇവയുടെ തടി മുറിച്ചുകളയാൻ കഴിയും. മുൻപ് പൊങ്ങല്യവും താങ്ങായി ഉപയോഗിച്ചിരുന്നു. എന്നാൽ പുഴു ശല്യം ഉള്ളതുകൊണ്ട് തടിക്കു കേടുവരാറുണ്ട്. വിളയെ ബാധിക്കുന്നതുകൊണ്ട് ഇപ്പോൾ ഉപയോഗിക്കാറില്ല.
പരിപാലനവും വളപ്രയോഗവും
മറ്റു വിളകളെ പോലെ കുരുമുളക് ചെടിക്ക് ശരിയായ പരിപാലനവും വളപ്രയോഗവും ആവശ്യമാണ്. ഇതിൽ ഒന്നാമതായി ചെയ്യേണ്ടത് കൊടി (കുരുമുളക് ചെടി) വളരുന്പോൾ താങ്ങുമരത്തിന്റെ ഷെയ്ഡ് ഇറക്കികൊടുക്കണം.
വളർന്നു പന്തലിച്ചു തുടങ്ങിയാൽ വളർച്ച മന്ദഗതിയിലാകും. മാത്രമല്ല മറ്റു കൊടികൾ കൊഴിഞ്ഞുപോകാനും അവയ്ക്ക് കേടുവരാനും സാധ്യതയുണ്ട്. ഷെയ്ഡ് ഇറക്കാൻ പ്രത്യേക സമയമില്ല, വളർന്നു പടർന്നുകഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാം.
കുരുമുളക് ചെടിയുടെ പരിപാലനത്തിനായി ജൈവവളവും രാസവളവും സന്തുലിതമായി ഉപയോഗിക്കുകയാണ് പതിവ്. ജൈവവളമായി ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും കോഴിവളവുമാണ് ഉപയോഗിക്കുന്നത്. മുൻതൂക്കം ചാണകപ്പൊടിക്കാണ്.
രാസവളമായി 16:16 ചജഗ, 10:26 എന്നിവയാണ് ഉപയോഗിക്കുന്നത്. വർഷത്തിൽ രണ്ടുതവണമാത്രമാണ് രാസവളപ്രയോഗം നടത്തുന്നത്. 16:16 ചജഗ മേയ്മാസത്തിലും 10:26 നവംബർ മാസത്തിലുമാണ് പ്രയോഗിക്കുന്നത്.
വളർന്നുവരുന്ന കൊടികളിൽ കേടുവരാൻ സാധ്യതകളേറെയാണ്. മഞ്ഞളിപ്പും കാലാപുഴുവുമാണ് കൂടുതലായും കണ്ടുവരുന്ന രോഗബാധ. ഇവയെ പ്രതിരോധിക്കാൻ തിപ്പിലയിൽ ഗ്രാഫ്റ്റിംഗ് നടത്താറുണ്ട്.
തിപ്പിലയ്ക്ക് പൊതുവെ രോഗപ്രതിരോധ ശേഷി കൂടുതലായതിനാൽ കൊടിതൈകൾ ശക്തമായി തഴച്ചുവളരും. വളപ്രയോഗത്തിലൂടെ പരിധിവരെ രോഗബാധ തടയപ്പെടാറുണ്ട്.
Agriculture
പരിസ്ഥിതി ദിനത്തില് മാത്രം വൃക്ഷത്തൈകൾ നടാതെ, അതു ജീവിതചര്യയാക്കിയ പ്രകൃതിസ്നേഹിയാണ് പ്രഫ. സി.പി. റോയി എന്ന "ട്രീ മാൻ'. ഗ്രീന് ലീഫ് എന്ന സംഘടനയിലൂടെ വൃക്ഷത്തൈകൾ നടാനാരംഭിച്ച സി.പി. റോയിയ്ക്ക് ഓരോ വൃക്ഷത്തെയും അടുത്തു ചെന്ന് പേര് ചൊല്ലി വിളിക്കാനാകുന്നത്ര ബന്ധമുണ്ട്.
നാളിതുവരെ നട്ടതാകട്ടെ, പത്തോ നൂറോ എണ്ണമല്ല, അമ്പതിനായിരത്തിലധികം! മണ്ണും മരവും ഉണ്ടെങ്കിലേ മനുഷ്യനുള്ളെന്ന് മനസിലാക്കിയ അദേഹം 1990 ലാണ് ഗ്രീന് ലീഫ് എന്ന സംഘടന സ്ഥാപിക്കുന്നത്. സംഘടനയുടെ പ്രവര്ത്തന ശൈലിയും തികച്ചും വ്യത്യസ്തമാണ്.
പൊതുസ്ഥലത്ത് ചെടി നട്ട് ആര്ക്കും ഗ്രീന് ലീഫില് അംഗത്വമെടുക്കാം, പക്ഷേ സ്വന്തമായി നടണമെന്നു മാത്രം. കട്ടപ്പന ഗവ. ട്രൈബല് സ്കൂളിലാണ് ഗ്രീന് ലീഫ് ആദ്യമായി ചെടി നട്ടത്. കോട്ടയം, ഇടുക്കി ജില്ലകളാണ് പ്രധാന പ്രവര്ത്തന മേഖല.
സ്കൂള് കാമ്പസുകളും റോഡിന്റെ വശങ്ങളിലുമാണ് പ്രധാനമായും തൈകള് നട്ടിരുന്നത്. പിന്നീട് 2005ല് ചങ്ങനാശേരി ബൈപ്പാസിലും 2006ല് ഏറ്റുമാനൂര് പാലാ റോഡിലും തൈകള് നട്ടു. ഇന്ന് ആ റോഡില് തണലായി പച്ചവിരിച്ചു നില്ക്കുന്ന മഴമരങ്ങളെല്ലാം പ്രഫ.സി.പി. റോയിയുടെ സംഭാവനയായിരുന്നു.
പ്ലാവ്, മാവ്, ബാംബു എന്നിങ്ങനെയെല്ലാവിധ തൈകളും നാളിതുവരെ നടാനായതിന്റെ ചാരിതാര്ഥ്യത്തിലാണ് അദേഹം. ചെടികളും മരങ്ങളുമായി 1990 കളില് ആരംഭിച്ച ബന്ധം ഇന്നും തുടരുകയാണ്. തൈകള് ആവശ്യമുള്ളവര്ക്ക് എത്തിച്ചു നല്കുന്നത് തികച്ചും സൗജന്യമായാണ്.
ആവശ്യത്തിനുള്ള തൈകൾ ഉത്പാദിക്കുന്ന ചുമതലയും അദേഹം തന്നെയാണ് ചെയ്യുന്നത്. ഇതിനായി വിത്തുകളെല്ലാം സംഭരിക്കുകയും അതിനെ മുളപ്പിച്ചെടുക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തുവരുന്നു.
വീടിനോടു ചേര്ന്നും റോഡിന്റെ സൈഡിലുമൊക്കെയായി വിത്തുകള് കുഴിച്ച് മുളപ്പിച്ചെടുക്കാറാണ് ചെയ്യുന്നത്. ഇപ്പോള് തന്നെ മൂവായിരത്തിലധികം മാവിന് തൈകളെ ഉത്പാദിപ്പിക്കുന്നതിനുള്ള അധ്വാനത്തിലാണ് അദേഹം.
പ്രായത്തിന്റെ അവശതകള് ഉണ്ടെങ്കിലും മണ്ണിനെയും മരത്തെയും വിട്ടൊരു ജീവിതം സി.പി. റോയിക്കില്ല. ഇന്നും മരങ്ങള് നട്ടും നട്ട മരങ്ങളെ സന്ദര്ശിച്ചും സംരക്ഷിച്ചും കരുതിയുമാണ് ജീവിതം.
തിരുനക്കര ടാക്സി സ്റ്റാന്ഡില് സ്റ്റാന്ഡ് അധികൃതരോടൊപ്പം നട്ട ഇരുന്നൂറു ചെടികളെ നോക്കാനും പരിപാലിക്കാനും ഇന്നും എല്ലാ ദിവസവും രാത്രി ഏഴിന് പതിവായി എത്താറുണ്ട്.
പരിസ്ഥിതി പ്രവര്ത്തകനെന്ന നിലയില് അവകാശപ്പോരാട്ടങ്ങളിലും കാമ്പയിനുകളിലും സജീവമാണ് സി.പി. റോയി.
Agriculture
സമീപകാലത്ത് ഏറെ പ്രചാരം നേടിയ ഉദ്യാനരീതിയാണ് വെർട്ടിക്കൽ ഗാർഡൻ അഥവാ ലംബോദ്യാനം. സ്ഥലപരിമിതിയുള്ള ഇടങ്ങളിൽ വീടുകളുടെ ചുവരുകളോടും മതിലുകളോടും ചേർന്ന് ചെടികൾ നട്ടുവളർത്തി പച്ചപ്പിന്റെയും ശുദ്ധവായുവിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുതകുന്നതാണ് ലംബോദ്യാനങ്ങൾ.
ചുവരുകൾ, മതിൽ, ബാൽക്കണി, ടെറസ്, മുറ്റം എന്നിവ കൂടാതെ അകത്തളങ്ങളിലും ഭംഗിയേറിയ വെർട്ടിക്കൽ ഗാർഡനുകൾ ഒരുക്കാം. അനുയോജ്യമായ ചെടികൾ തെരഞ്ഞെടുത്തു നടുന്നതിലൂടെ വീടിന് പച്ചപ്പ് നൽകാനും അന്തരീക്ഷം ശുദ്ധീകരിക്കാനും സാധിക്കും.
നഗരവത്കരണം സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള സൃഷ്ടിപരവും പരിസ്ഥിതി സൗഹൃദപരവുമായ പരിഹാരമാർഗമെന്ന നിലയിൽ ഇത് സമീപകാലത്ത് ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
പരിമിതമായ സ്ഥലത്തിന്റെ പരമാവധി ഉപയോഗം ഉറപ്പുവരുത്തുന്നതുവഴി ഇത് നഗരപരിസരങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. വീടിനു ചുറ്റുമുള്ള അന്തരീക്ഷത്തിലെ കാർബണ് അളവ് കുറയ്ക്കുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
അന്തരീക്ഷത്തിലെ താപനില നിയന്ത്രിക്കുന്നതിനും വീടും പരിസരവും കുളിർമയുള്ളതാക്കാനും സഹായിക്കുന്നു. നഗരമധ്യത്തിലായാലും വീട്ടുപരിസരങ്ങളിൽ പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും ഇടമൊരുക്കുന്നു. വീടിന്റെ ദൃശ്യഭംഗിയും കൂട്ടുന്നു.
പുതിയ കാലത്തെ ജീവിതസാഹചര്യങ്ങളിൽ ഇതെല്ലാം മനസിനും ശരീരത്തിനും ആശ്വാസം പകരുന്നു. ഭാരം കുറഞ്ഞ ചട്ടികളും മാധ്യമവുമാണ് ലംബോദ്യാനങ്ങൾക്ക് ഉപയോഗിക്കേണ്ടത്. ചെടികൾക്ക് കൃത്യമായ ജലസേചനവും വളപ്രയോഗവും നടത്തണം.
അനുയോജ്യമായ സ്ഥലം തെരഞ്ഞെടുത്ത് അവിടെ ഉറപ്പിക്കുന്ന ലോഹ ഫ്രെയിമിലാണ് ചട്ടികളോ പിവിസി പാളികളോ ഉറപ്പിക്കേണ്ടത്. ഇവയിൽ സൃഷ്ടിക്കുന്ന ചെറു പോക്കറ്റുകളിലാണ് തെരഞ്ഞെടുത്ത ചെടികളോ വിത്തുകളോ നടേണ്ടത്.
ജലസേചന സംവിധാനം കാര്യക്ഷമമാക്കാൻ സ്വയം പ്രവർത്തിക്കുന്ന ഡ്രിപ്പ് ഇറിഗേഷൻ രീതിയായിരിക്കും കൂടുതൽ നല്ലത്. അധിക ജലത്തിന്റെ പുനരുപയോഗത്തിന് ലംബോദ്യാനത്തിന്റെ അടിത്തട്ടിൽ ഒരു ശേഖരണ സംവിധാനം വയ്ക്കുന്നതും നല്ലതായിരിക്കും.
കീടരോഗബാധകൾ നിയന്ത്രിക്കുന്നതിന് പരിശോധനകൾ നടത്തണം. എങ്കിലും സാധാരണ കൃഷിരീതിയുമായി വച്ചുനോക്കുന്പോൾ ലംബോദ്യാനങ്ങൾക്ക് വളരെ കുറഞ്ഞ പരിചരണം മാത്രമേ ആവശ്യമായുള്ളൂ.
നിലത്തുനിന്ന് വളർന്നുവരുന്ന സസ്യങ്ങൾ മതിലിലേക്ക് പടരുന്ന തരത്തിലും ഉദ്യാനങ്ങളുണ്ടാക്കാം. ഉദ്യാനസസ്യങ്ങൾക്കും പുൽവർഗങ്ങൾക്കും പുറമേ ചെറിയ പച്ചക്കറികളും ഭക്ഷ്യയോഗ്യമായ സസ്യങ്ങളും ലംബോദ്യാനങ്ങളിൽ വളർത്തിയെടുക്കാം.
മനോഹരമായ ലംബോദ്യാനങ്ങൾ ഒരുക്കിയെടുക്കുന്നതിലൂടെ നമ്മുടെ വീടുകളെയും ഓഫീസുകളെയും നഗരമധ്യത്തിലെ പച്ചത്തുരുത്തുകളായി മാറ്റാൻ സാധിക്കും.
ലംബോദ്യാനത്തിൽ ഇനി ഔഷധസസ്യങ്ങളും
അലങ്കാരച്ചെടികൾക്കു പുറമേ നിത്യജീവിതത്തിൽ ഏറെ ആവശ്യമായ പല ഒൗഷധസസ്യങ്ങളും നമുക്ക് ലംബോദ്യാനങ്ങളിൽ വളർത്തിയെടുക്കാം. ഫ്ളാറ്റുകളിലോ അപ്പാർട്ട്മെന്റുകളിലോ താമസിക്കുന്നവർക്ക് ഇവയൊന്നും നട്ടുവളർത്താൻ സ്ഥലമില്ലെന്ന പ്രശ്നം അങ്ങനെ പരിഹരിക്കാം.
തുളസി, പനിക്കൂർക്ക, വിഷമൂലി, മുറികൂട്ടി, അയ്യപ്പന, ഗരുഡപ്പച്ച, വാതംകൊല്ലി, വിഷ്ണുക്രാന്തി, കേശവർധിനി, മധുരതുളസി (സ്റ്റീവിയ) തുടങ്ങിയ ഒൗഷധസസ്യങ്ങൾ ലംബോദ്യാനങ്ങളിൽ വളർത്താൻ വളരെ അനുയോജ്യമാണ്.
ജലദോഷം, തൊണ്ടവേദന, ചുമ, മുറിവുകൾ, കീടോപദ്രവം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രഥമ ശുശ്രൂഷയ്ക്കാവശ്യമായ ഔഷധസസ്യങ്ങൾ ഇങ്ങനെ കൈയെത്തുന്ന അകലത്തിൽ ലഭ്യമാക്കാനാകും.
വെർട്ടിക്കൽ ഗാർഡനിലെ ഓരോ ചട്ടിയിലും 1:1:1 എന്ന അനുപാതത്തിൽ മണൽ, മണ്ണ്, ജൈവവളം എന്നിവ ചേർത്തുണ്ടാക്കുന്ന നടീൽ മിശ്രിതം നിറച്ചാണ് ഔഷധസസ്യങ്ങൾ നടേണ്ടത്.
തൈകൾ നടുന്പോഴും തുടർന്നും ആവശ്യാനുസരണം ജലസേചനം നടത്തണം. കീടങ്ങളുടെ ആക്രമണവും രോഗബാധയും കുറവായതിനാൽ വലിയ പരിചരണമില്ലാതെ തന്നെ ഈ സസ്യങ്ങൾ നന്നായി വളർന്നുവരും.
Agriculture
ആലപ്പുഴ കലവൂരിലെ ലിറ്റിൽ ഫ്ളവർ നഴ്സറിക്ക് പറയാനുള്ളത് വലിയ സുഗന്ധകഥകളാണ്. ചെറുപുഷ്പത്തിന്റെ പേരിൽ തുടങ്ങിയ നഴ്സറി കർഷകരുടെയും കൃഷിപ്രേമികളുടെയും വിശ്വാസമാർജിച്ച് മുന്നേറുകയാണ്.
അലങ്കാരച്ചെടികൾ, കാർഷിക ഗ്രന്ഥാലയം, ഔഷധ സസ്യങ്ങൾ, പഴവർഗ തൈകൾ, നക്ഷത്ര വനം, കാർഷിക മേഖലയിലേക്കു കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രമോഷൻ ക്ലാസ് എന്നിങ്ങനെ വൈവിധ്യങ്ങളായ സേവനങ്ങൾ ഇവിടെനിന്നും ലഭിക്കും.
ആന്പൽ കണ്ടത്തിൽ സുനിലാണ് ലിറ്റിൽ ഫ്ളവർ നഴ്സറിയുടെ സാരഥി. വളം-കീടനാശിനി ഉപയോഗം എന്നിവയ്ക്കായി പ്രത്യേക സെഷനും 85 സെന്റിലെ നഴ്സറിയിലുണ്ട്. നഴ്സറിയിൽ എത്തുന്ന സന്ദർശകർക്ക് ഇവിടുത്തെ വൃക്ഷങ്ങളിലെ ഫലങ്ങൾ കിളികൾക്കും അണ്ണാനും നൽകാനുള്ള പ്രത്യേക വനസൗകര്യം ഒരുക്കിയിട്ടുണ്ട്.
പിതാവ് പി.സി. വർഗീസിന്റെ മരണശേഷാണ് സുനിൽ നഴ്സറിയുടെ ചുമതലയേറ്റെടുത്തത്.
ഔഷധോദ്യാനം
350 ഇനം ഔഷധ സസ്യങ്ങളുമായി ഒൗഷധോദ്യാനം നഴ്സറിയിൽ എത്തുന്നവരുടെ ശ്രദ്ധയാകർഷിക്കും. പുരാണങ്ങളിൽ ഉള്ള വിവിധ വൃക്ഷങ്ങൾ, ഒലിവ് മരം, മധുര തുളസി എന്നറിയപ്പെടുന്ന സ്റ്റീവിയ, നക്ഷത്ര വൃക്ഷങ്ങൾ, ദശമൂലം, ദശപുഷ്പം, നാൽപാമരങ്ങൾ, ത്രിഫല, സോമലത തുടങ്ങിയവയെല്ലാം ഔഷധോദ്യാനത്തിലെ അപൂർവ കാഴ്ചകളാണ്.
പൂച്ചപ്പഴം, തൊണ്ടിപ്പഴം തുടങ്ങിയ പഴയകാല ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്. എക്സോടിക് ഫ്രൂട്ടുകളായ റംബുട്ടാൻ, മിറക്കിൾ, മംഗോസ്റ്റിൻ, ഡ്രാഗണ് എന്നിവയുടെ തൈകളും ഇവിടെ ലഭിക്കും. കൃഷിക്കാവശ്യമായ എല്ലാം കൃഷികാര്യ സൂപ്പർമാർക്കറ്റിലുണ്ട്.
ചാണകം, കോഴിവളം, ഗോമൂത്രം എന്നിവയും ലഭ്യമാണ്. റോസ് ബുഷ്, ഭഗീനിയ, ബൊഗെൻവില്ല തുടങ്ങി അലങ്കാര ചെടികളുടെ വലിയൊരു ശേഖരവും നഴ്സറിയിലുണ്ട്.
കാർഷിക ലൈബ്രറി
നഴ്സറിയുടെ ഓഫീസിനു പിന്നിലായി വെർട്ടിക്കൽ ഗാർഡനാൽ മനോഹരമാക്കിയ കെട്ടിടത്തിനുള്ളിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. രാവിലെ ഒന്പതു മുതൽ വൈകുന്നേരം 6.30 വരെ ആർക്കും ഇവിടെ എത്തി പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാം.
കാർഷിക സർവകലാശാലകളുടെയും വിവിധ സർവകലാശാലകളുടെയും പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. ആയിരത്തിലധികം പുസ്കങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വിദഗ്ധരുമായി ഫോണിൽ ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരണത്തിനുള്ള ക്രമീകരണങ്ങളും ചെയ്തുതരും.
കൃഷിയിൽ പ്രായോഗിക പരിശീലനം
ബിഎസ്സി അഗ്രികൾച്ചർ, വിഎച്ച്എസ്ഇ, സ്കൂൾ വിദ്യാർഥികൾക്ക് വിത മുതൽ വിളവെടുപ്പു വരെ 10 ദിവസത്തെ പ്രായോഗിക പരിശീലനം നൽകിവരുന്നുണ്ട്. കാർഷിക പഠന ഗ്രൂപ്പുകൾക്കും പരിശീലനം നൽകിവരുന്നു.
ലയറിംഗ്, ഗ്രാഫ്റ്റിംഗ്, ബഡിംഗ്, പച്ചക്കറി വളർത്തൽ എന്നിവയിൽ പ്രത്യേകം പരിശീലനമുണ്ട്. ഒരാഴ്ചയിൽ 10 പേർക്കാണ് പരിശീലനം നൽകുക. തെങ്ങിൻ യന്ത്രം ഉപയോഗിച്ചു കയറുന്നതിനുവരെ പരിശീലിപ്പിച്ചാണു കോഴ്സ് അവസാനിക്കുന്നത്.
Agriculture
പ്രതിസന്ധികളിലും കൃഷിയെ കൈവിടാത്ത ഒരു കാർഷിക സംരംഭകനാണ് കൊല്ലം കടയ്ക്കൽ മുക്കുന്നത്ത് ഫൗറുദീൻ. എമു ഫാം നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ രോഗം പോലും വഴിമാറി.
നല്ല നിലയിൽ പോയിരുന്ന എമു ഫാം ശാരീരിക അവശതകളെത്തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നു. എങ്കിലും മണ്ണിനോടും കൃഷിയോടുമുള്ള അഭിനിവേശം വീണ്ടും കൃഷിക്കാരനും കാർഷിക സംരംഭകനുമാക്കി.
തിരിച്ചുവരവിൽ പ്ലാവ്, മലവേപ്പ്, അൽപീസിയ മരങ്ങളുടെ കൃഷിയാണ് ഇദ്ദേഹം നടത്തുന്നത്. കൂടാതെ, ആവശ്യക്കാർക്ക് തൈകൾ നൽകുന്ന നഴ്സറിയും.
ഗൾഫിൽനിന്ന് കൃഷിയിലേക്ക്
കടയ്ക്കൽ മുക്കുന്നം മുഹമ്മദ് കണ്ണിന്റെ മകനായ ഫൗറുദീൻ 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തി. ഗൾഫിൽ ആക്രി ബിസിനസിലൂടെ സന്പാദിച്ച പണം കൊണ്ട് 15 ഏക്കർ ഭൂമി വാങ്ങി.
ആദ്യഘട്ടത്തിൽ റബർ, തെങ്ങ്, വാഴ, തന്നാണ്ടു വിളകൾ കൃഷി ചെയ്തു. കൂടാതെ, പശു, ആട് ഫാമും തുടങ്ങി. 110 കിലോ തൂക്കമുള്ള ആടുകൾ ഫാമിലുണ്ടായിരുന്നു. പിന്നീട്, 1990ൽ കടയ്ക്കൽ മുക്കുന്നത്ത് എമു ഫാം ആരംഭിച്ചു.
എമു മുട്ട, ഇറച്ചി, തീറ്റ എന്നിവയുടെ കച്ചവടം നടത്തിയിരുന്നു. നല്ല നിലയിൽ കൃഷിയും ഫാമുകളും മുന്നേറിയപ്പോഴാണ് ഫൗറുദിനു വൃക്കരോഗം പിടിപെട്ടത്. വൃക്ക മാറ്റിവച്ച ഇദ്ദേഹത്തിനു ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ ഫാമുകൾ ഓരോന്നായി ഉപേക്ഷിക്കേണ്ടിവന്നു.
വീണ്ടും കൃഷിയിലേക്ക്
നോക്കാൻ ആളില്ലാത്തതിനാൽ കുറച്ചു ഭൂമി വിൽക്കേണ്ടി വന്നെങ്കിലും തിരിച്ചടികളിൽ തളരാതെ ഫൗറുദീൻ വീണ്ടും കൃഷിയിലേക്ക് ഇറങ്ങി. റബർ കൃഷി നഷ്ടമായതിനാൽ പ്ലാവ്, മലവേപ്പ്, അൽപീസിയ മരങ്ങളുടെ കൃഷിയാണ് ഇത്തവണ തെരഞ്ഞെടുത്തത്.
വീടിനോടു ചേർന്നുള്ള ഏഴേക്കറോളം സ്ഥലത്താണ് കൃഷി. വിയറ്റ്നാം ഏർലി പ്ലാവാണ് കൃഷി ചെയ്തിരിക്കുന്നത്. ആദ്യ വർഷം തന്നെ ചക്ക ലഭിക്കും. മൂന്നാമത്തെ വർഷം മുതൽ മികച്ച വിളവ് ലഭിക്കും.
ഒരു ഏക്കറിൽ തൊണ്ണൂറ് പ്ലാവ് കൃഷി ചെയ്തിട്ടുണ്ട്. ഓഫ് സീസണിൽ വലിയ ചക്ക അറുനൂറ് രൂപയ്ക്കു വരെ വിറ്റിട്ടുണ്ട്. ആറ് ഏക്കർ സ്ഥലത്ത് മലവേപ്പ്, അൽപീസിയ മരങ്ങൾ കൃഷി ചെയ്തിട്ടുണ്ട്.
പൾപ്പ്, പ്ലൈവുഡ് എന്നിവയ്ക്കാണ് മലവേപ്പിന്റെ തടി ഉപയോഗിക്കുന്നത്. റബറിനെ അപേക്ഷിച്ച് കുറച്ച് പരിചരണം മതി. കുറച്ചു നാളിനുള്ളിൽ വരുമാനം വേണ്ടവർക്ക് മലവേപ്പ് മികച്ച തീരുമാനമാണെന്ന് ഫൗറുദീൻ പറഞ്ഞു.
ആവശ്യക്കാർക്ക് പ്ലാവ്, മലവേപ്പ്, അൽപീസിയ തൈകൾ വിതരണം ചെയ്യാൻ ആർഎഫ് ഫാം എന്ന പേരിൽ നഴ്സറിയും നടത്തുന്നുണ്ട്. കൃഷി കാര്യങ്ങൾ നോക്കി നടത്താൻ ഒരു സഹായിയും കൂടെയുണ്ട്.
കടയ്ക്കൽ മുക്കുന്നത്ത് അൽഅസ എന്ന പേരിൽ സ്വർണക്കടയും നടത്തുന്ന ഹൗറുദീനു പിന്തുണയുമായി ഭാര്യ റാഹില ബീവിയും വിവാഹിതരായ മൂന്നു പെണ്മക്കളുമുണ്ട്.
ഫോണ്: 9447407499
മലവേപ്പ്
മലവേപ്പ് (കാട്ടുകടുക്ക/കാട്ടുവേപ്പ്) 6-7 വർഷം കൊണ്ട് വളർത്തിയെടുക്കാം. ഏക്കറിൽ 400 മരം നടാം. പ്ലൈവുഡ് വ്യവസായത്തിന് ആവശ്യമായ പാഴ്മരങ്ങളിൽ ഒന്നാണ്. ഏഴു വർഷം കൊണ്ട് 35 ഇഞ്ച് വരെയെത്തും.
ഈ പ്രായത്തിൽ ഒരു മരത്തിൽനിന്ന് ശരാശരി 750 കിലോ തടി പ്രതീക്ഷിക്കാം. പാഴ്തടികളിൽ വളരെ വേഗത്തിൽ വളരുന്നതിനാൽ, മലവേപ്പ് കൃഷി പ്രചാരത്തിലായിട്ടുണ്ട്.
Agriculture
കാഴ്ചയിൽ അരളിപ്പൂവിനു സമാനമെന്നു തോന്നുമെങ്കിലും ആളൊരൽപം പരിഷ്കാരിയാണ്. കേരളത്തിന്റെ മണ്ണിലേക്ക് എത്തിയിട്ട് അധിക കാലമായിട്ടില്ലെങ്കിലും മലയാളികൾ ഇദ്ദേഹത്തെ അങ്ങട് സ്വീകരിച്ചിരുത്തി.
അഡീനിയത്തെ കുറിച്ചാണ് പറഞ്ഞുവന്നത്. അപ്പോസൈനേസി കുടുംബത്തിൽപ്പെട്ട കട്ടിയുള്ള തണ്ടോടു കൂടിയ ഒരു സക്യുലൻറ് ചെടിയാണിത്. കാഴ്ചയിലുള്ള ഭംഗി മാത്രമല്ല കൈനിറയെ കാശും തരുന്നു.
പാലക്കാട്ട് പൊൽപ്പുള്ളി കൂളിമൂട്ടത്തെ വീട്ടിലിരുന്ന് മുരളി എന്ന അന്പത്തൊന്പതുകാരൻ അഡീനിയം കൃഷി ചെയ്തു സന്പാദിക്കുന്നതു ചില്ലറകളല്ല. 25 വർഷം മുൻപ് പാലക്കാട്ട് നടന്നൊരു പുഷ്പമേളയിലാണ് ആദ്യമായി അഡീനിയത്തെ മുരളി കാണുന്നത്.
ആദ്യ കാഴ്ചയിൽതന്നെ നന്നേ ബോധിച്ചു. തടിച്ചുകൊഴുത്ത് തവിട്ടു നിറത്തിലെ തണ്ടോടു കൂടിയ ചെടിയിൽ നല്ല പിങ്ക് നിറത്തിൽ പൂക്കളിങ്ങനെ വിരിഞ്ഞ് നിൽക്കുന്ന അഡീനിയത്തിന്റെ തൈ ഒരെണ്ണം അവിടെനിന്നു വാങ്ങി.
ബോണ്സായി പ്രകൃതമുള്ള ചെടിയിനമാണെന്നും എന്നും ചില്ലകൾ പൂക്കളാൽ സന്പന്നമാകുമെന്നും കടക്കാരൻ പറഞ്ഞതു വിശ്വസിച്ചു. വെറുമൊരു കൗതുകത്തിനു വാങ്ങിയ ആ ആറ് തൈകൾ ഇന്നു തന്റെ ജീവനും ജീവിതവുമായി മാറുമെന്നു മുരളിച്ചേട്ടൻ അന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
തുച്ഛമായ മുതൽ മുടക്കിൽനിന്നു വളർത്തിയെടുത്ത അഡീനിയം തൈകൾ മുരളിച്ചേട്ടനു പ്രതിഫലമായിക്കൊടുക്കുന്നത് മാസം 30,000 മുതൽ ലക്ഷങ്ങൾ വരെയാണ്. തണ്ടിൽ വെള്ളം സംഭരിച്ചു സൂക്ഷിക്കുന്ന വലുപ്പമേറിയ കോഡക്സ് ആണ് അഡീനിയത്തിന്റെ പ്രത്യേകത.
ഡെസേർട് റോസുകൾ ആയതിനാൽ അഡീനിയം ചെടികൾക്ക് ലളിതമായ പരിചരണം മാത്രം മതി. എന്നാൽ, ചെടികൾ നന്നായി വളരുകയും പൂക്കളാൽ സന്പന്നമാകണമെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണം.
പരിപാലനം
ആറ് ഇഞ്ച് വലുപ്പമുള്ള ചട്ടികൾ അഡീനിയം തൈകൾ നടുന്നതിനായി തെരഞ്ഞെടുക്കാം. നാരു കലർന്ന ചകിരിച്ചോറിനൊപ്പം ചാണകപ്പൊടിയോ എല്ലുപൊടിയോ കരിയിലപ്പൊടിയോ കലർത്തി ചെടി നടാനുള്ള മിശ്രിതം തയാറാക്കാം.
ചെടി നട്ടതിനുശേഷം ഈ മിശ്രിതം നന്നായി കുതിരുന്ന രൂപത്തിൽ നനകൊടുക്കണം. തുടർന്നുള്ള നന മിശ്രിതത്തിലെ ഈർപ്പം ഉണങ്ങിയശേഷം നൽകിയാൽ മതി. ഇതോടൊപ്പം നന്നായി പൂക്കൾ ലഭിക്കാൻ നാനോ ഡിഎപിയും നൽകാം.
ചെടിയുടെ വളർച്ചയ്ക്ക് നന്നായി സൂര്യപ്രകാശവും ലഭ്യമാക്കണം. നാലോ അഞ്ചോ ദിവസത്തേക്ക് ഇത് നനച്ചില്ലെങ്കിലും കുഴപ്പമില്ല. മഴയും അഡീനിയത്തിന്റെ വളർച്ചയ്ക്കു തടസമില്ല. വെള്ളം വാർന്നു പോകാനുള്ള സൗകര്യം ചട്ടിയിൽ സജ്ജമാക്കിയാൽ മതിയാകും.
അതുമല്ലെങ്കിൽ മഴയുള്ള ദിവസങ്ങളിൽ ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ചരിച്ചിട്ടാലും മതിയാകും.
Agriculture
കേരളത്തിൽ പൂന്തോട്ടത്തിലും പൂന്തോട്ട സംരംഭത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുയാണ്. പൂച്ചെടികൾ, തണൽമരങ്ങൾ, ഇലച്ചെടികൾ, വെള്ളച്ചാട്ടങ്ങൾ, പ്രതിമകൾ, പുൽത്തകിടികൾ, ഇരുപ്പിടങ്ങൾ എന്നിവയുള്ള പൂന്തോട്ടങ്ങൾ പുത്തൻസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒരുങ്ങുന്നത്.
ഉപഭോക്താവിന്റെ താത്പര്യത്തിന് അനുസരിച്ച് വീട്, ഓഫീസ് എന്നിവിടങ്ങളിൽ വന്പൻ ഉദ്യാനങ്ങൾ സജ്ജീകരിച്ചുകൊടുക്കുന്ന സംരംഭങ്ങൾ നിരവധിയുണ്ട്. സൂര്യപ്രകാരം കടന്നെത്തുന്ന അകത്തളങ്ങളിൽ ഇൻഡോർ പ്ലാന്റുകൾ വയ്ക്കുന്നതും പുതിയ ട്രെൻഡാണ്.
സ്നേക് പ്ലാന്റ്, പീസ് ലിലി, അലോ, ഫിറ്റോണിയ, അലങ്കാര കള്ളിച്ചെടികൾ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്നത്. ചെടികൾക്കും മുറിയുടെ ഭംഗിക്കും ഇണങ്ങുന്ന രീതിയിലുള്ള സെറാമിക്, ഫൈബർ, ഗ്ലാസ്, വിയറ്റ്നാം പോട്ടുകളിലാണ് ഇൻഡോർ പ്ലാന്റുകൾ വയ്ക്കുന്നത്.
ഓഫീസുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലും ഇൻഡോർ പ്ലാന്റുകൾ സ്ഥലം പിടിച്ചിട്ടുണ്ട്. മുറികളിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ഇൻഡോർ പ്ലാന്റുകൾക്കു സാധിക്കുന്നതിനാൽ വൻ ഡിമാൻഡ് ആണ്.
നമ്മുടെ കാലാവസ്ഥയിൽ വളരുന്ന അലങ്കാരച്ചെടികൾക്കും പൂച്ചെടികൾക്കും ഓർക്കിഡിനും പിന്നാലെ, കടൽ കടന്നെത്തുന്ന ഡിസൈൻഡ് ടോപ്പിയറി വൃക്ഷങ്ങളും പൂന്തോട്ടങ്ങളിൽ പ്രധാനിയാണ്.
ടോപ്പിയറി ചെയ്തു വിവിധ ആകൃതിയിൽ വളർത്തിയെടുക്കുന്ന മാൽപീജിയ, കോണിഫർ, പോഡോകാർപസ്, ബൊഗേൻവില്ല, ഫീക്കസ്, പാംസ് എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്.
ടോപ്പിയറി ചെയ്ത മൾട്ടി കളേർഡ് ബൊഗേണ്വില്ലയാണ് വിപണിയിലെ താരം. ആൽവർഗത്തിൽപെട്ട ടോപ്പിയറി ചെയ്ത ഫീക്കസ് മരങ്ങൾക്കു ലക്ഷങ്ങളാണ് മാർക്കറ്റ് വില. പുൽത്തകിടിയിൽ പേൾ ഗ്രാസാണ് എല്ലാവരും ഉപയോഗിക്കുന്നത്.
ചിതലിന്റെയോ കുമിളിന്റെയോ ശല്യമില്ലാത്തതിനാൽ പരിചരണം കുറച്ചുമതി. മെക്സിക്കൻ ഗ്രാസ്, ബഫലോ ഗ്രാസ് എന്നിവയ്ക്കു പകരമാണ് പേൾ ഗ്രാസ് ഉപയോഗിക്കുന്നത്.
കൂടാതെ, ആർട്ടിഫിഷൽ ഗ്രാസിനും ചെടികൾക്കും നല്ല ഡിമാൻഡുണ്ട്. കൃഷി അനുബന്ധ മേഖലയിൽ ഉദ്യാനപരിപാലനം ലാഭകരമായ സംരംഭമേഖലയാണ്.
Agriculture
കാട്ടുമൃഗശല്യവും റബർ കൃഷിയിലെ അനിശ്ചിതത്വവും പ്രതിസന്ധികളായപ്പോൾ പരന്പരാഗത വിളകൾ ഉപേക്ഷിച്ച് പുതുകൃഷിയിൽ പരീക്ഷണം നടത്തുകയാണ് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരി പട്ടേംപ്പാടം മുല്ലമംഗലം ബേബി എന്ന കർഷകൻ.
കോട്ടേകുളം പൂതനക്കയം മലഞ്ചെരിവിലാണ് ബേബിയുടെ ചെറുനാരക കൃഷി. മലമുകളിൽ കവുങ്ങ് കൃഷി തന്നെ പുതുമയുള്ളതാണ്. ഇതിനൊപ്പമാണ് ചെറുനാരകത്തെ പരിഗണിച്ചിട്ടുള്ളത്. മൂന്ന് ഏക്കറിലുണ്ടായിരുന്ന റബർ മരങ്ങൾ മുറിച്ചു മാറ്റിയാണ് കവുങ്ങും നാരക കൃഷിയും.
ഇതിനായി നാടൻ തൈകൾക്കു പുറമെ ആന്ധ്രയിൽനിന്നും ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 300 ബഡ് നാരകതൈ എത്തിച്ചാണ് കൃഷി ചെയ്തിട്ടുള്ളത്. തൈകൾക്ക് ഒരു വർഷമാകും മുന്പെ പൂവിട്ട് കായ്ക്കാൻ തുടങ്ങി.
ചെടിയുടെ വളർച്ചയും കരുത്തും കാണുന്പോൾ അടുത്ത സീസണോടെ വില്പനക്കായി കൂടുതൽ നാരങ്ങ വിളയുമെന്നാണ് ബേബിയുടെ പ്രതീക്ഷ. ഇനവും പരിചരണവും നന്നാകുന്പോൾ വിളവിലും കുറവു വരാനിടയില്ല.
തൈകൾക്ക് നാലു വർഷമാകുമ്പോൾ ഒരു തൈയിൽനിന്നുതന്നെ ഒരു സീസണിൽ 15 കിലോ വരെ നാരങ്ങ കിട്ടുമെന്നാണ് കണക്ക്. പ്രായപൂർത്തിയാകുന്നതോടെ ഒരു നാരക മരത്തിൽനിന്ന് എണ്പത് മുതൽ നൂറ് കിലോ വരെയാകും വിളവ്.
ചെറിയ തോതിൽ വിളവ് തുടങ്ങിയപ്പോൾ തന്നെ ആവശ്യക്കാരുടെ ബഹളമാണെന്ന് ബേബി പറയുന്നു. എത്രയുണ്ടായാലും ഒന്നിച്ച് എടുക്കാമെന്ന് പറഞ്ഞ് വാക്ക് ഉറപ്പിച്ച് പോകുന്നവരുമുണ്ട്.
Agriculture
ടാറ്റാ കണ്സൾട്ടൻസിയിലെ ജോലി ഉപേക്ഷിച്ച് പച്ചക്കറി കൃഷിയിലേക്ക് ഇറങ്ങിയ യുവാവ് ഇന്നു ചരിത്രം സൃഷ്ടിക്കുന്നു. തൂശനിലയും പച്ചക്കറികളും വെള്ളരി എന്ന ബ്രാൻഡിൽ ഓണ്ലൈൻ, ഓഫ്ലൈൻ വിപണിയിൽ എത്തിക്കുന്ന ആലപ്പുഴ പുത്തനന്പലം ഭാഗ്യയിൽ ഭാഗ്യരാജ് എന്ന യുവകർഷകൻ കാർഷിക കേരളത്തിനും യുവാക്കൾക്കും മാതൃകയാണ്.
ഇലയ്ക്കും കുലയ്ക്കുമായി പതിനായിരത്തോളം ഞാലിപ്പൂവൻ വാഴകളാണ് കൃഷി ചെയ്തിരിക്കുന്നത്. ചേർത്തലയിലെയും പരിസരപ്രദേശത്തെയും ഹോട്ടലുകാർക്ക് എല്ലാ ദിവസവും ഭാഗ്യരാജ് ഇലകൾ എത്തിക്കുന്നുണ്ട്.
365 ദിവസവും വിളവെടുക്കുന്ന രീതിയിലാണ് പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത സ്ഥലത്തുമാണ് കൃഷി. ചേർത്തലയിലെയും എറണാകുളത്തെയും സ്വന്തം കട വഴിയും പച്ചക്കറി വില്പന നടത്തുന്നുണ്ട്.
കൃഷിയിലിറങ്ങാൻ ജോലി ഉപേക്ഷിച്ചു
ബികോം ബിരുദവും എച്ച്ആർ ആൻഡ് ഫിനാൻസിൽ എംബിഎയും നേടിയ ഭാഗ്യരാജ് കൃഷിയോടുള്ള താത്പര്യത്തിലാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്.
പൂന ടാറ്റാ കണ്സൾട്ടൻസിയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കു തിരിയാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും ആദ്യം എതിരായിരുന്നു.
എങ്കിലും തീരുമാനത്തിനൊപ്പം ഉറച്ചുനിന്നു. കൂറ്റുവേലി സ്കൂളിനു സമീപം 80 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. ചീരയും വെണ്ടയും ആയിരുന്നു ആദ്യ കൃഷി.
ആദ്യത്തെ ലാഭംകൊണ്ട് സെന്റ് മൈക്കിൾസ് കോളജിനടുത്തുള്ള ഒരു ഏക്കറിലേക്ക് കൃഷി വ്യാപിച്ചു. ഇവിടെ നെയ്കുന്പളം ആയിരുന്നു വിള.
Agriculture
അപ്രതീക്ഷിതമായ ആ മാറ്റം സംഭവിച്ചതു രണ്ടായിരത്തിലാണ്. മണ്ണിനെ അറിയുന്ന കുടുംബത്തിലെ സന്തതി മണ്ണിനെ സ്നേഹിക്കുവാൻ തുടങ്ങിയതിൽ ആരും അദ്ഭുതം ഒന്നും കണ്ടില്ല. പക്ഷേ, അയാൾ മണ്ണിനെ പ്രണയിച്ച്, താലോലിച്ച് കൃഷി ചെയ്യുവാൻ തീരുമാനിച്ചതിൽ എല്ലാവരിലും എതിർപ്പുളവാക്കി.
അപ്പനായി ഉണ്ടാക്കിയെടുത്തതെല്ലാം മകനായി നശിപ്പിക്കുമെന്നു പറഞ്ഞവരാണധികവും. ബന്ധുക്കളും നാട്ടുകാരും ഒക്കെ. പക്ഷെ അയാൾ പിൻവാങ്ങിയില്ല. ജൈവകൃഷിയുടെ പാഠങ്ങൾ പഠിച്ചുകൊണ്ട് അയാൾ കൃഷിയുമായി ശക്തമായി മുന്നോട്ടു പോയി.
ആ യാത്ര ഇപ്പോൾ ഇരുപത്തിയഞ്ചു വർഷം പിന്നിടുകയാണ്. ആ യുവാവിന്റെ തീരുമാനം തെറ്റായിരുന്നില്ല എന്നു കാലം എതിർത്തവരേകൊണ്ടൊക്കെ പറയിപ്പിച്ചു. അതാണ് പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം സ്വദേശി സോജി മാത്യു എന്ന ജൈവ കർഷകൻ.
കർഷകനായ പിതാവ് പുതുപ്പറന്പിൽ മാത്യു ജോസഫിന്റെ ശാരീരിക അവശതകളാണ് കംപ്യൂട്ടർ അധ്യാപകനായ സോജിയെ പൂർണ സമയ കൃഷിയിലേക്കു വഴി തിരിച്ചുവിട്ടത്. അക്കാലത്ത് നാച്വറൽ വാനിലയ്ക്കു വിപണിയിൽ നല്ല വിലയുണ്ടായിരുന്നു.
സ്വദേശത്തും വിദേശത്തും രാസ കീടനാശിനികളുടെ ഉപയോഗം ഇല്ലാത്ത നാച്വറൽ വാനിലയ്ക്കു വലിയതോതിൽ ആവശ്യക്കാരുണ്ടെന്ന തിരിച്ചറിവ് സോജിയെ ജൈവ വാനില കൃഷിയിലേക്ക് എത്തിച്ചു.
ഒപ്പം തന്റെ ഉല്പന്നങ്ങൾക്ക് ജൈവ സർട്ടിഫിക്കേഷൻ ലഭ്യമാക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആ ശ്രമങ്ങളെ ആദ്യ ഘട്ടങ്ങളിൽ വിജയത്തിലെത്തിക്കുവാൻ സോജിക്ക് കഴിഞ്ഞില്ലെങ്കിലും ജൈവ കൃഷി ഉപേക്ഷിക്കുവാൻ തയാറായില്ല. ജൈവ കൃഷിയിലേക്കുള്ള മാറ്റം ആദ്യഘട്ടത്തിൽ നിരാശയാണ് നൽകിയത്. വിളവ് വൻ തോതിൽ കുറഞ്ഞു.
കൂട്ടുകാരും നാട്ടുകാരും സോജിയെ പിന്തിരിപ്പിക്കുവാനും ഉപദേശിക്കുവാനും തുടങ്ങി. പക്ഷേ, അയാൾ മണ്ണിനൊപ്പം നിന്നു. ഇനി ജൈവ രീതിയിലുള്ള കൃഷിയുമായിതന്നെ മുന്നോട്ടു പോകുമെന്ന് എല്ലാവരോടും ഉറച്ചു പറഞ്ഞു.
ആ തീരുമാനവും മുന്നോട്ടു പോകലും വിജയത്തിലേക്കുള്ള തുടക്കമായിരുന്നു. പ്രീമിയം ഉത്പന്നങ്ങൾ മാത്രം ഉല്പാദിപ്പിക്കുന്ന മികച്ച കൃഷിയിടമായി സോജിയുടെ കൃഷിയിടം മാറി. ഈ ഉത്പന്നങ്ങൾക്ക് വിപണിയിലും ഇന്നു വലിയ ഡിമാന്റ് ഉണ്ട്.
Agriculture
ആയിരങ്ങൾക്ക് കൃഷിപാഠങ്ങൾ പകർന്നു നൽകിയ ഇടുക്കി ജില്ലാ റിട്ട. കൃഷി ഓഫീസറും കൃഷി ജോയിന്റ് ഡയറക്ടറുമായ ഷാജി എം. മണക്കാട്ട് ഇന്നു തൊട്ടതെല്ലാം പൊന്നാക്കി കാർഷിക സമൃദ്ധിയുടെ വിജയഗാഥ രചിക്കുന്നു.
ഒരു വർഷം ഡിടിപിസി സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കാർഷിക-ടൂറിസം മേഖലകളിലെ അനുഭവജ്ഞാനം കോർത്തിണക്കി വിളവൈവിധ്യത്തിന്റെയും പ്ലാന്റേഷൻ ടൂറിസത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന കൃഷിയിടം കാർഷിക പരീക്ഷണത്തിന്റെ മികച്ച മാതൃക കൂടിയാണ്.
മഴമറയിൽ പച്ചക്കറി കൃഷി
ഇടുക്കി ജില്ലയിൽ തൊടുപുഴ മാരിയിൽകലുങ്കിനു സമീപം 20 സെന്റിലും കോട്ടയം ജില്ലയിൽ നീലൂരിനു സമീപം മേരിലാന്റിൽ അഞ്ചേക്കറിലുമാണ് വിവിധയിനം കൃഷികൾ നടത്തി വരുന്നത്.
തൊടുപുഴയിലെ വീടിനോടു ചേർന്ന് കോവൽ, പാവൽ, പയർ, നേന്ത്രവാഴ എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്. മേരിലാന്റിൽ മൂന്നു മഴമറയ്ക്കുള്ളിൽ പാവൽ, പയർ, സാലഡ് കുക്കുംബർ, തക്കാളി തുടങ്ങിയവയുടെ വിപുലമായ കൃഷിയുണ്ട്.
കീടബാധയെ ചെറുക്കുന്നതിനായി കാന്താരിമുളക് ചെടിയിൽ ഗ്രാഫ്റ്റ് ചെയ്ത തക്കാളിയും വളർത്തുന്നുണ്ട്. തക്കാളിത്തൈകൾ തഴച്ചു വളർന്ന് പന്തലിൽ പടർന്നു പഴുത്ത് പാകമായി കിടക്കുന്നതുകണ്ടാൽ ആരും നോക്കിനിന്നു പോകും.
വീടിനോട് ചേർന്ന് അക്വാപോണിക്സ് സംവിധാനത്തിൽ കാന്തല്ലൂർ ചീര, കാബേജ്, കോളിഫ്ളവർ എന്നിവ മണ്ണില്ലാതെ ചെറിയ ചരൽ മെറ്റലിൽ കൃഷി ചെയ്തിട്ടുണ്ട്. കോവിഡ് കാലത്താണ് കൃഷി വ്യാപകമായി ആരംഭിച്ചത്.
ബ്രാന്റഡ് പച്ചക്കറിയിനങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പ്രധാനമായും വില്പന നടത്തുന്നത്.
പഴവർഗങ്ങൾ
റംബുട്ടാൻ, മംഗോസ്റ്റിൻ, പുലാസാൻ, അവക്കാഡോ, പപ്പായ, കോട്ടൂർക്കോണം, മൂവാണ്ടൻ ഇനത്തിൽപ്പെട്ട മാവ്, ബംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടി കൾച്ചറിൽനിന്ന് എത്തിച്ച ഡ്രാഗണ് ഫ്രൂട്ട്, വിയറ്റ്നാം ഏർലി, ജെ-33, സിദ്ദു, കംബോഡിയൻ ഓറഞ്ച്, സീഡ്ലസ്, നാടൻ ഇനങ്ങളിൽപ്പെട്ട പ്ലാവ് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
15 സെന്റോളം സ്ഥലത്ത് പാഷൻഫ്രൂട്ട് നട്ടു വളർത്തിയിട്ടുണ്ട്. ഇതിനായി ജിഐ പൈപ്പ സ്ഥാപിച്ച് നൂൽക്കമ്പിയും പ്ലാസ്റ്റിക് വള്ളിയും ഉപയോഗിച്ച് പന്തൽ സജ്ജമാക്കിയിട്ടുണ്ട്.
മറ്റു വിളകൾ
ജാതി, ഗ്രാഫ്റ്റ് ചെയ്ത കുന്പുക്കൻ, കരിമുണ്ട പന്നിയൂർ-1 ഇനം കുരുമുളക്, ഡിഃടി, നാടൻ ഇനം തെങ്ങ്, കാസർഗോഡൻ, മോഹിന്ത്നഗർ ഇനം കമുക്, റബർ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
ഗുണമേന്മയുള്ള തൈകളും വിത്തുകളുംമാത്രമേ നടീൽ വസ്തുവായി ഉപയോഗിക്കാറുള്ളു. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ലെന്നാണ് മുൻ ജില്ലാ കൃഷി ഓഫീസറുടെ നിലപാട്.
Agriculture
പോഷകങ്ങളുടെ കലവറയായ ചെറുധാന്യകൃഷിയിൽ വേറിട്ട മാതൃകയാണ് അട്ടപ്പാടി അഗളി സ്വദേശി ശരത് നാരായണൻ. ഡൽഹിയിലെ കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം അട്ടപ്പാടിയിലും സമീപപ്രദേശങ്ങളിലും മില്ലറ്റ് (ചെറുധാന്യം) കൃഷി നടത്തുന്നത്.
അട്ടപ്പാടിയിലെ വിവിധ ആദിവാസി ഉൗരുകൾ സന്ദർശിച്ചതിലൂടെ കിട്ടിയ അറിവുകളാണ് മില്ലറ്റ് കൃഷി ആരംഭിക്കുന്നതിനുള്ള പ്രചോദനം ലഭിച്ചത്. അട്ടപ്പാടിയിൽ വർഷങ്ങൾക്ക് മുൻപ് പ്രധാനമായും കൃഷി ചെയ്തിരുന്നത് ചെറുധാന്യങ്ങൾ ആയിരുന്നു.
കാലക്രമേണ ആദിവാസികൾതന്നെ ഈ കൃഷി ഉപേക്ഷിക്കുകയും സർക്കാരിന്റെ റേഷൻ സാധനങ്ങൾ മുഖ്യ ആഹാരം ആകുകയും ചെയ്തു. ഇത് പോഷകാഹാര കുറവിലേക്കും ശിശു മരണങ്ങളിലേക്കുമൊക്കെ നയിക്കുന്നതിനു കാരണമായി.
മില്ലറ്റ് മിഷന്റെ അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ മില്ലറ്റ് കൃഷിക്ക് വീണ്ടും പ്രചാരം നൽകിയിട്ടുണ്ട്. 2023 യുഎൻ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതുമൊക്കെ മില്ലറ്റിനെപ്പറ്റി കൂടുതൽ പഠിക്കുവാൻ സഹായിച്ചു.
തുടക്കത്തിൽ അട്ടപ്പാടിയിൽ ലഭ്യമായ വിത്തുകൾ ഉപയോഗിച്ചാണ് കൃഷി ചെയ്തിരുന്നത്. ഇവിടെ തനത് വിത്തുകൾ ഉപയോഗിച്ചു കൃഷി ചെയ്യണം എന്നായിരുന്നു ആഗ്രഹം.
എന്നാൽ, അത്തരം വിവിധ തരം വിത്തുകൾ കൂടുതലായി ഇവിടെ ലഭ്യമല്ല എന്ന് അറിഞ്ഞതുകൊണ്ട് മറ്റ് മാർഗങ്ങൾ അന്വേഷിക്കുകയായിരുന്നു.
മില്ലറ്റ് തേടി ഒഡീഷയിൽ
2025ലെ മില്ലറ്റ് ക്യൂൻ ആയി തെരഞ്ഞെടുക്കപ്പെട്ട റായിമതി ഗുരിയയെപ്പറ്റി അറിയുകയും അവരുടെ നാടായ ഒഡീഷയിലെ കൊറപ്പുട്ടിൽ പോകുകയും അവരിൽനിന്നു ചെറുധാന്യങ്ങളിലെ വിവിധ ഇനങ്ങളെപ്പറ്റിയും അവയുടെ സവിശേഷതകളെപ്പറ്റിയുമൊക്കെ വിശദമായി മനസിലാക്കുകയും ചെയ്തു.
അവരുടെ കൃഷി രീതികൾ മനസിലാക്കി അവരിൽനിന്നു കുറച്ചു വിത്തുകൾ ശേഖരിച്ച് അതിൽ നിന്നാണ് വിവിധയിനം ചെറുധാന്യങ്ങൾ അട്ടപ്പാടിയിൽ കൃഷിചെയ്തത്.
ഒഡീഷയിലേക്കുള്ള താമസവും ഗ്രാമങ്ങളിലേക്കുള്ള യാത്രയുമുൾപ്പടെയുള്ള എല്ലാ സഹായവും ചെയ്തത് കൊറാപ്പുട്ടിലെ എം.എസ്. സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥരാണ്.
റായിമതി ഗുരിയ അവിടെ അവരുടെ ഗ്രാമത്തിൽ സർക്കാർ സഹായത്തോടെ ഒരു ഫാം സ്കൂൾ നടത്തുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത് എം.എസ്. സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷനാണ്.
അവരുടെ പൂർണ സഹകരണത്തോടെ അവിടെ മില്ലറ്റ് കൃഷിയെക്കുറിച്ചും മില്ലറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന മൂല്യ വർധിത ഉല്പന്ന നിർമാണവുമൊക്കെ പരിശീലനം നൽകുന്നുണ്ട്.
ജൈവകൃഷി
മില്ലറ്റ് കൃഷിയിൽ വിളവെടുപ്പിനാണ് കൂടുതൽ അധ്വാനം വേണ്ടത്. വിളവെടുപ്പിനും സംസ്കരണത്തിനും കൂടുതൽ സമയം ആവശ്യമുണ്ട്. എങ്കിലും മില്ലറ്റ് കൃഷി വളരെയധികം ലാഭകരമാണ്. മില്ലറ്റിനെക്കുറിച്ചുള്ള അവബോധം വർധിച്ചു വരുന്നതിനാൽ വിപണനം പ്രയാസമില്ല.
അട്ടപ്പാടിയിൽ ജൈവരീതിയിൽ കൃഷി ചെയ്യുന്ന ചെറുധാന്യങ്ങൾക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ട്. ശരത് നാരായണൻ കൃഷിയോടൊപ്പം മറ്റു കർഷകരിൽനിന്നു ശേഖരിക്കുന്ന ചെറുധാന്യങ്ങൾ വരഗാർ ഓർഗാനിക്സ് എന്ന ലേബലിൽ മാർക്കറ്റ് ചെയ്യുന്നുണ്ട്.
അയൽ സംസ്ഥാനങ്ങളിൽ ഉള്ള മലയാളികൾ ഉൾപ്പെടെ ഒരു വലിയ വിഭാഗത്തിന് സ്ഥിരമായി ഇവിടെനിന്നും ഉത്പന്നങ്ങൾ അയച്ചു നൽകാറുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ടു വിപണനം ചെയ്യുന്നതിനാൽ നല്ല ലാഭമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെറു ധാന്യങ്ങൾ ഉപയോഗിച്ചു പോഷക സമൃദ്ധമായ മില്ലറ്റ് സൂപ്പ് ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതിനുള്ള പരിശീലനം ഒഡീഷയിൽനിന്ന് ലഭിച്ചിട്ടുണ്ട്. വൻതോതിൽ സൂപ്പ് ഉത്പാദനം ആരംഭിക്കുമ്പോൾ മറ്റു കർഷകരിൽനിന്നും മികച്ച വിലയ്ക്ക് മില്ലറ്റ് വാങ്ങാൻ സാധിക്കുമെന്നും ശരത് നാരായണൻ പറഞ്ഞു.
ശരത് നാരായണൻ ഫോണ്: 9871462312
Agriculture
വന്യമൃഗശല്യത്തെ അതിജീവിച്ച് മത്സ്യകൃഷി ചെയ്ത് നൂറുമേനി വിളയിച്ച് മാതൃകയാവുയാണ് കോതവഴിക്കൽ സിന്ധു ജോബിഷ്. പുൽപ്പള്ളി പഞ്ചായത്തിലെ വേലിയന്പത്ത് വനാതിർത്തിയോട് ചേർന്ന 16 ഏക്കർ കൃഷിസ്ഥലത്തെ നാലേക്കറിലെ രണ്ടു കുളങ്ങളിലായാണ് മത്സ്യകൃഷി.
മൂന്നു വർഷത്തോളമായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മത്സ്യകൃഷി നടത്തി വരുന്നത്. തിലോപ്പിയ, ചെന്പല്ലി, ഗ്രാസ് കാർപ്പ്, വരാൽ, കാരി, കരിമീൻ, നട്ടർ എന്നിങ്ങനെ വിവിധങ്ങളായ മത്സ്യങ്ങളാണ് കൃഷി ചെയ്ത് വരുന്നത്. പ്രധാനമായി വരാലും വിവിധയിനം തിലോപ്പിയയുമാണ് വ്യാവസായിക അടിസ്ഥാത്തിൽ കൃഷി ചെയ്ത് വരുന്നത്.
കുളത്തിനോടുചേർന്ന പാടത്ത് നെൽകൃഷിക്കൊപ്പം മീൻ വളർത്തുന്ന രീതിയും ഇവിടെ അവലംബിച്ചിട്ടുണ്ട്. വനത്തിൽനിന്നു വന്യമൃഗങ്ങൾ കൂട്ടമായി കൃഷിയിടത്തിലിറങ്ങി കാർഷിക വിളകൾ പൂർണമായി നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് മത്സൃകൃഷിയിലേക്ക് തിരിയാൻ കാരണമായത്.
വിദേശത്തെ നഴ്സിംഗ് ജോലി ഉപേക്ഷിച്ചാണ് സിന്ധു വേറിട്ട രീതികൾ അവലംബിച്ച് കൃഷിയിലേക്കിറങ്ങിയത്. ഇതിനിടെ നിരവധി കർഷകപുരസ്കാരങ്ങളും ഈ വീട്ടമ്മ സ്വന്തമാക്കിയിട്ടുണ്ട്. ഭർത്താവ് ജോബിഷിനോടൊപ്പം ചേർന്ന് മത്സ്യകൃഷി കൂടുതൽ വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് ഇവർ.
12 മാസവും വിളവെടുക്കാവുന്ന രീതിയിലുള്ള കൃഷിരീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. ദിവസവും നിരവധിയാളുകൾ മത്സ്യം വാങ്ങാൻ ഇവിടെ എത്തുന്നുണ്ട്. അധികം വൈകാതെ മത്സ്യവിപണത്തിനായി ഒൗട്ട് ലെറ്റ് സ്ഥാപിക്കുമെന്നും സിന്ധു പറഞ്ഞു.
മത്സ്യകൃഷിക്കു പുറമേ ഒൗഷധസസ്യങ്ങളും നട്ടു പരിപാലിക്കുന്നുണ്ട്. മത്സ്യകുളത്തിനരികിലും കൃഷിയിടങ്ങളിലുമായി 56ഓളം ഇനങ്ങളിലുള്ള മുളകളും കൃഷി ചെയ്തു വരുന്നു.
ആന്ധ്രാ, പൂന എന്നിവിടങ്ങളിൽനിന്നും പുൽപ്പള്ളിയിലെ ജോണ്സണ് തൊട്ടിയിലിന്റെ മുളശേഖരത്തിൽനിന്നുമാണ് അപൂർവങ്ങളായ മുളകൾ എത്തിച്ചത്.
Agriculture
സൗത്ത് സോണിലെ 2025ലെ മികച്ച ക്ഷീര കർഷകയായി ഇന്ത്യൻ ഡയറി അസോസിയേഷൻ തെരഞ്ഞെടുത്ത എം.പി. ബിന്ദു(ബിന്ദു ഷാജി)വയനാടിന് അഭിമാനമായി. ഡൽഹിയിൽ നടന്ന നാഷണൽ ഡയറി ഇൻഡസ്ട്രി കോണ്ഫറൻസ് ആൻഡ് എക്സിബിഷനിൽ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനിൽനിന്നാണ് ബിന്ദു പുരസ്കാരം ഏറ്റുവാങ്ങിയത്.
പ്ലസ് ടു പഠനത്തിനുശേഷമാണ് ബിന്ദു ക്ഷീരരംഗത്ത് സജീവമായത്. വിവാഹശേഷവും ക്ഷീരവൃത്തി തുടർന്ന അവർ കുടുംബാംഗങ്ങളുടെ പിന്തുണയോടെ 2018ലാണ് മാണ്ടാടിൽ ഡയറി ഫാം ആരംഭിച്ചത്. നാല് ഏക്കർ 30 സെന്റ് വരുന്നതാണ് ഫാം.
ബിന്ദുവിനെ സംബന്ധിച്ചിടത്തോളം ക്ഷീരവൃത്തി തൊഴിലിനുപരി സ്വാശ്രയത്വം, സന്തോഷം, സമൂഹത്തിന് ഗുണമേൻമയുള്ള പാൽ നൽകണമെന്ന പ്രതിബദ്ധത എന്നിവ ആധാരമാക്കിയ ജീവിതശൈലിയാണെന്ന് മാണ്ടാട് നിവാസികൾ പറയുന്നു.
2018 മുതൽ തേനേരി ക്ഷീരസംഘം അംഗമാണ് ബിന്ദു. ഉത്പാദിപ്പിക്കുന്ന പാൽ പൂർണമായും സഹകരണ സംഘത്തിനാണ് ലഭ്യമാക്കുന്നത്. നിലവിൽ ശാസ്ത്രീയ രീതിയിൽ നടത്തുന്ന ഡയറി യൂണിറ്റിൽ കറവയുള്ള 67ഉം വറ്റുകറവയിലുള്ള 14ഉം പശുക്കളും 13 കിടാരികളും ആറ് മൂരിക്കുട്ടൻമാരും 13 പശുക്കുട്ടികളും ഒന്നുവീതം കാളയും പോത്തും ഉണ്ട്.
ദിനേന ശരാശരി 850 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്ന ബിന്ദുവിന്റെ ഫാം പ്രദേശത്തെ ശ്രദ്ധേയ ഡയറി യൂണിറ്റുകളിലൊണ്. കുടുംബത്തിന്റെ കൈവശത്തിലുള്ള കൃഷിയിടത്തിൽ 11 ഏക്കർ പൂർണമായും തീറ്റപ്പുൽക്കൃഷിക്കാണ് വിനിയോഗിക്കുന്നത്.
Agriculture
കുലകുത്തി കായ്ച്ചുകിടക്കുന്ന മാന്തോട്ടം, തൊട്ടടുത്ത് പപ്പായത്തോട്ടം, മൂന്നു കിലോമീറ്റർ മാറി വീടിനോടു ചേർന്ന് തെങ്ങും മാവും കമുകും പച്ചക്കറികൃഷിയും.
ഇത് പാലക്കാട് മുതലമട പെരിയപതിക്കാട് ജോസ് പി. ജേക്കബ് എന്ന അനിമോന്റെ കൃഷി വിശേഷമാണ്. മുപ്പതേക്കറോളം മാന്തോട്ടം ലീസിനെടുത്തും അനിമോൻ കൃഷി നടത്തുന്നുണ്ട്. മാന്തോട്ടത്തിനോടു ചേർന്നാണ് പപ്പായകൃഷി നടത്തുന്നത്.
കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത്തവണ മാങ്ങ കുറവാണ്. കൂടാതെ വന്യമൃഗശല്യവുണ്ട്. തോട്ടത്തിൽ എത്തുന്ന മാനും മയിലും ശല്യമുണ്ടാക്കുന്നുണ്ടെന്ന് അനിമോൻ പറഞ്ഞു.
സിന്ദൂരം, അൽഫോണ്സ, ബംഗനപ്പള്ളി, ഹിമാപസന്ത്, മല്ലിക, നീലൻ, കാലാപ്പാടി തുടങ്ങി 18 വെറൈറ്റി മാവുകൾ തോട്ടത്തിൽ ഉണ്ട്. മാവ് കായ്ക്കുന്നതിന് മുന്പുതന്നെ തോട്ടം ലീസിന് എടുക്കുകയാണ് ചെയ്യുന്നത്.
ലീസ് തുക മൂന്നു ഗഡുക്കളായി ഉടമസ്ഥന് നൽകും. മാവിന് ആവശ്യമായ വളവും ജലസേചനവും തോട്ടം എടുക്കുന്നവരാണ് നൽകുന്നത്. മാവിന് പ്രധാനമായും കവാത്ത് (പ്രൂണിംഗ്) നടത്തണം.
ചാണകം, കോഴിവളം എന്നിവയും ബോറോണും മൈക്രോ ന്യൂട്രിയന്റുകളും നൽകും. മാവ് പൂക്കുന്നതിന് മരുന്ന് അടിക്കും. മാങ്ങാ വിളവെടുപ്പ് ആരംഭിക്കുന്നത് മുതലമടയിലാണ്.
ഇന്ത്യൻ മാർക്കറ്റിലും വിദേശത്തേക്കും മാങ്ങ കയറി പോകുന്നുണ്ട്. ഓരോ ഇനത്തിനും പ്രത്യേകമായാണ് വിളവ് എടുക്കുന്നത്. കിളിമൂക്ക്, മൂവാണ്ടൻ മാവുകൾ ആദ്യം കായ്ച്ചാൽ മികച്ച വില ലഭിക്കും. വൈകിയാൽ വില കുറവായിരിക്കും.
പപ്പായ കൃഷി
റെഡ്ലേഡി, ഡബ്ല്യുഎസ് 41 എന്നീ ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്. രണ്ടായിരത്തോളം തൈകളാണ് നട്ടിരിക്കുന്നത്. പപ്പായ കൃഷിയിലും വന്യമൃഗശല്യം ഉണ്ട്.
പപ്പായ കൃഷിക്കായി ആദ്യം തടമെടുത്ത് ചാണകം, കോഴിക്കാഷ്ഠം, ജൈവവളം എന്നിവയിട്ട് മൂടും. തടത്തിനു മുകളിൽ മൾച്ചിംഗ് ഷീറ്റ് വിരച്ച ശേഷമാണ് പപ്പായ നട്ടിരിക്കുന്നത്.
ആറാം മാസം തൊട്ട് വിളവ് എടുക്കാൻ സാധിക്കും. വിഎഫ്പിസികെ വഴിയാണ് പപ്പായ വിൽക്കുന്നത്. ജലസേചനത്തിനായി തോട്ടത്തിൽ കുഴൽ കിണറുകൾ ഉണ്ട്.
തുള്ളിനന സംവിധാനത്തിലാണ് ജലസേചനം ക്രമീകരിച്ചിരിക്കുന്നത്. മാന്തോട്ടത്തിൽ നേരിട്ട് പൈപ്പിൽനിന്നാണ് നനയ്ക്കുന്നത്.
പുരയിടത്തിൽ തെങ്ങും കുരുമുളകും
വീടിനോടു ചേർന്ന് മൂന്നരയേക്കർ സ്ഥലത്ത് തെങ്ങ്, കമുക്, കൊക്കോ, മാവ്, കുരുമുളക് കൃഷികളും പച്ചക്കറി കൃഷിയുമുണ്ട്. സീസണ് അനുസരിച്ചാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. തോട്ടത്തിൽ ഇരുനൂറിൽ മേലേ തെങ്ങുകൾ ഉണ്ട്.
തെങ്ങിന്റെ ഇടവിളയായി കൊക്കോയും കമുകും നട്ടിട്ടുണ്ട്.സമ്മിശ്രകൃഷി ആയതിനാൽ, ഒന്നിൽ ഉത്പാദനം കുറഞ്ഞാലും മറ്റൊന്നിൽനിന്നു കൂടുതൽ ലഭിക്കുന്നതിനാൽ നഷ്ടമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുമെന്ന് അനിമോൻ പറഞ്ഞു.
രാസവളവും ജൈവവളവും നൽകുന്നുണ്ട്. ചാണകവും കോഴിവളവുമാണ് ജൈവവളമായി നൽകുന്നത്. തേങ്ങായ്ക്കു വിലയുള്ളതുകൊണ്ട് തെങ്ങുകൃഷി ലാഭകരമാണ്. മണ്ഡരിരോഗം തോട്ടത്തിൽ ഉണ്ടെങ്കിലും കാര്യമായ പ്രശ്നമില്ല. വെള്ളീച്ചശല്യമാണ് പ്രധാനപ്രതിസന്ധി. തോട്ടി ഉപയോഗിച്ചാണ് തേങ്ങ ഇടുന്നത്.
തെങ്ങിൽ കയറാത്തതിനാൽ, എല്ലാ തെങ്ങിലും കുരുമുളക് പടർത്തിയിട്ടുണ്ട്. കുതിരവാലി, പന്നിയൂർ, കരിമുണ്ട, നീലമുടി ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്.
തെങ്ങിന്റെ ഇടവിളയായി ചെയ്യുന്ന കൊക്കോ കൃഷി നിലവിൽ ലാഭകരമാണ്. കൊക്കോ തൊണ്ടോടുകൂടിയും ഉണക്കിയുമാണ് വിൽക്കുന്നത്. തോട്ടത്തിൽ കാട്ടുപന്നി, മാൻ, മലയണ്ണാൻ, മരപ്പട്ടി ശല്യമുണ്ട്.
തോട്ടത്തിനു ചുറ്റും വേലി തീർത്തിട്ടുണ്ടെങ്കിലും നുഴഞ്ഞുകയറ്റ ഭീഷണിയുണ്ട്.
Agriculture
മൂന്ന് തരത്തിലുള്ള സലാഡ് കുക്കുമ്പറാണ് ഹരിതഗൃഹങ്ങളിൽ പ്രധാനമായും കൃഷി ചെയ്തുവരുന്നത്. 1. അമേരിക്കൻ സ്ലൈസർ, 2. ജാപ്പനീസ് കുക്കുമ്പർ, 3. ഇംഗ്ലീഷ് കുക്കുമ്പർ. ഇവയിൽ ഇംഗ്ലീഷ് കുക്കുമ്പറാണ് കൂടുതലായി നമ്മുടെ ഹരിതഗൃഹങ്ങളിൽ കൃഷി ചെയ്തുവരുന്നത്.
കേരളത്തിലെ ഹരിതഗൃഹങ്ങളിൽ വളരുന്ന ഇംഗ്ലീഷ് കുക്കുമ്പറിന് ശരാശരി 150-200 ഗ്രാം ഭാരവും 20-25 സെമീ നീളവുമാണുള്ളത്. ഈ ഇനത്തിൽ പെട്ട സലാഡ് കുക്കുമ്പറിൽ ചെറിയ വലുപ്പത്തിലുള്ള വളരെ കുറച്ച് വിത്തുകളെ ഉള്ളൂ.
അതിനാൽ ഇതിനെ വിത്തില്ലാത്ത സലാഡ് കുക്കുമ്പർ (Seedless cucumber) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് വളരെ എളുപ്പത്തിൽ ദഹിക്കുന്നു.
ദീപ്തമായ പച്ചക്കളറിലുള്ളതും വളരെ മൃദുവായതും ജലാംശം ധാരാളം അടങ്ങിയിട്ടുള്ളതുമായ ഈ ഫലങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയുണ്ട്.
സാധാരണ പുറത്തു കൃഷിചെയ്യുന്നതും കടകളിൽ ലഭിക്കുന്നതുമായ സലാഡ് കുക്കുമ്പറിനെ അപേക്ഷിച്ച് ഇവ വളരെ സ്വാദിഷ്ഠവും ഗുണമേന്മയുള്ളതുമാണ്. സാധാരണ സലാഡ് കുക്കുന്പറിന്റെ തൊലി ഉരിഞ്ഞു കളഞ്ഞതിനുശേഷം മാത്രമേ കഴിക്കാൻ ഉപയോഗിക്കാറുള്ളൂ.
എന്നാൽ, ഇംഗ്ലീഷ് കുക്കുമ്പർ തൊലി കളയാതെ തന്നെ കഴിക്കാൻ കഴിയും. ഇത് വിറ്റാമിൻ ഇയുടെ ഒരു കലവറയാണ്. ഇതിൽ വളരെ കുറച്ചു മാത്രമേ കലോറി അടങ്ങിയിട്ടുള്ളൂ. ഇതിനു പുറമേ താഴെ പറയുന്ന സവിശേഷതകൾ കൂടിയുണ്ട്.
സലാഡ് കുക്കുമ്പർ വളരെ വേഗത്തിൽ വളരുന്നു. ഇതിന്റെ ജീവിതദൈർഘ്യം മൂന്നര മാസമേ വരൂ. അതിനാൽ ഹരിതഗൃഹത്തിൽ ഒരു വർഷം മൂന്ന് വിളവ് എടുക്കാനാകും.
വളരെ ആസൂത്രണത്തോടെ നാലു വിളവരെ എടുക്കുന്ന കർഷകരുണ്ട്. ആദ്യത്തെ വിള നവംബറിൽ ഇട്ടാൽ അടുത്ത വിള ഏപ്രിലിലും മൂന്നാമത്തെ വിള ഓഗസ്റ്റിലും ഇടാൻ കഴിയും. എന്നാൽ, രണ്ട് വിള ഇറക്കിയശേഷം വേറെ വിള ഇറക്കുന്നതാണ് നല്ലത്.
സലാഡ് കുക്കുന്പർ കൃഷി ചെയ്യുമ്പോൾ ഹരിതഗൃഹത്തിൽ നല്ല വിളവ് തരുന്നതും നല്ല ഗുണമേന്മയും സ്വീകാര്യത ഉള്ളതുമായ ഇനം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഗൈനോസിയസ്, പാർത്തനോകാർപിക് എഫ് 1 ഹൈബ്രിഡ് ഇനങ്ങളാണ് പോളിഹൗസുകളിൽ ഉപയോഗിച്ചു വരുന്നത്.
ഇവ നല്ല കരുത്തോടെ വളരുന്നു. ഇവ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളവയും നല്ല സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഫലങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
Powdery mildew വിനെതിരെയും കുക്കുമ്പർ മൊസൈക്കിനെതിരെയും വാട്ടർ മെലൻമോസൈക്കിനെതിരെയും പ്രതിരോധശക്തിയുള്ള ഹൈബ്രിഡ് ഇനങ്ങളാണ് മിക്കവാറും ഉപയോഗിച്ചു വരുന്നത്.
താഴ്ന്ന താപനിലയും ആവശ്യത്തിനു പ്രകാശമില്ലാത്ത ഒരു അവസ്ഥയുമാണെങ്കിൽ ചിലപ്പോൾ ആണ്പൂക്കൾ ഉണ്ടാകാനിടയുണ്ട്. ആണ്പൂവിൽ നിന്നും പരാഗം പെണ്പൂവിൽ വീഴാനിടയായാൽ വിത്തുണ്ടാകാനും കായുടെ ആകൃതി ശരിയായ രീതിയിലല്ലാതിരിക്കുകയും ചെയ്യും.
ചിലപ്പോൾ കായ്ക്ക് കയ്പുരസം ഉണ്ടാകാറുമുണ്ട്. ആണ്പൂവ് കണ്ടാൽ അപ്പോൾ തന്നെ അവ പിഴുതെടുത്ത് കളയേണ്ടതാണ്. നല്ല നീർവാർച്ചയുള്ളതും പി.എച്ച് മൂല്യം 5.5നും 6.8നും ഇടക്കുള്ളതും അണുവിമുക്തമാക്കിയതുമായ മണ്ണാണ് കുക്കുമ്പർ കൃഷി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായത്.
കുക്കുമ്പറിന്റെ തൈകൾക്ക് വളർച്ച വേഗത്തിലായാതിനാൽ ഒരിക്കലും വെള്ളത്തിന്റെയോ വളത്തിന്റെയോ ലഭ്യതയിൽ കുറവുണ്ടാകാൻ പാടില്ല. എല്ലാ യൂറോപ്യൻ ഹരിതഗൃഹ കുക്കുന്പറുകളും പരാഗണം കൂടാതെ കായ് ഉത്പാദിപ്പിക്കുന്നവയാണ്.
ഇവ പെണ്പൂക്കൾ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. പരാഗണം നടക്കാത്തതിനാൽ, വിത്തില്ലാത്ത/വളരെ ചെറിയ വിത്തുള്ള ഫലങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. വളരെ വിരളമായി മാത്രമേ ഇവയിൽ ആണ്പൂക്കൾ ഉണ്ടാകാറുള്ളൂ.
ചെടി പറിച്ചുനട്ട് ഒരാഴ്ച കഴിഞ്ഞ് ചെടിക്ക് താങ്ങ് കൊടുക്കുന്നതാണ് നല്ലത്. ചെടികളിൽ കായ് ധാരാളമായി പിടിച്ചു കഴിഞ്ഞാൽ, കായുടെ ഭാരം കൊണ്ട് അവ വഴുതി താഴേക്ക് വരാൻ സാധ്യതയുണ്ട്. അതിനാൽ തണ്ട് പ്ലാസ്റ്റിക്ക് വയറിനോട് ചേർത്തുവെച്ച് ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് ക്ലിപ്പ് ഇടണം.
Agriculture
കേരളത്തിൽ പച്ചക്കറിയുടെ ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയ അന്തരമുണ്ട്. രണ്ട് മഴ സീസണുകൾ ലഭിക്കുന്ന കേരളത്തിൽ, പച്ചക്കറി ഉത്പാദനം പലപ്പോഴും ബുദ്ധിമുട്ടായാണ് കാണപ്പെടുന്നത്. ഗ്രീൻഹൗസുകൾ ഉപയോഗിച്ച് മണ്ണിലും മണ്ണിതര മാധ്യമങ്ങളിലും പച്ചക്കറികളും പൂക്കളും കൃഷിചെയ്യാവുന്നതാണ്.
സംരക്ഷിത കൃഷിരീതി (ഗ്രീൻഹൗസുകളിലെ കൃഷി) അവലംബിക്കുക വഴി വർഷത്തിൽ 365 ദിവസവും ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാൻ കഴിയും. താപനിലയും ഈർപ്പം നിയന്ത്രിക്കാൻ കഴിയുന്ന ഗ്രീൻഹൗസുകളിൽ ഏതു വിളയും കൃഷിചെയ്യാനാകും.
വീട്ടാവശ്യത്തിനും വ്യാവസായിക അടിസ്ഥാനത്തിലും ഹരിത ഗൃഹങ്ങളിൽ മണ്ണിലും മണ്ണിതര മാധ്യമങ്ങളിലും (ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് കൃഷിരീതികൾ) കൃഷി ചെയ്യാവുന്നതാണ്.
ഹരിതഗൃഹ കൃഷി
ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറി കൃഷി ചെയ്യുന്നത് 20 മുതൽ 40 ച. മീ. വിസ്തീർണമുള്ള ഹരിതഗൃഹം മതിയാകും. ഹരിതഗൃഹത്തിന്റെ എല്ലാവശവും പൂർണമായും ഇൻസെക്റ്റ് പ്രൂഫ് നെറ്റുകൊണ്ട് ആവരണം ചെയ്തിരിക്കണം.
യുവി ഷീറ്റ് മുകളിൽ ആവരണം ചെയ്യാൻ മാത്രം ഉപയോഗിച്ചാൽ മതി. പാവൽ, പടവലം പോലുള്ള പരപരാഗണം വേണ്ട കൃഷിയിനങ്ങളും ഹരിതഗൃഹത്തിൽ കൃഷി ചെയ്യാൻ സാധിക്കും. ഒരു ദിവസം ഇത്തരം വിളകളിൽ പരമാവധി 5 മുതൽ 10 പെണ് പൂക്കൾ മാത്രമേ വിരിയൂ.
ആണ് പൂവ് പൊട്ടിച്ച് പെണ്പൂവിൽ തൊട്ടാൽ പരാഗണം സാധ്യമാകും. ഇതിന് അഞ്ചു മിനിറ്റ് സമയം മാത്രമേ ഒരു ദിവസം വേണ്ടി വരൂ. ചെടികൾക്ക് വെള്ളവും വളവും ഡ്രിപ്പറുകളിലൂടെ കൊടുക്കാവുന്നതാണ്.
എല്ലാ ദിവസവും കൃത്യമായി വളവും വെള്ളവും കൊടുക്കുന്നതുകൊണ്ടും മഴ, ശക്തിയായ കാറ്റ്, ശക്തിയായ സൂര്യതാപം, രോഗകീട ബാധ, പക്ഷികൾ, അൾട്രാ വയലറ്റ് രശ്മികൾ എന്നിവയിൽനിന്നു ചെടികൾക്കു സംരക്ഷണം നൽകുന്നതുകൊണ്ടും നല്ല ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കാനും ഉത്പാദന ക്ഷമത വർധിപ്പിക്കാനും കഴിയും.
വ്യാവസായികാടിസ്ഥാനത്തിൽ ഹരിതഗൃഹത്തിൽ പച്ചക്കറികളും (സാലഡ് ഇനങ്ങൾ, ഇലക്കറികൾ, ഫലവൾഗങ്ങൾ) പൂക്കളും ലാഭകരവും എളുപ്പത്തിലും ചെയ്യാനാകും. ഉത്പന്നങ്ങൾക്ക് ഉയർന്ന ഗുണമേ· ഉറപ്പുവരുത്താൻ കഴിയുന്നതിനാൽ മാർക്കറ്റിൽ താരതമ്യേന നല്ല വില ലഭിക്കും.
ഹരിതഗൃഹത്തിന്റെ രൂപകൽപന ശരിയായില്ലെങ്കിൽ ചെടികൾ ശരിയായി വളരുകയോ കായുണ്ടാകുകയോ ചെയ്യില്ല. ഹരിതഗൃഹകൃഷിയിൽ സ്ട്രക്ച്ചറിന്റെ രൂപകൽപ്പനയ്ക്ക് വളരെ വലിയ സ്ഥാനമാണുള്ളത്.
വളമോ മറ്റു സംരക്ഷണോപാധികളിലോ എന്തെങ്കിലും പാകപ്പിഴ വന്നാൽ ആ വിളയെ മാത്രമേ ബാധിക്കുകയുള്ളു. എന്നാൽ സ്ട്രക്ച്ചർ ശരിയായി പണി കഴിപ്പിച്ചില്ലെങ്കിൽ ഹരിതഗൃഹത്തിലെ താപനിലയും ഈർപ്പവും ചെടികൾക്ക് അനുയോജ്യമല്ലാത്തതായി മാറുകയും എല്ലാ വിളയേയും സാരമായി ബാധിക്കുകയും ചെയ്യുന്നു.
ചിലപ്പോൾ കായ് ഉണ്ടായില്ലെന്നു തന്നെ വരാം. ഹരിതഗൃഹത്തിൽ; തടം തയ്യാറാക്കൽ, ഹൈ-ടെക് നേഴ്സറി തയ്യാറാക്കൽ, വിളകളുടെ പരിചരണം തുടങ്ങി എല്ലാ കാര്യങ്ങളിലും സാധാരണ കൃഷിയിൽനിന്നു വ്യത്യസ്തമാണ്.
വളരെക്കുറച്ചു സ്ഥലത്തു നിന്ന് ഏറ്റവും കുറവ് വെള്ളവും മറ്റു സാധനങ്ങളും ഉപയോഗിച്ച് പരമാവധി ഉത്പാദനം ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ചാണ് ഹരിത ഗൃഹകൃഷി അവലംബിക്കേണ്ടത്.
ട്രെല്ലിസിംഗ് സിസ്റ്റം, വെർട്ടിക്കൽ ഫാർമിംഗ് എന്നിവപോലെ പ്രത്യേക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനാൽ പല ചെടികളും പുറത്തു 8000 ച. മീറ്ററിൽ കൃഷി ചെയ്യാവുന്ന അത്ര ചെടികൾ; ഹരിതഗൃഹത്തിൽ 1000 ച. മീറ്ററിൽ കൃഷി ചെയ്യാനാകും.
വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന ആൾ 1000-2500 ച. മീ. വിസ്തീർണമുള്ള ഹരിതഗൃഹമെങ്കിലും നിർമിച്ചാലേ ലാഭകരമായി കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ. ശരിയായ പരിചരണമുറകൾ അനുഷ്ഠിച്ചാൽ മൂന്നു മുതൽ 10 ഇരട്ടി വരെ വിളവ് ലഭിക്കും.
ഉയർന്ന ഫ്ളാറ്റുകളിലും വളരെ പരിമിതമായ സ്ഥലങ്ങളിലും ജീവിക്കുന്നവർക്ക് കൃഷിചെയ്യുന്നതിന് മണ്ണോ ചകിരിച്ചോറോ ഉപയോഗപ്പെടുത്താൻ ബുദ്ധിമുട്ടാണ്. അവർക്കു കൃഷിചെയ്യുന്നതിന് വെള്ളത്തെ മാത്രമേ ആശ്രയിക്കാനാകൂ.
ഇവർക്ക് ഉപയോഗപ്പെടും വിധം ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് എന്നീ കൃഷി രീതികളും ഹരിത ഗൃഹങ്ങളിൽ അവലംബിക്കാവുന്നതാണ്. അക്വാപോണിക്സ് രീതി അവലംബിക്കുന്നവർക്ക് പച്ചക്കറിയോടൊപ്പം മീനും ലഭിക്കും.
Agriculture
സ്വന്തമായി ഒരു തുണ്ടു കൃഷി ഭൂമി പോലുമില്ലാത്ത പാലക്കാട്ടെ നെല്ലറയിലെ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം കണ്യാർക്കുന്നത്ത് മോഹനൻ ഓരോ സീസണിലും നെൽകൃഷി ചെയ്യുന്നത് 50 ഏക്കർ സ്ഥലത്ത്.
മംഗലം തെക്കേത്തറയിലും അണക്കപ്പാറ ചല്ലുപടിയിലുമായാണ് ഇക്കുറി രണ്ടാം വിള കൃഷി ചെയ്തിട്ടുള്ളത്. ഇത്രയും പ്രദേശത്തെ നടീൽ പൂർത്തിയായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി 63 കാരനായ മോഹനന്റെ കൃഷി രീതികളാണ് ഇത്.
ചെറുപ്പം മുതലെ ട്രാക്ടർ ഓടിക്കാനായിരുന്നു മോഹനന് മോഹം. ഈ ഇഷ്ടക്കൂടുതലിലാണ് പഞ്ചായത്തിലെ തൊഴിൽ സേനയിൽ ചേർന്നത്. അതിൽ ട്രാക്ടർ ഡ്രൈവറായി. പക്ഷേ, സേനയ്ക്ക് ദീർഘായുസുണ്ടായില്ല. പ്രവർത്തനങ്ങൾ നിലച്ചു.
എന്നാൽ, പാടങ്ങളിലെ കുറഞ്ഞ കാലത്തെ ഡ്രൈവർ ജോലിയിൽ മോഹനന്റെ മനസ് നെൽകൃഷിയിലുടക്കി. സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാത്ത താൻ എങ്ങനെ കൃഷി ചെയ്യും എന്നതായി മുന്നിലെ പ്രതിസന്ധി.
അങ്ങനെ മംഗലം പാലത്തിനടുത്ത് ഒരേഏക്കറോളം സ്ഥലം ഏറെ വർഷങ്ങളായി പൊന്തക്കാടു മൂടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സ്ഥലമുടമയോട് അനുമതി വാങ്ങി ചെറിയ പാട്ടത്തുകയിൽ ഭൂമിയെടുത്തു.
കാടുവെട്ടിയൊതുക്കി നിലം ഉഴുതു മറിച്ച് കൃഷിയിറക്കാൻ സ്ഥലമൊരുക്കി. നെൽകൃഷി ചെയ്തു. അന്പരപ്പിക്കുന്ന വിളവ്. ആദ്യ പരീക്ഷണം തന്നെ വിജയം. പിന്നെ മറ്റൊന്നും നോക്കിയില്ല. നാട്ടിൽ എവിടെയെല്ലാം തരിശായി കൃഷിഭൂമി കണ്ടാലും മോഹനൻ ഉടമയെ കണ്ട് കൃഷിക്കായുള്ള സമ്മതം വാങ്ങും.
വടക്കഞ്ചേരിയിലെ കൃഷി ഓഫീസറായിരുന്ന രശ്മിയും കൃഷി അസിസ്റ്റന്റായിരുന്ന ജോണ്സനും മോഹനന്റെ പുതിയ സംരംഭങ്ങൾക്കെല്ലാം സർവ പിന്തുണയും നൽകി കൂടെ നിന്നു.
നെൽകൃഷി വലിയ നഷ്ടമാണെന്നു പറഞ്ഞ് കർഷകരെല്ലാം കൃഷി ഉപേക്ഷിക്കുമ്പോഴും മോഹനൻ ഓരോ സീസണിലും കൂടുതൽ തരിശുഭൂമി കണ്ടെത്തി കൃഷി ഇറക്കുന്ന തിരക്കുകളിലാണിപ്പോൾ.
നെൽകൃഷിയെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്ന അപൂർവം കർഷകരിലൊരാളാണ് തരിശു മോഹനൻ എന്നറിയപ്പെടുന്ന മോഹനൻ. ഒരു വിളയിൽ നഷ്ടം വന്നാൽ അത് അടുത്തതിൽ പരിഹരിച്ച് മുന്നോട്ടുപോകും.
ഒന്നുമില്ലായ്മയിൽനിന്ന് എല്ലാ സൗകര്യങ്ങളും സന്പത്തും ഉണ്ടായത് നെൽകൃഷിയിൽ നിന്നാണെന്ന് നിറഞ്ഞ സംതൃപ്തിയോടെ മോഹനൻ പറയുന്നു. ഭാര്യ സരസ്വതിയും പിഎസ്സി പരീക്ഷയ്ക്ക് ഒരുങ്ങുന്ന മകൻ മനുവും മോഹനന് ഒപ്പമുണ്ട്.
ചെളിയിലും പൊടിയിലും അധ്വാനിക്കാനുള്ള മനസുണ്ടെങ്കിൽ കൃഷിയെപ്പോലെ ലാഭകരമായ ജോലി വേറെയില്ലെന്നാണ് വലിയ അക്കാദമിക് യോഗ്യതകളൊന്നുമില്ലാത്ത മോഹനന്റെ കൃഷി ശാസ്ത്രം. പാടവരന്പിൽ കുട ചൂടിനിന്ന് തൊഴിലാളികൾക്കു നിർദേശം നൽകുന്ന കർഷകനാണെങ്കിൽ നെൽകൃഷി നഷ്ടമാകും.
തൊഴിലാളികൾക്കൊപ്പം തൊഴിലാളിയാകണമെന്ന് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കൃഷി അനുഭവങ്ങളിലൂടെ മോഹനൻ പറയുന്നു. നാട്ടിലെ തരിശുഭൂമിയെല്ലാം ഓടിനടന്ന് കൃഷിഭൂമിയാക്കുന്ന മോഹനനെ നിരവധി അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
എല്ലാവർഷവും ചിങ്ങമാസം ഒന്നിന് കൃഷിഭവൻ ആദരിക്കുന്ന കർഷകരിൽ ഒരാൾ മോഹനനാകും. സാധിക്കാവുന്ന കാലം കൃഷിയുമായി മുന്നോട്ടു പോകണം എന്നുതന്നെയാണ് മോഹനന്റെ ആഗ്രഹം.
എന്നാൽ, സർക്കാർ കർഷകരോട് കാണിക്കുന്ന അവഗണന പലപ്പോഴും ഏറെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് മോഹനൻ ഉൾപ്പെടെയുള്ള നെല്ലറയായ പാലക്കാട്ടെ കർഷകർ കൂട്ടത്തോടെ പറയുന്നു.
ശേഷിച്ചിട്ടുള്ള കർഷകരെയും കൃഷി ഭൂമിയും സംരക്ഷിക്കാൻ സർക്കാർ ഭാഗത്തുനിന്നു സത്വര നടപടി ഉണ്ടായില്ലെങ്കിൽ ഏറ്റവും അടുത്ത ഭാവിയിൽതന്നെ നെല്ലറ കല്ലറയാകുന്ന ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ മാറും എന്ന മുന്നറിയിപ്പാണ് കർഷകർ നൽകുന്നത്.
ഓരോ വിളവെടുപ്പും നടീലും ഏതു സമയത്തു നടക്കും എന്നൊക്കെ നേരത്തെതന്നെ അറിയാവുന്നതാണ്. ഇതിനനുസരിച്ച് നെല്ല് സംഭരണ നടപടികളും നെല്ലിന്റെ വില തത്സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും നടപടി ഉണ്ടാകേണ്ടതാണ്.
അതല്ലെങ്കിൽ നെൽക്കൃഷിയിൽനിന്നു കർഷകർ കൂട്ടത്തോടെ പിന്മാറാൻ കാരണമാകും. അധ്വാനിച്ചുണ്ടാക്കിയ നെല്ലു വിറ്റാൽ അതിന്റെ വില കിട്ടാൻ മാസങ്ങളേറെ കാത്തിരിക്കേണ്ടി വരുന്നത് അസംഘടിതരായ കർഷകരോടു കാണിക്കുന്ന വലിയ ചതിയാണ്.
നെല്ലിന്റെ വില ബാങ്കിൽനിന്നു വായ്പ എടുക്കുന്നത് പോലെ നൽകുന്ന സംവിധാനം തന്നെ മാറ്റണം. മറ്റു ആനുകൂല്യങ്ങളോ പ്രോത്സാഹനങ്ങളോ ഔദാര്യമോ സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട.
കൃഷി ചെയ്തുണ്ടാക്കുന്ന നെല്ലിനു ന്യായമായ വിലയും വിപണിയും ഉണ്ടായാൽ സ്വയമേവ കൂടുതൽ പേർ കൃഷിയിലേക്ക് തിരിച്ചു വരും.
അത്തരം മിനിമം സഹായമെങ്കിലും കർഷകരോട് ചെയ്യണം എന്നതാണ് പാലക്കാട്ടെ നെൽകർഷകർക്ക് സർക്കാരിനോട് അപേക്ഷിക്കാനുള്ളത്.
ഇക്കുറി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പു വന്നതിനാൽ ഒന്നാം വിള നെല്ലിന്റെ വില ഏറെ മാസങ്ങൾ വൈകാതെ കുറേ കർഷകർക്കെങ്കിലും കിട്ടി.
തെരഞ്ഞെടുപ്പില്ലെങ്കിൽ കൊടുത്ത നെല്ലിന്റെ വില കിട്ടാൻ ഏറെ കാലത്തെ കാത്തിരിപ്പു വേണമായിരുന്നെന്നാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള കർഷകരുടെ അനുഭവം.
Agriculture
അതിരാവിലെ ചങ്ങനാശേരിയുടെ ആകാശം തെളിയുന്നതിന് മുൻപേ വട്ടക്കളം ജോർജ് മാത്യു എന്ന എഴുപതുകാരൻ ഉണരും. മഞ്ഞു വീണ വഴികളിലൂടെ തന്റെ പ്രിയപ്പെട്ട പാടശേഖരങ്ങൾ ലക്ഷ്യമാക്കി അദ്ദേഹം നടന്നു തുടങ്ങും.
ഒരു കർഷകന് തന്റെ വിളകൾ വെറും ചെടികളല്ല, മക്കളാണെന്ന സത്യം ആ നടത്തത്തിൽ കാണാം. ഓടേറ്റി വടക്കേ ബ്ലോക്ക്, തെക്കേ ബ്ലോക്ക്, കടന്പാടം, കുഴിക്കേരി എന്നീ പാടശേഖരങ്ങളിലായി പടർന്നു കിടക്കുന്ന തന്റെ 37 ഏക്കർ കൃഷിസാമ്രാജ്യത്തിലേക്ക് അദ്ദേഹം എത്തുന്പോൾ സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ.
ഓരോ നെൽച്ചെടിയുടെയും അരികിലെത്തി അവയുടെ വളർച്ച നേരിട്ടു കണ്ടു ബോധ്യപ്പെടണം അദ്ദേഹത്തിന്. എവിടെയെങ്കിലും ഒരു മഞ്ഞളിപ്പോ കീടബാധയുടെ ലക്ഷണങ്ങളോ ഉണ്ടോ എന്ന് ആ കണ്ണുകൾ സൂക്ഷ്മമായി തിരയും.
"മണ്ണിനെ സ്നേഹിക്കുനവനെ മണ്ണ് കൈവിടില്ല,’ ജോർജ് മാത്യുവിന്റെ വാക്കുകളിൽ ഉറച്ച വിശ്വാസം. ഓരോ ചെടിയെയും തൊട്ടും പരിപാലിച്ചും അദ്ദേഹം പാടവരന്പുകളിലൂടെ നീങ്ങുന്നു.
പരമ്പരകളായി
ജോർജ് മാത്യുവിന് കൃഷി എന്നത് രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്. കൃഷി പാരന്പര്യമായി ലഭിച്ചതാണെന്നും ചെറുപ്പം മുതലേ അപ്പച്ചന്റെ കൂടെ പാടത്തിറങ്ങി കാര്യങ്ങൾ പഠിച്ചതാണെന്നും അദ്ദേഹം ഓർക്കുന്നു.
കഴിഞ്ഞ 55 വർഷമായി അദ്ദേഹം സ്വന്തമായി കൃഷി കാര്യങ്ങൾ നോക്കി നടത്തുന്നു. പാരന്പര്യമായി ലഭിച്ച സ്വത്തിന് പുറമെ, കൃഷിയോടുള്ള താല്പര്യംകൊണ്ട് കൂടുതൽ നിലം വാങ്ങുകയും മറ്റു കർഷകരിൽ നിന്ന് പാട്ടം എടുക്കുകയും ചെയ്തു.
പാടത്ത് തൊഴിലാളികൾ എത്തിത്തുടങ്ങുമ്പോഴേക്കും അദ്ദേഹം കർമ്മനിരതനാകും. വളമിടേണ്ട രീതിയെക്കുറിച്ചും വെള്ളം ക്രമീരിക്കുന്നതിനെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകും.
വെറുമൊരു നിർദ്ദേശകനല്ല അദ്ദേഹം; തൊഴിലാളികൾക്കൊപ്പം വെയിലിലും മഴയത്തും പാടത്തുണ്ടാകുന്ന ഒരു കർമ്മയോഗി കൂടിയാണ്. നെൽകൃഷി ഇന്ന് അത്ര ആദായകരമല്ലെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു.
എങ്കിലും കൃഷിയെ ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറല്ല. "നമുക്ക് വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഇത് ചെയ്യുന്നു എന്നുള്ളതേയുള്ളൂ' എന്ന് ലളിതമായി പറയുന്പോഴും, കൃഷിയോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം അതിൽ പ്രകടമാണ്.
കൃഷിയെക്കുറിച്ച് വ്യക്തമായ അറിവുള്ളതുകൊണ്ട് മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ കുറച്ചുകൂടി ലാഭകരമായി കാര്യങ്ങൾ ചെയ്യാൻ തനിക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
Agriculture
കർഷകരോടുള്ള സർക്കാരിന്റെ കടുത്ത അവഗണനയിലും കടക്കെണിയിലും നെൽകൃഷിയെ തള്ളിപ്പറയാതെ മക്കളെയെന്നപ്പോലെ കൃഷിയെ താലോലിക്കുന്ന നെൽക്കർഷകർ ഇന്നും നെല്ലറയായ പാലക്കാട്ടുണ്ട്.
ന്യൂനപക്ഷമായി ചുരുങ്ങുന്ന ഈ കർഷക കൂട്ടായ്മയാണ് ഇന്നും പഴയ പ്രതാപം കാത്തുസൂക്ഷിക്കുന്നത്. രാപ്പകൽ അധ്വാനിച്ച് പാടങ്ങളിൽ കനകം വിളയിക്കുന്നവരാണ് ഇവർ.
നഷ്ടക്കണക്കുകൾ കുറിച്ചുവയ്ക്കാതെ പാരന്പര്യമായി കൃഷി ചെയ്തുവരുന്ന കർഷകരാണ് ഇന്നു നെല്ലറയിൽ ശേഷിക്കുന്നത്. നെല്ലറയുടെ മുഖം മിനുക്കുന്ന ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി ടൗണിനടുത്ത് പടിഞ്ഞാറെ കളത്തിലെ സഹോദരങ്ങളായ രാമകൃഷ്ണസ്വാമിക്കും ശങ്കരൻ സ്വാമിക്കും ജീവനാണ് നെൽകൃഷി.
അത് തങ്ങൾ ധരിക്കുന്ന വെള്ള വസ്ത്രം പോലെ പരിശുദ്ധമാകണമെന്ന് ഇരുവർക്കും നിർബന്ധവുമാണ്. ജൈവ ഉത്പന്നങ്ങൾ പോലെ ശുദ്ധമാണ് ഈ സ്വാമിമാരുടെ മനസുകളും.
77 വയസുള്ള രാമകൃഷ്ണസ്വാമിയാണ് മൂത്തയാൾ. 73 വയസുണ്ട് അനുജൻ ശങ്കരൻ സ്വാമിക്കും. നെൽകൃഷി ഇല്ലാതെയുള്ള ജീവിതത്തെക്കുറിച്ച് ഇവർക്ക് ചിന്തിക്കാനേ കഴിയില്ല.
അതുകൊണ്ടുതന്നെയാണ് വലിയ ആറക്ക നന്പർ ശന്പളമുള്ള വൈറ്റ് കോളർ ജോലിയെല്ലാം ഉപേക്ഷിച്ച് ഇരുവരും കൃഷിയിലേക്ക് തിരിഞ്ഞതും. കൃഷിയോടുള്ള മോഹം മൂത്ത് ബാങ്ക് ജോലി ഉപേക്ഷിച്ചാണ് അരനൂറ്റാണ്ടു മുമ്പ് കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള രാമകൃഷ്ണസ്വാമി ഈ രംഗത്തെ ത്തുന്നത്.
ബിഎസ്സി ഫിസിക്സിൽ ബിരുദമുള്ള ശങ്കരൻ സ്വാമിയെ ബാങ്കുജോലി തേടിയെത്തിയെങ്കിലും കൃഷി വിട്ടു ബാങ്ക് ജോലിക്ക് പോകാൻ ശങ്കരൻ സ്വാമിക്കും മനസു വന്നില്ല.
മണ്ണിന്റെ മണവും ശുദ്ധവായുവും ഇല്ലാതെ എങ്ങനെ ഇത്രയും മണിക്കൂറുകൾ ഓഫീസിൽ ഇരിക്കുമെന്ന ആധിയായിരുന്നു ജോലി നിയമനവുമായി ബാങ്കുകാർ വീട്ടിൽ വരുന്പോഴെക്കെ ശങ്കരൻ സ്വാമിയെ അലട്ടിയിരുന്നത്.
ജൈവകൃഷിയുടെ മുന്നോക്കകാരാണ് ഈ ബ്രാഹ്മണ സഹോദരങ്ങൾ. ഇവരുടെ വീടിനു പിറകിലുള്ള വടക്കഞ്ചേരി പാടശേഖരത്തിൽ 18 ഹെക്ടറിലുള്ള ജൈവ നെൽകൃഷിക്ക് ചുക്കാൻ പിടിക്കുന്നതും ഇവർ തന്നെയാണ്.
ഇതിൽ കൂടുതൽ കൃഷിഭൂമിയും സ്വാമിമാരുടെതാണ്. വർഷങ്ങളേറെയായി പാടശേഖര സമിതിയുടെ പ്രസിഡന്റു കൂടിയാണ് ശങ്കരൻ സ്വാമി. കൃഷിപോലെ ഇത്രയും ശ്രേഷ്ഠമായ ജോലി വേറെ എന്താണുള്ളതെന്നാണ് രാമകൃഷ്ണസ്വാമി ചോദിക്കുന്നത്.
പ്രകൃതിയോട് സല്ലപിച്ച് കൂട്ടിരിക്കുന്പോൾ കിട്ടുന്ന അനുഭൂതി മറ്റെവിടെനിന്നു കിട്ടും. ബാങ്ക് ജോലി ഉപേക്ഷിച്ച് കൃഷി ജീവിതമാർഗമാക്കിയതിൽ ഇന്നും നിരാശയോ വിഷമമോ ഉണ്ടായിട്ടില്ലെന്ന് സ്വാമിമാർ ഒരേ സ്വരത്തിൽ പറയുന്നു.
വെച്ചൂർ, കാസർഗോടൻ കുള്ളൻ തുടങ്ങി കുട്ടികൾ ഉൾപ്പെടെ 23 പശുക്കളും ഇവരുടെ പഴയ പത്തായപ്പുരക്കു പിറകിലുണ്ട്. ഔഷധ സസ്യങ്ങളെ കുറിച്ച് വളരെ ആഴത്തിൽ അറിവുള്ള കാട്ടുശേരി സ്വദേശി മണിയാണ് പണികളിലെ സഹായി.
പാടത്തെ ജൈവ കൃഷിയുടെയെല്ലാം കരുത്ത് ചാണകവും ഗോമൂത്രവുമാണെന്ന് ഇവർ സമർഥിക്കുന്നു. 2007 മുതൽ തുടർച്ചയായി പൂർണമായും ജൈവരീതിയിലാണ് പാടശേഖരത്തിലെ നെൽകൃഷി.
2008 ൽ ജൈവ നെൽകൃഷിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും വടക്കഞ്ചേരി പാടശേഖരത്തിന് ലഭിച്ചിരുന്നു. ജൈവ നെല്ല് അരിയാക്കി വില്പനയുമുണ്ട്. പുട്ടുപൊടിയും അവിലും ഇവിടുന്നുള്ള ഉത്പന്നങ്ങളാണ്.
വിദേശത്തുള്ളവർ നാട്ടിലെത്തി തിരിച്ചു പോകുമ്പോൾ സ്വാമിമാരുടെ വീട്ടിൽനിന്നു തവിടുകളയാത്ത അരി വാങ്ങിയാണ് തിരിച്ചു പോവുക. പാടശേഖരത്തിന് ഓർഗാനിക് കൗണ്സിലിന്റെ പിജിഎസ് (പാർട്ടിസിപ്പേറ്ററി ഗാരണ്ടി സിസ്റ്റംസ്) സർട്ടിഫിക്കറ്റുമുണ്ട്.
നാഷണൽ സെന്റർ ഫോർ ഓർഗാനിക് ഫാമിംഗിന്റെ അംഗീകാരം ലഭിക്കുന്നതും സംസ്ഥാനത്തു തന്നെ വളരെ കുറച്ചു പാടശേഖരങ്ങൾക്കാകും. ഉത്പന്നത്തിൽ വിഷാംശമോ മറ്റു കെമിക്കലുകളോ ഇല്ലെന്നതിന്റെ സർക്കാർ സാക്ഷ്യപത്രമാണിത്. 202 തരം കെമിക്കൽസും ഇല്ലെന്നുള്ളത് ഉറപ്പാക്കുന്നതാണ് ഈ അംഗീകാരം.
18 വർഷത്തോളമായി രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്തതിനാൽ പഴയ കാലത്ത് പാടങ്ങളിൽ സുലഭമായി കാണപ്പെട്ടിരുന്ന നീർക്കോലി പാമ്പും നാടൻ മത്സ്യങ്ങളും അന്യം നിന്നുപോകുന്ന നാടൻ തവളകൾ, ഞണ്ട്, ഞവിഞ്ഞി, മറ്റു ജലജീവികൾ, മണ്ണിര തുടങ്ങി എല്ലാം ഇവിടെ സമൃദ്ധമാണ്.
മഞ്ഞളിപ്പ്, ഓലകരിച്ചിൽ, മുഞ്ഞബാധ, ചാഴിക്കേട് തുടങ്ങിയ രോഗങ്ങളും ഉണ്ടാകാറില്ലെന്ന് സ്വാമിമാർ പറഞ്ഞു. കൃഷിയിലൂടെ യഥാർഥ സഹോദര സ്നേഹത്തിന്റെ മാതൃക കൂടി നാട്ടുകാർക്ക് കാണിച്ചു കൊടുക്കുന്നുണ്ട് ഈ കർഷക സഹോദരങ്ങൾ.
പരസ്പരം ബഹുമാനിച്ചും അംഗീകരിച്ചും ആദരിച്ചുമാണ് ഇവരുടെ ജീവിത യാത്രകളും. എന്താണ് അങ്ങനെ ചെയ്തത് എന്നൊരു വാക്ക് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടാകില്ല.
കൃഷി വിജയങ്ങളുടെയും ഒന്നിച്ചുള്ള സംതൃപ്തമായ കുടുംബ ജീവിതത്തിന്റെയും രഹസ്യവും ഇതുതന്നെയാകണം. അവിവാഹിതനാണ് മൂത്തയാൾ രാമകൃഷ്ണസ്വാമി. അനുജൻ ശങ്കരൻ സ്വാമി വിവാഹിതനാണ്.
ഭാര്യ: ലക്ഷ്മി. നരസിംഹനും പത്മയും മക്കൾ. കുസാറ്റിൽ നിന്നും ഫിസിക്സിൽ പിജി കഴിഞ്ഞിട്ടുള്ള മകൻ അച്ഛനൊപ്പം കൃഷിപണികളിലുണ്ട്. മകൾ പത്മ അസിസ്റ്റന്റ് ഫ്രഫസറായി ചേർത്തലയിലെ കോളജിൽ ജോലി ചെയ്യുന്നു.
Agriculture
ഒരേക്കറോളം പറമ്പ്. അതിൽ 350 ഇനം കുരുമുളക്. 22 ഇനം കാപ്പി. ഇതിനിടയിൽ മറ്റു കൃഷികൾ. കുടുംബം പോറ്റുന്നതിനും ഭേദപ്പെട്ട തുക മിച്ചം പിടിക്കുന്നതിനും ഉതകുന്ന വാർഷിക വരുമാനം. ഇതൊരു ഇല്ലാക്കഥയല്ല. വയനാട് മുട്ടിൽ വാര്യാടുകുന്നിലെ പുതുക്കുടി മുഹമ്മീദ് അലി കൃഷിയിടത്തിലെത്തിയാൽ അനുഭവിച്ചറിയാം കൃഷിയിടത്തിലെ ഇന്ദ്രജാലം.
അഞ്ചാംക്ലാസിൽ പഠിപ്പുനിർത്തി കൈക്കോട്ടും കത്തിയുമായി മണ്ണിലേക്ക് ഇറങ്ങിയതാണ് മുഹമ്മദ് അലി. അത് വെറുതെയായില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ വയനാടിനാകെ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന കർഷകരിൽ ഒരാളായി മുഹമ്മദ് മാറി. ഈ നേട്ടത്തിനു മുന്പിൽ ആരാധനയോടെ ശിരസ് നമിക്കുകയാണ് കാർഷികരംഗത്തെ പ്രമുഖർ.
തൊടിയിലെ കുരുമുളക്, കാപ്പി ഇനങ്ങളിൽ പലതും ഇരുത്തംവന്ന ഗവേഷകന്റെ സാമർഥ്യത്തോടെ മുഹമ്മദ് സ്വയം വികസിപ്പിച്ചതാണ്. കുരുമുളക് ഇനങ്ങളിൽ ഏഴുവരയൻ, മൈലാടുമുണ്ടി, ബോൾട്ട് എന്നിവയ്ക്ക് പേറ്റന്റ് സ്വന്തം പേരിൽ കുറിക്കാനുള്ള ശ്രമത്തിലാണ് ഈ കർഷകൻ.
നാലുവർഷംമുന്പ് മുഹമ്മദ് അലിയുടെ കൃഷിഭൂമിയിൽ 126 ഇനം കുരുമുളക് ചെടികളാണ് ഉണ്ടായിരുന്നത്. ഇതാണ് നിരന്തര അധ്വാനത്തിലൂടെ 350 ആയി ഉയർത്തിയത്. ഇതിൽ 80 എണ്ണം കുറ്റിക്കുരുമുളക് ഇനങ്ങളാണ്.
ജ്വാല, വനമുണ്ടി, പന്നിയൂർ മോഹി, പാമ്പൻ, വൈഗ, വൈശാലി, പിബി വണ്, മുത്തുമണി, മേൻമ, സൂപ്പർ ബോൾട്ട്, ജീവ, യവനപ്രിയ, ഗരുഡമുണ്ടി, വൈരമുണ്ടി, ഇലനാന്പൻ, വീരമുണ്ടി, വാലി, സൂപ്പർ ഗോൾഡ്.... ഇങ്ങനെ നീളുന്നതാണ് മുഹമ്മദ് വികസിപ്പിച്ച കുരുമുളക് ഇനങ്ങൾ.
രണ്ടു മാസം ഇടവിട്ട് വിളവെടുക്കാവുന്നതാണ് പല കരുമുളക് ഇനങ്ങളും. ആണ്ടുതോറും കുറ്റിക്കുരുമുളക് ചെടികളിൽനിന്നു ഏകദേശം രണ്ടര ക്വിന്റലും മറ്റിനങ്ങളിൽനിന്നു അഞ്ച് ക്വിന്റലിനടുത്തും വിളവ് ലഭിക്കുന്നുണ്ടെന്ന് മുഹമ്മദ് പറയുന്നു.
അറബിക്ക, റോബസ്റ്റ, കാളിന്ദി, എച്ച്ആർസി തുടങ്ങിയവ പറന്പിലെ കാപ്പി ഇനങ്ങളാണ്. 37 ചാക്ക് ഉണ്ടക്കാപ്പിയാണ് ഒരു വർഷം ശരാശരി വിളവ്. പതിറ്റാണ്ടുകൾ മുന്പ് മുഹമ്മദ് പുൽപ്പള്ളിക്കടുത്ത് പാടിച്ചിറയിൽ കുരുമുളക് വിളവെടുപ്പ് ജോലിക്കു പോയിരുന്നു.
അക്കാലത്ത് മനസിൽ നാന്പിട്ടതാണ് സ്വന്തമായി ഇത്തരി മണ്ണുണ്ടാകുന്പോൾ കുരുമുളക് കൃഷി നടത്തണമെന്ന ആഗ്രഹം. 21-ാം വയസിൽ വിവാഹിതനായതിനു പിന്നാലെയാണ് മുഹമ്മദ് അലി ഭൂവുടമയായത്.
ഭാര്യവീട്ടുകാർ വിവാഹ സമ്മാനമായി 50 സെന്റ് ഭൂമിയാണ് നൽകിയത്. പിന്നീട് മാണ്ടാടിൽ കുടുംബസ്വത്തിന്റെ വിഹിതമായും കുറച്ചു ഭൂമി ലഭിച്ചു.
സ്വന്തം മണ്ണിൽ വിയർപ്പൊഴുക്കുന്നതിനിടെ കുടകിൽ ഇഞ്ചിക്കൃഷിക്കു പോയപ്പോഴുണ്ടായ അനുഭവങ്ങളാണ് പുതിയ കാപ്പി, കുരുമുളക് ഇനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളിലേക്ക് നയിച്ചതെന്നു മുഹമ്മദ് ഓർക്കുന്നു.
Agriculture
കുടിയേറ്റ മേഖലയിലെ നെല്ലറയായ ചേകാടി പാടത്ത് കൊയ്ത്ത് ഉത്സവം. വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ ഗന്ധകശാല നെൽകൃഷി ചെയ്യുന്ന പ്രധാന പാടമാണ് ചേകാടി. ഇത്തവണത്തെ വിളവെടുപ്പിൽ നൂറുമേനി വിളയിച്ച് നെൽകൃഷിയെ നെഞ്ചിലേറ്റിയിരിക്കുകയാണ് ചേകാടിയിലെ കർഷകർ.
പുൽപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡായ ചേകാടി ഗോത്ര വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണ്. മൂന്നു വശം വനത്താലും ഒരു ഭാഗം കബനി നദിയാലും ചുറ്റപ്പെട്ടു കിടക്കുന്നതാണ് ചേകാടിയിലെ നെൽപാടം.
300 ഏക്കറോളം ഒരേ നിരപ്പിലുള്ള നെൽപാടമാണ് എന്ന പ്രത്യേകതയും ചേകാടിക്കുണ്ട്. നൂറ്റന്പതോളം കർഷകരാണ് ഇവിടെ നെൽകൃഷി ചെയ്തിരിക്കുന്നത്. ഇതിൽ 93 പേർ ആദിവാസി ട്രൈബൽ കർഷകരാണ്.
വിവിധയിനം നെല്ലിനങ്ങളായ ഗന്ധകശാല, വലിച്ചൂരി, കുള്ളൻ തൊണ്ടി, മലബാർ മട്ട തുടങ്ങിയ നെല്ലിനങ്ങളാണ് പാടത്ത് ഏറെയും കൃഷി ചെയ്തിരിക്കുന്നത്. ഭൂരിഭാഗം കർഷകരും രാസവളം ഒഴിവാക്കി ജൈവകൃഷി രീതിയാണ് അവലംബിക്കുന്നത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് നെൽകൃഷിക്കു തുടക്കം കുറിക്കുന്നത്. നാലര മാസം-അഞ്ച് മാസം വരെ വളർച്ചയുള്ള നെല്ലിനങ്ങളാണ് പാടത്ത് കൃഷി ചെയ്തിരിക്കുന്നത്.
രൂക്ഷമായ വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിനായി നെൽകൃഷി ആരംഭിക്കുന്നതുമുതൽ പാടത്ത് കാവൽപുര ഒരുക്കിയാണ് ചേകാടി പാടത്ത് കർഷകർ കൃഷി ചെയ്യുന്നത്.
ഇവിടുത്തെ തൊഴിലാളികൾക്ക് പുറമേ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള നെൽകൃഷി രീതി അവലംബിച്ചിട്ടുണ്ട്. ചേകാടി പാടത്ത് ഗന്ധകശാല നെൽകൃഷി ആരംഭിക്കുന്നത് മുതൽ വിളവെടുപ്പുകാലം വരെ ഏറെ കരുതലോടെയാണ് കർഷകർ പരിപാലിക്കുന്നത്.
കതിരിടുന്നതിനു പിന്നാലെ ചെറിയ കാറ്റിലും മഴയിലും ചെടി വീണു പോകുന്നതിനു പുറമേ വന്യജിവിശല്യത്തേയും അതിജീവിച്ചാണ് കർഷകർ നെല്ല് വിളയിക്കുന്നത്.
നെല്ല് വിളഞ്ഞു പാകമാകുന്നതോടെ ഗന്ധകശാല നെല്ലിന്റെ സുഗന്ധം വന്യമൃഗങ്ങളെ ആകർഷിക്കുന്നതിനാൽ വിളവെടുപ്പ് കാലത്ത് പാടത്ത് കാവലിരുന്നാണ് നെൽകൃഷിയെ കർഷകർ സംരക്ഷിക്കുന്നത്.
യന്ത്രമുപയോഗിച്ച് ഗന്ധകശാല വിളവെടുക്കാൻ കഴിയില്ല. തൊഴിലാളികളെ ഉപയോഗിച്ചാണ് ഗന്ധകശാല വിളവെടുപ്പും സംസ്കരണവും. ഗന്ധകശാല നല്ല വിളവ് ലഭിച്ചാൽ ഒരു ഏക്കറിൽ 6 മുതൽ 8 ക്വിന്റൽ വരെയും മറ്റ് നെല്ലിനങ്ങൾ ഏക്കറിൽ 16 മുതൽ 25 ക്വിന്റൽ വരെയും വിളവ് ലഭിക്കും.
വിളവെടുപ്പ് കാലത്ത് ചേകാടിയിലെ ഗന്ധകശാല നെല്ല് വാങ്ങാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആളുകൾ എത്താറുണ്ടെന്നും കർഷകർ പറഞ്ഞു. അന്യജില്ലകളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് ചേകാടിയിലെ നെൽപാടം വിളഞ്ഞ് നിൽക്കുന്നത് മനോഹരമായ കാഴ്ച കൂടിയാണ്.
Agriculture
സർക്കാർ ജോലി ലഭിച്ചിട്ടും അതിനു പോകാതെ കൃഷിയിലേക്ക് ഇറങ്ങിയ നടുവിൽ വേങ്കുന്ന് സ്വദേശി കല്ലിടുക്കനാനിക്കൽ മനോജ് ജോസഫ് കാർഷികവൃത്തിയിൽ തികഞ്ഞ സംതൃപ്തനാണ്.
ബിരുദവും ഇലക്ട്രിക്കൽ ഡിപ്ലോമയും കഴിഞ്ഞ മനോജ് ജോസഫിന് 2006 ലാണ് കഐസ്ഇബിയിൽ ജോലി ലഭിക്കുന്നത്. എന്നാൽ, പാരന്പര്യമായി കിട്ടിയ കൃഷി ജീവിതം തുടരാൻ ആയിരുന്നു മനോജിന്റെ തീരുമാനം.
അന്ന് മനോജിന്റെ കൂടെ ജോലി ലഭിച്ചവർ ഇപ്പോൾ സീനിയർ സബ് എൻജിനിയർമാരാണ്. എന്നാൽ സ്വന്തമായുള്ള ആറ് ഏക്കറിലും പാട്ടത്തിനെടുത്ത ഒരേക്കറിലും സമ്മിശ്ര കൃഷി ചെയ്ത് നൂറുമേനി നേട്ടം കൊയ്യുകയാണ് ഈ 54കാരൻ. വേങ്കുന്നിലുള്ള മനോജിന്റെ പുരയിടത്തിൽ എത്തിയാൽ നമ്മൾക്ക് അത് മനസിലാകും.
40 ഇനം കുരുമുളക്, റബർ, തെങ്ങ്, കവുങ്ങ്, വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ, വിവിധ ഇനം പച്ചക്കറികൾ, പശുവളർത്തൽ, തേൻ ഉല്പാദനം അങ്ങനെ സകല കാർഷിക മേഖലയിലും ഇദ്ദേഹം കൈവയ്ക്കുന്നു.
അതുകൊണ്ടുതന്നെ ഒരു ഇനത്തിൽ അല്പം ഇടിവു വന്നാൽ മറ്റുള്ളവയിൽനിന്ന് അതു തരണം ചെയ്യുന്നു. ഈ രീതി തുടരുന്നതുകൊണ്ടു ലാഭമല്ലാതെ നഷ്ടം ഉണ്ടായിട്ടില്ലെന്ന് മനോജ് സാക്ഷ്യപ്പെടുത്തുന്നു.
2013ൽ നടുവിൽ പഞ്ചായത്തിലെ മികച്ച യുവകർഷകൻ. 2018ൽ തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്തിലെ മികച്ച യുവ കർഷകൻ, 2024ൽ നടുവിൽ പഞ്ചായത്തിലെ മികച്ച കർഷകൻ എന്നീ പുരസ്കാരങ്ങളും മനോജിനു ലഭിച്ചിട്ടുണ്ട്.
അഞ്ചു വർഷമായി നടുവിൽ പഞ്ചായത്തിലും പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലും കഴിഞ്ഞ വർഷം ചെങ്ങളായി പഞ്ചായത്തിലും കർഷകർക്ക് ആവശ്യമായ മഞ്ഞൾ വിത്തുകൾ ഉല്പാദിപ്പിച്ചു നൽകുന്നത് മനോജാണ്.
സ്വന്തമായി ഉല്പാദിപ്പിക്കുന്ന മണ്ണിര കന്പോസ്റ്റാണ് പ്രധാന വളമായി ഉപയോഗിക്കുന്നത്. കൂടെ മറ്റു രാസവളങ്ങളും പ്രയോഗിക്കുന്നു. നടുവിൽ കൃഷിഭവന്റെ എല്ലാ സാങ്കേതിക സഹായങ്ങളും ലഭിക്കുന്ന മനോജ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 40 ഇനം കുരുമുളകുകൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയും തൈകൾ ഉല്പാദിപ്പിച്ച് ആവശ്യക്കാർക്കു നൽകുകയും ചെയ്യുന്നു.
മണ്ണിര കന്പോസ്റ്റിനെക്കുറിച്ച് പഠിക്കാനെത്തുന്നവർക്ക് സാങ്കേതിക പരിജ്ഞാനം നൽകുകയും സൗജന്യമായി മണ്ണിരകളെ നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധി ആളുകളാണ് മനോജിന്റെ പക്കൽനിന്നു മണ്ണിരകളെ കൊണ്ടുപോകുന്നത്.
പൂർവികരിൽനിന്നു പകർന്നു കിട്ടിയ അനുഭവവും തന്റേതായ പരീക്ഷണങ്ങളുമായി ഓർമവച്ച കാലംതൊട്ട് മണ്ണിൽ പണിയെടുക്കുന്ന മനോജിന് കൃഷിതന്നെയാണു ജീവിതവും. രണ്ടു സ്ഥിരം തൊഴിലാളികൾക്കു പുറമെ ആവശ്യാനുസരണം മറ്റു തൊഴിലാളികളും മനോജിന്റെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്.
തന്റെ ലാഭത്തേക്കാൾ അവർക്ക് നൽകുന്ന വേതനത്തിലാണ് മനോജിന്റെ സംതൃപ്തി. പുലിക്കുരുമ്പ ക്ഷീര സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ മനോജിന് എല്ലാ പിന്തുണയും നൽകി ഭാര്യ ലിനിയും മക്കളായ മൗറിനും ഫ്ളവറിനും ജോഷയും ഒപ്പമുണ്ട്.
കുരുമുളക് തൈ ഉൾപ്പടെ തന്റെ കൃഷിക്ക് ആവശ്യമായ എല്ലാ വിത്തുകളും സ്വന്തമായി ഉല്പാദിപ്പിക്കുന്ന മനോജ് ആവശ്യക്കാർക്ക് അതു നൽകാനും തയാറാണ്.
Agriculture
നാട്ടിൽനിന്നും ഏറെക്കുറെ അപ്രത്യക്ഷമായ എള്ളുകൃഷി തിരികെ കൊണ്ടുവന്നു വിപ്ലവം സൃഷ്ടിക്കുകയാണ് രണ്ടു യുവകർഷകർ. കരിമണ്ണൂർ പള്ളിക്കാമുറി സ്വദേശിയായ പറയിടത്തിൽ അഡ്വ. ഷിബു ജോസഫും ഇദ്ദേഹത്തിന്റെ സുഹൃത്ത് റോയി കൊടുവേലിയുമാണ് എള്ളുകൃഷിയിലൂടെ പുതുചരിത്രമെഴുതുന്നത്.
പഴയകാലത്ത് നിരവധി കർഷക കുടുംബങ്ങളിൽ എള്ളുകൃഷി സർവ്വസാധാരണമായിരുന്നു. നെൽകൃഷി സമൃദ്ധമായിരുന്ന വേളയിൽ മകരക്കൊയ്ത്തിനുശേഷം തരിശുപാടങ്ങളിലാണ് സാധാരണയായി എള്ളുകൃഷി നടത്തിവന്നിരുന്നത്. എന്നാൽ, നെൽകൃഷി അന്യംനിന്നുപോയതോടെ ഏക്കർകണക്കിനു പാടങ്ങൾ ഇന്നു വൻനിർമിതികളായി മാറി.
ഇതിനുപുറമെ തെങ്ങും കമുകും പൈനാപ്പിളും റംബുട്ടാനും ഉൾപ്പെടെയുള്ളവ ഇടംനേടുകയും ചെയ്തു. മികച്ച സൂര്യപ്രകാശവും ഏറെ വളക്കൂറുമുള്ള മണ്ണിലാണ് സാധാരണ എള്ള് സമൃദ്ധമായി വിളയുന്നത്. ഇതിനുപറ്റിയ സാഹചര്യമില്ലാത്തതിനാൽ ഭൂരിപക്ഷം കർഷകരുടേയും കൃഷിയിടങ്ങളിൽനിന്ന് ഈ കൃഷി അന്യംനിന്നു പോകാൻ കാരണമായി.
ഇതിനിടെയാണ് ഷിബുവും റോയിയും എള്ളുകൃഷിയിൽ ഒരു കൈ പയറ്റാൻ തയാറെടുത്ത് മുന്നോട്ടുവന്നിരിക്കുന്നത്.
ഒരേക്കർ തരിശ് ഭൂമിയിൽ
റബർതോട്ടം വെട്ടി ഹൗസ് പ്ലോട്ട് തിരിച്ച് വിൽപനയ്ക്കായിട്ടിരുന്ന ഒരേക്കർ സ്ഥലത്താണ് ഇരുവരും ചേർന്ന് കാരെള്ള് കൃഷി ചെയ്യാൻ തീരുമാനിച്ചത്. ഷിബുവിന്റെ ബന്ധുവിന്റെ സ്ഥലമായിരുന്നതിനാൽ തങ്ങളുടെ ആഗ്രഹം അറിയിച്ചതോടെ സ്ഥലം വിട്ടുനൽകാൻ തയാറായി.
സ്ഥലത്തെ കാടുംപടലും നീക്കി മണ്ണ് ഉഴുതെടുക്കുകയായിരുന്നു ആദ്യ ജോലി. തൊഴിലാളികളെ നിയോഗിച്ചാൽ തങ്ങളുടെ പോക്കറ്റ് കാലിയാകുമെന്ന തിരിച്ചറിവിൽ ഭൂരിഭാഗം ജോലികളും സ്വന്തം നിലയ്ക്കു ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം.
മറ്റു കൃഷികളും വീട്ടിലെ അസൗകര്യങ്ങളും മൂലം കൂടുതൽസമയം ചെലവഴിക്കാനും പരിമിതിയുണ്ടായിരുന്നു. അതിനാൽ യന്ത്രവത്കരണം പ്രയോജനപ്പെടുത്തുകയെന്ന രീതിയാണ് ഇവർ സ്വീകരിച്ചത്. ഒരേക്കറിൽ 600 ഗ്രാം വിത്താണ് വിതച്ചത്.
ശാസ്ത്രീയ വളപ്രയോഗം
ശാസ്ത്രീയമായ വളപ്രയോഗമാണ് കൃഷിയിടത്തിൽ സ്വീകരിച്ചത്. ആറു തവണ വളം നൽകിയെങ്കിലും ഒരു തവണ പോലും ചെടികളുടെ ചുവട്ടിൽ നേരിട്ട് നൽകിയില്ല. മിസ്റ്റ് ബ്ലോവർ ഉപയോഗിച്ച് ഇലവളം (ഫോളിയാർ ഫെർട്ടിലൈസേഷൻ) സ്പ്രേ ചെയ്യുകയായിരുന്നു.
ഇതിലൂടെ വളംഅൽപം പോലും നഷ്ടപ്പെടാതെ കൃത്യമായി ഓരോ ചെടിക്കും ലഭ്യമാക്കാൻ കഴിഞ്ഞു. കള പറിക്കാൻമാത്രമാണ് മനുഷ്യാധ്വാനം ഉപയോഗിക്കേണ്ടിവന്നത്. ഇതും ഇരുവരും സ്വന്തമായി ചെയ്തു. ഒരു ചെടിയിൽ 100 മുതൽ 150 വരെ കായകളാണുള്ളത്.
ഒരുകായയിൽ കുറഞ്ഞത് 40-50 വരെ വിത്തുകളുണ്ട്. എള്ളിൽ ഇരുന്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പോഷകസമൃദ്ധമാണിത്. നവജാത ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർക്കെല്ലാം ഏറെ ഉത്തമം.
അതിനാൽ വൻ ഡിമാന്റാണ് എള്ളിനുള്ളത്. ഇതോടൊപ്പം പലഹാരനിർമാണത്തിനും മിഠായികൾ തയാറാക്കുന്നതിനും എള്ള് ഉപയോഗിച്ചുവരുന്നുണ്ട്. നിലവിൽ കിലോയ്ക്ക് 500550 രൂപ വരെയാണ് വിപണി വില. കൃഷിയെക്കുറിച്ചറിഞ്ഞ് തമിഴ്നാട്ടിൽ നിന്നടക്കം ആവശ്യക്കാർ എത്തുന്നുണ്ട്.
കുട്ടികൾ മുതൽ കൃഷി വിദഗ്ധർ വരെ
വിജയകരമായി നടപ്പാക്കിയ യുവകർഷകരുടെ എള്ളുകൃഷി കാണാനും പഠിക്കാനുമായി സ്കൂളുകളിൽനിന്നു വിദ്യാർഥികളടക്കം നിരവധിപ്പേരാണ് കൃഷിയിടത്തിൽ എത്തുന്നത്. തൊടുപുഴ കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കലിന്റെ നേതൃത്വത്തിൽ എള്ളുകൃഷി സംബന്ധിച്ച് പഠിക്കുന്നതിനായി നിരവധി കർഷകരെ പങ്കെടുപ്പിച്ച് ഇവിടേക്കു പഠന യാത്രയും നടത്തിയിരുന്നു.
ജില്ലയ്ക്കകത്തും പുറത്തുനിന്നും നിരവധികർഷകർ ഇവിടെ എത്തുന്നുണ്ട്. കരിമണ്ണൂർ കൃഷിഭവനിൽ നിന്നുള്ള മികച്ച പിന്തുണ തങ്ങൾക്ക് ഏറെ സഹായകരമായതായി ഷിബുവും റോയിയും പറഞ്ഞു.
സ്ഥലം ലഭ്യമായാൽ അടുത്ത സീസണിൽ വിപുലമായ രീതിയിൽ കൃഷി നടത്താനാണ് ഇവരുടെ തീരുമാനം. ജനുവരി ആദ്യവാരത്തോടെ വിളവെടുപ്പ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
ഈ വർഷം മഴമാറാൻ താമസിച്ചതിനാലാണ് വിളവെടുപ്പ് വൈകിയതെന്നും സാധാരണ 90 മുതൽ 100 ദിവസം വരെയാണ് വിളവെടുപ്പിന് വേണ്ടതെന്നും ഇവർ പറഞ്ഞു.
Agriculture
പുറ്റടി, കുമളി, ആനവിലാസം തോട്ടങ്ങളിലെ ഏലപ്പെരുമ ഹൈറേഞ്ചിലെ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്. ഏലത്തിനു മികച്ച വില ലഭിക്കുന്നതിനാൽ, പരന്പരാഗത കാപ്പിത്തോട്ടങ്ങൾ പലതും ഏലത്തോട്ടങ്ങളായി മാറി.
തോപ്രാംകുടി ഉദയഗിരിയിലെ കാറ്റിനുപോലും ഇപ്പോൾ ഏലത്തിന്റെ സുഗന്ധമാണ്. പച്ച ഏലയ്ക്കാ സംഭരണ കേന്ദ്രങ്ങൾ ധാരാളമുണ്ടായിരുന്ന ഉദയഗിരിയിൽ ഇപ്പോൾ കായ ഉണക്കുന്നതിനുള്ള ഡ്രയറുകളും സോർട്ടിംഗ് കേന്ദ്രങ്ങളും സുലഭമാണ്. ഉദയഗിരിയിലെ ഏലസുഗന്ധത്തിലൂടെ ഒരു യാത്ര.
കാപ്പിയിൽനിന്ന് ഏലത്തിലേക്ക്
ഉദയഗിരി, മേരിഗിരി സ്വദേശിയായ നിഖിൽ കെ. ജോയി എന്ന ചെറുപ്പക്കാരൻ ആറു വർഷമായി ഏലക്കൃഷി ചെയ്തുവരുന്നു. നേരത്തേ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നിഖിൽ, ഏലത്തിനു മികച്ച വില ലഭിക്കാൻ തുടങ്ങിയതോടെയാണ് ഈ കൃഷിയിലേക്കു തിരിഞ്ഞത്.
നിലവിൽ 16 ഏക്കർ സ്ഥലത്ത് ഏലക്കൃഷി നടത്തുന്നുണ്ട്. കണിപറന്പൻ, ഞള്ളാനി, 9 ബോൾട്ട് ഏലം വെറൈറ്റിയാണ് തോട്ടത്തിൽ കൃഷി ചെയ്തിരിക്കുന്നത്. ഇതിൽ കണിപറന്പനാണ് കൂടുതലായി കൃഷി ചെയ്തിരിക്കുന്നത്.
ഉദയഗിരിയിലെ കാലാവസ്ഥയിൽ കണിപറന്പൻ വെറൈറ്റിക്ക് ഉത്പാദനക്ഷമത കൂടുതലുള്ളതിനാലാണ് ഇത്. 15 വർഷം മുന്പ് മറ്റൊരു കർഷകനിൽനിന്നു ശേഖരിച്ച ചിന്പിൽനിന്നാണ് ഇപ്പോൾ കൃഷിക്കുള്ള ചിന്പ് ഉപയോഗിക്കുന്നത്.
കണിപറന്പന്റെ ഒന്നിൽ കൂടുതൽ വെറൈറ്റികൾ നിലവിൽ തോട്ടത്തിൽ ഉണ്ട്. ഞള്ളാനിയുടെ പല കാലാവസ്ഥയിൽ വളരുന്ന വെറൈറ്റികളുണ്ട്. നമ്മുടെ തോട്ടത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഏലം ഏതെന്നു തിരിച്ചറിഞ്ഞാണ് കൃഷിക്കായി തെരഞ്ഞെടുക്കുന്നതെന്ന് നിഖിൽ പറഞ്ഞു.
തോട്ടത്തിൽ കാപ്പിയും കുരുമുളകുമാണ് ആദ്യകൃഷി ചെയ്തിരുന്നത്. കാപ്പി, കുരുമുളക് കൃഷിയിൽനിന്ന് വർഷത്തിൽ ഒരു തവണ മാത്രമാണ് വിളവ് ലഭിക്കുന്നത്. കാപ്പിക്കുരുവിന് വില കുറഞ്ഞതും കുരുമുളക് ചെടിയിൽ രോഗം വന്നതുമാണ് ഏലത്തിലേക്കു തിരിയാൻ കാരണം.
ജൂണിൽ തൈ നടും
ജൂണ് മാസത്തിലാണ് ഏലം നടുന്നത്. രണ്ടടി ആഴത്തിൽ ഒരു അടി വലുപ്പത്തിൽ കുഴിയെടുത്ത് തടം എടുക്കണം. ചാണകപ്പൊടിയും ജൈവവളവും ഇട്ട് ചിന്പ് വയ്ക്കും. മൂത്തുപാകമായ രണ്ടു മുളയുള്ള ചിന്പാണ് നടുന്നത്. പത്തടി അകലത്തിലാണ് തടം എടുക്കുന്നത്.
ചിന്പിന്റെ വേരുമാത്രമാണ് മൂടുന്നത്. ഇതിനു മുകളിൽ കരികിലയും ചപ്പും ഇട്ടുകൊടുക്കും. ചിമ്പ് താങ്ങുകാലിൽ കെട്ടിവയ്ക്കും. 15 ദിവസം കഴിയുന്പോൾ ഫംഗിസൈഡ് കലക്കി ഒഴിക്കും. ഇതിനുശേഷം വളപ്രയോഗം ആരംഭിക്കും. കാത്സ്യം പോലെയുള്ള സൂക്ഷ്മമൂലകങ്ങൾ നൽകും.
ചെടിയുടെ വളർച്ച നിരീക്ഷിച്ചാണ് സൂക്ഷ്മമൂലകങ്ങളുടെ കുറവ് കണ്ടെത്തുന്നത്. നട്ട ചിന്പിൽനിന്ന് പുതിയ ചിന്പ് ഒരടി ഉയരത്തിൽ എത്തുന്പോൾ, ആദ്യത്തെ രാസവള പ്രയോഗം നടത്തും. ജൈവവളവും ധാന്യങ്ങളുടെ പൊടിയും കുമിക്കും ചേർത്താണ് രാസവളങ്ങൾ ചെടിക്ക് നൽകുന്നത്.
ചെടി ആറുമാസം പ്രായമാകുമ്പോൾ, ചെടിക്കുണ്ടാകുന്ന ബാക്ടീരിയ, ഫംഗസ്, പ്രാണികളുടെ ആക്രമണം എന്നിവ തടയുന്നതിനായി മരുന്നു സ്പ്രേ ചെയ്തു കൊടുക്കും. വേനൽക്കാലമാകുന്പോൾ ജനുവരി മുതൽ മാർച്ച് വരെ തോട്ടം നനയ്ക്കും.
സ്പ്രിംഗളറും മിസ്റ്റും വച്ചാണ് നനയ്ക്കുന്നത്. ഇതിനുള്ള കിണറുകളും കുളങ്ങളും തോട്ടത്തിൽ രണ്ട്.
ആറുതവണ കായ എടുക്കും
ഏലച്ചെടിക്ക് രണ്ടു വർഷം പ്രായമാകുമ്പോൾ കായ ഉണ്ടാകുന്നതിനുള്ള ശരം പെട്ടാൻ തുടങ്ങും. അന്തരീക്ഷ ഊഷ്മാവ് 21 ഡിഗ്രി സെൽഷസിലേക്ക് എത്തുന്പോഴാണ് ചെടിയിൽ കായ പിടിക്കാൻ തുടങ്ങുന്നത്. ഈ സമയത്ത് ചെടി കവാത്ത് ചെയ്ത് (ഉണങ്ങിയ ഇലകൾ വെട്ടിമാറ്റി) ഒരുക്കി നിർത്തും.
ആറു തവണയാണു ചെടിയിൽനിന്ന് കാ എടുക്കുന്നത്. ജൂണ് മാസത്തിലാണ് ആദ്യ കായ എടുക്കുന്നത്. ഓരോ കായ എടുപ്പിനുശേഷവും ഫംഗിസൈഡുകളും ബോർഡോ മിശ്രിതവും പ്രയോഗിക്കും. എൻപികെ വളങ്ങളും ജൈവവളവും ചെടിക്കു നൽകും. സൂക്ഷ്മമൂലകങ്ങൾ ഫോളിയാർ രീതിയിൽ ചെടിക്ക് നൽകും.
ഒരു ചിന്പിൽനിന്നു രണ്ടു ശരമാണ് ഉണ്ടാകുന്നത്. നല്ലതുപോലെ പരിപാലിക്കുന്ന ചെടിയിൽ നൂറു മുതൽ നൂറ്റന്പതു ചിന്പുകൾവരെ ഉണ്ടായിരിക്കും. ഒരു ശരത്തിൽ 20 മുതൽ 28 വരെ കൊത്ത് കാണും. ഒരു കൊത്തിൽ 24 മുതൽ 30 വരെ കായ് പിടിക്കും.
കൃത്യമായ പരാഗണവും പരിചരണവുമുണ്ടെങ്കിൽ കൊത്തിൽനിന്ന് ഭൂരിഭാഗം കായും ലഭിക്കും. ഒരു ചെടിയിൽനിന്ന് ആറുകിലോ പച്ചക്കായ വരെ ലഭിക്കും. വിളവെടുക്കുന്ന കായ സ്റ്റോറിൽ കൊടുത്ത് ഉണക്കി സൂക്ഷിക്കും. മാർക്കറ്റിലെ വില നോക്കി ലേല സെന്ററിൽ എത്തിച്ചാണ് ഏലക്ക വില്ക്കുന്നത്.
ഏലത്തോട്ടത്തിൽ 40 ശതമാനം ഷെയ്ഡ് വേണം. പ്ലാവാണ് തോട്ടത്തിൽ തണൽ മരമായി ഉള്ളത്. ഏലത്തോട്ടത്തിൽ ഇടവിളയായി കുരുമുളക് കൃഷിയുണ്ട്. രണ്ടേക്കർ സ്ഥലത്തു കാപ്പി കൃഷി ചെയ്യുന്നു. നിഖിലിനൊപ്പം അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ സ്ഥിരമായി പണിക്കുണ്ട്.
രോഗങ്ങൾ
രണ്ടു വർഷംകൊണ്ട് ആദായം ലഭിക്കുന്ന വിളയാണ് ഏലച്ചെടി. അതിനാൽതന്നെ രോഗബാധ ഇതിനു കൂടുതലാണ്. ഫംഗസ് രോഗമാണ് ചെടിക്ക് കൂടുതലായി ഉണ്ടാകുന്നത്. ഫംഗിസൈഡുകളും കീടനാശിനികളുമാണ് പ്രതിവിധിയായി പ്രയോഗിക്കുന്നത്.
വായുവിലൂടെ പകരുന്ന മൊസൈക്ക് രോഗത്തിനു മരുന്നില്ല. മൂലകങ്ങൾ വലിച്ചെടുക്കാനുള്ള ചെടിയുടെ ശേഷി നഷ്ടപ്പെടുകയും നശിച്ചു പോവുകയും ചെയ്യും. ഫിസേറിയം എന്ന ഫംഗസ് രോഗം പൂർണമായി നിയന്ത്രിക്കുന്നതിനുള്ള മരുന്നു കണ്ടുപിടിച്ചിട്ടില്ല.
കീടങ്ങളുടെ ആക്രമണവും ചെടിക്ക് ഉണ്ടാകാറുണ്ട്.
സ്പൈസസ് ബോർഡിന്റെ സഹായം
പട്ടയമുള്ള സ്ഥലത്തെ ഏലം കർഷകർക്ക് സ്പൈസസ് ബോർഡിൽനിന്നു ജലസേചനത്തിനുള്ള സൗകര്യവും പുതിയ ചെടി നടുന്നതിനുള്ള സഹായവും കാലാവസ്ഥ മൂലമുള്ള കൃഷി നാശത്തിനുള്ള സഹായവും ലഭിക്കുന്നുണ്ട്. കൃഷി വകുപ്പിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
പട്ടയമില്ലാത്ത സ്ഥലത്തു കൃഷി നടത്തുന്നവർക്ക് ഒരു സഹായവും സർക്കാർ ഭാഗത്തുനിന്നു ലഭിക്കുന്നില്ല. ഏലക്കർഷകർ വാങ്ങുന്ന ഫംഗിസൈഡുകൾക്കും പെസ്റ്റിസൈഡുകൾക്കും ഉയർന്ന ജിഎസ്ടിയാണ് ഉള്ളത്.
ഇതു കുറയ്ക്കുന്നതിനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം. നിലവിൽ ഏലത്തിനു മികച്ച വിലയാണു ലഭിക്കുന്നത്. കിലോയ്ക്കു രണ്ടായിരം രൂപയ്ക്കു മുകളിൽ ലഭിക്കുന്പോൾ കൃഷി ലാഭമാണ്. കിലോയ്ക്കു രണ്ടായിരം രൂപ താങ്ങുവില നൽകുകയാണെങ്കിൽ കൂടുതൽ കർഷകർ ഈ മേഖലയിലേക്ക് വരുമെന്നും നിഖിൽ പറഞ്ഞു.
അഞ്ചര കിലോയ്ക്ക് ഒരു കിലോ
750 കിലോഗ്രാം പച്ചക്കായ ഉണങ്ങാൻ ശേഷിയുള്ള രണ്ട് ഡ്രയറുകളാണ് നിലവിൽ സ്റ്റോറിൽ ഉള്ളത്. 1,500 കിലോ ഉണക്കാൻ സാധിക്കും. ചില ദിവസങ്ങളിൽ മൂവായിരം കിലോയോളം പച്ചക്കായ സ്റ്റോറിൽ എത്തിയിരുന്നു. ഇത്തരം സാഹചര്യത്തിൽ രണ്ടു ദിവസം കൊണ്ടാണ് ഉണക്കിയത്.
17 മണിക്കൂർ ആണ് കായ ഉണങ്ങുന്നതിനു വേണ്ട സമയം. നല്ല കായാണെങ്കിൽ 15 മണിക്കൂർകൊണ്ട് ഉണങ്ങും. മൂക്കാത്ത കായാണെങ്കിൽ 17 മണിക്കൂറിൽ കൂടുതൽ സമയം വേണ്ടിവരുമെന്നു ബെന്നി പറഞ്ഞു. അഞ്ചു മുതൽ ആറു കിലോ പച്ചക്കായ ഉണങ്ങിയാലേ ഒരു കിലോ ഉണക്ക ഏലയ്ക്കാ ലഭിക്കുകയുള്ളൂ. മഴ മാറിയാൽ അഞ്ചരക്കിലോ പച്ചക്കായ്ക്ക് ഒരു കിലോ ഉണക്കക്കായ ലഭിക്കും.
ആദ്യം കുറഞ്ഞ ചൂടിലാണ് (48 ഡിഗ്രി സെൽഷ്യസ്) കായ് ഉണക്കാൻ ഇടുന്നത്. വെള്ളം വലിഞ്ഞശേഷം രണ്ടു മണിക്കൂർ കൂടുന്പോൾ താപനില കൂട്ടി 70 ഡിഗ്രി സെൽഷ്യസ് വരെ എത്തിച്ച് ഉണക്കും.
ഇത്തരത്തിൽ ഉണങ്ങുമ്പോഴാണ് കായ്ക്ക് മികച്ച കളർ ലഭിക്കുന്നത്. ഉണങ്ങിയശേഷം കാ പോളിഷ് ചെയ്താണ് കർഷകർക്ക് തിരിച്ചു നൽകുന്നത്. ഒരു കിലോ കായ്ക്ക് 11 രൂപയാണ് ഉണങ്ങുന്നതിന് കർഷകരിൽനിന്ന് ഈടാക്കുന്നത്.
ഇലക്ട്രിക്കൽ ഡ്രയറുകൾ വരുന്നതിനു മുന്പ് വിറകിൽ പ്രവർത്തിക്കുന്ന ഡ്രയറുകളാണ് ഉണ്ടായിരുന്നത്. തീ കൂടിപ്പോയാൽ കായ്കൾ കരിഞ്ഞുപോകുന്നതിനുള്ള സാധ്യത ഇത്തരം ഡ്രയറുകളിൽ ഉണ്ടായിരുന്നു. ഇലക്ട്രിക് ഡ്രയറുകൾ ഹീറ്റ് പമ്പ് ഡ്രയറുകളാണ്.
മോയിസ്റ്റർ കണ്ട്രോളർ സംവിധാനവും ഡ്രയറിൽ ഉണ്ട്. വൈദ്യുതി പോകുന്പോൾ ഡ്രയറുകൾ പ്രവർത്തിപ്പിക്കാൻ ജനറേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. നേരത്തെ കർഷകർ പച്ചക്കായ ആയിത്തന്നെ വില്പന നടത്തിയിരുന്നു.
ഉണക്കക്കായ്ക്ക് കൂടുതൽ വില ലഭിക്കുന്നതിനാൽ ഇപ്പോൾ കർഷകർ കാ സ്റ്റോറിൽ എത്തിച്ച് ഉണക്കിയാണ് വില്ക്കുന്നത്.
ഏലയ്ക്ക ആദ്യമെത്തുന്നത് സ്റ്റോറിൽ
തോട്ടത്തിൽനിന്നു പറിക്കുന്ന ഏലയ്ക്കാ ആദ്യം സ്റ്റോറുകളിലാണ് എത്തുന്നത്. പച്ച ഏലയ്ക്കാ ഉണക്കി ഗുണനിലവാരമുള്ള കായാക്കി മാറ്റുന്നത് സ്റ്റോറുകളിലാണ്. സ്റ്റോറുകളിൽ ഏലക്കാ കഴുകി വൃത്തിയാക്കി ഉണക്കുന്നു. ദീർഘനാളത്തേക്കു കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് ഉണക്കുന്നത്.
ഉദയഗിരിയിൽ ഏലക്ക സ്റ്റോർ നടത്തുന്ന ബെന്നി പുതുപ്പറന്പിൽ സ്റ്റോറിലെ പ്രവർത്തനത്തെക്കുറിച്ച് കർഷകനോട് വിശദീകരിക്കുന്നു. സ്റ്റോറിൽ കൃഷിക്കാരൻ എത്തിക്കുന്ന പച്ച ഏലക്കായ തൂക്കി സ്ലിപ്പ് അവർക്കു കൊടുത്തുവിടുന്നു.
പല കൃഷിക്കാരുടെയും പല ഗുണനിലവാരത്തിലുള്ള കായ് ആണ് വരുന്നത്. അതിനാൽ, തൂക്കുന്നതും ഉണക്കുന്നതും പ്രത്യേകമായാണ്. ആദ്യം കൊണ്ടുവരുന്ന കായ് കഴുകി വൃത്തിയാക്കും. തോട്ടത്തിൽനിന്നു കൊണ്ടുവരുന്ന കായിൽ ചെളിയും മണ്ണും കാണും.
സോഡിയം കാർബണേറ്റ് (സോഡാക്കാരം) ഉപയോഗിച്ചാണ് കായ് കഴുകുന്നത്. ഏലയ്ക്കായ ഗുണനിലവാരത്തിൽ മാർക്കറ്റ് വില അനുസരിച്ച് വിൽക്കുന്നതിനും സൂക്ഷിച്ചു വയ്ക്കുന്നതിനുംവേണ്ടിയാണു സ്റ്റോറുകളിൽ കൊണ്ടുവന്ന് ഉണക്കി സൂക്ഷിക്കുന്നത്.
Agriculture
കായലോളങ്ങളിൽ നീന്തിനടക്കുന്ന കരിമീനിനെ കൂട്ടിലാക്കിയാൽ നൂറുമേനി കൊയ്യാമെന്നു തെളിയിക്കുകയാണ് കൊല്ലം നെല്ലിമുക്കം പടപ്പക്കര പ്ലാവിളകിഴക്കതിൽ എ.പി. സെബാസ്റ്റ്യൻ.
തെങ്ങും കവുങ്ങും മുളയും ഉപയോഗിച്ചു കരയിൽനിന്ന് നടപ്പാതയും തട്ടുമൊരുക്കി കായലിന്റെ അടിഭാഗത്തും വശങ്ങളിലും നെറ്റ് സ്ഥാപിച്ചാണ് കൃഷിയിടമൊരുക്കി മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. നിസാര മീനൊന്നുമല്ല ഇവിടെ വളർത്തുന്നത്. കരിമീനാണ്! കേരളത്തിൽ ലഭിക്കുന്ന ഏറ്റവും സ്വാദിഷ്ടമായ കരിമീൻ.
ഏകദേശം അഞ്ച് സെന്റ് ഭൂമിയുടെ വലിപ്പമുള്ള കായലിലാണ് കൃഷി. രണ്ടു മീറ്റർ പിവിസി പൈപ്പിൽ പത്ത് കൂടുകൾ, നാലുമീറ്റർ നീളവും വീതിയുമുള്ള ഒരെണ്ണം, നാലുമീറ്റർ നീളവും മൂന്നുമീറ്റർ വീതിയുമുള്ള രണ്ടെണ്ണം, തെങ്ങിൻകുറ്റിയിൽ നാലുമീറ്ററിന്റെ രണ്ടെണ്ണം ഇങ്ങനെ തരംതിരിച്ചാണ് കരിമീൻ കൃഷി നടത്തുന്നത്.
രണ്ടിഞ്ചിന്റെ പിവിസി പൈപ്പുകൾ നീളത്തിലും വീതിയിലും സമചതുരമാക്കി കോണോടു കോണ് ബന്ധിപ്പിക്കും. ഇരട്ട വലകൾ ഉപയോഗിച്ച് കൂടിനെ പൊതിയും.
കായലിൽ ഒന്നര മീറ്ററോളം ആഴമുള്ളതും ഒഴുക്കുള്ളതുമായ സ്ഥലത്തിറങ്ങി കാറ്റാടിക്കഴകളോ തെങ്ങിൻകുറ്റികളോ മുളങ്കന്പുകളോകൊണ്ടുള്ള താങ്ങുകാലുകൾ ഉറപ്പിച്ച് നിർത്തുന്നതോടെ മീൻ കൂട് റെഡി. സർക്കാർ സബ്സിഡി ലഭിക്കുന്നുണ്ട്.
വിവിധ പ്രായത്തിലുള്ള പതിനായിരത്തോളം കരിമീനുകൾ ഇവിടെ നീന്തിത്തുടിക്കുന്നു. ആവശ്യക്കാരെ തേടി പോകേണ്ടിവരുന്നില്ല. ചില്ലറ- മൊത്തക്കച്ചവടക്കാരും ഫാമിലെത്തും. മത്സ്യങ്ങളെ ഓരോ കളത്തിലും തരംതിരിച്ചിട്ടിരിക്കുകയാണ്. ഫിഷറീസ് വകുപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നൽകാറുണ്ട്. പത്തു രൂപയാണ് ഒരു കുഞ്ഞിനു വില.
പടപ്പക്കര കായലിലെ കരിമീൻ വാങ്ങിയാൽ അത്ര സ്വാദിഷ്ടമായിരിക്കും. അതുകൊണ്ടുതന്നെ ഡിമാൻഡ് അനുസരിച്ചു കൊടുക്കാൻ മത്സ്യമില്ല. കരിമീനൊടൊപ്പം 300 കൊമ്പാടി ഇനത്തിലുള്ള മത്സ്യവുമുണ്ട്.
മത്സ്യത്തീറ്റ
മത്സ്യക്കൃഷിയിലും മുതൽമുടക്കിന്റെ ഏതാണ്ട് 60 ശതമാനവും ചെലവാകുന്നത് തീറ്റയ്ക്കാണ്. 20 കിലോ ന്യൂട്രലാ തീറ്റയ്ക്ക് 2,500 രൂപയാണ് വില. ഗ്രോവൽ 20 കിലോയ്ക്ക് 1,500 രൂപയും. ഒന്നര ദിവസം കൊണ്ടു തീറ്റ തീരും. നമ്മൾ കൊടുക്കുന്ന തീറ്റയും രുചിയെ ബാധിക്കുന്നുണ്ട്.
വെറും അവശിഷ്ടങ്ങളൊന്നും കൊടുക്കാറില്ല. അതുകൊണ്ടുതന്നെ ഇവിടുത്തെ കരിമീനിനു മനുഷ്യരെ അകറ്റിനിർത്തുന്ന മണമില്ല. കൈത്തീറ്റകൊടുത്താൽ രുചി കുറയുമെന്നു സെബാസ്റ്റ്യൻ പറയുന്നു.
ഇവിടുത്തെ കായലിലെ ചേറിനു ദുർഗന്ധപൂർണമായ മണമില്ല. ചേറ് നല്ലതാണ്. കൂടാതെ, നല്ല തീറ്റ തന്നെയാണ് കൊടുക്കുന്നത്. കടലിൽനിന്നുള്ള കടൽവിഷം അടിച്ചുകയറുന്നില്ല. ശുദ്ധമായ വെള്ളമാണ് ഇവിടെയുള്ളത്. അതുകൊണ്ട് കാഞ്ഞിരംകോട്, പടപ്പക്കര കായലിലെ മത്സ്യത്തിനാണ് രുചി കൂടുതലുള്ളത്.
ആന്ധ്രയിലെ കരിമീൻ നമ്മുടെ മാർക്കറ്റുകളിൽ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. പെട്ടെന്നു വളരാൻ വേണ്ടി അവിശിഷ്ടം കൊടുത്താണ് ഇതിനെ വളർത്തുന്നത്. ഇവയ്ക്കു ദുർഗന്ധമായിരിക്കും. നമ്മുടെ മാർക്കറ്റുകളിലെ കരിമീനുകളെ ശ്രദ്ധിച്ചാൽ മനസിലാകുമെന്നും സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.
Agriculture
കരിണ്ണൂർ സ്വദേശി ജെഫിൻ കെ. അഗസ്റ്റിന് കൃഷി ഒരു പാഷനാണ്. കൃഷിയെ സ്നേഹിച്ചാൽ കൃഷി ലാഭകരമാകുമെന്ന അഭിപ്രായക്കാരനാണ് ഈ യുവാവ്. എട്ടേക്കറോളം സ്ഥലത്തു നേന്ത്രവാഴയും കപ്പയും കൃഷി ചെയ്യുന്നു.
ഇലക്ട്രിക്കൽ-കണ്സ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിച്ചിരുന്ന ജെഫിൻ ഇപ്പോൾ മുഴുവൻസമയ കർഷകനാണ്. കൃഷിയിൽനിന്ന് മനസംതൃപ്തി ലഭിക്കുമെന്ന പക്ഷക്കാരനാണിയാൾ. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത ഭൂമിയിലുമായാണ് കൃഷി.
കപ്പയും വാഴയും ലാഭം
നാലേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ജെഫിൻ നേന്ത്രവാഴക്കൃഷി ചെയ്യുന്നത്. കണ്ടത്തിൽ കാന കീറിയാണ് വാഴ നട്ടിരിക്കുന്നത്. വാഴക്കുലകളുടെ വിളവെടുപ്പ് നടന്നുവരുന്നു. വാഴയും കപ്പയും കൂടാതെ ഇഞ്ചി, ചേന, ചേന്പ്, കാച്ചിൽ, ചെറുകിഴങ്ങ്, വെള്ളരി, കുക്കുംബർ, പയർ എന്നിവ കൃഷി ചെയ്യുന്നു.
ചേനക്കൂമ്പലിനു മുകളിലും പത്തു സെന്റ് സ്ഥലത്തു മാത്രമായും ചെറുകിഴങ്ങ് കൃഷിയുണ്ട്. ഒരേക്കറിൽ എഴുനൂറു വാഴ കൃഷി ചെയ്യാം. ശരാശരി പതിമൂന്നു കിലോ തൂക്കമുള്ള കുല ലഭിച്ചാൽ വിലയുള്ള സമയത്ത് 580 രൂപ ലഭിക്കും. ചെലവ് 180 രൂപയാണ് വരുന്നത്. ഒരു വാഴയ്ക്കു 30 രൂപയാണ് പാട്ടം.
രണ്ടാം വർഷം ഒരു ചുവടിൽ രണ്ട് വാഴക്കുഞ്ഞ് നിലനിർത്തും. ശരാശരി ഒമ്പതു കിലോയുള്ള കുലകൾ ഇതിൽനിന്നും ലഭിക്കും. രണ്ടാം വർഷത്തെ വാഴക്കൃഷി ലാഭകരമാണെന്നും ജെഫിൻ പറഞ്ഞു. മൂന്നേക്കറോളം സ്ഥലത്താണ് കപ്പക്കൃഷി നടത്തുന്നത്. കപ്പക്കൃഷിയിൽ ഒരേക്കറിന് 6,000 രൂപയാണ് ചെലവ്.
ഒരു ഏക്കറിൽ എണ്ണൂറു മുതൽ തൊള്ളായിരം മൂടു വരെ കപ്പ നടാം. ഒരു ഏക്കറിൽനിന്ന് മൂന്നു ടണ് കപ്പ ലഭിക്കും. ഒരേക്കറിൽനിന്ന് ചെലവ് കഴിഞ്ഞ് 80,000 രൂപ ലഭിക്കും. കൃഷിയിൽ ഏറ്റവും ലാഭം കപ്പക്കൃഷിയാണെന്ന് ജെഫിൻ പറഞ്ഞു.
വീട്ടിൽ ജാതി, കമുക്, തെങ്ങ്, റബർ എന്നിവയുണ്ട്. പാലക്കാട് എട്ടേക്കറോളം സ്ഥലമുണ്ട്. റബർ, തെങ്ങ് എന്നിവയാണ് ഇവിടെ കൃഷി. 300 തെങ്ങും 550 റബറും ഇതിലുണ്ട്.
പാട്ടക്കൃഷിയും കൂട്ടുകൃഷിയും
കരിമണ്ണൂർ പഞ്ചായത്തിൽ സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ 11 ഇടങ്ങളാണ് കൃഷി നടത്തുന്നത്. കർഷക കൂട്ടായ്മ രൂപീകരിച്ചും കപ്പയും വാഴയും കൃഷി ചെയ്യുന്നുണ്ട്. കൃഷിക്കൂട്ടം വഴി കൃഷി നടത്തിയാൽ കേന്ദ്ര-സംസ്ഥാന സർക്കാരുടെ കൂടുതൽ സഹായം ലഭിക്കുമെന്നും ജെഫിൻ പറഞ്ഞു.
ഇടുക്കി കുളമാവിൽ വാഴക്കൃഷി നടത്തിയപ്പോൾ കാറ്റുപിടിച്ച് വാഴ നശിച്ചിരുന്നു. കൃഷിവകുപ്പിൽനിന്ന് ദുരിതാശ്വാസം ലഭിച്ചതിനാൽ അധികം ബാധ്യത വരാതെ രക്ഷപ്പെട്ടു. ഒരുവിള മാത്രം കൃഷി ചെയ്യുന്പോഴാണ് കൃഷി നഷ്ടമാകുന്നത്. സമ്മിശ്ര കൃഷി നടത്തിയാൽ കൃഷി ഒരിക്കലും നഷ്ടമാകില്ല.
കൃഷി ചെയ്ത വിളകൾ വളരുന്പോഴും വിളവെടുക്കുന്പോഴും മനസിന് നല്ല സംതൃപ്തിയാണ് ലഭിക്കുന്നതെന്ന് ജെഫിൻ പറഞ്ഞു. അന്യനാട്ടിൽനിന്നുവരുന്ന വിഷമുള്ള പച്ചക്കറികൾക്കു പകരം സ്വന്തമായി ഉത്പാദിപ്പിക്കാമെന്ന ചിന്തയിൽനിന്നാണ് ഇദ്ദേഹം കൃഷിക്ക് ഇറങ്ങിയത്.
ജെഫിന്റെ കാർഷികരംഗത്തെ പ്രവർത്തനങ്ങളിൽ ഭാര്യ റീനും മക്കളായ അന്ന റോസും ആഗ്നസ് മരിയയും ഒപ്പമുണ്ട്.
ഫോണ്: 9947865115
Agriculture
പതിനഞ്ച് വർഷം മുമ്പ് നടന്ന അലങ്കാര മത്സ്യവളർത്തൽ പരിശീലന ക്ലാസ് വാഴക്കുളം നടുക്കര തൈയിൽ മനോജിന്റെ കരിയർതന്നെ മാറ്റിമറിച്ചു.
ഐടിസി അധ്യാപകനിൽനിന്ന് മത്സ്യക്കുഞ്ഞുങ്ങളുടെ ബ്രീഡറിലേക്കുള്ള മനോജിന്റെ യാത്ര തുടങ്ങാൻ കാരണമായത് ഇൻഫാമിന്റെ നേതൃത്വത്തിൽ വാഴക്കുളത്തു നടന്ന എംപിഇഡിഎ പരിശീലനമാണ്.
ഒരു ദിവസത്തെ പരിശീലന ക്ലാസിൽനിന്നു ലഭിച്ച അറിവുമായി ചെറിയ തോതിൽ അലങ്കാര മത്സ്യവളർത്തൽ ആരംഭിച്ചു. നിരവധി ഫാമുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
2010ൽ മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ (എംപിഇഡിഎ) സഹായത്തോടെ ഒന്നര ലക്ഷം രൂപ മുതൽമുടക്കിൽ അന്പതു ശതമാനം സബ്സിഡിയോടെ 15,000 ലിറ്റർ ശേഷിയുള്ള കുളത്തിൽ മത്സ്യക്കൃഷി ആരംഭിച്ചു.
ഏഞ്ചൽ, ഗപ്പി മീനുകളെയാണ് ആദ്യം വളർത്തിയത്. മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് വില്ക്കുന്നതിലൂടെ ചെറിയ വരുമാനം ലഭിച്ചുതുടങ്ങി. വിപണി കണ്ടെത്തുന്നതിനാണ് ആദ്യകാലത്ത് ബുദ്ധിമുട്ടിയതെന്ന് മനോജ് പറഞ്ഞു.
വരുമാനത്തിന്റെ ഇരുപത് ശതമാനം ഫാം വിപുലീകരണത്തിന് മാറ്റിവച്ചു. പിന്നീട്, ഓസ്കാർ, ഡിസ്കസ് തുടങ്ങിയ മീനുകളുടെ ബ്രീഡിംഗും റെയറിംഗും ആരംഭിച്ചു.
മത്സ്യക്കൃഷി മേഖലയിൽ വിവിധ ബന്ധങ്ങളും വളർത്തിയെടുക്കാൻ ശ്രമിച്ചു. വിപണി കണ്ടെത്തുന്നതിന് ബന്ധങ്ങൾ സഹായിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി.
നിലവിൽ ആൽബിനോ, പിങ്ക്, ബ്ലാക്ക് ജെയിന്റ് ഗൗരാമി, അലങ്കാര മത്സ്യങ്ങളായ റെഡ് സ്പോർട്ട് സെവറം, പ്ലാറ്റി, പത്തിനം ഗപ്പികൾ, രണ്ടിനം സോൾ ടെയിൽ, നാലിനം ഷ്രിംബ്സ് എന്നിവയെ ബ്രീഡ് ചെയ്യുകയും വളർത്തി വില്പനയ്ക്കു യോഗ്യമാക്കുകയും ചെയ്യുന്നു.
വിപണിയുടെ ആവശ്യമനുസരിച്ചാണ് ബ്രീഡ് ചെയിക്കുന്നതും വളർത്തുന്നതും. വിപണിയിൽ കുറച്ചുമാത്രം എത്തുന്ന ബ്രീഡുകൾക്കാണ് മികച്ച വില ലഭിക്കുന്നത്. ഇതു നോക്കിയാണ് ഫാമിൽ ബ്രീഡിംഗ് നടത്തുന്നത്. കോവിഡ് കാലത്തിനു മുമ്പുതന്നെ സെവറം മീനുകളെ ബ്രീഡ് ചെയ്യിപ്പിച്ചിരുന്നു.
കോവിഡ് ലോക്ക്ഡൗണിന്റെ സമയത്ത് സെവറം നല്ല രീതിയിൽ വില്പന നടത്താൻ സാധിച്ചു. വാഴക്കുളത്തെ പൈനാപ്പിൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നതിനൊപ്പം സെവറം മീനുകളെ പാഴ്സൽ അയയ്ക്കാൻ സാധിച്ചു.
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് അന്നു കൂടുതൽ മീൻ കുഞ്ഞുങ്ങൾ കയറിപ്പോയത്. എല്ലാ ആഴ്ചയിലും മീൻകുഞ്ഞുങ്ങളുടെ വില്പന നടത്തുന്നതിനാൽ ഓവർ സ്റ്റോക്കായി മീനുകൾ കെട്ടിക്കിടക്കുന്നില്ല.
ഗ്ലാസ്, ഫൈബർ, സിമന്റ്, പടുതാക്കുളങ്ങൾ, കുളങ്ങൾ എന്നിവയിലാണ് മീൻ വളത്തുന്നത്. സ്വാഭാവിക രീതിയിലും കൃത്രിമ രീതിയിലും ഫാമിൽ ബ്രീഡിംഗും റെയറിംഗും നടത്തുന്ന മനോജിന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്.
Agriculture
അടുക്കളയിലേക്ക് ആവശ്യമായ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ഇരുപതുവർഷം മുമ്പ് ഈ വീട്ടമ്മയെടുത്ത തീരുമാനം ഇന്നു കാർഷിക കേരളത്തിനു മാതൃകയാണ്.
ഭർത്താവും രണ്ടും മക്കളും അടങ്ങുന്ന കൊച്ചുകുടുംബത്തിനായി പാലക്കാട് ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി പുളിക്കത്താഴെ സ്വപ്ന ജയിംസ് ജൈവകർഷകയായപ്പോൾ വിളകൾക്കൊപ്പം പുരസ്കാരങ്ങളും നൂറുമേനി വിളഞ്ഞു.
ആറേക്കർ സ്ഥലത്തു സ്വപ്ന തുടങ്ങിയ ജൈവകൃഷി ഇന്നു ഇരുപതേക്കറിലേക്കാണ് വ്യാപിച്ചിരിക്കുന്നത്. കൃഷിയിടത്തിൽ യന്ത്രങ്ങളും നൂതന സാങ്കേതികവിദ്യയും ഫലപ്രദമായി വിനയോഗിക്കുന്നതിനൊപ്പം മൂല്യവർധിത ഉത്പന്ന നിർമാണത്തിലും ഫാം ടൂറിസത്തിലും ഈ സ്വപ്ന പദ്ധതി വിജയംവരിച്ചു മുന്നേറുന്നു.
വീടിനോടു ചേർന്നുള്ള എട്ടേക്കർ തോട്ടത്തിൽ റബറും പച്ചക്കറിയും വാഴ, പപ്പായ, റംബൂട്ടാൻ, മംഗോസ്റ്റിൻ, പുലാസൻ, അവക്കാഡോ, കട്നട്ട്, നാരകം, പേര, ചാന്പ, വെള്ളഞാവൽ, മുള, ലാത്തിമുള എന്നിവ കൃഷി ചെയ്യുന്നു.
മൂന്നിടത്തായുള്ള കൃഷിഭൂമിയിൽ തെങ്ങ്, കമുക്, ജാതി, റബർ, കൊക്കോ, കാപ്പി, കുരുമുളക് എന്നിവയാണ് കൃഷി. റബറിനൊപ്പം കൊക്കോയും കാപ്പിയും തെങ്ങിനൊപ്പം ജാതി, മംഗോസ്റ്റിൻ, വാഴ, കൂവ, ആയുർവേദ മരുന്നുകൾ എന്നിവയും ഇടവിളയായി കൃഷി ചെയ്യുന്നു.
Agriculture
ഇത് ശുഭകേശൻ. കഞ്ഞിക്കുഴി പയർ അഥവാ കുരുത്തോല പയർ വികസിപ്പിച്ച യുവകർഷകർ. ഇന്ന് കേരളത്തിൽ ഏറ്റവുമധികം കൃഷി വിപണിയുള്ളത് ശുഭകേശൻ വികസിപ്പിച്ച പയറാണ്. അസാധാരണ വലിപ്പവും രുചിയുമുള്ള പയറിന്റെ പേരും പ്രശസ്തിയും നാടും വീടും കടന്നു രാജ്യത്താകമാനവും വിദേശ രാജ്യങ്ങളിലും എത്താൻ അധികനാൾ വേണ്ടി വന്നില്ല.
അധ്വാനിക്കാൻ മനസുണ്ടെങ്കിൽ ഇങ്ങനെയും നേടാൻ വൻവിജയം എന്നു തെളിയിച്ചിരിക്കുന്നു കഞ്ഞിക്കുഴി പോളക്കാടൻ കവലയിലുള്ള കുട്ടൻചാൽവെളി ശുഭകേശൻ. ശുഭകേശൻ വികസിപ്പിച്ച 37 ഇഞ്ചുനീളവും 80 ഗ്രാം തൂക്കവുമുള്ള കഞ്ഞിക്കുഴിപ്പയറിന്റെ പെരുമ കടൽ കടന്നും പന്തലിച്ചുനിൽക്കുന്നു.തീരുന്നില്ല ശുഭമണി മറ്റൊരു പയർ ഇനവും ശുഭകേശൻ വികസിപ്പിച്ചിട്ടുണ്ട്.
പത്താം ക്ലാസ് പഠനത്തിനുശേഷം കൃഷിയിടത്തിലേക്ക് ഇറങ്ങിയ ഈ ചെറുപ്പക്കാരൻ ഉദ്യോഗസ്ഥർക്കുപോലും വഴികാട്ടുന്നു. കൂടാതെ നിരവധി സ്കൂളുകളിൽ കുട്ടികളെ കൃഷി പഠിപ്പിക്കുന്നു.
പത്താം വയസിൽ രണ്ടു സെന്റിൽ തുടങ്ങിയ പച്ചക്കറി കൃഷി ഇപ്പോൾ മുഹമ്മയിലും കഞ്ഞിക്കുഴിയിലും പരിസരപ്രദേശങ്ങളിലുമായി 30 ഏക്കറിലേക്ക് വള്ളിവീശി പടർന്നിരിക്കുന്നു. പയറും മറ്റ് പലയിനം പച്ചക്കറികളും കൃഷി ചെയ്യുന്ന ശുഭകേശൻ കാർഷിക കേരളത്തിനൊരു വിസ്മയമാണ്.
ദിവസം 300 കിലോ വരെ പയർ വിളവെടുത്ത് മോശമല്ലാത്ത വരുമാനം നേടുന്നു. ആലപ്പുഴ കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ ഇദ്ദേഹത്തിന്റെ കൃഷി ഒരു വിസ്മയം തന്നെ.1995 ലാണ് ശുഭകേശൻ കഞ്ഞിക്കുഴിപ്പയർ വികസിപ്പിച്ചത്. ലീമാബീൻ, വെള്ളായണി ലോക്കൽ എന്നീ ഇനങ്ങൾ ചേർത്തായിരുന്ന പരീക്ഷണം.
1997ൽ കഞ്ഞിക്കുഴിയിലെ വിളവെടുപ്പിനെത്തിയ അന്നത്തെ കൃഷിമന്ത്രി കൃഷ്ണൻ കണിയാംപറന്പിലാണ് ശുഭകേശൻ വികസിപ്പിച്ച വിസ്മയപ്പയറിന് "കഞ്ഞിക്കുഴി പയർ' എന്നു പേരിട്ടത്. അതോടെ പുതിയ പയറിന്റെ പേരും പെരുമയും സംസ്ഥാനത്തിനകത്തും പുറത്തും വ്യാപിച്ചു. 13 പയർ പറിച്ചെടുത്താൽ ഒരു കിലോയോളമാണ് ഈ ഇനത്തിന്റെ തൂക്കം.
കഞ്ഞിക്കുഴി പയറിന്റെ പേറ്റന്റ് ശുഭകേശന് ലഭിച്ചതോടെ തോട്ടം കാണാനും വിത്തു വാങ്ങാനും ഏറെപ്പേരാണ് ദിവസവും എത്തുന്നത്. 20 ഏക്കർ കൃഷിയിൽ 15 ഏക്കറോളം പയർ വിത്തിനായാണ് നട്ടുവളർത്തുന്നത്.
ഒരു വർഷം എട്ടു ക്വിന്റലോളം വിത്ത് തയാറാക്കി വിദേശത്തേക്കു വരെ വിൽപനയ്ക്ക് അയയ്ക്കും. 10 മണിയോളം വരുന്ന ഒരു പായ്ക്കറ്റിന് 10 രൂപ വില. അങ്ങനെ പതിനായിരക്കണക്കിന് പായ്ക്കറ്റുകളിൽ കഞ്ഞിക്കുഴി വിത്ത് ശുഭകേശന്റെ പായ്ക്കിൽ വിറ്റുവരുന്നു.
വിവിധ ജില്ലകളിലെ പ്രദർശന സ്റ്റാളുകൾവഴിയും അല്ലാതെയും വർഷം പത്തുലക്ഷം രൂപയുടെവരെ വിത്ത് വിൽക്കുന്നുവെന്ന് ശുഭകേശൻ പറയുന്നു. തനിച്ചു തുടങ്ങിയ കൃഷിയിൽ സഹായത്തിന് ഇപ്പോൾ 20 പേർ ശുഭകേശനൊപ്പമുണ്ട്. സ്വന്തമായി ഒന്നര ഏക്കറേയുള്ളു കൃഷിയിടം.
ബാക്കി പാട്ടത്തിനെടുത്താണ് കൃഷി. വെള്ളമണലിൽ കാടു കയറിക്കിടന്ന ഇടങ്ങൾ വെട്ടിത്തെളിച്ച് മൾച്ചിംഗ് നടത്തി അതിൽ കോഴിവളവും ഇതര ജൈവളങ്ങളും നിറച്ച് പൈപ്പ് നന കൊടുത്താണ് കൃഷി. രാസവളം പ്രയോഗിച്ചുള്ള കൃഷിയെ ശുഭകേശൻ പ്രോത്സാഹിപ്പിക്കുന്നില്ല.
തീരുന്നില്ല ചൊരിമണലിലെ വിളവിന്റെ വിസ്മയം. പാവൽ, കോവൽ, വെള്ളരി, മത്തൻ, തക്കാളി, മുളക്, വെണ്ട തുടങ്ങി പത്തിരുപത് ഇനങ്ങൾ ശുഭകേശൻ കൃഷി ചെയ്യുന്നുണ്ട്. ആലപ്പുഴയിലെ മണ്ണിൽ പച്ചക്കറി മാത്രമല്ല വെളുത്തുള്ളിയും ചുവന്നുള്ളിയും, സവോളയും കൃഷി ചെയ്ത് വിളവെടുക്കുകയാണ് ഈ കർഷകൻ. ടണ് കണക്കിന് തണ്ണിമത്തനും ഇദ്ദേഹം വിളിയിക്കുന്നു.
പച്ചക്കറിക്കു പുറമെ പശു, കോഴി, കരിങ്കോഴി തുടങ്ങിവയെയും വളർത്തുന്നു.ശുഭകേശൻ പുലർച്ചെ നാാലിനു ഉറക്കമുണരും. ഇതിനുശേഷം ഭാര്യ ലതികയെയും ഒപ്പംകൂട്ടി കൃഷിയിടത്തിലെത്തി കൃഷിപ്പണിയോ വിളവെടുപ്പോ തുടങ്ങും. വിശ്രമം അറിയാത്ത ഈ ജോലി വൈകുന്നേകം ഏഴുവരെ തുടരും.
ഇതിനിടെ സമയം കണ്ടെത്തി വിവി സ്കൂളുകളിലും ക്ലബുകളിലും ക്ലാസെടുക്കും. സ്കൂളിൽ പഠിക്കുമ്പോൾ ചോറിന് കറിയില്ലാതെ വിഷമിച്ച ദിവസങ്ങളിൽ സ്വന്തം മുറ്റത്തു തുടങ്ങിയ പച്ചക്കറി കൃഷിയാണ് സ്വന്തമായി പേറ്റന്റുള്ള രണ്ട് പയർ ഇനങ്ങളും ടണ് കണക്കിന് ഇതര വിളവുകളുമായി ശുഭകേശനെ പെരുമയിലേക്ക് നയിച്ചത്.
കഞ്ഞിക്കുഴിയിലെ പച്ചക്കറിവിത്ത് ഫാക്ടറിയാണ് ശുഭകേശെന്റെ വീട്. പയറും ഇതര പച്ചക്കറികളും വിറ്റ് മെയിൻ റോഡിൽ സ്ഥലം വാങ്ങി ഇരുനില വീടും പണിയിച്ച മിടുമിടുക്കൻ.ശുഭകേശന്റെ വീടു നിറയെ പുരസ്കാരങ്ങളാണ്.
ഗവർണർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർ സംസ്ഥാന പുരസ്കാരങ്ങൾ നൽകുന്ന ചിത്രങ്ങൾ. മമ്മൂട്ടിയും കാവ്യാ മാധവനും യേശുദാസും മുൻ മന്ത്രി സുനിൽകുമാറുമൊക്കെ വന്നു ഇദ്ദേഹത്തിന്റെ കൃഷി ഹരിത വിസ്മയം കണ്ടാസ്വദിക്കാൻ.
കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ജനകീയ പച്ചക്കറി കൃഷി ചെയ്തതിനുള്ള സ്വർണമെഡൽ, സരോജിനി ദാമോദർ ഫൗണ്ടേ ഷൻ പുരസ്കാരം, കെ.ജെ. യേശുദാസ് ജൈവകർഷക പുരസ്കാരം, മികച്ച കർഷകനുള്ള അക്ഷയശ്രീ, സംസ്ഥാന സർക്കാരിന്റെ യുവകർഷകനുള്ള അവാർഡ്, ഹരിതമിത്ര അവാർഡ്... പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന ആ കർഷകന് കിട്ടിയ പുരസ്കാരങ്ങളുടെ ലിസ്റ്റ് നീളുന്നു.
Agriculture
കർഷകനാടായ പാലായിൽ കർഷകർക്കു താങ്ങായി സാന്തോം ഫുഡ് ഫാക്ടറി. കർഷകരിൽനിന്നു നേരിട്ട് ചക്കയും കപ്പയും കൈതച്ചക്കയും ഏത്തക്കയും ഇതര പഴവർഗങ്ങളും പച്ചക്കറികളും ന്യായവിലയ്ക്കു സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിലിറക്കുകയാണ് ലക്ഷ്യം.
പാലാ രൂപതയുടെ കർഷക ശക്തീകരണ പദ്ധതിയായ കർഷക ബാങ്കിന്റെ കാർഷികമൂല്യ വർധിത സംരംഭമായിട്ടാണ് പാലാ സാന്തോം ഫുഡ് ഫാക്ടറി പ്രവർത്തിക്കുന്നത്. കരൂർ മുണ്ടുപാലം സ്റ്റീൽ ഇന്ത്യ കാന്പസിലെ അഗ്രോ ഇൻഡസ്ട്രിയൽ പാർക്കിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്.
രൂപതയുടെ സോഷ്യൽ സർവീസ് വിഭാഗമായ പിഎസ്ഡബ്ള്യുഎസിന്റെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ കർഷക കൂട്ടായ്മകൾ നടത്തിവരുന്ന മൂല്യവർധിത ഉല്പന്ന സംരംഭങ്ങൾക്ക് ശക്തി പകരുന്നതിനൊപ്പം നൂതന സാങ്കേതിക വിദ്യകളും യന്ത്രസാമഗ്രികളും വിനിയോഗിച്ചുള്ള മൂല്യവർധിത സംരഭമാണിത്.
സംസ്ഥാന കൃഷിവകുപ്പിന്റെ സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കണ്സോർഷ്യമെന്ന എസ്എഫ്എസിയിൽ നിന്നും കോട്ടയം ജില്ലയിൽ അനുവദിച്ച നാല് എഫ്പിഒകളിലൊന്നാണ് സാന്തോം എഫ്പിഒ.
കേവലം കർഷകർക്ക് അവരുടെ വിളകളോ ഉത്പന്നങ്ങളോ ഉണക്കുവാനുള്ള ഒരു യൂണിറ്റില്ല മറിച്ച് ഉത്പന്നങ്ങൾക്ക് ന്യായ വില ഉറപ്പുവരുത്തി വിൽക്കാനും അവയെ മൂല്യ വർധിത ഉത്പന്നങ്ങൾക്ക് ന്യായ വില ഉറപ്പുവരുത്തി വിൽക്കാനും അവയെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുമുള്ള സാധ്യതയാണ് ഫാക്ടറി ഉറപ്പുവരുത്തുന്നത്.
സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ കാൻ വേ പ്രൊഡക്ഷൻസ് യൂണിറ്റിലും മൂഴൂർ കാർഷിക വിള മൂല്യ വർധിത സംഭരണ കേന്ദ്രം, മൂഴൂർ മിത്രം പ്രൊഡക്ഷൻ യൂണിറ്റ്, മാൻവെട്ടം, വയല, വെള്ളിയാമറ്റം എന്നിവിടങ്ങളിലെ പ്രൊഡക്ഷൻ യൂണിറ്റുകളിലും ആയിരക്കണക്കിനു കിലോ കാർഷിക വിളകളുടെ പ്രാഥമിക സംസകരണം നടന്നുവരുന്നുണ്ട്.
ഈ യൂണിറ്റുകളുടെ മദർ യൂണിറ്റായിട്ടാണ് സാന്തോം പ്രവർത്തിക്കുന്നത്. പുതുതലമുറ കൃഷിയിൽനിന്ന് അകലുന്നതും വിദേശരാജ്യങ്ങളിൽ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പോകുന്നതുമായ സാഹചര്യമാണുള്ളത്.
പല വീടുകളിൽനിന്നും മാതാപിതാക്കൾ താത്കാലികമായോ സ്ഥിരമായോ പ്രവാസി ജീവിതത്തിനു നിർബന്ധിതരാകുന്നു. ഈ സാഹചര്യത്തിൽ ഒട്ടേറെ വീടുകൾ അടഞ്ഞു കിടക്കുകയും കൃഷിയിടങ്ങൾ കാടുകളായി മാറുകയും ചെയ്തു.
ഇപ്രകാരം പാഴായി കിടക്കുന്ന കൃഷിയിടങ്ങളിൽ സംഘകൃഷി സാധ്യതകൾ വളർത്തിയെടുക്കാനും വിഷരഹിതമായ കൃഷിയും മായം കലരാത്ത ഉത്പന്നങ്ങളുമുണ്ടാക്കി പ്രവാസിസമൂഹത്തിന് എത്തിക്കുന്നതിനുമാണ് ഫാക്ടറി ലക്ഷ്യം വയ്ക്കുന്നത്.
കർഷക ഉത്പാദക സംഘടനകൾ, കമ്പനികൾ, കർഷകദള ഫെഡറേഷനുകൾ, ഫാർമേഴ്സ് ക്ലബുകൾ, സ്വാശ്രയ സംഘങ്ങൾ തുടങ്ങിയവ വഴി ചക്കയും കപ്പയും കൈതച്ചക്കയും ഏത്തക്കയും ഇതര പഴവർഗങ്ങളും പച്ചക്കറികളും കർഷകരിൽ നിന്നും ന്യായവിലയ്ക്ക് സംഭരിക്കും. ഇവയെ ഫാക്ടറിയിൽ സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കും.
ആഭ്യന്തരവിപണിയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിച്ച് ആരോഗ്യമുള്ള ഭക്ഷ്യവസ്തുക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തനതു ബ്രാൻഡിൽ എത്തിക്കുവാനുള്ള ഉദ്യമമാണ് ഫാക്ടറിയുടെ ലക്ഷ്യം.
ഫാക്ടറി കോമ്പൗണ്ടിൽ വിശാലമായ സ്ഥലത്ത് കപ്പയും വിവിധ തരം പഴവർഗങ്ങളും പച്ചക്കറികളും കൃഷി ചെയ്തു വരുന്നു. ഒന്നേമുക്കാൽ ഏക്കറിൽ കറുത്ത മിക്സ്ചർ കപ്പ വിളവെടുക്കാറായി കഴിഞ്ഞു.
രണ്ടര ഏക്കർ സ്ഥലത്താണ് പഴവർഗ കൃഷി. ഡ്രാഗണ്, ദുരിയാൻ, വിവിധതരം നാരകങ്ങൾ, ഹൈബ്രിഡ് പേരകൾ, വിവിധ തരം റംബുട്ടാൻ, ദുക്കോണ്, മംഗ്ഡോവ, ഫിലോസാൻ, വിവിധ തരം ആഞ്ഞിലി എന്നിവയാണ് പ്രധാന പഴവർഗങ്ങൾ.
എട്ടാം മാസത്തിൽ കുല വെട്ടാവുന്ന മഞ്ചേരി കുള്ളൻ വാഴത്തോട്ടവും ഫാക്ടറി കോന്പൗണ്ടിലുണ്ട്. കഴിഞ്ഞ ജൂലൈ 24ന് കൃഷി മന്ത്രി പി. പ്രസാദാണ് ഫാക്ടറി ഉദ്ഘാടനം ചെയ്തത്. ഭക്ഷ്യവസ്തുക്കളുടെ പരിശോധയ്ക്കും മറ്റുമായുള്ള ലാബ് സൗകര്യം ഫാക്ടറിയോടു ചേർന്ന് ഉടൻ ആരംഭിക്കും.
പാലായുടെയും മീനച്ചിൽ താലൂക്കിന്റെയും കാർഷിക ഭൂപടത്തിലെ പുതിയ അധ്യായമാണ് സാന്തോം ഫുഡ് ഫാക്ടറിയെന്നും അധ്വാനമഹത്വത്താൽ മണ്ണിൽ പൊന്നു വിളയിക്കുന്ന മീനച്ചിൽ താലൂക്കിലെ കർഷകരെ ചേർത്തു പിടിക്കാൻ സാന്തോം ഫാക്ടറിക്കു കഴിയുമെന്നും ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ പറഞ്ഞു.
Agriculture
നല്ല മാധൂര്യമേറും മാമ്പഴത്തിനായി കൊതിയോടെ കാത്തിരിക്കാത്തവർ ആരുണ്ട്? അങ്ങനെയുള്ളവർ നിശ്ചയമായും കോഴിക്കോട് ജില്ലയിലെ കാരശേരി പോയിലിൽ അബ്ദുവിന്റെ വീട്ടുമുറ്റത്തെ അദ്ഭുത മാവ് ഒന്നു കാണണം.
ഒറ്റമാവിൽ 80 വ്യത്യസ്ത ഇനം മാങ്ങകൾ! ആർക്കെങ്കിലും ചിന്തിക്കാൻ പറ്റുമോ, എന്നാൽ വിശ്വസിച്ചേ മതിയാകൂ. മലയോര കർഷകനും പ്രവാസിയുമായ അബ്ദു നട്ടു പരിപാലിക്കുന്ന മാവിന്റെ ചില്ലകളിൽ അത്രയും ഇനം മാങ്ങകളാണു രുചി വൈവിധ്യമൊരുക്കി നിറഞ്ഞു കായ്ച്ചു നിൽക്കുന്നത്.
ഈ മാമ്പഴക്കാഴ്ച തേടി ഇതര ജില്ലകളിൽ നിന്നു പോലും നിരവധിപ്പേരാണ് എത്തുന്നത്. കണ്ണിനും മനസിനും കുളിർമയേകുന്ന അപൂർവ ദൃശ്യം.
മാവുകളുടെ ഇഷ്ടതോഴൻ
എട്ടാം ക്ലാസിൽ പഠിക്കുന്പോൾ അബ്ദു വീട്ടുമുറ്റത്ത് നട്ട മാവിലാണ് ഇപ്പോൾ ഓരോ കൊന്പിലും പല തരം മാങ്ങകൾ കായ്ച്ചു കിടക്കുന്നത്. മാവുകളോടും മാങ്ങകളോടും കുട്ടിക്കാലം മുതലുള്ള പെരുത്തിഷ്ടമാണ് വീട്ടു മുറ്റത്തും പരിസരത്തും മാവുകളുടെ ലോകം തന്നെ സൃഷ്ടിക്കാൻ അബ്ദുവിനെ പ്രേരിപ്പിച്ചത്.
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന അബ്ദു പോകുന്ന നാടുകളിൽ നിന്നൊക്കെ അവിടുത്തെ തനത് മാവിനത്തിന്റെ തൈകളുമായാണു മടങ്ങി എത്താറുള്ളത്. അവ വീട്ടുപരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്യും.
അവയിൽ നിന്നുള്ള കന്പുകളാണ് ബഡിംഗ്, ഗ്രാഫ്റ്റിംഗ്, അപ്രോച്ച് ഗ്രാഫ്റ്റ് തുടങ്ങിയ മാർഗങ്ങളിലൂടെ ഒറ്റമാവിൽ വച്ചുപിടിപ്പിച്ചത്.
മാമ്പഴവും കഴിക്കാം...തൈകളും കൊണ്ടുപോകാം...
കൊളന്പ്, രത്നഗിരി ഹാപൂസ്, ചന്ദ്രക്കാരൻ, ആപ്പിൾ റൊമാനിയ, ഗ്രാന്പൂ, ബനാന മാംഗോ, തായ്ലൻഡ് നാസി പസന്ത്, കാറ്റി മോണ് തുടങ്ങിയ വിദേശ ഇനങ്ങളും ചേലൻ, ചക്കരക്കട്ടി, വെള്ള മൂവാണ്ടൻ, നീലൻ, ഒട്ടുമാങ്ങ തുടങ്ങി വിവിധതരം നാട്ടുമാങ്ങകൾ... പേരറിയാത്തവയും ഏറെ.
മാങ്ങകൾ ആവശ്യക്കാർക്ക് നൽകുന്നതിനു പുറമെ തൈകൾ ഉത്പാദിപ്പിച്ചും വിതരണം ചെയ്യുന്നുണ്ട്. ബഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയിലൂടെ മാവുകൾ ഉത്പാദിപ്പിക്കുന്ന രീതികൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യും.
പാഠ്യപദ്ധതിയിൽ കൃഷി ഒരു പാഠമാക്കണം എന്നതാണ് അബ്ദുവിന്റെ ആവശ്യം. പ്രദേശത്തെ മിക്ക വിദ്യാലയങ്ങളിലും കുട്ടികൾക്ക് അവധിക്കാലത്ത് അദ്ദേഹം പതിവായി കൃഷിപാഠം എടുക്കാറുണ്ട്.
സ്ഥലമില്ലെന്ന കാരണം പറഞ്ഞ് ഒരുമാവെങ്കിലും നട്ടുപിടിപ്പിക്കാത്ത ആരുമുണ്ടാവരുത് എന്നതാണ് അബ്ദുവിന്റെ ആഗ്രഹം.
മാവിന്റെ എൻസൈക്ളോപീഡിയ
മാവിന്റെ കാര്യത്തിൽ എന്തു സംശയവും തീർക്കാൻ പറ്റുന്ന ഒരു എൻസൈക്ളോപീഡിയയാണ് അബ്ദു. മാവിനെയും മാങ്ങയെയും കുറിച്ച് ഗവേഷണം നടത്തുന്ന അബ്ദു മാവുകൾ തേടി ഇതിനോടകം നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
15 വർഷത്തോളം പ്രവാസിയായിരുന്നപ്പോഴും മനസ് നിറയെ കൃഷിയായിരുന്നു. പിന്നീട് നാട്ടിലെത്തി ഒട്ടും വൈകാതെ മണ്ണിലേക്കിറങ്ങുകയായിരുന്നു. 125 ലധികം വ്യത്യസ്ത പഴവർഗങ്ങളും അബ്ദു നട്ടു പരിപാലിക്കുന്നുണ്ട്.
പഴങ്ങൾ തിന്നാൻ എത്തുന്ന പക്ഷികളെയും വവ്വാലുകളെയും ഓടിക്കാറുമില്ല. പഴങ്ങൾ അവർക്കു കൂടി അവകാശപ്പെട്ടതാണെന്നാണ് അബ്ദുവിന്റെ നിലപാട്.
കർണാടകയിൽ പത്തേക്കർ
മാങ്ങകൾ വിളവെടുക്കുന്ന ദിവസം സുഹൃത്തുക്കൾ അബ്ദുവിന്റെ വീട്ടിൽ എത്തുന്നത് പതിവാണ്. വരുന്നവരൊക്കെ വയറു നിറച്ചു വ്യത്യസ്തയിനം മാന്പഴം കഴിച്ചാണു മടങ്ങുന്നത്. മാങ്ങകൾ ഇവിടെ വിൽക്കാറില്ല.
എന്നാൽ, കർണാടക ബേഗൂരിൽ അബ്ദുവടക്കം 14 പേർ ചേർന്നു പത്ത് ഏക്കർ സ്ഥലത്ത് മാവ്, ചിക്കു, പപ്പായ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. ഇതിന്റെ വിളവെടുപ്പ് ജുണ് 15 നോട് അടുത്താണ് നടക്കുന്നത്.
ഇവ കേരള വിപണിയിൽ എത്തിച്ച് വിൽപന നടത്തുകയും ചെയ്യും. സുബിനയാണ് അബ്ദുവിന്റെ ഭാര്യ. ഫാത്തിമ തമന്ന, തൻസിഹലി, ദിൻഷാനിയ, ഫാത്തിമ ബെൻഹ എന്നിവരാണ് മക്കൾ.
ഫോണ്: 9846300215.
Agriculture
ഉഴവൂർ എന്ന പേരിൽ തന്നെയുണ്ട് മണ്ണിന്റെ, ഉഴവിന്റെ, കൃഷിചര്യയുടെയൊക്കെ ഒരു സുഗന്ധം. പേരുപോലെ കൃഷിയാണ് ഉഴവൂരിന്റെ മുഖമുദ്ര. ജനതയുടെ പ്രധാന ഉപജീവന മാർഗവും കൃഷി തന്നെ. വാഴ, വിവിധയിനം പച്ചക്കറികൾ, കിഴങ്ങുവർഗ വിളകൾ തുടങ്ങിയവയുടെ കേന്ദ്രമാണിത്.
കാർഷികോത്പന്നങ്ങളുടെ സമൃദ്ധി സ്വാഭാവികമായ വിലയിടിവിനും കാരണമായി. വിലക്കുറവ് മാത്രമല്ല, കുറഞ്ഞ വിലയാണെങ്കിലും അതു കൃത്യമായി കിട്ടാതായതോടെ കർഷകരും കൃഷിവകുപ്പും ഉഴവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി "കർഷകരുടെ സ്വന്തം കാർഷിക വിപണി' എന്ന ആശയവുമായി മുന്നിട്ടിറങ്ങുകയായിരുന്നു.
കർഷകർക്കായി കർഷകർ തന്നെ നടത്തുന്ന വിപണിയായിരുന്നു ലക്ഷ്യം. അതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് സ്റ്റീഫന്റെയും കൃഷി ഓഫീസർ തെരേസ അലക്സിന്റെയും നേതൃത്വത്തിൽ കർഷകരുടെ വിപുലമായ യോഗം ചേർന്നു.
നാട്ടുചന്തയുടെ നടത്തിപ്പിനാവശ്യമായ കർഷകരുടെ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും കൃഷി ഓഫീസർ കണ്വീനറായും കമ്മിറ്റി പ്രവർത്തനമാരംഭിച്ചു.
അങ്ങനെ ഉഴവൂരിലെ പരന്പരാഗത നാട്ടുചന്തയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വെള്ളിയാഴ്ചകളിൽ കർഷകരുടെ സ്വന്തം വിപണിക്ക് തുടക്കമിട്ടു. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും പൊതുസമൂഹത്തിന്റെയും നിറഞ്ഞ പിന്തുണയാണ് ഈ കർഷക വിപണിക്ക് ലഭിച്ചത്.
Agriculture
വെറ്റില ഇതുവരെ ശശിധരനെ ചതിച്ചിട്ടില്ല. അതുകൊണ്ടാവാം ആയുസിന്റെ നല്ല പങ്കും ഈ കൃഷിക്കുവേണ്ടി അദ്ദേഹം മാറ്റിവച്ചത്. വെറ്റില കൃഷിയിൽ ആഴ്ച്ചതോറും കുറഞ്ഞത് അയ്യായിരം രൂപ വരുമാനം കിട്ടും കോട്ടയം ജില്ലയിൽ നെടുംകുന്നം നെത്തല്ലൂർ പനയ്ക്കവയലിൽ കെ.എൻ.ശശിധരന്.
വെറ്റില വിറ്റു വീടുപോറ്റുന്ന ഇദ്ദേഹം മക്കളുടെ പഠനവും വിവാഹവുമൊക്കെ നടത്താൻ ആശ്രയിച്ചതും മറ്റൊന്നിനെയല്ല. വീട്ടു മുറ്റത്തേക്ക് കയറുന്പോൾ തന്നെ പടങ്ങുകളിലും മരങ്ങളിലും വള്ളിവീശി തിങ്ങി വളരുന്ന വെറ്റില ചെടികൾ കാണാം.
ഹരിതസമൃദ്ധിയുടെ നേർക്കാഴ്ച. രാപകൽ നട്ടുനനയ്ക്കാനും പാകമായ ഇലകൾ യഥാസമയം ജാഗ്രതയോടെ നുള്ളിയെടുത്ത് കെട്ടുകളാക്കാനും 74കാരനായ ശശിധരന് ഏറെ ഇഷ്ടമാണ്. മൂന്നു പതിറ്റാണ്ടു മുമ്പ് വാഴയോ കപ്പയോ ചേനയോ ചേന്പോ നടാമെന്നു വിചാരിച്ചാണ് ശശിധരൻ ഈ മണ്ണു വാങ്ങിയത്.
മറ്റു കൃഷികൾക്കൊപ്പമാണ് വെറ്റിലയും തുടങ്ങിയത്. ഇപ്പോൾ 350 മൂട് ചെടികളുണ്ട്. എട്ടു ദിവസം ഇടവിട്ട് ഇല നുള്ളി വിൽക്കും. തളിരിലകൾ പാകമാകുന്ന മുറയ്ക്ക് നുള്ളിക്കൊണ്ടിരിക്കും. 120 രൂപയാണ് ഒരു കെട്ട് നാടൻ വെറ്റിലയ്ക്കു കച്ചവടക്കാർ നൽകുന്നത്.
സീസണ് അനുസരിച്ച് വില കൂടിയും കുറഞ്ഞും വരും. എന്നാൽ എല്ലാക്കാലത്തും ശരാശരി വില കിട്ടും. എന്നും വിപണിയുണ്ട് അതുകൊണ്ടാണ് വെറ്റില ചതിച്ചിട്ടില്ലെന്നു ശശിധരൻ പറയുന്നത്. നാട്ടിലെ കച്ചവടക്കാരും നാടൻ വെറ്റില അന്വേഷിച്ചെത്തുന്നവരുമാണ് ആവശ്യക്കാർ.
ഒരേക്കറിൽ വെറ്റിലയ്ക്കുപുറമെ ജാതി, കപ്പ, വാഴ, പച്ചകറികൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. 2018ലാണ് വെറ്റിലയ്ക്ക് ഏറ്റവും ഉയർന്ന വില കിട്ടിയത്. കെട്ടിന് 300 രൂപ. നാട്ടിലെ മുതിർന്ന കർഷകൻ എന്ന നിലയിൽ കഴിഞ്ഞ വർഷം നെടുംകുന്നം പഞ്ചായത്ത് ശശിധരനെ ആദരിച്ചിരുന്നു.
സ്റ്റെറാമില്ലും ചാണകവുമാണ് വെറ്റിലയ്ക്കു വളമായി നൽകുന്നത്. ചുവട്ടിൽ എപ്പോഴും നനവ് ഉണ്ടായിരിക്കണമെന്നതിനാൽ ഇടയ്ക്കിടെ നനച്ചു കൊടുക്കണം. വള്ളികൾ പന്തലിട്ടു പടർത്തിയാലാണ് കൂടുതൽ ആദായം കിട്ടുന്നത്.
മുൻകാലങ്ങളിൽ മുള ഉപയോഗിച്ചാണ് പന്തലിട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ഇരുന്പു പൈപ്പുകളിലും. എല്ലാ വർഷവും മേട മാസത്തിലാണ് കൃഷിയുടെ തുടക്കം. വെറ്റില കൃഷി ലാഭത്തിലാകണമെങ്കിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ ജോലികളും തനിയെ ചെയ്യണം.
രാവിലെ വെറ്റില തോട്ടത്തിലേക്ക് ഇറങ്ങിയാൽ വൈകുന്നേരമാണ് ശശിധരന്റെ മടക്കം. കൃഷിയിടത്തിൽ കരുത്ത് പകർന്ന് ഭാര്യ സുകുമാരിയും മക്കളും ഒപ്പമുണ്ട്.
കൃഷി ചെയ്യുന്ന വിധം
മറ്റു വിളകൾക്ക് ഇടയിലാണു വെറ്റില കൃഷി. പത്തു മുതൽ 15 സെന്റീമീറ്റർ നീളവും 25 സെന്റീമീറ്റർ വീതം വീതിയും ആഴവുമുള്ള ചാലുകൾ കീറിയാണ് കൃഷി ചെയ്യുന്നത്. ചാലുകൾ തമ്മിൽ ഒരു മീറ്റർ അകലം ഉണ്ടായിരിക്കണം.
ചാണകവും പച്ചിലയും ചാരവും മേൽമണ്ണുമായി കലർത്തി കൃഷി ആരംഭിക്കാം. മൂന്നു വർഷം പ്രായമായ കൊടികളുടെ തലപ്പ് കൃഷിക്ക് മികച്ചതാണ്. ആരോഗ്യമുള്ള മൂന്നു മുട്ടുകളും ഒരു മീറ്റർ നീളവുമുള്ള വള്ളികൾ നടാൻ ഉപയോഗിക്കാം.
ഒരു ഹെക്ടറിൽ നടാൻ ഏകദേശം 20000 മുതൽ 25000 വരെ തലപ്പുകൾ വേണ്ടിവരും. നേരത്തെ തയാറാക്കിയിട്ടുള്ള ചാലുകൾ നനച്ചശേഷം 20 സെന്റീമീറ്റർ അകലെ തലപ്പുകൾ നടാം. ഒരു മുട്ട് മണ്ണിനടിയിൽ ആകത്തക്ക വിധമാണ് നടേണ്ടത്.
അതിനുശേഷം ചുറ്റുമുള്ള മണ്ണ് അമർത്തി കൊടുക്കണം. നട്ട ഉടനെ തണൽ നൽകണം. വളർച്ചയുടെ ആദ്യ ഘട്ടത്തിൽ കൊടികളിൽ വെള്ളം തളിച്ചുകൊടുക്കുന്നതു നല്ലതാണ്. രാവിലെയോ വൈകുന്നേരമോ ആണ് നനയ്ക്കേണ്ടത്.
ഫോണ് : 6238022475
Agriculture
ഈവർഷം പാലാ കടനാട് കൃഷിഭവൻ കുട്ടിക്കർഷകയായി തെരഞ്ഞെടുത്തത് നീലൂർ സെന്റ് ജോസഫ് യുപിഎസ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അലോണ സലേഷിനെയാണ്. കഴിഞ്ഞ വർഷം മികച്ച ജൈവ കർഷകനായി തെരഞ്ഞെടുക്കപ്പെട്ട നീലൂർ പാണ്ടിയംമാക്കൽ സലേഷ് സെബാസ്റ്റ്യന്റെ മകളാണ് അലോണ
അതിരാവിലെ കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന പിതാവിന്റെ സഹായിയായി അലോണയും കൂടെയുണ്ടാകും. പിതാവിനെ സഹായിച്ചാണ് അലോണ കൃഷിയിൽ സജീവമായത്. സ്കൂൾ വിട്ടു വന്നാൽ പിന്നെ പഠനവും വായനയുമൊക്കെയായി കഴിയും.
സ്ഥലത്തിന്റെ ചരിവിന് അനുസരിച്ചുള്ള കൃഷിയാണ് സലേഷ് ചെയ്യുന്നത്. നീലൂരും മുട്ടത്തുമായി നാലേക്കർ കൃഷിയുണ്ട്. ഒന്നര ഏക്കറിൽ റബറാണ് ബാക്കി സ്ഥലത്ത് തേക്ക്, കമുക് തെങ്ങ്, ചന്ദനം, വാഴ, പച്ചക്കറികൾ, ചേന, മരച്ചീനി, നാടൻ വരിക്കപ്ലാവ് എന്നിവ കൃഷി ചെയ്തുവരുന്നു.
അന്പതു സെന്റ് സ്ഥലത്ത് വേങ്ങ, പട്ട, പൊങ്ങല്യം, ഇരുപൂള്, പയ്യാനി എന്നിവയും പരിപാലിക്കുന്നുണ്ട്. തേയിലച്ചണ്ടി, അടുക്കള വേസ്റ്റ് സ്ലറി, ചാണകം, ചാരം എന്നിവയാണ് വളത്തിനായി ഉപയോഗിക്കുന്നത്.
വിഷരഹിതമായ ആഹാരം കഴിക്കുകയെന്ന ആഗ്രഹമാണ് 17 വർഷം റബർ വ്യാപാരിയായിരുന്ന സലേഷ് കൃഷിയിലേക്ക് നയിച്ചത്. ഭാര്യ ജിഷ ബേബി. മൂന്നു മക്കളാണ് ദന്പതികൾക്കുള്ളത്.