കൊച്ചി: സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഷിഗല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശുചിത്വ മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം.
ജില്ലയില്‍ ഭക്ഷണപാനീയ ശുചിത്വത്തില്‍ പൊതുജനങ്ങളും ആഹാര പദാര്‍ഥങ്ങള്‍ തയാറാക്കി വിതരണം ചെയ്യുന്നവരും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാര പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാടില്ല. പകര്‍ച്ച വ്യാധികള്‍ക്ക് ഇടയാക്കുന്ന രീതിയില്‍ ആഹാര പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഡിഎംഒയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കുക
കുടിക്കാന്‍ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം കുറഞ്ഞത് 20 മിനിറ്റെങ്കിലും തിളപ്പിച്ചു എന്ന് ഉറപ്പുവരുത്തണം.
തിളപ്പിച്ച വെള്ളത്തില്‍ യാതൊരു കാരണവശാലും തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്.
കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. ക്ലോറിനേറ്റ് ചെയ്ത ജലവും തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ.
ശുചിത്വം മസ്റ്റ്
ആഹാരപാനീയങ്ങള്‍ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ശുചിത്വ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം തയാറാക്കുന്നതിന് മുമ്പും ശൗചാലയങ്ങള്‍ ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
ആഹാര പദാര്‍ഥങ്ങള്‍ തുറന്നു വയ്ക്കരുത്. പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. ചൂടുള്ള ഭക്ഷണം മാത്രം തയാറാക്കി നല്കാന് ശ്രദ്ധിക്കുക.
ഹോട്ടലുകള്‍, കാന്റീനുകള്‍, മറ്റ് ഭക്ഷണശാലകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങി ആഹാരപദാര്‍ഥങ്ങള്‍ പാകം ചെയ്തു വിതരണം ചെയ്യുന്ന എല്ലാവര്ക്കും നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.
കിണര്‍ ക്ലോറിനേറ്റ് ചെയ്ത തീയതി, ഫില്‍ട്ടറുകള്‍ സര്‍വീസ് ചെയ്ത വിവരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കണം. ആഹാരപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ വ്യക്തി ശുചിത്വം ഉറപ്പാക്കണം.