ഏലംകുളത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
ഏലംകുളം: ഏലംകുളം ഗ്രാമപഞ്ചായത്തില്‍ അഞ്ച് പേര്‍ക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിക്കുകയും നൂറോളം പേര് നിരീക്ഷണത്തിലാകുകയും ചെയ്ത സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷഹീനയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെയും ആരോഗ്യപ്രവര്‍ത്തകരെയും ഏകോപിപ്പിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സമഗ്ര കര്‍മപദ്ധതി തയാറാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ വാര്‍ഡുകളില്‍ വിവാഹം ഉള്‍പ്പെടെയുള്ള സാമൂഹിക ഒത്തുചേരലുകളോടനുബന്ധിച്ചുള്ള പൊതുഭക്ഷണ വിതരണം താത്കാലികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഗ്രാമപഞ്ചായത്തിന് കത്ത് നല്കി.
വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, പനി തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ യാതൊരു കാരണവശാലും ചികിത്സ വൈകിപ്പിക്കരുതെന്നും ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.പി. ഷമീറ അറിയിച്ചു. ഷിഗല്ല രോഗബാധ ഗുരുതരമായാല്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന സങ്കീര്‍ണതകള്‍ ഉള്‍പ്പെടെ ജീവന് ഭീഷണിയായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ അടിയന്തരമായി ചികിത്സ തേടണമെന്നാണ് നിര്‍ദേശം.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജി.എല്‍. ഷിബുവിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളിലും ക്ലോറിനേഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്കൂളുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, ആരാധനാലയങ്ങളിലെ കിണറുകള്‍, പൊതുകിണറുകള്‍, പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മറ്റ് കുടിവെള്ള സ്രോതസ്സുകള്‍ എന്നിവിടങ്ങളില്‍ ക്ലോറിനേഷന് നടത്തും. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചും വീടുകള്‍ സന്ദര്‍ശിച്ചും രോഗപ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വ്യാപാരികള്‍, വ്യവസായികള്‍, ഹോട്ടല്‍-റെസ്റ്ററന്റ് അസോസിയേഷന് പ്രതിനിധികള്‍, സ്കൂള്‍ അധികൃതര്‍, സ്വകാര്യ ആശുപത്രികള്‍, ലബോറട്ടറികള്‍, മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ തുടങ്ങിയവരുടെ യോഗം വിളിച്ചുചേര്‍ത്ത് രോഗപ്രതിരോധ ്രവര്‍ത്തനങ്ങളില്‍ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.
പൊതുജനാരോഗ്യ നിയമത്തിലെ വ്യവസ്ഥകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബു അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനും കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുന്നത് തടയുന്നതിനുമായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, ആരോഗ്യപ്രവര്‍ത്തകര്‍, മറ്റ് അനുബന്ധ വകുപ്പുകള്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അധികൃതര്‍ അറിയിച്ചു.
രണ്ട് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ച സംഭവം; ഭക്ഷണം നല്കിയ ഹോട്ടല്‍ അടപ്പിച്ചു
എടക്കര: ചുങ്കത്തറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഭക്ഷണം തയാറാക്കി നല്കിയ ഹോട്ടല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടച്ചുപൂട്ടി. പാലുണ്ടയിലുള്ള ഹോട്ടലിനാണ് വിശദീകരണം നല്കിയ ശേഷം മാത്രം തുറന്നാല്‍ മതിയെന്ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ നിര്‍ദേശം നല്‍കിയത്.
ചുങ്കത്തറ മുട്ടിക്കടവ് പള്ളിക്കുത്ത് പ്രദേശത്തെ അഞ്ചും ഏഴും വയസുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വീട് സന്ദര്‍ശിച്ച ശേഷം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുട്ടികളുടെ വീട്ടില്‍ നടന്ന ചടങ്ങിലേക്ക് ഈ ഹോട്ടലില്‍നിന്ന് 50ഓളം പേര്‍ക്കുള്ള ഭക്ഷണമാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്.