അടൂർ: അങ്കണവാടിയിൽ കുടിവെള്ളം ലഭിച്ചിട്ട് മൂന്ന് വർഷത്തിലേറെയായിട്ടും ജല അഥോറിറ്റിയിൽ നിന്നുള്ള ബില്ലിന് മുടക്കമില്ല. വെള്ളമില്ലാത്ത കണക്ഷന് കഴിഞ്ഞ മാസം ലഭിച്ചത് 1638 രൂപയുടെ ബില്ല്. ഏഴംകുളം പഞ്ചായത്ത് കളമല വാർഡിലെ മൂന്നാം നമ്പർ അങ്കണവാടിയാണ് ജല അഥോറിറ്റിയുടെ വിചിത്ര നടപടിയിൽ ദുരിതത്തിലായിരിക്കുന്നത്.
കുടിവെള്ള കണക്ഷനുണ്ടെങ്കിലും വെള്ളം ലഭിക്കാത്തതിനാൽ ദൈനംദിന ആവശ്യങ്ങൾക്കുപോലും സമീപത്തെ വീടുകളെയാണ് അങ്കണവാടി ജീവനക്കാർ ആശ്രയിക്കുന്നത്. മുന്പ് വെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ സീറോ ബില്ലാണ് ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ജൂൺ മുതൽ തുക അടയ്ക്കേണ്ട ബില്ലുകൾ വന്നുതുടങ്ങി. കഴിഞ്ഞ മാസം ലഭിച്ച ബില്ല് 1638 രൂപയുടേതാണ്. വെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ ബിൽ കൂടി വന്നതോടെ കണക്ഷൻ ഒഴിവാക്കുന്ന കാര്യം സിഡിപിഒയെ അറിയിച്ചിട്ടുണ്ടെന്ന് അങ്കണവാടി വർക്കർ പറഞ്ഞു.
വെള്ളത്തിന്റെ പ്രശ്നം സംബന്ധിച്ച് ജീവനക്കാർ നേരത്തേ ജല അഥോറിറ്റിയിൽ പരാതി നൽകിയിരുന്നു. അധികൃതർ സ്ഥലം പരിശോധിച്ചശേഷം കുടിവെള്ള പൈപ്പ് ലൈൻ പണി നടക്കുന്നതിനാലാണ് വെള്ളം ലഭിക്കാത്തതെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ല.
നിലവിൽ 12 കുട്ടികളാണ് അങ്കണവാടിയിലുള്ളത്. ഇവർക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും സമീപത്തെ വീടുകളിൽനിന്ന് വെള്ളം ചുമന്നുകൊണ്ടുവരേണ്ട അവസ്ഥയിലാണ് ജീവനക്കാർ. രണ്ട് ജീവനക്കാർ മാറിമാറിയാണ് ഈ ജോലി ചെയ്യുന്നത്. ഒരാൾക്ക് അവധിയെടുക്കേണ്ടിവന്നാൽ കുട്ടികളെ തനിച്ചാക്കി വെള്ളം ശേഖരിക്കാൻ പോകാനാവാത്ത സ്ഥിതിയുമുണ്ട്.
മുൻവർഷങ്ങളിൽ കുട്ടികളുടെ രക്ഷിതാക്കളും അങ്കണവാടിയിലേക്ക് വെള്ളം എത്തിക്കാൻ സഹായിച്ചിരുന്നു. എന്നാൽ വേനൽക്കാലത്ത് സമീപത്തെ വീടുകളിലും വെള്ളം കുറയുന്നതോടെ ആവശ്യത്തിന് വെള്ളം ശേഖരിക്കുക പ്രയാസമാകും. കഴിഞ്ഞ വേനലിൽ ടാങ്കറിൽ എത്തിച്ച കുടിവെള്ളത്തെ ആശ്രയിക്കേണ്ടിവന്നതായും ജീവനക്കാർ പറയുന്നു.
Tags : Anganwadi Nattuvishesham Districtnews