നെടുമുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനം ചെയ്യുന്നു.
ചമ്പക്കുളം: വിദ്യാർഥികളിൽ സ്വന്തം നാടിന്റെ ചരിത്രത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടനാട് ചരിത്ര സെമിനാർ സംഘടിപ്പിച്ചു.
ഹൈസ്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്ര പഠനവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ കുട്ടനാടിന്റെ പൈതൃക ഓർമകൾ പുതുക്കുന്ന വേദിയായി മാറി.
പ്രസിദ്ധ ചരിത്രകാരൻ പള്ളിക്കോണം രാജീവ് സെമിനാറിൽ മുഖ്യ പ്രബന്ധാവതരണം നടത്തി.
കുട്ടനാടിന്റെ സവിശേഷമായ കാർഷിക സംസ്കാരം, കായൽ ജീവിതം, പ്രതിസന്ധികളെ അതിജീവിച്ച നാടിന്റെ പോരാട്ടവീര്യം നിറഞ്ഞ ഭൂതകാലം എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളോട് വിശദീകരിച്ചു.
നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ഡോ. ജോസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചരിത്രകാരൻ പള്ളിക്കോണം രാജീവ്, ചമ്പക്കുളം മൂലം വള്ളംകളി കമന്റേറ്റർ ജോളി എതിരേറ്റ്, പ്രശസ്ത പങ്കായക്കാരൻ സി.റ്റി. തോമസ് എന്നിവരെ ആദരിച്ചു.
ഹെഡ്മിസ്ട്രസ് ലക്കി മൈക്കിൾ, നെടുമുടി ഗ്രാമപഞ്ചായത്ത് അംഗം മാത്യു ആന്റണി, സ്കൂൾ പിടിഎ പ്രസിഡന്റ് സാജു ആന്റണി, സ്റ്റാഫ് സെക്രട്ടറി ജോസുകുട്ടി സെബാസ്റ്റ്യൻ, ജോമോൻ വർഗീസ് എന്നിവർ സംസാരിച്ചു.
സെമിനാറിന്റെ ഭാഗമായി കേരളത്തിന്റെ ചരിത്ര വഴികൾ എന്ന ചിത്രപ്രദർശനവും ഒരുക്കിയിരുന്നു.
പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ എം.എഫ് തോമസ്, സി. പ്രിൻസിമോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തുടർന്ന് വിദ്യാർഥികൾ കുട്ടനാടിന്റെ തനതു കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിച്ചു.