സൗത്ത് സോണിലെ 2025ലെ മികച്ച ക്ഷീര കർഷകയായി ഇന്ത്യൻ ഡയറി അസോസിയേഷൻ തെരഞ്ഞെടുത്ത എം.പി. ബിന്ദു(ബിന്ദു ഷാജി)വയനാടിന് അഭിമാനമായി. ഡൽഹിയിൽ നടന്ന നാഷണൽ ഡയറി ഇൻഡസ്ട്രി കോണ്‍ഫറൻസ് ആൻഡ് എക്സിബിഷനിൽ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനിൽനിന്നാണ് ബിന്ദു പുരസ്കാരം ഏറ്റുവാങ്ങിയത്.
പ്ലസ് ടു പഠനത്തിനുശേഷമാണ് ബിന്ദു ക്ഷീരരംഗത്ത് സജീവമായത്. വിവാഹശേഷവും ക്ഷീരവൃത്തി തുടർന്ന അവർ കുടുംബാംഗങ്ങളുടെ പിന്തുണയോടെ 2018ലാണ് മാണ്ടാടിൽ ഡയറി ഫാം ആരംഭിച്ചത്. നാല് ഏക്കർ 30 സെന്റ് വരുന്നതാണ് ഫാം.
ബിന്ദുവിനെ സംബന്ധിച്ചിടത്തോളം ക്ഷീരവൃത്തി തൊഴിലിനുപരി സ്വാശ്രയത്വം, സന്തോഷം, സമൂഹത്തിന് ഗുണമേൻമയുള്ള പാൽ നൽകണമെന്ന പ്രതിബദ്ധത എന്നിവ ആധാരമാക്കിയ ജീവിതശൈലിയാണെന്ന് മാണ്ടാട് നിവാസികൾ പറയുന്നു.
2018 മുതൽ തേനേരി ക്ഷീരസംഘം അംഗമാണ് ബിന്ദു. ഉത്പാദിപ്പിക്കുന്ന പാൽ പൂർണമായും സഹകരണ സംഘത്തിനാണ് ലഭ്യമാക്കുന്നത്. നിലവിൽ ശാസ്ത്രീയ രീതിയിൽ നടത്തുന്ന ഡയറി യൂണിറ്റിൽ കറവയുള്ള 67ഉം വറ്റുകറവയിലുള്ള 14ഉം പശുക്കളും 13 കിടാരികളും ആറ് മൂരിക്കുട്ടൻമാരും 13 പശുക്കുട്ടികളും ഒന്നുവീതം കാളയും പോത്തും ഉണ്ട്.
ദിനേന ശരാശരി 850 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്ന ബിന്ദുവിന്റെ ഫാം പ്രദേശത്തെ ശ്രദ്ധേയ ഡയറി യൂണിറ്റുകളിലൊണ്. കുടുംബത്തിന്റെ കൈവശത്തിലുള്ള കൃഷിയിടത്തിൽ 11 ഏക്കർ പൂർണമായും തീറ്റപ്പുൽക്കൃഷിക്കാണ് വിനിയോഗിക്കുന്നത്.

പ്രധാനമായും സൂപ്പർ നേപ്പിയറാണ് കൃഷി ചെയ്യുന്നത്. ടോട്ടൽ മിക്സ്ഡ് റേഷൻ മാതൃക ഉൾപ്പെടെ ശാസ്ത്രീയ തീറ്റമുറകൾ പിന്തുടരുകയും 20 ടണ്‍ ശേഷിയുള്ള രണ്ട് സൈലേജ് അറകൾ ഒരുക്കി വർഷം മുഴുവൻ തീറ്റ ലഭ്യത ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
സുസ്ഥിരവും മാലിന്യമില്ലാത്തതുമായ കൃഷിരീതിയാണ് ഫാമിന്റെ പ്രത്യേകത. ചാണകം ഡീവാട്ടറിംഗ് മെഷീൻ ഉപയോഗിച്ച് ഉണക്കി അലങ്കാര നഴ്സറികൾക്കും കൃഷിയിടങ്ങൾക്കും വിതരണം ചെയ്യുന്നുണ്ട്. സ്ലറി ബയോഗ്യാസ് നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്. അധിക സ്ലറി ടാങ്കറുകൾ വഴി കാപ്പി, പഴ തോട്ടങ്ങൾക്കാണ് നൽകുന്നത്.
കിടാവുകൾക്ക് ലൂസ് ഹൗസിംഗ് ഷെഡുകൾ, പുതുതായി ജനിച്ചവയ്ക്ക് പ്രത്യേക തൊഴുത്ത്, ഓരോ പശുവിനും എപ്പോഴും വെള്ളം ലഭിക്കാനുള്ള സംവിധാനം, 18 മിൽക്കിംഗ് പാർലറുകൾ, മേച്ചിൽപ്പുറങ്ങൾ, കമേഴ്സ്യൽ ഫാനുകൾ ഉപയോഗിച്ച് മികച്ച വായുസഞ്ചാരം, മിനറൽ സപ്ലിമെന്റേഷൻ എന്നിവയുൾപ്പെടെ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഫാമിൽ ഒരുക്കിയിരിക്കുന്നത്.
കുടുംബാംഗങ്ങളുടെയും തൊഴിലാളികളുടെയും പിന്തുണയോടെ സമീപ കർഷകർക്ക് മാർഗനിർദേശം നൽകി ആധുനികവും സുസ്ഥിരവുമായ വനിതാ നേതൃത്വത്തിലുള്ള ക്ഷീര സംരംഭകത്വത്തിന്റെ മാതൃകയായി ഉയർന്നിരിക്കയാണ് ബിന്ദു ഷാജി.
മുട്ടിൽ മാണ്ടാട് കവളയ്ക്കൽ ഷാജിയുടെ ഭാര്യയാണ് നാല്പത്തിയാറുകാരിയായ ബിന്ദു. ഡിൽന, ബേസിൽ, ജിൽന എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
ഫോണ്‍: 9496381661
Tags : Karshakan Agriculture