Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
നിപയിൽ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട ഒരാളെ ഇന്ന് ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപെട്ട ഒരാളെയാണ് ഇന്ന് ക്വാറന്റൈനിൽ നിന്നു ഒഴിവാക്കിയിരിക്കുന്നത്.
രോഗബാധിതന്റെ സഹപ്രവർത്തകനായിരുന്നു ഇദ്ദേഹം. രോഗബാധിതൻ വെന്റിലേറ്ററിൽ തുടരുകയാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 15 പേർക്ക് കൂടി ഷിഗെല്ലയും 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 13,747 പനി ബാധിതരുണ്ട്.
നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 11 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെതുടർന്നാണിത്.
നിപ രോഗബാധിതന്റെ സമ്പക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ട നാല് പേരും ഉയർന്ന ഭാഗത്തിൽപ്പെട്ട 14 പേരും ക്വാറന്റൈനിലാണ്.
കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ട 75 പേർ നിരീക്ഷണത്തിലാണ്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സ തുടരുകയാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാല് ജില്ലകളിലാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്. കോഴിക്കോട്-7, വയനാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് കണക്കുകൾ.
സംസ്ഥാനത്ത് ജൂണിൽ 150 പേർക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 226 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (49), വയനാട് (20), തൃശൂർ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
മലപ്പുറം (21), തിരുവനന്തപുരം (17), കണ്ണൂർ (10), കൊല്ലം (9), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3)എന്നിവിടങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. ശനിയാഴ്ച മാത്രം പനി ബാധിച്ച് മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പകർച്ചവ്യാധി പ്രതിരോധത്തിന് അടിയന്തര രൂപരേഖ തയാറാക്കാൻ ഹൈപവർ കമ്മിറ്റി യോഗം ചേർന്നു. ശനിയാഴ്ച മാത്രം 13,187 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. അതേസമയം 13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.
എബോള ബാധിച്ചെന്ന് സംശയിച്ച് നിരീക്ഷണത്തിലായിരുന്ന കോട്ടയം സ്വദേശിനിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വയംചികിത്സ ഒഴിവാക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
Kerala
തിരുവനന്തപുരം: കോട്ടയത്ത് എബോള ലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്ന വിദേശ വനിതയുടെ പരിശോധനാ ഫലം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഇതോടെ സംസ്ഥാനത്ത് എബോള ആശങ്കയൊഴിഞ്ഞെന്നും മന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തൈക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത ഉന്നതതല സമിതി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോട്ടയത്ത് എബോള ലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്ന ആളുടെ സ്രവപരിശോധനാ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ലഭ്യമായത്. രാത്രി 10.30ഓടെ ലഭിച്ച പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് ഹോം ക്വാറന്റീനിലേക്ക് അയച്ചെന്ന് മന്ത്രി പറഞ്ഞു.
സാധാരണഗതിയിൽ 21 ദിവസമാണ് എബോള ക്വാറന്റീൻ കാലയളവ്. എന്നാൽ ഇദ്ദേഹത്തിന് നിലവിൽ യാതൊരുവിധ രോഗലക്ഷണങ്ങളുമില്ലാത്ത സാഹചര്യത്തിൽ ക്വാറന്റൈൻ എത്ര ദിവസം വേണമെന്ന് മെഡിക്കൽ ബോർഡ് പരിശോധിച്ചു തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഷിഗെല്ല രോഗവ്യാപനം നിലവിൽ പൂർണമായും നിയന്ത്രണവിധേയമാണെന്നും പുതിയ മരണങ്ങൾ എങ്ങും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 19 ഷിഗെല്ല രോഗബാധകൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം രണ്ട്, കൊല്ലം ഒന്ന്, എറണാകുളം ഒന്ന്, തൃശൂർ മൂന്ന്, മലപ്പുറം ഒന്ന്, കോഴിക്കോട് ഒൻപത്, കണ്ണൂർ രണ്ട്, എന്നിങ്ങനെയാണ് ഇന്നലെ രോഗം റിപ്പോർട്ട് ചെയ്തത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി. മലപ്പുറം സ്വദേശിയായ വയോധികയാണ് ഷിഗെല്ല ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. ഇന്ന് 105 പേർക്ക് രോഗം സ്ഥിരീകരിച്ചതായും പ്രതിദിന ഡെങ്കി കേസ് 100 കടന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് പനി വർധിക്കുന്ന പശ്ചാത്തലത്തിൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. പനിയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
സ്കൂളുകളിൽ ഫുഡ് ഇൻസ്പെക്ടർമാർ പ്രത്യേക പരിശോധന നടത്തണം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആൾക്കൂട്ടത്തിൽ മാസ്ക് ധരിക്കണമെന്നും കുടിവെള്ള സ്രോതസുകൾ പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
District News
കൊച്ചി: സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഷിഗല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശുചിത്വ മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം.
ജില്ലയില്‍ ഭക്ഷണപാനീയ ശുചിത്വത്തില്‍ പൊതുജനങ്ങളും ആഹാര പദാര്‍ഥങ്ങള്‍ തയാറാക്കി വിതരണം ചെയ്യുന്നവരും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാര പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാടില്ല. പകര്‍ച്ച വ്യാധികള്‍ക്ക് ഇടയാക്കുന്ന രീതിയില്‍ ആഹാര പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഡിഎംഒയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കുക
കുടിക്കാന്‍ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം കുറഞ്ഞത് 20 മിനിറ്റെങ്കിലും തിളപ്പിച്ചു എന്ന് ഉറപ്പുവരുത്തണം.
തിളപ്പിച്ച വെള്ളത്തില്‍ യാതൊരു കാരണവശാലും തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്.
കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. ക്ലോറിനേറ്റ് ചെയ്ത ജലവും തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ.
ശുചിത്വം മസ്റ്റ്
ആഹാരപാനീയങ്ങള്‍ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ശുചിത്വ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം തയാറാക്കുന്നതിന് മുമ്പും ശൗചാലയങ്ങള്‍ ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
ആഹാര പദാര്‍ഥങ്ങള്‍ തുറന്നു വയ്ക്കരുത്. പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. ചൂടുള്ള ഭക്ഷണം മാത്രം തയാറാക്കി നല്കാന് ശ്രദ്ധിക്കുക.
ഹോട്ടലുകള്‍, കാന്റീനുകള്‍, മറ്റ് ഭക്ഷണശാലകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങി ആഹാരപദാര്‍ഥങ്ങള്‍ പാകം ചെയ്തു വിതരണം ചെയ്യുന്ന എല്ലാവര്ക്കും നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.
കിണര്‍ ക്ലോറിനേറ്റ് ചെയ്ത തീയതി, ഫില്‍ട്ടറുകള്‍ സര്‍വീസ് ചെയ്ത വിവരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കണം. ആഹാരപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ വ്യക്തി ശുചിത്വം ഉറപ്പാക്കണം.
District News
തൃശൂർ: ജില്ലയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.
ഹോട്ടലുകളടക്കമുള്ള ഭക്ഷണവിതരണ ശാലകളിൽ ശുചിത്വസന്ദേശം നൽകും. ആരോഗ്യ സ്ക്വാഡ് പരിശോധനകൾ നടത്തും. കുടിവെള്ളത്തിൽ ക്ലോറിനേഷൻ നടത്തും.
സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് അവബോധം ശക്തമാക്കാൻ ഡിഎംഒയെ ചുമതലപ്പെടുത്തി. സ്കൂളുകൾ അങ്കണവാടികൾ, വൃദ്ധസദനങ്ങൾ, ഇതരസംസ്ഥാന തൊഴിലാളികേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ബോധവത്കരണം നടത്തും.
ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി. ശ്രീദേവി, മൈക്രോബയോളജി വിഭാഗം ഉദ്യോഗസ്ഥർ, വിദ്യാഭ്യാസവകുപ്പ് അധികൃതർ, ജില്ലാ ലേബർ ഓഫീസർ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
Editorial
ഷിഗെല്ല അത്ര മാരകമല്ലെന്നാണ് വിദഗ്ധാഭിപ്രായം. പക്ഷേ, അനാസ്ഥയും കെടുകാര്യസ്ഥതയും മാരകമാണ്. അതുകൊണ്ട് അഞ്ചുപേർക്കു ജീവൻ നഷ്ടമായി. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുന്‍പ് 2018ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിപയും സംസ്ഥാനത്തുണ്ട്. പക്ഷേ, അങ്ങേയറ്റം മാരകമായ നിപ ഒരു പരിധിവരെ നിയന്ത്രിക്കാനായി. ശ്രദ്ധയോടെ ശുശ്രൂഷിച്ചാൽ ഒരു പരിധിവരെ അതിസാരംപോലെ നിയന്ത്രിക്കാവുന്ന ഷിഗെല്ല ബാക്ടീരിയകളെ നിസാരവത്കരിച്ചതിന്റെ വിലയാണ് അഞ്ചു മരണം.
ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞതനുസരിച്ച്, ഇതു സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്. മുൻ സർക്കാരോ പുതുസർക്കാരോ തദ്ദേശഭരണ സമിതികളോ ആരുമാകട്ടെ, വില കൊടുത്തതു ജനങ്ങളാണ്. സർക്കാരിന്റെ കുറ്റസമ്മതമല്ല, യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ഇനിയാവശ്യം. നമ്മുടെ ജീവൻ നമ്മുടെ മാത്രം ഉത്തരവാദിത്വമാണെന്നു ജനങ്ങളും തിരിച്ചറിയട്ടെ.
സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജനുവരി മുതല്‍ ജൂണ്‍ വരെ 146. അഞ്ചു പേര് രോഗം ബാധിച്ച് മരിച്ചു. ഇതില്‍ ഒരാള്‍ മാര്‍ച്ചിലാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് മരണം സംഭവിച്ചതെന്നും കോഴിക്കോട്ട് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 38 പേര്‍ക്ക് നിപ പരിശോധിച്ചതിൽ 37 പേരും നെഗറ്റീവ് ആണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതും പകര്‍ച്ചവ്യാധി പടരാന്‍ കാരണമായി. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വന്നതോടെ എല്ലാവരും തെരഞ്ഞെടുപ്പ് മൂഡിലായെന്നും അത് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയ്ക്ക് കാരണമായെന്നും തദ്ദേശ സ്ഥാപനങ്ങള്‍ അടക്കം എല്ലാവര്ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നുമാണ് മന്ത്രി സമ്മതിച്ചത്.
പക്ഷേ, അട്ടിമറിവിജയത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളിലേറെയും യുഡിഎഫ് ഭരിച്ചുതുടങ്ങിയിട്ട് ആറു മാസമായെന്നു മറക്കരുത്. ഇതിനൊക്കെ ആറു മാസം പോരെന്നാണെങ്കിൽ അടുത്തവർഷം സംഭവിക്കാനിരിക്കുന്നത് ഇതിലും വലിയ ദുരന്തമായിരിക്കും. മഴക്കാല പൂർവശൂചീകരണങ്ങൾ സർക്കാരിന്റെ അനുമതിയില്ലാതെ തദ്ദേശ സ്ഥാപനങ്ങൾക്കു നടത്താമെങ്കിൽ ആ ഉത്തരവാദിത്വം നിർവഹിക്കാതിരുന്നവരാണ് യുഡിഎഫായാലും എൽഡിഎഫായാലും അഞ്ചു മരണങ്ങൾക്കു കാരണക്കാർ. ഉദ്യോഗസ്ഥരും മറുപടി പറയണം.
മലിനജലവും മലിനഭക്ഷണവുമാണ് ഷിഗെല്ലയുടെ തറവാട്. വയറുവേദന, ഛർദി, പനി എന്നിവ പ്രധാന ലക്ഷണങ്ങളാണ്. മലബന്ധവും മലത്തിൽ രക്തം വരുന്നതും പതിവാണ്. സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതുകൊണ്ട് തുടക്കത്തിലേ ചികിത്സ തേടിയാൽ ജീവൻ നഷ്ടമാകുന്നതും രോഗം പടരുന്നതും ഒഴിവാക്കാം. ഷിഗെല്ല പൂർണമായും നിയന്ത്രണവിധേയമാകുവോളമെങ്കിലും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുമെന്നും പാചകം ചെയ്യുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുമെന്നും പ്രതിജ്ഞയെടുത്താൽ ഈ ബാക്ടീരിയയെ പിടിച്ചുകെട്ടാം. അത്ര എളുപ്പമല്ലെങ്കിലും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുകയും കൈ ശുചിയായി സൂക്ഷിക്കുകയും ചെയ്താൽ കൂടുതൽ സുരക്ഷിതമായി. സർക്കാർ എന്തുകൊണ്ട് മഴക്കാലപൂർവ ശുചീകരണം നടത്തിയില്ലെന്നു ചോദിക്കേണ്ടതാണ്. പക്ഷേ, ഷിഗെല്ലയ്ക്ക് സർക്കാരിനെ അറിയില്ലാത്തതുകൊണ്ട് സ്വയരക്ഷയാണു പ്രധാനം.
ഷിഗെല്ലയ്ക്കു ചികിത്സയുണ്ട്. ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. അങ്ങേയറ്റം, ആന്റിബയോട്ടിക്കുകൊണ്ട് ചെറുക്കാവുന്ന രോഗമാണ്. പക്ഷേ, മരുന്ന് രോഗിയെ അന്വേഷിച്ച് വീട്ടിലെത്തില്ലെന്നു തിരിച്ചറിഞ്ഞാൽ മതി. മറ്റുള്ളവർ എടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനുമുന്‍പ് നടന്നുപോയാൽ തിരിച്ചും നടന്നുവരാം. അത്രയേ ഉള്ളൂ.
Kerala
കോഴിക്കോട്: കോഴിക്കോട് നാലു വയസുകാരിക്ക് ഷിഗല്ല സ്ഥിരീകരിച്ചു. വടകര കുറുമ്പയിൽ സ്വദേശിയായ നാലു വയസുകാരിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും നിലവിലില്ല.
Kerala
കണ്ണൂർ: പാനൂരിൽ രണ്ട് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മോകേരിയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.
നാലും എട്ടും വയസുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മേഖലയിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു.
Kerala
തൃശൂർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ 43കാരനാണ് മരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്.
വയറുവേദനയെ തുടര്‍ന്ന് കൊടകര ശാന്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 13-ാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി ഇന്ന് വൈകുന്നേരം അഞ്ചോടെ മരിക്കുകയായിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ഏഴ് വയസുകാരൻ മരിച്ചു
മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് മരിച്ച കുട്ടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരോഗ്യ അവസ്ഥ മോശമായതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ വർഷം ഇത് വരെ നാല് പേരാണ് രോഗം ബാധിച്ച് മരിച്ചത്.
District News
വടക്കാഞ്ചേരി: നഗരസഭാപരിധിയിൽ വീണ്ടും ഷിഗെല്ലെ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി വടക്കാഞ്ചേരി നഗരസഭയും ആരോഗ്യവകുപ്പും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മേഖലയിൽ ഇന്നലെ വ്യാപകമായ ശുചീകരണപ്രവർത്തനങ്ങൾ നടത്തി.
കഴിഞ്ഞദിവസം മംഗലം കനാൽപാലം ഭാഗത്തുനിന്നാണ് രണ്ടുപേരെ രോഗലക്ഷണങ്ങളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇവരിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ഇവരെ നിലവിൽ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
നഗരസഭാപരിധിയിൽ രോഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോകുന്നത്. ഇതിനോടകം സമീപത്തെ നൂറോളംവീടുകളിൽ ആരോഗ്യവകുപ്പ് സർവേ നടത്തിയെങ്കിലും പുതിയ കേസുകളോ, രോഗമുണ്ടാകാനുള്ള മറ്റ് സാഹചര്യങ്ങളോ കണ്ടെത്താനായില്ല. പ്രദേശത്തെ കിണറുകൾ, കുഴൽക്കിണറുകൾ, മറ്റ് ജലസ്രോതസുകൾ എന്നിവയിൽനിന്നുള്ള സാമ്പിളുകളുടെ പരിശോധനാഫലം നാലുദിവസത്തിനകം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. നാളെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശത്തെ കുളങ്ങളും കിണറുകളും കുഴൽക്കിണറുകളും ഉൾപ്പെടെയുള്ള ജലസ്രോതസുകളിൽ മാസ് ക്ലോറിനേഷൻ നടത്തും.
നിലവിൽ രോഗം പിടിപെട്ട് ചികിത്സയിൽകഴിയുന്ന ഏഴും എട്ടും വയസുള്ള കുട്ടികൾ സുഖം പ്രാപിച്ചുവരികയാണെന്നും രണ്ടു ദിവസത്തിനകം ഇവർക്ക് ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതർ സൂചനനൽകി.
National
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മൂന്നുപേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. രണ്ടു പേർ കോഴിക്കോട്ടും ഒരാൾ മലപ്പുറത്തും മരിച്ചുവെന്ന് കെ. മുരളീധരൻ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു കുട്ടിക്കാണ് രോഗം ബാധിച്ചത്.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ ഒമ്പതുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
തുറയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് ഷിഗെല്ല രോഗബാധയുണ്ടായത്. കഴിഞ്ഞ ദിവസം തൃശൂര്‍ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതരായ കുട്ടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
Kerala
തൃശൂർ: വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലു വയസുള്ള പെൺകുട്ടിക്കും ഏഴു വയസുള്ള ആൺകുട്ടിക്കുമാണ് ഷിഗെല്ല സ്ഥീരീകരിച്ചത്.
കുട്ടികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി 18 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണവും സ്ഥിരീകരിച്ചു.
ഷിഗെല്ലയ്ക്ക് പുറമെ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ് നൈൽ പനി തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വെള്ളിയാഴ്ച 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ, 11 പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
24 പേർക്ക് മഞ്ഞപ്പിത്തവും 94 പേർക്ക് ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തു. വെസ്റ്റ് നൈൽ പനിയും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലെ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Kerala
കൽപ്പറ്റ: വയനാട്ടിൽ ഏഴുപേരിൽക്കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഷിഗെല്ല ബാധിതരുടെ എണ്ണം പതിനാറായി.
പകർച്ചവ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.കെ.ടി. രേഖ അറിയിച്ചു. രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അവർ പറഞ്ഞു.
രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായുള്ള സന്പർക്കം പരമാവധി കുറയ്ക്കണം. രോഗം പകരുന്നത് തടയാൻ മുൻകരുതലുകളും പ്രതിരോധമാർഗങ്ങളും സ്വീകരിക്കണം. രോഗലക്ഷണങ്ങൾ പ്രകടമാവുന്നുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും ചികിത്സ നേടുകയും വേണം.
ആരോഗ്യ വകുപ്പിന്റെ ജാഗ്രതാനിർദേശങ്ങളും പ്രതിരോധ മാർഗങ്ങളും കർശനമായി പാലിക്കണം. വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളിൽ വീഴ്ച വരുത്തരുത്. സ്വയം ചികിത്സ പാടില്ലെന്നും ഡിഎംഒ പറഞ്ഞു.
Kerala
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറത്ത് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാഫലം. വയറിളക്കം ബാധിച്ചു മരിച്ച കീഴാറ്റൂർ സ്വദേശി സരോജിനിയ്ക്കാണ് (59) ഷിഗെല്ല സ്ഥിരീകരിച്ചത്.
വയറിളക്കത്തെ തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു ഇവരുടെ മരണം സ്ഥിരീകരിച്ചത്. രോഗ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയുടെ ഫലം ഇന്നാണ് ലഭിച്ചത്.
മലപ്പുറം ജില്ലയിൽ രണ്ട് പേരാണ് ഷിഗെല്ല ബാധിച്ച് ചികിത്സയിലുള്ളത്. തേഞ്ഞിപ്പാലം, എടവണ്ണ സ്വദേശികളാണ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്.
Kerala
കാട്ടാക്കട: കാട്ടാക്കടയിലെ ബേക്കറിയിൽ ഷിഗെല്ലാ സാന്നിധ്യം കണ്ടെത്തി. ഇതേതുടർന്നു ബേക്കറി പൂട്ടിച്ചു. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ കാർത്തിക ബേക്കറിയിലാണ് ഷിഗെല്ലാ സാന്നിധ്യം കണ്ടത്.
കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ്റ്റാൻഡ് വാണിജ്യ സമുച്ചയത്തിലെ ബേക്കറിയിൽ നടത്തിയ പരിശോധനയിലെ ഫലം ഷിഗെല്ലാ സാന്നിധ്യം കണ്ടെത്തിയതായി പറയുന്നു. കഴിഞ്ഞ ഒന്നാം തീയതിയാണ് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തിയത്. ബേക്കറിയിൽ നിന്നും ഉപഭോക്താക്കൾക്ക് കുടിക്കാനായി നൽകുന്ന ഓറഞ്ച് പാനീയത്തിന്റെ സാബിളുകൾ ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധന ഫലം അഞ്ചാം തീയതി വന്നപ്പോൾ ഷിഗെല്ലാ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഇന്നാണ് കാട്ടാക്കട പഞ്ചായത്തിന് ഇതു സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിന് ലഭിച്ച വിവരത്തിൽ കാട്ടാക്കട കെഎസ്ആർടിസി വാണിജ്യസമുച്ചയത്തിലെ വിവിധ ബേക്കറികളിൽ പരിശോധന നടത്തി. ആമച്ചൽ ആരോഗ്യ വകുപ്പും പരിശോധന നടത്തി.
ഫുഡ് ആൻഡ് സേഫ്റ്റിയുടെ പരിശോധനയിലാണ് രോഗ സാന്നിധ്യം കണ്ടെത്തിയത്. 10 ദിവസം മുമ്പ് നടന്ന പരിശോധന ഫലം ഇന്നാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് പൊതുവിൽ ആശങ്കയ്ക്ക് ഇട നൽകുന്നു.
ദിവസേന നൂറുകണക്കിനാളുകളാണ് കാട്ടാക്കട വാണിജ്യ സമുജയത്തിലെ ബേക്കറികളിൽ എത്തുന്നത്. 10 ദിവസം മുൻപ് പരിശോധനയ്ക്ക് എടുത്ത വെള്ളത്തിൽ ഷിഗെല്ലാ സാന്നിധ്യം കണ്ടെത്തിയ സ്ഥിതിയിൽ ഇതിനോടകം ഈ വൈറസ് എത്രപേർക്ക് ബാധിച്ചിട്ടുണ്ട് ആശങ്കയിലാണ് ഇപ്പോൾ ആരോഗ്യവകുപ്പുള്ളത്.
Kerala
കൽപ്പറ്റ: വയനാട്ടിലെ ഷിഗെല്ല ബാധയിൽ കൂടുതൽ കുട്ടികളുടെ പരിശോധന ഫലം ഇന്ന്. നിലവിൽ ഒൻപത് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. ഇന്നലെ ഒരു കുട്ടിക്കുകൂടി രോഗം സ്ഥിരീകരിച്ചു.
നിലവിൽ 502 കുട്ടികളാണ് കോളിയാടി സ്കൂളിൽ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. 47 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. അതേസമയം, സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാൻ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
Kerala
കൊല്ലം: കൊല്ലം ജില്ലയിലും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ട് വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരവൂർ, പാലത്തറ സ്വദേശികളായ വിദ്യാർഥികൾക്കാണ് രോഗം ബാധിച്ചത്.
നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.
വയനാട് ജില്ലയിൽ നിലവിൽ എട്ട് കുട്ടികൾ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. നേരത്തേ കോഴിക്കോട്ട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു.
Kerala
കൽപ്പറ്റ: നെന്മേനി പഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നെന്മേനി പഞ്ചായത്തിലെയും തൊട്ടടുത്തുള്ള അമ്പലവയൽ, നൂൽപ്പുഴ പഞ്ചായത്തുകളിലെയും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 14 വരെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
മദ്രസകൾ, അങ്കണവാടികൾ, പഠന മുറികൾ, ഹോസ്റ്റലുകൾ, ട്യൂഷൻ സെന്ററുകൾ, പ്രഫഷനൽ കോളജുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും ഈ അവധി ബാധകമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർ ജോലിക്ക് ഹാജരാകുന്നതിന് തടസമില്ല.
Kerala
കൽപ്പറ്റ: വയനാട്ടിൽ അഞ്ചുപേരിൽക്കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. പനിയും വയറിളക്കവും ഛർദിയും ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ച കോളിയാടി എയുപി സ്കൂളിലെ കുട്ടികളിൽനിന്നു ശേഖരിച്ച് കഴിഞ്ഞ ഏഴിന പരിശോധനക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസുള്ള പെണ്‍കുട്ടികളിലാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.
നിലവില്‍ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കോളിയാടിയും പരിസരപ്രദേശവും സന്ദര്‍ശിച്ചു. രോഗവ്യാപനം തടയാനുമുള്ള നിർദേശങ്ങള്‍ സംഘം നല്കി.
ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ രോഗ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും നേരിട്ടുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും പ്രദേശത്ത് ഊർജിതമായി നടന്നുവരികയാണ്. കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിക്കുന്നതിന് പ്രത്യേക ക്ലോറിനേഷന് ഡ്രൈവ് നടത്തുന്നുണ്ട്.
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങളും പ്രതിരോധ മാർഗങ്ങളും പൊതുജനം കര്‍ശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളില്‍ വീഴ്ച വരുത്തരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. കെ.ടി. രേഖ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ നേടണം.
അതിനിടെ, ആളുകൾ കൂട്ടം കൂടുന്നതിന് നെൻമേനി പഞ്ചായത്തിൽ ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവായി.
Kerala
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഇന്നലെ ഒരാൾക്കുകൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ ഷിഗെല്ല രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി. പനി, ഛർദി, വയറിളക്കം എന്നിവ ബാധിച്ച് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോളിയാടി എയുപി സ്കൂളിലെ 21 കുട്ടികളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽനിന്നാണു മൂന്നു പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.
പനി, ഛർദി, വയറിളക്കം എന്നിവ ബാധിച്ച് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഇന്നലെ സന്ദർശിച്ചു.
വിവിധ വാർഡുകളിലെത്തി കുട്ടികളോടും രക്ഷിതാക്കളോടും മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വയനാട്ടില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരന് ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരിയില്‍ മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കോളയാടി യുപി സ്കൂളിലെ വിദ്യാർഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളുള്ള കുട്ടികൾ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ചയായിരുന്നു കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ കുട്ടികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.
Kerala
സുൽത്താൻ ബത്തേരി: കോളിയാടി യുപി സ്കൂളിൽ വിദ്യാർഥികൾക്കിടയിൽ റിപ്പോർട്ട് ചെയ്ത ഛർദ്ദി, വയറിളക്ക ബാധയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ രണ്ടു കുട്ടികൾക്കു ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.
ആരോഗ്യവകുപ്പ് ആകെ 21 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ട് എണ്ണത്തിന്റെ ഫലമാണ് പോസിറ്റീവായത്. 19 സാംപിളുകളുടെ ഫലം വരാനുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂളിലെ വിദ്യാർഥികൾക്ക് കൂട്ടത്തോടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇതോടെ 337 വിദ്യാർഥികൾ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നിലവിൽ 25 കുട്ടികൾ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നുണ്ട്. രോഗബാധയെത്തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ബത്തേരിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച കുട്ടികളുമായി അടുത്ത സന്പർക്കത്തിലുണ്ടായിരുന്ന അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇന്ന് രാവിലെ 8.30ന് ബത്തേരി ഉന്നതതല അടയന്തര യോഗം ചേരുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉച്ചയോടെ വയനാട് ജില്ലയിൽ എത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും.
രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമായി ഫുഡ് സേഫ്റ്റി വിഭാഗത്തിന് വ്യാപക പരിശോധന നടത്താൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. തട്ടുകടകളുടെയും ഭക്ഷണശാലകളുടെയും പ്രവർത്തനം പരിശോധിച്ച്, നിയമലംഘനം കണ്ടെത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ബത്തേരിയിൽ ക്യാന്പ് ചെയ്ത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരികയാണ്. ആരോഗ്യപ്രവർത്തകർ ബോധവത്കരണവും നിരീക്ഷണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകരാൻ സാധ്യതയുള്ളതിനാൽ കുടിവെള്ള സ്രോതസുകളും ഭക്ഷ്യവസ്തുക്കളും വിശദമായി പരിശോധിച്ചുവരികയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ്രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.
Kerala
കോഴിക്കോട്: പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്കാണ് രോഗബാധ.
ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരുമണ്ണ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.
മലിനമായ ഭക്ഷണവും വെള്ളവും ഒഴുവാക്കാനാണ്നി നിർദേശം. രോഗവ്യാപനം തടയാൻ പ്രത്യേക നടപടികൾ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
Kerala
കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി രോഗം ബാധിച്ച് മരിച്ചത്. ഇന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കൂടാതെ ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. എങ്ങനെയാണ് ഈ പ്രദേശത്ത് രോഗം പടര്‍ന്നത് എന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്.
വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്.
പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനുള്ള സാധ്യതയും ഉണ്ട്.
District News
രാമങ്കരി: കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കേ ഛർദി, അതിസാരം എന്നിവയ്ക്ക് സമമായ ഷിഗല്ല രോഗം കുട്ടനാട്ടിൽ തലപൊക്കുന്നു. പണ്ട് വെള്ളപ്പൊക്ക കാലങ്ങളിൽ മാത്രമാണ് ഇത്തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ നല്ല വേനൽക്കാലത്തും ഇത് പ്രകടമാകുന്നുവെന്നതാണ് സ്ഥിതി.
രണ്ടാഴ്ച മുന്‍പ് ചന്പക്കുളം പഞ്ചായത്ത് 11ാം വാർഡിലാണ് 11വയസ് പ്രായം വരുന്ന ഇരട്ടക്കുട്ടികൾക്കും, 5 വയസ് മാത്രം പ്രായം വരുന്ന ഇവരുടെ സഹോദരനും രോഗം സ്ഥിരീകരിച്ചത്.
ആദ്യം ചന്പക്കുളത്തെ ഗവ. ആശുപ്ത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ഭേദമാകാതെ വന്നതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപ്ത്രി ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയോടെ എല്ലാവരും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. ചന്പക്കുളത്തെ കുടുംബ വീട്ടിൽ നിന്നും കഴിഞ്ഞ 24ന് ഇവർ കാവാലത്തെ അമ്മവീട്ടിൽ പോകുകയും അവിടെ വച്ച് കുടിവെള്ള സംഭരണിയിലെ ജലം ഉപയോഗിച്ചതായും പറയുന്നു. 26ന് തിരികെ ഇവർ നാട്ടിലെത്തി. അടുത്ത ദിവസം ഇരട്ടക്കുട്ടികൾ സ്കൂളിലേക്ക് പോയെങ്കിലും തലവേദനയും ഛർദിയും മറ്റും അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. മോശമായ കുടിവെള്ളത്തിന്റെ ഉപയോഗമകാം രോഗം പിടിപെടാൻ കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
രോഗം സ്ഥിരികരിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചുവരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നല്കുന്ന സൂചന.