രാമങ്കരി: തിരുവല്ല - അന്പലപ്പുഴ സംസ്ഥാനപാതയിൽ തലവടി വെള്ളക്കിണർ ജംഗ്ഷന് സമീപം വാട്ടർ അഥോറിറ്റിയുടെ പൈപ്പുലൈനിലുണ്ടായ ചോർച്ചയ്ക്ക് രണ്ടാഴ്ച പിന്നിട്ടിട്ടും പരിഹാരം കാണാൻ കഴിയാതെ വന്നതോടെ നീരേറ്റുപുറം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയിട്ട് രണ്ടാഴ്ച.
രാമങ്കരി, മുട്ടാർ, തലവടി, എടത്വ തുടങ്ങിയ പ്രധാന പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലാണ് കുടിവെള്ളം കിട്ടാക്കനിയായ് മാറിയത്. ഇതിന് പുറമേ പുഞ്ചകൃഷിയുടെ ഭാഗമായി പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന മലിനജലം മോട്ടർ ഉപയോഗിച്ച് പുറം തള്ളുന്നതുകൂടിയായതോടെ പൊതുജലാശയങ്ങളാകെ മലിനമായി. സമയത്ത് പാചകസംബന്ധമായ ജോലികൾ പൂർത്തികരിക്കാനോ, പുറത്ത് ജോലിക്ക് പോകാനോ പോലും കഴിയാതെ പല കുടുംബങ്ങളിലേയും വീട്ടമ്മമാർ വളരെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് പലയിടത്തും. പാത്രം കഴുകുവാനും വസ്ത്രം വൃത്തിയാക്കാനും മറ്റും പൊതുജലാശയങ്ങളിലെ മലിനമായ ജലം ഉപയോഗിക്കാൻ നിർബന്ധിതമായതോടെ മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികൾ വ്യാപകമായിത്തുടങ്ങി. കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർ വരെ രോഗത്തിന് അടിമപ്പെടുന്നതായാണ് പ്രദേശത്തെ ആരോഗ്യപ്രവർത്തകർ നല്കുന്ന വിവരം.
ഇതിന് പുറമേ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പലസ്ഥലത്തും നിലവിലുള്ള പൈപ്പു ലൈനുകൾ വെട്ടിപ്പൊളിച്ച ശേഷം പുതിയവ വച്ചെങ്കിലും പിന്നീട് അത് കണക്ട് ചെയ്യാത്തതും പ്രശ്നം രൂക്ഷമാക്കുകയാണ്.
ഇത് പല വാർഡുകളിലേയും കുടിവെള്ള വിതരണം പാടേ തകരുന്നതിന് കാരണമായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പൈപ്പുലൈനുകൾ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നിടങ്ങളിലെ ആളുകൾക്ക് കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടതായും ആക്ഷേപം ശക്തമാണ്.
അതിനാൽ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
അതല്ലെങ്കിൽ കിടങ്ങറ, എടത്വ വാട്ടർ അഥോറിറ്റി ഓഫിസുകൾക്ക് മുന്പിൽ പ്രശ്നം പരിഹരിക്കും വരെ നാട്ടുകാർ ഒന്നടങ്കം കുത്തിയിരുന്നു പ്രതിഷേധിക്കാനുള്ള തയാറെടുപ്പിലാണ്.
Tags : jaundice spreading Nattuvishesham Districtnews